Image

മംഗലാപുരത്ത് സദാചാരപോലീസിന്റെ അക്രമം; നിരവധി പേര്‍ക്ക് പരിക്ക്

Published on 29 July, 2012
മംഗലാപുരത്ത് സദാചാരപോലീസിന്റെ അക്രമം; നിരവധി പേര്‍ക്ക് പരിക്ക്
മംഗലാപുരം: മംഗലാപുരത്ത് സദാചാരപോലീസിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മംഗലാപുരത്തെ പാഡില്‍ എന്ന സ്ഥലത്താണ് സംഭവം. മോണിംഗ് മിസ്റ്റ് റിസോര്‍ട്ടില്‍ 'റേവ് പാര്‍ട്ടി' ആഘോഷങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഹിന്ദു ജാഗരണ വേദികെ(എച്ച്.ജി.വി.) പ്രവര്‍ത്തകര്‍ സദാചാര പോലീസിന്റെ വേഷമണിഞ്ഞ് ഇവിടെയെത്തിയത്. മിക്ക വന്‍നഗരങ്ങളിലേയും ഒട്ടേറെ ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പബ്ബുകളിലും നടക്കുന്ന സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന 'റേവ് പാര്‍ട്ടി'കള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് എച്ച്.ജി.വി. പ്രവര്‍ത്തകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. പോലീസിന്റെ അനാസ്ഥയാണ് അക്രമത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു. 

മോണിംഗ് മിസ്റ്റ് റിസോര്‍ട്ടില്‍ ആഘോഷം നടക്കുന്നതിനിടെയാണ് അമ്പതോളം വരുന്ന എച്ച്.ജി.വി. പ്രവര്‍ത്തകര്‍ ഇവിടേയ്ക്കു ഇരച്ചെത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. നാലു പെണ്‍കുട്ടികള്‍ അടക്കം നിരവധി പേരെ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ഹോട്ടലിനുള്ളിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടു വന്ന ശേഷമായിരുന്നു മര്‍ദനം. സംഭവമറിഞ്ഞെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് എച്ച്.ജി.വി. പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. റിസോര്‍ട്ടില്‍ നടന്നതു റേവ് പാര്‍ട്ടിയല്ലെന്നും ജന്മദിനാഘോഷമായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഇക്കാര്യം പ്രവര്‍ത്തകരെ അറിച്ചെങ്കിലും അവര്‍ ഇതു മുഖവിലക്കെടുത്തില്ലെന്നും ഹോട്ടല്‍ ജീവനക്കാരെയും ഇവര്‍ മര്‍ദിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക