Image

ഓണം ഓര്‍മ്മയാവുമ്പോള്‍

അനില്‍ പെണ്ണുക്കര Published on 25 August, 2012
ഓണം ഓര്‍മ്മയാവുമ്പോള്‍
സമ്പല്‍സമൃദ്ധമായ ഒരു ഗതകാലപ്രൗഢിയുടെ സ്‌മരണയിലാണ്‌ തിരുവോണാഘോഷത്തിന്റെ അടിത്തറ പണിതിട്ടുള്ളത്‌. കള്ളവും ചതിയും പൊളിവചനങ്ങളും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാമ്രാജ്യാധിപന്റെ സ്‌നേഹത്തിന്റെ ത്യാഗത്തിന്റെയും സത്യസന്ധമായ നീതി നിര്‍വഹണത്തിന്റെയും തിളക്കം അതിനുണ്ട്‌. `മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്നതാണ്‌ ആ ഭരണകാലത്തിനറെ കാലാതിവര്‍ത്തിയായ പ്രശസ്‌തി.

ഇന്ന്‌ അതെല്ലാം വെറും ഓര്‍മ്മകള്‍മാത്രം. വയലേലകളും വേലിപ്പടര്‍പ്പുകളും അവയില്‍ പൂവണിഞ്ഞിരുന്ന ചെടികളുമെല്ലാം നമുക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തപ്പെട്ടതിനാല്‍ തെച്ചിക്കാടുകളും തുമ്പച്ചെടിപ്പടര്‍പ്പുകളുമെല്ലാം പോയി.

ഓണക്കാലമായാല്‍ പൂവട്ടിയും വീശി പാട്ടുപാടി പൂവിറുക്കുന്ന കുട്ടികളുടെ കൂട്ടം ഹൃദയഹാരിയായ കാഴ്‌ചയായിരുന്നു. ഇന്ന്‌ കുട്ടികള്‍ക്ക്‌ പൂവട്ടി എന്താണെന്നു പോലുമറിയില്ല. ഓണക്കളിയും ഓണപ്പൊട്ടനും ഒണനിലാവുമെല്ലാം ടി.വി.ചാനലുകളില്‍ ഒതുങ്ങി.

തമിഴ്‌നാട്‌, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങിച്ചിട്ടുവേണം ഇന്ന്‌ കേരളത്തില്‍ പൂക്കളം തീര്‍ത്ത്‌ ഓണമാഘോഷിക്കാന്‍ നല്ല ഒന്നാന്തരം വാഴക്കുലകള്‍ ഓണക്കാലത്ത്‌ ഇവിടെ ഉണ്ടായിരുന്നു. ഇന്നാകട്ടെ അതിനും മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌.

എന്നിട്ടും എന്തോ ഒരു യന്ത്രസംവിധാനം പോലെ ഓണാഘോഷം കടന്നുപോകുന്നു.

കമ്പോളത്തില്‍ ലാഭം കൊയ്യാനുള്ള ഒരു ലേബല്‍ ആയും ഓണം മാറിയിരിക്കുന്നു. ഉല്‌പന്നങ്ങള്‍ വിറ്റഴിക്കാനും വാങ്ങിക്കൂട്ടുവാനുമുള്ള ഒരവസരം.

ഓണക്കാലം കിറ്റുകളുടെ കാലവുമായി. പലവിധ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ്‌ കിറ്റുകളുടെ രംഗപ്രവേശം. സദ്യയുടെ കിറ്റുവരെ ഇപ്പോള്‍ സുലഭമാണ്‌. ജനമനസ്സുകളില്‍നിന്ന്‌ വേറിട്ട്‌ ടെലിവിഷന്‍ ചാനലുകളില്‍ ഓണാഘോം പൊടിപൊടിക്കുമ്പോള്‍, അതിനു മുന്നില്‍ ചടഞ്ഞിരിക്കുന്നവര്‍ക്ക്‌ അടുക്കളയിലേക്കുള്ള പ്രവേശം ഓണസദ്യ കിറ്റുകള്‍ ഒഴിവാക്കിക്കൊടുക്കുന്നു.

പണ്ടൊക്കെ ഓണം സാമൂഹികമായ ബന്ധങ്ങളുടെ രസം നുകരാന്‍ അവസരമൊരുക്കുന്ന ആഘോഷമായിരുന്നു. സൗഹൃദയങ്ങളെ ഊട്ടി ഉറപ്പിക്കാനുള്ള ദിവസം. സുഹൃത്തുക്കളെ വീട്ടിലേക്ക്‌ ക്ഷണിക്കാനും ഊട്ടുവാനുമുള്ള സന്ദര്‍ഭം. ദുഃഖങ്ങള്‍ക്ക്‌ അവധി നല്‍കി വിനോദിക്കാനുള്ള ഒരവസരം. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടാനും സ്‌നേഹബന്ധം പുതുക്കാനും ഓണപ്പുടവ നല്‍കി ആദരിക്കുവാനുള്ള സമ്മോഹനമുഹൂര്‍ത്തം. ഇതെല്ലാം ഓണാഘോഷം കൊണ്ടു സാധിച്ചിരുന്നു. ഇന്ന്‌ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും പലതരത്തിലുള്ള തിരക്കുകളാണ്‌.

ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യനന്മയെ പരിപോഷിക്കാന്‍ ഉതകുന്നതാവണം. അപ്പോഴേ അത്‌ അര്‍ത്ഥവത്താകൂ. പൂര്‍വസൂരികള്‍ ഈ ലക്ഷ്യത്തോടെയാണ്‌ ആഘോഷങ്ങള്‍ സമൂഹജീവിതത്തിന്റെ ഭാഗമായി സംവിധാനം ചെയ്‌തത്‌. പക്ഷേ നാം അകന്നകന്നുപോകുന്നു.

ഓണമുണ്ണണം കണികാണണം, പടക്കത്തിന്‍

ധ്വനി പൊങ്ങണമതിന്‍മീതെ മറ്റൊന്നും വേണ്ടേ?

ജീവിതം പരിശുദ്ധിയേല്‍ക്കണം സംസ്‌ക്കാരത്താ-

ലാവണം മനുഷ്യന്റെ ആഘോഷകല്ലോലങ്ങള്‍


ഇത്തരം കവിവാക്യങ്ങള്‍ ഈ കാലഘട്ടത്തില്‍ വനരോദനങ്ങളാവുകയാണ്‌. അങ്ങനെയാവാതിരിക്കട്ടെ.

ഓണവും ഒരോര്‍മ്മയാകുന്നുവോ...?

വീണ്ടും ഒരോണം വന്നു വിളിക്കുന്നു. മനസ്സുകൊണ്ട്‌ ആ വിളി കേള്‍ക്കാത്ത മലയാളികളില്ല. പോയ നാളുകളില്‍ മണ്ണിന്റെ മണവുമായ്‌ ജീവിതത്തോടു ചേര്‍ന്നു നിന്ന ഓണം ഇപ്പോള്‍ ഓര്‍മ്മയാകും പോലെ. നഷ്‌ടമാകുന്ന അനുഭവങ്ങള്‍ പലതും ഗൃഹാതുരതയുടെ ഏട്ടിലേക്ക്‌ ഒതുക്കുന്ന നമുക്ക്‌ ഓണവും ആ വിശേഷണത്തോടൊപ്പം ചേര്‍ക്കാന്‍ വല്ലാത്ത വ്യഗ്രത.

എങ്കിലും, ഓര്‍മ്മകള്‍ക്കും ജീവിതത്തിനും ഓണം നല്‍കുന്ന നിറസമൃദ്ധിക്കു പകരം നില്‍ക്കാന്‍ മറ്റൊരു വാക്കില്ല. മലയാളിയുടെ മറ്റെല്ലാ ഉത്സവാഘോഷങ്ങള്‍ക്കും കാലദേശഭേദമെന്യേ പൊതുവായ ഒരു മാനം നല്‍കാം. എന്നാല്‍ അവിടെയും ഓര്‍മ്മകള്‍ ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്‌. തികച്ചും സ്വകാര്യമായ ഒരു ലോകത്തേയ്‌ക്ക്‌ നാമോരുരുത്തരും മാറുകയാണ്‌ ആ ഓര്‍മ്മകളിലൂടെ. ഗന്ധങ്ങളുടെ പെരുമഴയുമായാണ്‌ ഓണം എത്തുന്നത്‌. ഓണപ്പരീക്ഷയുടെ ചൂടില്‍നിന്നും ഓണക്കോടിയുടെ പുത്തന്‍ മണത്തിലേക്കാണ്‌ കുട്ടികളെ ഓണം കൈപിടിച്ചു നടത്തുന്നത്‌. പലതരം ഉപ്പേരികള്‍ വെളിച്ചെണ്ണയില്‍ മൂക്കുമ്പോള്‍ പല മണങ്ങളാണ്‌ അന്തരീക്ഷത്തില്‍ നിറയുന്നത്‌. പുത്തന്‍ കയറിന്റെ ബലത്തിലാണ്‌ തൊഴുത്തിലെ പശുവിന്‌ ഓണം. അരിപ്പൊടി കലക്കി കൈമുക്കി വാതില്‍പ്പടിമേലും വാതിലിലും ജനാലകളിലും കൈ പതിക്കുന്നതോടെ ഗൗളിക്കും വന്നു ഓണം. കൊയ്‌ത്തുകഴിഞ്ഞ പാടത്ത്‌ ഉണങ്ങുന്ന വയ്‌ക്കോലിന്റെ മണം, പത്തായത്തിനകവും, മനസ്സും നിറയ്‌ക്കുന്ന പുന്നെല്ലിന്റെ മണം, അങ്ങനെ അങ്ങനെ ഗന്ധങ്ങളുടെ ആയത്തിലേറി നാട്ടുമാവില്‍ കൊമ്പിലെ ഊഞ്ഞാലില്‍ ആടി അങ്ങേകൊമ്പിലെ ഇലയും കടിച്ചെടുത്ത്‌ തിരികെയെത്തി മിടുക്കു തെളിയിച്ച ഒരു കുട്ടിക്കാലം. ഒരു സ്വകാര്യ അഹങ്കാരമായി ഉള്ളില്‍ കരുതി വയ്‌ക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്‌.

എന്നാല്‍ ഇന്ന്‌ ഓണക്കാലത്തിന്‌ മണ്ണിന്റെ മണമില്ല. ഓഫറുകള്‍ പെരുകുന്ന കാലമാണ്‌ നമുക്ക്‌ ഇപ്പോള്‍ ഓണം. കേടായ മിക്‌സിയും, ടിവിയും ഒക്കെ മാറിവാങ്ങാന്‍ പറ്റിയകാലം. കൈവശമുള്ള നോട്ടുകെട്ടുകളുടെ കനമനുസരിച്ച്‌ നമുക്കും ഓണം വാങ്ങാം. ഊഞ്ഞാലും, ഉപ്പേരിയും, ഓണപ്പാട്ടും ഒത്താല്‍ ഒരു മാവേലിയെയും വാങ്ങി ഒരു ഓണം ഷോപ്പിംഗ്‌. ഇത്‌ കച്ചവടത്തിന്റെ രസതന്ത്രം എരിവും പുളിയും നല്‍കുന്ന ഓണം. തീര്‍ന്നിട്ടില്ല. ചാനലുകള്‍ ഒരു മാസം മുന്‍പു തുടങ്ങും ക്ഷണം. ``ഈ ഓണം ഞങ്ങളോടൊപ്പം'. ഒരു ചാനലിനെയും പിണക്കാന്‍ നമുക്കാവില്ലല്ലോ? ഉറക്കത്തിനുപോലും അവധികൊടുത്ത്‌ എല്ലാ ചാനലുകളോടൊപ്പവും ഓണം ആഘോഷിക്കാന്‍ കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ ശ്രമിക്കുന്നു. കുട്ടികളുടെ ഉത്സാഹത്തിമിര്‍പ്പിനും കൂട്ടൊരുക്കുന്നതായിരുന്നല്ലോ മുന്‍പും മുതിര്‍ന്നവര്‍ക്ക്‌ ഓണം.

മാമ്പൂമണമുള്ള മധ്യവേനലവധിയും കൊയ്‌ത്തും പാട്ടും, തിരുവാതിരയും മനസ്സിന്റെ പ്രിയതരമായൊരിടത്ത്‌ കാത്തുവയ്‌ക്കുന്ന ഒരു കൂട്ടരുണ്ട്‌. നമുക്കിടയില്‍. പ്രവാസികള്‍ ഇത്തിരി ഓണം ബാക്കിയാകുന്നത്‌ അവരിലാണ്‌. ലോകത്തിന്റെ ഏതു കോണിലായാലും ഓണത്തിന്‌ നാട്ടിലേക്ക്‌ ഓടിയണാന്‍ ഓരോ പ്രവാസി മലയാളിയും കൊതിക്കുന്നു. വരാന്‍ കഴിഞ്ഞില്ലെങ്കില്‍ മറുനാടന്‍ മണ്ണില്‍ സൗഹൃദ കൂട്ടായ്‌മകളും, സദ്യയും, നാടന്‍ വേഷവിധാനങ്ങളും ഒക്കെയായി ഒരോണാഘോഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക