Image

കൊട് കൈ! ലെറ്റര്‍ ടു ദി എഡിറ്റര്‍ (വാഷിങ്ടണ്‍ പോസ്റ്റ്)

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 06 September, 2012
കൊട് കൈ!  ലെറ്റര്‍ ടു ദി എഡിറ്റര്‍ (വാഷിങ്ടണ്‍ പോസ്റ്റ്)

(ഇംഗ്ലിഷ് അറിയാന്‍മേലാത്തതിനാലാണ് മലയാളത്തില്‍ എഴുതുന്നത്. അമേരിക്കയിലുള്ള ഏതെങ്കിലും മലയാളിയെക്കൊണ്ട് പരിഭാഷപ്പെടുത്തി ഇത് അങ്ങയുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു).

ഇന്ത്യയുടെ മൗനിയായ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രമാണ് (India’s ‘silent’ prime minister becomes a tragic figure) എന്ന തലക്കെട്ടോടെ പൊന്നങ്ങുന്ന് വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം അടിയന്‍ വായിച്ചു. ഇന്ത്യയില്‍ നിന്നുള്ള നേതാക്കന്മാരെയും കലാകാരന്മാരെയും വിമാനത്താവളത്തില്‍ തുണിയഴിച്ചു പരിശോധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുള്ളപ്പോഴൊക്കെ ദേഷ്യം വന്നിട്ടുള്ള രാജ്യസ്നേഹിയും ദേശാഭിമാനിയുമായ ഒരിന്ത്യക്കാരനെന്ന നിലയില്‍ ഒരു കാര്യം ആദ്യമേ പറയട്ടെ- കൊട് കൈ !

പ്രസ്തുത ലേഖനം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു എന്നറിഞ്ഞതില്‍ അടിയന്‍ സന്തോഷിക്കുകയാണ്. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും മാത്രം ഉള്‍പ്പെടുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞില്ലേ എന്ന് അടിയന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നതിന്‍റെ ഉത്തരം കൂടിയാണ് പാര്‍ട്ടിയുടെ പ്രകോപനം. വിദേശമാധ്യമങ്ങള്‍ ഇന്ത്യയുടെ ഭരണനേതൃത്വത്തിനെതിരേ സിന്‍ഡിക്കറ്റ് മാധ്യമപ്രവര്‍ത്തനം നടത്തുകയാണെന്നു വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍, ജനിച്ചതില്‍ പിന്നെ ഇന്ത്യയുടെ മണ്ണ് വിട്ട് എവിടെയും പോകാത്ത സാധാരണക്കാരനായ ഇന്ത്യക്കാരനെന്ന നിലയ്‍ക്ക് പറയട്ടെ- ഇവിടെ സിന്‍ഡിക്കറ്റ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പുകമറയില്‍ അദ്ദേഹത്തിന് ദൈവദൂതന്‍റെ ഇമേജാണ്. നിങ്ങളെങ്കിലും സത്യം ലോകത്തോട് വിളിച്ചു പറയണം.

ടൈം മാഗസില്‍ നേരത്തെ അദ്ദേഹത്തെ അണ്ടര്‍അച്ചീവര്‍ എന്നു വിളിച്ചിരുന്നു. An underachiever is a person who fails to achieve his or her potential or does not do as well as expected എന്നാണ് പറയുന്നത്. എന്നാല്‍ അത് എന്തോ തെറിയാണെന്ന മട്ടിലാണ് പല കോണ്‍ഗ്രസുകാരും ആ ലേഖനത്തിനെതിരേ പ്രതികരിച്ചു കണ്ടത്. അദ്ദേഹത്തെ അണ്ടര്‍അച്ചീവര്‍ എന്നു വിളിച്ചതിനോട് എനിക്കു വ്യക്തിപരമായി യോജിപ്പില്ല. ഉള്ള പൊട്ടെന്‍ഷ്യല്‍ വേണ്ടവിധം വിനിയോഗിക്കാത്തവരെയാണ് അണ്ടര്‍ അച്ചീവര്‍ എന്നു വിളിക്കേണ്ടത്. ഡോ.മന്‍മോഹന്‍ സിങ് ഭീകര പൊട്ടെന്‍ഷ്യലുള്ള ആളാണെന്ന് ടൈം ധരിച്ചുവശായത് ടൈമിന്‍റെ മാത്രം തെറ്റാണ്. അദ്ദേഹം ഇന്ത്യയില്‍ മലമറിക്കും എന്ന് കുറഞ്ഞപക്ഷം ഞാനെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല എന്നതിനാല്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്ന വാദത്തില്‍ കഴമ്പില്ല.

വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനത്തില്‍ ഡോ.മന്‍മോഹന്‍ സിങ്ങിനെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അധിക്ഷേപിക്കുന്നതായി ഒന്നുമില്ല എന്നു മാത്രമല്ല, പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് എന്തു നല്‍കി എന്നത് വളരെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ചെയ്തിരിക്കുന്നു. മന്‍മോഹന്‍ സിങ്ങിനെ വിലയിരുത്തിയത് ഒരു വിദേശിയായതുകൊണ്ട് എതിര്‍ക്കണം എന്ന മട്ടിലാണ് പലരും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തെയല്ല, ആ പദവിയിലിരിക്കുന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തുന്നത്. അത് ഒരു തെറ്റല്ല. ഭരണാധികാരികള്‍ക്കു സ്തുതിപാടുന്ന മാധ്യമങ്ങളെ കണ്ടു ശീലിച്ചവര്‍ക്ക് വാഷിങ്ടണ്‍ പോസ്റ്റ് ചെയ്തത് പോക്രിത്തരമായിപ്പോയെന്നു തോന്നുന്നത് സ്വാഭാവികം.

ലേഖനം എഴുതിയ സൈമണ്‍ ഡെന്‍യറിനെ ട്വിറ്ററില്‍ നമ്മുടെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങള്‍ കൊടുത്തിട്ടില്ല എന്നതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. അത് സത്യവുമാണ്. എന്നാല്‍, പ്രധാനമന്ത്രിയുമായി അഭിമുഖത്തിനു പലവഴിക്കു ശ്രമിച്ചെങ്കിലും എല്ലാം നിരസിക്കപ്പെട്ടു എന്നു ലേഖകന്‍ വ്യക്തമാക്കുന്നു.

ഡോ.മന്‍മോഹന്‍സിങ്ങിനെ ഓര്‍ത്ത് രോമാഞ്ചം കൊള്ളാന്‍ മാത്രം അദ്ദേഹം എന്തെങ്കിലും ചെയ്തതായി എനിക്കിതു വരെ തോന്നിയിട്ടില്ല. ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന ഒരു ഭരണകൂടത്തെ നയിക്കുകയും അഗാധമായ മൗനം അവലംബിക്കുകയും എഴുതി തയ്യാറാക്കിയ പ്രസ്താവനകള്‍ വായിച്ച് സ്ഥലം വിടുകയും ചെയ്യുന്ന അദ്ദേഹക്കുറിച്ചോര്‍ക്കുമ്പോള്‍ വളരെ സത്യസന്ധമായി പറഞ്ഞാല്‍ ലജ്ജ തോന്നുകയും ചെയ്യാറുണ്ട്. രാജ്യത്തെ ലോകത്തിനു മുന്നില്‍ നാറ്റിച്ചു നാണം കെടുത്തുന്ന് ലേഖനങ്ങല്ല, രാജ്യം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ അഴിമതികളാണ് എന്ന നഗ്നസത്യം തിരിച്ചറിയാനുള്ള വിവേകം പോലുമില്ലാത്തവരാണ് ഭരിക്കുന്നത് എന്നതിനെക്കാള്‍ വലിയൊരു ദുരവസ്ഥ വരാനില്ല. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഡോ.മന്‍മോഹന്‍ സിങ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ്. അദ്ദേഹം മികച്ച സാമ്പത്തികശാസ്ത്രജ്ഞനായിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്‍റെ സാമ്പത്തികശാസ്ത്രം ഈ രാജ്യത്തിനു പറ്റിയതല്ല.

രാജ്യസ്നേഹം എന്നത് രാജ്യത്തിന്‍റെ ഭരണാധികാരികളോടുള്ള ഭക്തിയും അവരുടെ പരാജയങ്ങള്‍ മറച്ചുവച്ചുകൊണ്ട് സ്തുതിപാടാനുള്ള വിധേയത്വവുമാണെന്ന് ഞാന്‍ കരുതുന്നില്ല. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചും രാജ്യത്തിന്‍റെ പൊതുവിഭവങ്ങള്‍ കുത്തകമുതലാളിമാര്‍ക്ക് ചൂഷണം ചെയ്യാന്‍ തീറെഴുതി കമ്മിഷന്‍ പറ്റിയും ഭരണത്തില്‍ തൂങ്ങുന്നവരെ ഉന്മൂലനം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥരാജ്യസ്നേഹി ജനാധിപത്യത്തിന്‍റെ മൂല്യം തിരിച്ചറിയുന്നത്. ഡോ.മന്‍മോഹന്‍ സിങ്ങിനോട് എനിക്ക് ഭക്തിയില്ല. ഈ ജനാധിപത്യരാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയ്‍ക്ക് അദ്ദേഹത്തോട് തികഞ്ഞ ആദരവുണ്ട്, അദ്ദേഹത്തിന്‍റെ നയങ്ങളോടും ലജ്ജാകരമായ മൗനത്തോടും എതിര്‍പ്പുമുണ്ട്.

എന്ന്,

പണിയെടുക്കുന്ന ശമ്പളത്തില്‍ നിന്നും നികുതി കൊടുക്കുന്ന, രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്ന, മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സ്വപ്നം കാണുന്ന, ഇന്ത്യന്‍ എന്ന ലേബലില്‍ അഭിമാനിക്കുന്ന നൂറുകോടിയിലൊരുവന്.
ജയ് ഹിന്ദ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക