Image

കിടപ്പിടം ജപ്തി ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍

Published on 28 July, 2012
കിടപ്പിടം ജപ്തി ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍
കൊച്ചി: വായ്പയുടെ പേരില്‍ കിടപ്പിടം ജപ്തി ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടി (കെല്‍സ) എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഹൈക്കോടതി ജസ്റ്റിസുമായ സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടിയും ബോറോവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'സര്‍ഫേസി ആക്ടും വായ്പാ നടപടിയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടക്കെണിയിലായവരുടെ ഭൂമി ലേലത്തിന് വെയ്ക്കുന്നതിനു പകരം കമ്പോള വിലക്കനുസരിച്ച് ഭൂമി വിറ്റ് കടം തിരിച്ചടക്കാനുള്ള സാവകാശം നല്‍കണം അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കേരള ലീഗല്‍ സര്‍വീസസ് അതോറിട്ടി (കെല്‍സ) നിയമപരമായ സഹായം ചെയ്യുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ജഡ്ജി പി. മോഹന്‍ദാസ് പറഞ്ഞു. 

വായ്പ എടുക്കുന്ന വ്യക്തികള്‍ക്ക് മാത്രമല്ല നല്‍കുന്ന ബാങ്കുകള്‍ക്കും നിരവധി കടമകളുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബോറോവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. എം.എം. കിനി പറഞ്ഞു. ബോറോവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന തലത്തില്‍ പരാതി പരിഹാര സെല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക