Image

റിമിനിസ് ഗേള്‍, കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ - നീനാ പനയ്ക്കല്‍

Published on 26 August, 2012
റിമിനിസ് ഗേള്‍, കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ - നീനാ പനയ്ക്കല്‍
എന്റെ അപ്പന്‍ ഈ ലോകത്തു നിന്ന് വിടപറഞ്ഞിട്ട് ഈ ആഗസ്റ്റ് മാസത്തില്‍ 12 വര്‍ഷം തികയുന്നു. ഒരു വ്യാഴവട്ടക്കാലത്തിനു എന്റെയുള്ളിലെ മുറിവു പൂര്‍ണമായും ഉണക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും അതില്‍ നിന്ന് ചോര പൊടിയുന്നു.
-------------------------------------------------------------------
ഇന്ദ്രനീലക്കല്ല് പൊടിച്ചു കലക്കിയ കടല്‍ വെള്ളം. നുരച്ച് പതച്ച് ഓടിയെത്തുന്ന തിരമാലകള്‍. അപ്പന്റെ കൈയ്യില്‍ മുറുകെ പിടിച്ച് കടല്‍ത്തീരത്തെ തിരമാലകളില്‍ കാല്‍ നനയ്ക്കുമ്പോള്‍ വെണ്‍നുര നിറഞ്ഞ തെളിവെള്ളം പാദങ്ങള്‍ക്കടിയില്‍ നിന്ന് മണ്ണു വലിച്ചെടുത്ത് ഓടിപ്പോകുമ്പോള്‍ ആ ഏഴു വയസ്സുകാരിക്ക് ഭയം തോന്നിയില്ല. എന്റെ അപ്പന്റെ ബലമുള്ള കൈയിലാണു ഞാന്‍ പിടിച്ചിരിക്കുന്നത്.
'അപ്പാ' അവള്‍ ചോദിച്ചു: 'കടലിലെ നീലവെള്ളം പതച്ച്, ഓടിയോടി നമ്മുടെ അടുത്തെത്തുമ്പോള്‍ എന്താ നിറമില്ലാതാവുന്നത്?'
'വെള്ളത്തിനു നിറമില്ല മോളേ,' അപ്പന്‍ പറഞ്ഞു. 'ആകാശത്തിന്റെ നീലനിറം വെള്ളത്തില്‍
പ്രതിഫലിക്കുന്നതാണു.'
പ്രതിഫലിക്ക എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും അവള്‍ മൂളിക്കേട്ടു. 'ഓ'
വെട്ടുകാട്ടു കടല്‍പ്പുറത്തെ ക്രിസ്തുരാജന്റെ പള്ളിയില്‍ പെരുന്നാളാണു. വെള്ളിയാഴ്ച വൈകിട്ടു തുടങ്ങി ഞായറാഴ്ച പുലര്‍ച്ചയ്ക്കുള്ള കുര്‍ബാന ശുശ്രൂഷയോടെ അവസാനിക്കുന്ന പള്ളിപ്പെരുന്നാള്‍. പള്ളിക്കു ചുറ്റും ജനങ്ങളുടെ തിക്കും തിരക്കും. 'വെട്ടുകാട്' എന്നു ബോര്‍ഡ് വെച്ച ബസ്സുകളില്‍ ആളുകള്‍ വന്നിറങ്ങിക്കൊണ്ടേയിരിക്കുന്നു.
പള്ളിമുറ്റത്തെ ക്രിസ്തുരാജന്റെ പൂര്‍ണ്ണകായപ്രതിമയ്ക്ക് മുന്നില്‍, പൂഴിയില്‍ ഭക്തജനങ്ങള്‍ മുട്ടുകുത്തിനിന്ന് കൊന്തനമസ്‌ക്കാരം നടത്തുന്നു. കോണ്‍വെന്റുകളിലെ യൂണിഫോറമിട്ട ബാലികമാര്‍ ഹൃദയഹാരിയായ കീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. തലമുടിയഴിച്ചിട്ട് തുള്ളുന്ന 'ബാധ' കയറിയ ചെറുപ്പക്കാരികള്‍ ആളുകളുടെ വിശേഷിച്ചും പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
കപ്പലണ്ടി, കടല, മുറുക്ക്, ഉപ്പേരി വില്‍ക്കുന്നവരുടെയും, കുപ്പിവള, റബ്ബര്‍ വള മുത്തുമാല, ശംഖുമാല വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും തിരക്ക്. അസാധാരണ ആകൃതിയിലും നിറത്തിലുമുള്ള അപൂര്‍വ ചിപ്പികള്‍, കടല്‍ പെന്‍സിലുകള്‍, പല നിറങ്ങളിലുള്ള മണ്ണുകള്‍ എന്നിവ വില്‍ക്കുന്നവരുടെ മുന്‍പിലും ആളുകള്‍ കൂടിനില്‍ക്കുന്നു. അവര്‍ക്കെല്ലാം പിറകില്‍ അനന്തമായ കടല്‍.
എന്റെ മോള്‍ക്ക് എന്തു വേണം? അപ്പന്‍ ചോദിക്കുന്നു. റിബ്ബണ്‍ വേണോ? സ്‌കൂളില്‍ കൂട്ടൂകാര്‍ക്ക് കൊടുക്കാന്‍ ശംഖുമാല വേണോ?
എനിക്കു കടല്‍ കാണണം. അവള്‍ മനസ്സില്‍ പറഞ്ഞു. അങ്ങു ദൂരെ നീലാകാശത്തിനു താഴെ കറുത്ത കളിവള്ളങ്ങള്‍ പോലെ വഞ്ചികള്‍ നീങ്ങുന്നതു കാണണം. തിരമാലകളില്‍ കാല്‍ നനയ്ക്കാന്‍ ഓടിച്ചെല്ലണം. ആര്‍ത്തലച്ചു വരുന്ന ആയിരം പത്തിയുള്ള നാഗത്താന്മാരില്‍ നിന്ന് പൊട്ടിച്ചിരിയോടെ ഓടിക്കളയണം. കാല്‍ കഴുകി മടങ്ങിപ്പോകുന്ന പത നീങ്ങിയ വെള്ളത്തോടൊപ്പം കടലിലേക്ക് ഒഴുകിയിറങ്ങുന്ന അനുഭൂതിയില്‍ ഹൃദയം നിറയണം. തിരമാല
മൂടിക്കളഞ്ഞ കുഴികള്‍ തേടിയോടുന്ന ഞണ്ടുകളുടെ പിറകേ ഓടണം. ഒരേസമയം ആഴി, കരയോടും ചക്രവാളത്തോടും സംഗമിക്കുന്ന അത്യല്‍ഭുതം കാണണം.
കടലും പാല്‍തിരകളും എന്നും അവളുടെ ഇളം മനസ്സിനെ ഇളക്കി മറിച്ചിരുന്നു. അന്ന് അവള്‍ക്ക് മുറുകെ പിടിക്കാന്‍ അപ്പന്റെ ബലമുള്ള കൈകള്‍ ഉണ്ടായിരുന്നു.
'അപ്പനു സുഖമരണം ദൈവം കൊടുത്തു ചേച്ചീ' നാട്ടില്‍ നിന്ന് കുഞ്ഞാങ്ങളയുടെ ഇടറിയ ശബ്ദം ഫോണിലൂടെ. 'കഷ്ടപ്പെട്ടില്ല, മക്കളെയാരെയും കഷ്ടപ്പെടുത്തിയുമില്ല. ഒരു നെഞ്ചു വേദന, ഒന്നു വിയര്‍ത്തു, മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തുന്നതിനുമുന്‍പ് എല്ലാം കഴിഞ്ഞു'
മരവിച്ച ചേതനയുമായി ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് ഞാന്‍ നിന്നു. ആരുടെയൊക്കെയോ കരച്ചിലിന്റെയും ഏങ്ങലടികളുടെയും ശബ്ദം ഫോണിലൂടെ കേള്‍ക്കാം. എന്നാല്‍ എനിക്കൊന്നു പൊട്ടിക്കരയാനാകുന്നില്ല. എന്റെ നില്പ് കണ്‍ടിട്ടാവണം ഭര്‍ത്താവ് ഫോണ്‍ എന്റെ കൈയില്‍ നിന്നു വാങ്ങി.
വിവരമറിഞ്ഞ് ഇടവക വികാരി കുടുംബസമേതം വന്നു, ആശ്വാസവചനങ്ങളുമായി. വൈകിട്ട് എന്റെ കെര്‍പ്പര്‍ സ്റ്റ്രീറ്റിലെ വീട്ടില്‍ പ്രാര്‍ത്ഥന ക്രമീകരിച്ചു. ധാരാളം സ്വന്തക്കാരും, ബന്ധുക്കളും കൂട്ടുകാരും പങ്കെടുത്ത പ്രാര്‍ത്ഥനാവേളയില്‍ പ്രസംഗം അവസാനിപ്പിച്ച് വികാരി പറഞ്ഞു: 'നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്നു ദു:ഖവും, കണ്ണൂകളില്‍ നിന്ന് കണ്ണീരും പരമകാരുണികനായ ദൈവം തുടച്ചു മാറ്റട്ടെ.'
എന്റെ ഹൃദയം നിറയെ ദു:ഖം, വേദന. പക്ഷെ കണ്ണുനീര്‍? എന്റെ അപ്പനു കൊടുക്കാനൊരു ദു;ഖാശ്രു എന്തേ എനിക്കില്ലാ?
'എനിക്കറിയാം നിന്റെ ഹൃദയത്തിനു ഷോക്കേറ്റിരിക്കയാണെന്ന്,' അനുശോചനമറിയിക്കാന്‍ വന്ന എന്നോടൊപ്പം ജോലിചെയ്യുന്ന കറുത്തവരും വെളുത്തവരുമായ കൂട്ടുകാരികളിലൊരുവള്‍ പറഞ്ഞു. 'നിന്റെ ഡാഡിയെക്കുറിച്ചുള്ള നല്ല നല്ല ഓര്‍മ്മകളില്ലേ നിനക്ക്? മധുരവും സുന്ദരവുമായ ഓര്‍മ്മകള്‍? ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന ഓര്‍മ്മകള്‍? ഓര്‍ക്കൂ, ഓര്‍ത്തോര്‍ത്ത് കരയൂ. ലെറ്റ് ആള്‍ ദി മെമ്മറീസ് കം ഔട്ട്. റിമിനിസ് ഗേള്‍. റിമിനിസ്'
'എനിക്ക് കരയാന്‍ സാധിക്കുന്നില്ല ഡെബീ' ഞാന്‍ പറഞ്ഞു. ' കണ്ണുനീര്‍ ഗ്രന്ധികള്‍ വറ്റിപ്പോയതു പോലെ.'
'നിന്റെ ഡാഡിയെക്കുറിച്ച് എന്നോടു പറയൂ.' അവള്‍ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. 'വാസ് ഹീ കൈന്‍ഡ് ആന്‍ഡ് ലവിംഗ്? നിന്റെ ഡാഡി സ്‌നേഹമുള്ളവനും ദയാലുവുമായിരുന്നോ? ബ്രേവ് ആന്‍ഡ് കെയറിങ്ങ്? വാസ് ഹീ ഡെയറിങ്ങ്? വിറ്റി ആന്‍ഡ് ഫണ്ണി?
'യെസ് ഡെബീ'
'അദ്ദേഹം നിന്നെയും നിന്റെ ഭര്‍ത്താവിനെയും, കുട്ടികളെയും വളരെയധികം സ്‌നേഹിച്ചിരുന്നോ?
'ഉവ്വ്. എന്നേക്കാളധികം എന്റെ ഭര്‍ത്താവിനെയും കുട്ടികളെയും' പറയുമ്പോള്‍ എന്റെ നെഞ്ചിലൊരു ഉരുളന്‍ കല്ല് ആരോ ഉരുട്ടിവെച്ചു, തൊണ്ടയിലൊരു റബ്ബര്‍പ്പന്തും.
'പ്ലീസ് ഡെബീ, ഇനി എന്നോടൊന്നും ചോദിക്കരുതേ'
എനിക്കൊന്നും സംസാരിക്കാനായില്ല. ചിന്തിക്കാനുമായില്ല. മരവിച്ച മനസ്സും ഉണങ്ങി വരണ്ട കണ്ണൂകളുമായി ചുവരിലൊട്ടിച്ചിരുന്ന വാള്‍പേപ്പറിലെ ഡിസൈനില്‍ വെറുതേ കണ്ണും നട്ട് ഇരുന്നു.
കുറച്ചു ദിവസം ഞാന്‍ അവധിയെടുത്ത് വീട്ടിലിരിക്കുന്നത് നന്നെന്ന് വീട്ടിലെല്ലാവര്‍ക്കും
അഭിപ്രായമായി. എല്ലാവരും എന്നോട് കരുണയോടെ പെരുമാറുകയും ചെയ്തു. അങ്ങനെ കഴിച്ചുകൂട്ടിയ ഉറക്കം വരാത്ത നാളുകളിലൊന്നില്‍ എന്റെ അപ്പന്റെ വേര്‍പാടിനെക്കുറിച്ചുള്ള
നൊമ്പരപ്പിക്കുന്ന ഓര്‍മ്മകളെ ബോധമനസ്സിന്റെ പിറകിലേക്ക് തള്ളിമാറ്റി, മധുരം മാത്രമുള്ള ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന, നെഞ്ചില്‍ വിസ്മയം നിറയ്ക്കുന്ന ഓര്‍മ്മകളെ താലോലിക്കാനെനിക്ക് കഴിഞ്ഞു.
ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പള്ളിയില്‍ പോകുന്നത്, സ്‌നാപകയോഹന്നാന്‍ സിനിമാ കാണാന്‍ പോയത്, ശമ്പളം കിട്ടുന്ന ദിവസം ചാലക്കമ്പോളത്തില്‍ പോയി അപ്പന്‍ നാലു ഇനം കപ്പലണ്ടി വാങ്ങി വരുന്നത്, ഇങ്ങനെ ഒര്‍ക്കാന്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍.
എന്റെ അമ്മയുടെ ഒരു അടുത്ത ബന്ധുവിന്റെ മകളുടെ കല്ല്യാണത്തിനു ഞാനും അപ്പനും കൂടി പോയ ഒരോര്‍മ്മയുടെ മധുരിക്കുന്ന മലരുകള്‍ എന്റെ ഹൃദയത്തില്‍ ഇതള്‍ വിടര്‍ത്തുന്നു, പരിമളം പരത്തുന്നു.
രാവിലെ എട്ടുമണിക്ക് കെട്ടുകഴിഞ്ഞ് മണവാളനും, മണവാട്ടിയും പെണ്‍വീട്ടിലെത്തി. കടലാസുപൂക്കള്‍ ചാര്‍ത്തിയലങ്കരിച്ച കല്യാണപ്പന്തലില്‍ ചുവന്ന വെല്‍വെറ്റു കുഷനിട്ട, ചുറ്റും സ്വര്‍ണ്ണ കിന്നരിവെച്ച സിംഹാസനത്തില്‍ നവ വധൂവരന്മാരിരുന്നു.
വെട്ടിത്തിളങ്ങുന്ന കസവിട്ട സാരികള്‍, തൂവെള്ളച്ചട്ടകള്‍, കച്ചമുറികള്‍, കസവു കവണികള്‍, സില്‍ക്ക് ജൂബാകള്‍ക്ക് മുകളില്‍ സ്വര്‍ണ്ണ ചങ്ങലകള്‍, വെട്ടിത്തിളങ്ങുന്ന പാവാടകള്‍, ബ്ലൗസുകള്‍ ഹാഫ് സാരികള്‍, മാലകള്‍, വളകള്‍, പതക്കങ്ങള്‍ കൊലുസുകള്‍........
എങ്ങും തിളക്കം, ആഹ്ലാദം പൊട്ടിച്ചിരി.
വധൂവരന്മാര്‍ കേയ്ക്ക് മുറിച്ചു. അതിഥികള്‍ക്ക് ആദ്യം കേയ്ക്കും വൈനും വിളമ്പി. തൊട്ടു പിന്നാലെ വിഭവസമൃദ്ധമായ കാപ്പികുടി. സമ്മാനം കൊടുക്കലും ഫോട്ടോ എടുക്കലും കഴിഞ്ഞ് അതിഥികള്‍ പിരിഞ്ഞു.
വധൂവരന്മാരുടെ വീട്ടുകാരും, തൊട്ടടുത്ത സ്വന്തക്കാരും പന്തലില്‍ വട്ടമിട്ടിരുന്ന് വീട്ടുവിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞു, വെറ്റിലമുറുക്കി പന്തലിനു വെളിയിലേക്കു തുപ്പി.
പടുകൂറ്റന്‍ മാറിടങ്ങളും, നുനുത്ത മീശയുമുള്ള, തലമുടി മുഴുവന്‍ വെളുത്ത അമ്മച്ചിമാര്‍
കവണികളൂരി വാടകക്കസേരയിലിട്ടു; സംസാരത്തിനു തടസ്സമാകാതിരിക്കാന്‍. അവര്‍ തമാശകള്‍ പറഞ്ഞു, നുണ പറഞ്ഞു, കുറ്റം പറഞ്ഞു, ശരീരമാകെ കുലുക്കി ചിരിച്ചു. കൂട്ടത്തില്‍, പന്തലില്‍ ഓടിക്കളിക്കുന്ന കുട്ടികളെ ശകാരിക്കയും ചെയ്തു. എല്ലാം നോക്കി രസിച്ച് പന്തലിന്റെ ഒരു മൂലയില്‍ കസേരയിലിരുന്ന എന്നെ ഒരമ്മച്ചി വിളിച്ചു: എടീ നീയിങ്ങു വാടി കൊച്ചേ. നീയാരുടെ മോളാ?
'എന്റെ അപ്പന്റെ.' 'എടീ,' വിളി രസിക്കാതെ ഞാന്‍ തിരിഞ്ഞ് സിംഹാസനത്തിലിരിക്കുന്ന വധുവിന്റെ നേര്‍ക്ക് നോക്കി.
ആരെടീ നിന്റെ അപ്പന്‍? ഞാന്‍ ശബ്ദിച്ചില്ല.
ഓ എനിക്കറിയാം. ഒരു അമ്മച്ചി പറഞ്ഞു, 'നിന്റെയപ്പനെയല്ലേ ഇരുട്ടത്തു ചോറുകൊടുത്ത്
വെളിച്ചത്തു കിടത്തിയുറക്കുന്നത്?
പന്തലില്‍ വിരിച്ചിരുന്ന പഞ്ചാരമണല്‍ വാരി ആ അമ്മച്ചിയുടെ കണ്ണിലെറിയാന്‍ തോന്നി എനിക്ക്. എന്റെ അപ്പനെക്കുറിച്ച് അനാവശ്യം പറഞ്ഞിരിക്കുന്നു. ഞാന്‍ മെല്ലെ മുറ്റത്തിറങ്ങി ചുറ്റും നോക്കി. അപ്പനതാ കുറച്ചുപേരുമായി വര്‍ത്തമാനം പറഞ്ഞു നില്ക്കുന്നു. ഞാന്‍ അടുത്തു ചെന്നു. 'നമുക്ക് പോവാം അപ്പാ' ഞാന്‍ പറഞ്ഞു. 'അയ്യോ ചോറൂ തിന്നാതെയോ' ഒരാള്‍ ചോദിച്ചു. ഞാന്‍ അപ്പനെ ദയനീയമായി നോക്കി. 'അപ്പനെക്കുറിച്ച് അവരൊക്കെ അനാവശ്യം പറയുന്നു. നമുക്ക് പോകാമപ്പാ'
'നീനാമ്മ വാ' കേട്ടുനിന്ന ഒരു ചേച്ചി എന്റെ കൈ പിടിച്ച് വീടിനകത്തേക്ക് കൊണ്ടു പോയി. 'സാരമില്ല. ആ വെല്ല്യമ്മച്ചിമാര്‍ കളി പറഞ്ഞതാ.' ആരും കാണാതെ ആചേച്ചി ഒരു മുറിക്കകത്തു കയറി ഒരു കഷണം കേയ്ക്ക് എടുത്ത് എനിക്കു തന്നു. ആരും കാണാതെ തിന്നോളാന്‍ പറഞ്ഞു.
കേയ്ക്ക് തിന്നുകഴിഞ്ഞ് പിന്നെയും ഞാന്‍ പന്തലിലേക്ക് പോയി. വധുവിന്റെ തലയില്‍ വലിച്ചിറുക്കിക്കെട്ടിയ മുടിയുടെ മുകളിലായി റീത്തും, വെയ്‌ലും, ഒരായിരം പിന്നുകള്‍ വെച്ച് ഉറപ്പിച്ചിരിക്കുന്നു. അവരുടെ മുഖത്തെ മാംസപേശികള്‍ വേദനമൂലം വലിയുന്നതു കണ്ടപ്പോള്‍ എനിക്ക് പാവം തോന്നി. 'ചേച്ചിക്ക് നോവുന്നോ?' ഞാന്‍ ചോദിച്ചു. 'ഉവ്വ്'
എന്നു തലയാട്ടിക്കാണിക്കുന്ന ആ പുതുമണവാട്ടിയുടെ ധര്‍മ്മ സങ്കടം മാറ്റിക്കൊടുക്കാന്‍, ശരിക്കൊന്നു ശ്വാസം വിടാന്‍ സഹായിക്കാന്‍ എനിക്കാഗ്രഹം തോന്നി. പക്ഷെ ഒരു പതിനൊന്നു വയസ്സുകാരിക്കെന്തു ചെയ്യാന്‍ സാധിക്കും?
അപ്പനോടു പറഞ്ഞാലോ? എന്റെ അപ്പനു സാധിക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല.
എന്നാലും....പറയാന്‍ എനിക്ക് മടിതോന്നി.
അടുക്കളക്കു പിന്നില്‍ മറച്ചുകെട്ടിയ ഓലപ്പുരയില്‍ വീട്ടുകാരും പള്ളിക്കാരും ചേര്‍ന്ന് പാചകം ചെയ്യുന്നു. ഇറച്ചി വേകുന്ന, താറാവു പൊരിക്കുന്ന, മീന്‍ വറക്കുന്ന, കടുകുപൊട്ടിക്കുന്ന ഹൃദ്യമായ മണം. അത്താഴം കൂടി കഴിച്ചിട്ടേ എല്ലാവരും പോകൂ. തിരുവനന്തപുരത്ത് എന്റെ അമ്മയുടെ കുടുംബത്തില്‍ അന്‍പതുകളുടെ അവസാനത്തില്‍ അങ്ങനെയായിരുന്നു വിവാഹാഘോഷങ്ങള്‍.
അപ്പനും ഞാനും അടുത്തടുത്തിരുന്ന് ഊണുകഴിച്ചു. പിന്നെയും ഞാന്‍ തനിച്ചായി. അപ്പനു ഇഷ്ടം പോലെ കൂട്ടുകാര്‍.
വര്‍ത്തമാനം പറയാനും, ചീട്ടുകളിക്കാനുമൊക്കെ. എന്റെ പ്രായക്കാരായ കുട്ടികളാരുമില്ലാതെ, കൂട്ടുകാരില്ലാതെ വിഷമിച്ചിരുന്നപ്പോഴാണു അപ്പന്‍ എന്നെ വിളിക്കുന്നത്. 'മോളുപോയി അഞ്ചാറു വെള്ളക്കായും ഈര്‍ക്കിലും എടുത്തുകൊണ്‍ടുവാ. വേഗം വേണം.' എനിക്ക് ചീട്ടുകളിക്കുന്നവരുടെ കൂടെയിരിക്കാനും കളിയില്‍ തോല്‍ക്കുന്നവരുടെ ചെവിയില്‍ കുണുക്ക് ചാര്‍ത്താനും സാധിച്ചത് എന്റെ അപ്പന്റെ അവസരോചിതമായ പ്രവര്‍ത്തി മൂലമാണെന്ന് ഞാനെന്നുമോര്‍ക്കും. ചീട്ടുകളിയുടെ ഏ ബീ സീ അറിഞ്ഞുകൂടാത്ത ഞാന്‍ അന്നത്തെ ചീട്ടുകളി എത്ര ആസ്വദിച്ചുവെന്നൊ! എന്റെ അപ്പന്റെ കാതില്‍ കുണുക്കണിയിക്കുമ്പോള്‍ പോലും ഞാന്‍ പൊട്ടിച്ചിരിക്കയായിരുന്നു.
ചീട്ടുകളി കഴിഞ്ഞ് എല്ലാവരും പന്തലില്‍ വന്നു. പിന്നെ രാജകുമാരനെയും, രാജകുമാരിയെയും രസിപ്പിക്കാനുള്ള പരിപാടികളായി. ചിലര്‍ പാട്ടുപാടി, പാട്ടിനൊത്ത് ചിലര്‍ കൈകൊട്ടി ചിലരെഴുന്നെറ്റ് നൃത്തം തുടങ്ങി.
'പൈലൊ പൈലോ പൈലൊ പൈലോ പൈലൊസലാമ' വല്ല അര്‍ത്ഥവും ആ വാക്കുകളിലടങ്ങിയിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും അറിയാതെ ഞാനും കൈകൊട്ടുന്നവരോടൊപ്പം കൂടി. നല്ല തമാശയായിരുന്നു. പാട്ടുപാടുന്നവരും, ചാടിക്കുതിച്ച് നൃത്തം ചെയ്യുന്നവരും 'തുള്ളി വിട്ടിരുന്നു' എന്നാരോ പറയുന്നതു കേട്ടു. രാത്രി എട്ടുമണിയാകുവോളം ബഹളം തുടര്‍ന്നു . സന്തോഷോന്മാദം. അത്താഴത്തിനു
സമയമായി. പഴയ മേശവിരി മാറ്റി പുതിയതിട്ടു. ആളുകളിരുന്നു. അത്താഴം വിളമ്പാന്‍ തുടങ്ങി.
പെട്ടന്ന് പന്തലിനു പുറത്ത് വാഗ്വാദം. ആഹാരം കഴിക്കുന്നതു നിര്‍ത്തി ആളുകള്‍ ആരവം ശ്രദ്ധിച്ചു. വാഗ്വാദം വളര്‍ന്ന് പന്തലിലേക്കും വ്യാപിച്ചു. അപ്പന്റെ നേര്‍ക്ക് ഞാന്‍ അമ്പരന്ന് നോക്കി. 'ഒന്നും പേടിക്കാനില്ല' അപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി. 'നിന്റമ്മേടെ വീട്ടുകാരുടെ കല്യാണങ്ങള്‍ക്കെല്ലാം ഇതു പതിവാ.. കല്യാണം കലക്കാന്‍ കുറേ പേര്‍ കള്ളും കുടിച്ചിറങ്ങും.' അപ്പന്‍ പിറുപിറുത്തു. പിന്നെ എന്നെ നോക്കി ചിരിച്ചു. 'ആ കട്‌ലെറ്റ് കൂടി കഴിക്ക്.
നല്ല രുചിയാണു.'
പന്തലിലാകെ ബഹളം. ആരോ ചോറിരുന്ന പാത്രമെടുത്ത് ഒരേറു കൊടുത്തു. ബഹളത്തിനിടയിലും ശ്വാസം വിടാതെ വലിയ ഉരുളകള്‍ ഉരുട്ടി വായിലിട്ട് വിഴുങ്ങുന്ന ഒരു കുടവയറന്‍ അങ്കിളിന്റെ തലവഴി ആ ചോറു മുഴുവന്‍ അങ്ങേരുടെ പാത്രത്തിലേക്ക്. 'എഡാ' ഉറക്കെ വിളിച്ച് അങ്ങേര്‍ ചാടിയെണീറ്റു. നവവധുവിന്റെ അമ്മ അടുക്കളയില്‍ നിന്നും പന്തലിലേക്ക് ഓടിവന്നു. ഈയം പൂശിയ, ചോറിലൊഴിക്കാന്‍ രസം നിറച്ചു വെച്ചിരുന്ന ചെമ്പു
ചരുവം ആരോ എടുത്തെറിഞ്ഞത് കൃത്യസമയത്തായിരുന്നു. വെള്ളചട്ടയിലും, കച്ചമുറിയിലും തോളിലിട്ടിരുന്ന ടവ്വലിലും കടുകും കറിവേപ്പിലയും മഞ്ഞ കലര്‍ന്ന പുളിവെള്ളവും പരത്തി രസം ഒഴുകിയിറങ്ങി. ആ അമ്മയുടെ വായ് തുറന്നു തന്നെയിരുന്നു.
ചിരിയടക്കാനെനിക്കു കഴിഞ്ഞില്ല. ചെറിയ ചിരി പൊട്ടിച്ചിരിയായി. കറിനിറച്ച പാത്രങ്ങളിലൊന്ന് എന്റെ നേര്‍ക്ക് വരുന്നതിനു മുന്‍പ് അപ്പന്‍ എന്റെ കൈപിടിച്ച് എഴുന്നേറ്റ് സ്വന്തം ശരീരം മറയാക്കി എന്നെ പൊതിഞ്ഞ് പുറത്തിറങ്ങി. ഭക്ഷണത്തിന്റെ രുചിമാറാത്ത വായും കഴുകാത്ത കൈകളുമായി ഞങ്ങള്‍ വീട്ടിലെത്തി.
'എന്റെ മോളുടെ കല്യാണത്തിനു ഇത്തരമൊരു സംഭവം നടക്കില്ല.' അസുഖമായി കിടന്നിരുന്ന അമ്മയോട് അപ്പന്‍ പറഞ്ഞു, അമര്‍ഷത്തോടെ. 'പക്ഷേ... നല്ല രസമായിരുന്നില്ലേ അപ്പാ' ഞാന്‍ മനസ്സില്‍ ചോദിച്ചു. 'അടിയും ആഹാരമെടുത്തെറിയലുമില്ലാതെ കല്യാണത്തിനെന്തു രസം?'
പതിമൂന്നു വര്‍ഷങ്ങള്‍ ക്കുശേഷം ഞങ്ങളുടെ അടുക്കളയ്ക്ക് പിന്നില്‍ കെട്ടിയ ചെറിയ പന്തലില്‍ വലിയ പാറക്കല്ലുകള്‍ കൊണ്ടു അടുപ്പു കൂട്ടി വാടകയ്ക്ക് എടുത്ത വലിയ ഉരുളികളില്‍ പാചകം ചെയ്യുന്നവര്‍ക്ക് നേതൃത്വം കൊടുക്കുന്ന പള്ളിപ്രമാണിയോട് എല്ലാവരും കേള്‍ക്കാന്‍ അപ്പന്‍ പറഞ്ഞു : 'ബേട്ടീ, ഈ കല്യാണപ്പന്തലില്‍ ഏതവനെങ്കിലും കള്ളൂകുടിച്ച് ബഹളം വെച്ചാല്‍, മാതാവിനാണെ ഞാനവനെയൊക്കെപിടിച്ച് കൊന്നത്തെങ്ങില്‍ കെട്ടിയിടും. കുടിച്ചാല്‍ വയറ്റില്‍ കിടക്കണം.'
എന്റെ കല്യാണത്തിനു അടിയില്ലായിരുന്നു. ആരും ആരുടെയും മേല്‍ ആഹാരം വലിച്ചെറിഞ്ഞില്ല. എന്റെ അപ്പന്‍ ധൈര്യവാനായിരുന്നു. കല്യാണം കലക്കാന്‍ നടക്കുന്നവര്‍ക്ക് നല്ല തല്ലു കൊടുത്ത് പിടിച്ച് കൊന്നത്തെങ്ങില്‍ കെട്ടിയിടാന്‍ അപ്പനു ഭയമില്ലായിരുന്നു.
വാസ് ഹീ കൈന്‍ഡ് ആന്‍ഡ് ലവിങ്ങ്? വാസ് ഹീ ബ്രേവ്? എന്റെ കൂട്ടുകാരി ചോദിച്ചു.
ഹീ വാസ്. ഹീ വാസ്. ഞാന്‍ പറയുന്നു. സത്യം. എന്റെ അപ്പന്‍ ധൈര്യവാനായിരുന്നു. (തുടരും.)
റിമിനിസ് ഗേള്‍, കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ - നീനാ പനയ്ക്കല്‍റിമിനിസ് ഗേള്‍, കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ - നീനാ പനയ്ക്കല്‍റിമിനിസ് ഗേള്‍, കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ - നീനാ പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക