Image

പയസ്‌ കുര്യനും ആലീസ്‌ ജോര്‍ജും: (ഡോ. ഡി. ബാബുപോള്‍)

ഡോ. ഡി. ബാബുപോള്‍ Published on 14 September, 2012
പയസ്‌ കുര്യനും ആലീസ്‌ ജോര്‍ജും: (ഡോ. ഡി. ബാബുപോള്‍)
`ഫോമ'യുടെ സമ്മേളനം കഴിഞ്ഞ്‌ മടങ്ങിയെത്തിയിട്ട്‌ ഒരു മാസം കഴിഞ്ഞു. രണ്ടുവര്‍ഷം മുമ്പ്‌ അമേരിക്കയില്‍ പോയി വന്നപ്പോള്‍ പതിമൂന്നു ദിവസം എടുത്തു ജെറ്റ്‌ലാഗ്‌ മാറിക്കിട്ടാന്‍. ഇത്തവണ അത്‌ പതിനേഴായി ഉയര്‍ന്നു.

ജെറ്റ്‌ലാഗ്‌ എന്ന പദം സൂചിപ്പിക്കുന്നത്‌ യാത്രാക്ഷീണം അല്ല. തിരുവനന്തപുരത്തുനിന്ന്‌ കണ്ണൂര്‍ വരെ തീവണ്ടിയില്‍ പോയാല്‍ വല്ലാത്ത യാത്രാക്ഷീണം ഉണ്ടാകും എന്ന്‌ നമുക്കറിയാം. രാത്രിയല്ലേ, എ.സിയല്ലേ, ഉറങ്ങുകയല്ലേ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. തീവണ്ടി ഓടുമ്പോള്‍ ഉറങ്ങിത്തുടങ്ങുന്നത്‌ അത്യന്തം സുഖകരമായ ഒരു ഏര്‍പ്പാട്‌ തന്നെയാണ്‌. ഓര്‍മകള്‍ക്കപ്പുറത്തെ ശൈശവത്തില്‍ അമ്മ താരാട്ട്‌ പാടി, താലോലം ആട്ടി ഉറക്കിയതിന്‍െറ ഓര്‍മകള്‍ ഉപബോധ മനസ്സില്‍ പ്രവര്‍ത്തിക്കുന്നതിന്‍െറ ഫലമാണത്‌. എന്നാല്‍, വണ്ടി ഓരോ സ്‌റ്റേഷനിലും നിര്‍ത്തുമ്പോള്‍ അമ്മയുടെ മുലക്കണ്ണ്‌ നഷ്ടപ്പെട്ട ശിശുവിന്‍െറ വേവലാതിയാണ്‌ നമുക്ക്‌ തോന്നുക. ഞാന്‍ തീവണ്ടി യാത്രകള്‍ ഉപേക്ഷിച്ചതിന്‍െറ ഒരു കാരണം അതാണ്‌. ഗോവണിപ്പടികള്‍ കയറിയിറങ്ങാനുള്ള ക്‌ളേശമാണ്‌ മറ്റൊന്ന്‌. ഇപ്പോള്‍ കേരളത്തിനകത്ത്‌ എന്‍െറ യാത്രകളൊക്കെ കാറിലാണ്‌. നമ്മുടെ സൗകര്യത്തിന്‌ ഉറങ്ങാമല്ലോ.

വിമാനയാത്രയില്‍ ഇതല്ല പ്രശ്‌നം. ഉയര്‍ന്ന ക്‌ളാസില്‍ സീറ്റ്‌ നിവര്‍ത്തിയാല്‍ വീട്ടിലെ കട്ടില്‍ പോലെ തന്നെ ആകുന്നുണ്ട്‌. കാലുകള്‍ ഉയര്‍ത്തി വെക്കേണ്ടവര്‍ക്ക്‌ അതിനും ഉണ്ട്‌ സ്വിച്‌. സമയക്രമം മാറുന്നതാണ്‌ കാര്യം. തെക്ക്‌ വടക്ക്‌ യാത്രകള്‍ നമുക്ക്‌ ജെറ്റ്‌ലാഗ്‌ സൃഷ്ടിക്കുന്നില്ല. കിഴക്ക്‌പടിഞ്ഞാറ്‌ ആണല്ലോ സമയം മാറുന്നത്‌. പശ്ചിമാര്‍ധഗോളത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ തലവേദന. മടക്കയാത്ര കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പടിഞ്ഞാറോട്ട്‌ യാത്ര ചെയ്യുമ്പോള്‍ വൈകി ഉറങ്ങുകയാണെങ്കില്‍ കിഴക്കോട്ട്‌ യാത്ര ചെയ്യുമ്പോള്‍ നാം പുലര്‍ച്ചെ ഉണരുകയാണല്ലോ. ഖത്തര്‍ വിമാനത്തില്‍ സൂര്യോദയത്തിനുമുമ്പേ പുറപ്പെട്ടാല്‍ ഉച്ചതിരിയുമ്പോള്‍ നാം അമേരിക്കയിലെത്തി. സമയം മാറിയത്‌ എട്ടൊമ്പത്‌ മണിക്കൂര്‍ എന്ന്‌ തോന്നാം. സത്യത്തില്‍ അതിന്‍െറ ഇരട്ടിയിലധികമാണ്‌. നാം ഒരു ദിവസം അധികമായി നേടുകയാണ്‌. നാട്ടില്‍ ഇരുട്ടി വെളുത്തുകഴിഞ്ഞു. അമേരിക്കയില്‍ അത്താഴക്കഞ്ഞി കിട്ടാന്‍ ഇനിയും മണിക്കൂറുകള്‍ പലത്‌ കഴിയണം. മടക്കയാത്രയിലോ? പാതിരയടുപ്പിച്ച്‌ യാത്ര തുടങ്ങും. നേടിയ ഒരു ദിവസം തിരികെ കൊടുത്ത്‌ നാം മൂന്നാം നാള്‍ രാവിലെ നാട്ടിലെത്തുന്നു. ഈ യാത്രയില്‍ അമേരിക്കന്‍ സമയക്രമം ശീലിച്ച ശരീരത്തിന്‌ ഉറക്കം സ്വാഭാവികമാണ്‌. എന്നാല്‍, പുലര്‍ച്ചെ ഉണരേണ്ടിവരുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുന്ന ശീലം ഉണ്ടായിട്ടുപോലും അങ്ങോട്ട്‌ പോയപ്പോള്‍ പന്ത്രണ്ട്‌ ദിവസംകൊണ്ട്‌ നേരെയായത്‌ മടങ്ങിയെത്തിയപ്പോള്‍ പതിനേഴ്‌ ദിവസം എടുത്തു നേരെയാവാന്‍.

പണ്ട്‌ ഈ പ്രശ്‌നം ഇല്ല. 1960ല്‍ പതിനെട്ട്‌ ദിവസം കപ്പലില്‍ യാത്ര ചെയ്‌താണ്‌ മൂന്നര മണിക്കൂര്‍ സമയഭേദം ഉള്ള യൂറോപ്പില്‍ എത്തിയത്‌. വിമാനങ്ങള്‍ അതിസാധാരണമായി തുടങ്ങിയപ്പോഴും അവക്ക്‌ അതിവേഗം ബഹുദൂരം പറക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ നോണ്‍സ്‌റ്റോപ്‌ യാത്രകളാണ്‌ ജെറ്റ്‌ലാഗ്‌ സൃഷ്ടിക്കുന്നത്‌. സമയം ഒരു മണിക്കൂര്‍ മാറിയാല്‍ ലാഗ്‌ മാറാന്‍ ഒരു ദിവസം. അതാണ്‌ കണക്ക്‌. ചെറുപ്പത്തില്‍ അത്ര വേണ്ട; പ്രായമായാല്‍ അത്ര പോരാ. ഇത്‌ സ്വന്തം അനുഭവം.

അങ്ങനെ നഷ്ടപ്പെടുന്ന കാലത്ത്‌ നമുക്ക്‌ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. പകല്‍ ഉറങ്ങാതിരിക്കുക എന്നതാണ്‌ ഒന്ന്‌. എനിക്ക്‌ അത്‌ അസാധ്യമാണ്‌. അരമണിക്കൂറെങ്കിലും ഉറങ്ങണം, ഉച്ചയൂണ്‌ കഴിഞ്ഞാല്‍. അതുകൊണ്ട്‌ ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ വിളിച്ചുണര്‍ത്താന്‍ ഘടികാരത്തെ ചട്ടം കെട്ടുന്നു. ഉണരും, എന്നാലും ഒരുമാതിരി തൂങ്ങിപ്പിടിച്ച്‌ ഒരിരിപ്പാണ്‌. സിനിമ കാണാനിരുന്നാല്‍ പോലും ഉറങ്ങിപ്പോവും. പ്രഭാഷണങ്ങളും മാറ്റിവെക്കാനാവാത്ത എഴുത്തുപരിപാടികളും ഒട്ടൊക്കെ സഹായിക്കുമെന്ന്‌ തോന്നാം. അവ സഹായിക്കുന്നത്‌ ക്ഷീണം കൂട്ടാനാണ്‌, ജെറ്റ്‌ലാഗ്‌ മറികടക്കാനല്ല.

ഏതായാലും ജെറ്റ്‌ലാഗ്‌ മാറിയപ്പോള്‍ ഓര്‍മയില്‍ തെളിയുന്ന ചില സംഗതികള്‍ പറയാം.

ഒന്നാമത്‌, കപ്പലിലെ അനാവശ്യമായ ആഡംബരം. ദിവസേന രണ്ടു വട്ടം കാബിനും ടോയ്‌ലറ്റും വൃത്തിയാക്കുന്നത്‌ നല്ലതുതന്നെ. ഓരോ പ്രാവശ്യവും തോര്‍ത്ത്‌ മാറ്റിക്കളയും. നാം ഓരോ കുളിയും കഴിഞ്ഞാല്‍ തോര്‍ത്ത്‌ മാറ്റാറില്ല. മാറ്റുന്ന അംബാനിമാര്‍ ഉണ്ടാകും. രണ്ട്‌ ദിവസത്തിലൊരിക്കല്‍ മാറ്റിയാല്‍ മതി. നമ്മുടെ പഞ്ചനക്ഷത്ര വിലാസങ്ങളിലും ഉണ്ട്‌ ഈ അസുഖം. അതിനേക്കാള്‍ അനാവശ്യമായി തോന്നിയത്‌ ഇടമുറിയാത്ത ശാപ്പാടാണ്‌. ഇപ്പോഴത്തെ ശൈലിയില്‍ 24ഃ7. ഇറ്റലിയില്‍ ഒരു കപ്പല്‍ അപകടത്തില്‍ പെട്ടുവല്ലോ. പേര്‌: കോസ്റ്റാ കോണ്‍കോര്‍ഡിയ. `ഫോമ' പരിപാടിക്ക്‌ മുമ്പായിരുന്നു സംഭവം. ആ അപകടത്തിന്‍െറ അപഗ്രഥനം പാശ്ചാത്യവാരികളിലൊക്കെ ഉണ്ടായിരുന്നു. ജീവഭയത്തെക്കാള്‍ പൊതുവിജ്ഞാനമാണ്‌ അതൊക്കെ വായിക്കാന്‍ പ്രേരിപ്പിച്ചത്‌. കപ്പല്‍ യാത്രയില്‍ മൂടല്‍മഞ്ഞും ചെറുതെങ്കിലും അഗണ്യമല്ലാത്ത കൊടുങ്കാറ്റും ഭീതി ഉണര്‍ത്തിയപ്പോഴും, അപകടം നിറഞ്ഞ പാതയിലൂടെ വണ്ടി ഓടുമ്പോഴും സ്വപിതാവാണ്‌ െ്രെഡവര്‍ എന്ന ധൈര്യത്തില്‍ കഴിയുന്ന ബാലനെപ്പോലെ ഞാന്‍ ഉറങ്ങുകയും ചെയ്‌തു. എങ്കിലും കപ്പിത്താന്‍ വിവേകമതിയും കര്‍മകുശലനും ആവട്ടെ എന്ന്‌ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിച്ചു, സ്‌ത്രീജിതനും അലസനും ആയി വിവരിക്കപ്പെടുന്ന മറ്റേ കപ്പിത്താനെക്കുറിച്ചുള്ള അറിവ്‌. കപ്പല്‍ അപകടത്തിലേക്ക്‌ കുതിക്കുമ്പോള്‍ കപ്പിത്താനൊപ്പം ഒരു സ്‌ത്രീ സുഹൃത്ത്‌ യാത്രക്കാരി ഉണ്ടായിരുന്നെന്ന്‌ ആരോപണം. കപ്പലിലെ ആഡംബരത്തെക്കുറിച്ചാണല്ലോ പറഞ്ഞത്‌. ആവശ്യത്തിലേറെ ജോലിക്കാരെ പോറ്റേണ്ടി വരുന്നതും അവര്‍ക്ക്‌ ന്യായമായ ശമ്പളം കൊടുക്കാനാവാത്തതിനാല്‍ തുച്ഛശമ്പളം സ്വീകരിക്കുന്ന ദരിദ്ര രാജ്യങ്ങളിലെ പൗരന്മാരെ നിയമിച്ച്‌ അടിമപ്പണി ചെയ്യിക്കുന്നതും കോണ്‍കോര്‍ഡിയാ കഥയുടെ ഭാഗമാണ്‌. മനുഷ്യന്‌ വിശ്രമം വേണം. ആഹ്‌ളാദം വേണം. എങ്കിലും എല്ലാ മനുഷ്യര്‍ക്കും കണക്ക്‌ പുസ്‌തകത്തിലെ താഴത്തെ വര ഒന്നാണ്‌ എന്ന്‌ നാം ഓര്‍മിക്കണം. ഞാന്‍ ശീലിച്ചുപോയ പലതും എന്‍െറ െ്രെഡവര്‍ക്ക്‌ ആഡംബരമായി തോന്നാം. അതെല്ലാം കിട്ടിയാല്‍ അയാള്‍ക്ക്‌ ഗുണമുണ്ടായില്ലെന്നും വരാം. എങ്കിലും അയാളും മനുഷ്യനാണ്‌. അയാള്‍ക്കും കുടുംബമുണ്ട്‌. അയാള്‍ക്കും ചില സൗകര്യങ്ങള്‍ അനുപേക്ഷണീയമാണ്‌. അയാളെ മൗലികമായി സഹോദരന്‍ എന്ന്‌ തിരിച്ചറിയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്‌ എന്നൊക്കെ അറിയാന്‍ കഴിയുന്നില്ലെങ്കില്‍ എന്‍െറ നോമ്പും നമസ്‌കാരവും സര്‍വ ശക്തന്‌ പ്രീതികരമാവുകയില്ല.

രണ്ടാമത്‌, അമേരിക്കയിലെ യുവതലമുറയുടെ നിരാശ. മുപ്പതില്‍ താഴെ പ്രായമുള്ള ആ തലമുറയെ മില്ലീനിയല്‍ ജനറേഷന്‍ വൈ. എക്കോബൂമേഴ്‌സ്‌ എന്നൊക്കെയാണ്‌ വിളിക്കുന്നത്‌. തൊട്ടുമുമ്പുള്ള തലമുറ തങ്ങളുടെ പിടിപ്പുകേട്‌ കൊണ്ട്‌ നശിപ്പിച്ചെടുത്ത സമ്പദ്‌ വ്യവസ്ഥയുടെ കെടുതികള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ അവര്‍ എന്ന്‌ സാമൂഹിക ശാസ്‌ത്ര പണ്ഡിതര്‍ പൊതുവെ വിലയിരുത്തുന്നു. അതിന്‌ കണക്കുകളും ഉദ്ധരിക്കുന്നു. പഴയതലമുറ നേടാനുള്ളതൊക്കെ നേടി. ഇപ്പോള്‍ സാമ്പത്തികമാന്ദ്യം കാരണം ഉള്ള തൊഴില്‍ വിടാന്‍ മടിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ ചെലവുകള്‍ വളരെ വര്‍ധിച്ചു. പ്രതിശീര്‍ഷഋണബാധ്യത ഇപ്പോള്‍ ഇരുപത്തേഴായിരം ഡോളറാണത്രെ വിദ്യാര്‍ഥികള്‍ക്ക്‌. ക്രെഡിറ്റ്‌കാര്‍ഡ്‌ വഴി വന്ന പതിമൂവായിരം വേറെയും. മൂവായിരം കോടി ഡോളറാണ്‌ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഒട്ടാകെ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്‌പ. പഠിച്ച്‌ പഠിച്ച്‌ എം.എസ്സിയും പി.എച്ച്‌ഡിയും ഒക്കെ നേടിയാല്‍ ജോലി കിട്ടാന്‍ എളുപ്പമാവും എന്ന്‌ പറഞ്ഞ്‌ മുതിര്‍ന്നവര്‍ പറ്റിച്ചുകളഞ്ഞു എന്നാണ്‌ ഈ ചെറുപ്പക്കാരുടെ പരാതി. അറിവിന്‍െറ ഭാരവും വായ്‌പകളുടെ ഭാരവും കൂടി, ജോലിക്കാര്യം എങ്ങും എത്തുന്നുമില്ല; അതാണ്‌ അവരുടെ പരിഭവം. എഴുപതുകളുടെ അവസാനം ഒരു എന്‍ജിനീയറിങ്‌ ബിരുദധാരി കെ.എസ്‌.ആര്‍.ടി.സിയില്‍ കണ്ടക്ടറായി വന്നു. അയാളെ മെക്കാനിക്കല്‍ വിഭാഗത്തില്‍ നിയമിക്കാന്‍ ശ്രമിച്ചിട്ട്‌ കെ.സി. വാമദേവനെ പോലെ ധീരനായ ഒരു നേതാവിനുപോലും അനുയായികളുടെ അംഗീകാരം നേടിത്തരാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ ശിപായിമാരില്‍ എം.എക്കാരും ബി.ടെക്കുകാരും ഉണ്ടത്രെ. വിദ്യാഭ്യാസത്തിനും വികസനത്തിനും മാതൃകയാക്കി ഉയര്‍ത്തിക്കാട്ടാറുള്ള അമേരിക്കയിലും സമാനമായ അവസ്ഥ സംജാതമായിരിക്കുന്നു. ബാറുകളില്‍ കള്ളൊഴിച്ചുകൊടുക്കുന്നവരില്‍ 16 ശതമാനം ബിരുദമോ അതിലേറെയോ നേടിയിട്ടുള്ളവരാണത്രെ. ഹാര്‍വാഡിലും സ്റ്റാന്‍ഫഡിലും ഒക്കെ പഠിച്ചാല്‍ ഇന്നും നല്ല ജോലി കിട്ടും. അത്‌ ഒരു ന്യൂനപക്ഷത്തിന്‌ മാത്രം പ്രാപ്യമായ വിദ്യാഭ്യാസം ആണ്‌ എന്ന്‌ മാത്രം. എന്‍െറ സഹോദരന്‍ റോയ്‌പോളിന്‍െറ മകള്‍ വക്കീലാണ്‌. ദല്‍ഹിയില്‍നിന്ന്‌ ബിരുദം എടുത്തു. കുറെനാള്‍ ജോലിചെയ്‌തു. പിന്നെ അമേരിക്കയിലെ പ്രശസ്‌തമായ കൊളംബിയ സര്‍വകലാശാലയില്‍ പഠിച്ച്‌ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഉടനെ ജോലിയും കിട്ടി. അത്‌ 2006ല്‍ ആയിരുന്നു. ഇപ്പോള്‍ (2012ല്‍) അതേ പഠനം അതേ രീതിയില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്‌ കൊല്ലം ഒന്ന്‌ കഴിഞ്ഞിട്ടും ജോലി കിട്ടുന്നില്ല. ഒരു തലമുറയെ ആകെ നിരാശ ഗ്രസിച്ചിരിക്കുന്നു. `ദ ഗ്രേറ്റ്‌ സ്റ്റാഗ്‌നേഷന്‍' എന്ന കൃതിയുടെ കര്‍ത്താവ്‌ ടൈലര്‍ കോവന്‍ പറയുന്നത്‌ താഴത്തെ കൊമ്പുകളില്‍ കായ്‌ച്ച്‌ കിടന്ന പഴങ്ങളൊക്കെ തിന്നുതീര്‍ത്ത സമൂഹം ഒരു സമഭൂമിയില്‍ എത്തിയിരിക്കുകയാണത്രെ. വിശദമായി ഈ കാര്യം നമുക്ക്‌ മറ്റൊരിക്കല്‍ ചര്‍ച്ചക്കെടുക്കാം; ഞാന്‍ കുറച്ചു കൂടിവായിച്ചുകൊള്ളട്ടെ മാന്യ വായനക്കാര്‍ക്കായി.

മൂന്നാമത്‌, ശ്രദ്ധിച്ചത്‌ അമേരിക്കന്‍ മലയാളികള്‍ അമേരിക്കക്കാരായിരിക്കുന്നു എന്നതാണ്‌. പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കപ്പുറം മലേഷ്യയില്‍ പോകേണ്ടിവന്നു ഒരു യു.എന്‍ ദൗത്യവുമായി ബന്ധപ്പെട്ട്‌. അന്നാണ്‌ അവിടെയുള്ള മലയാളികള്‍ സ്വദേശം ആയി കാണുന്നത്‌ പെനാംഗും ക്‌ളാങും ഒക്കെ ആണ്‌ എന്ന്‌ ഗ്രഹിച്ചത്‌. `വീട്‌ പെനാംഗില്‍, ഭാഷ മലയാളം' എന്നൊരു കുറിപ്പ്‌ അന്ന്‌ എഴുതിയിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ആ അവസ്ഥയാണ്‌. എവിടെയാണ്‌ സ്ഥലം എന്ന ചോദ്യത്തിന്‌ 2010ല്‍ പോലും കോഴഞ്ചേരി, കോഴിക്കോട്‌ എന്ന മറുപടി കിട്ടുമായിരുന്നു. ഇത്തവണ കണ്ടുമുട്ടിയ കിളവന്മാര്‍ ചിലര്‍ ഉത്തരത്തിന്‍െറ രണ്ടാംഭാഗമായി നാട്ടിലെ നാട്‌ ഓര്‍മിച്ചെങ്കിലും ബഹുഭൂരിപക്ഷവും കെന്‍റക്കി, ന്യൂജഴ്‌സി, അറ്റ്‌ലാന്‍റ, ഒഹായോ എന്നൊക്കെയാണ്‌ പറഞ്ഞത്‌. അമേരിക്കയിലെ മലയാളി കുടിയേറ്റം പ്രായപൂര്‍ത്തി എത്തിയിക്കുന്നു.

നാലാമത്‌ നമ്മുടെ ആളുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. വല്ല ഭാരതീയരും കയറി വരുന്നുണ്ടെങ്കില്‍ അത്‌ ഗുജറാത്തികളും മറ്റും ആവും. അമേരിക്കയെ വീടായി സ്വീകരിച്ചവര്‍ അവിടത്തെ പൊതുജീവിതത്തില്‍ കുറെക്കൂടെ സജീവമാകണം. പള്ളികളും അമ്പലക്കമ്മിറ്റികളും മലയാളി സമാജങ്ങളും നല്‍കുന്ന സുരക്ഷിതത്വം പൊതുജീവിതത്തില്‍ കിട്ടുകയില്ല. എങ്കിലും അവിടെ സ്ഥാനം ഉണ്ടാവുകയാണ്‌ അമേരിക്കയില്‍ വാസം ഉറപ്പിച്ചവര്‍ പ്രധാനമായി കാണേണ്ടത്‌. ടെക്‌സസിലോ മറ്റോ `മത്സരിക്കാന്‍ അര്‍ഹത തേടുന്ന മത്സരത്തില്‍' പങ്കെടുത്ത ഒരു പത്തനംതിട്ടക്കാരനെ കണ്ടു ഇത്തവണ. മലയാളികള്‍ ഒത്തുനിന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന്‌ ആ യുവാവ്‌ പറഞ്ഞില്ല. എങ്കിലും എനിക്ക്‌ മനസ്സിലായത്‌ അങ്ങനെയാണ്‌. ഫോമയും ഫൊക്കാനയും ഒക്കെ ഗൗരവപൂര്‍വം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്‌. അമേരിക്കന്‍ ദേശീയരാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം. അഞ്ചാമത്‌, അമേരിക്കയില്‍ തലമുറക്കാലം കഴിഞ്ഞിട്ടും ഗുരുത്വം വിടാത്തവരാണ്‌ മലയാളികള്‍. പ്രശസ്‌ത ഭിഷഗ്വരനായ ഡോക്ടര്‍ പയസ്‌ കുര്യന്‍ അവരുടെ പ്രതീകമാണ്‌. പണ്ട്‌ പണ്ട്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ഒന്നാം കൊല്ലം ഫിസിയോളജി പഠിപ്പിച്ച ആലീസ്‌ ജോര്‍ജ്‌ എന്ന അധ്യാപികയുടെ പ്രാഗല്‌ഭ്യമാണ്‌ നെഫ്‌റോളജിയിലെ തന്‍െറ പ്രശസ്‌തിയുടെ അടിസ്ഥാനം എന്ന്‌ ആ ഇനങ്ങളില്‍ ഉല്ലസിച്ചിരുന്ന കപ്പലില്‍ വെച്ച്‌ അദ്ദേഹം പറഞ്ഞപ്പോള്‍ ഭാരതീയ പാരമ്പര്യത്തിന്‍െറ ശ്രേഷ്‌ഠതയെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. `ആചാര്യാല്‍ പാദമാദത്തെ' എന്ന ശ്‌ളോകം ഉദ്ധരിച്ച്‌ ശിഷ്യന്‍െറ പ്രാഗല്‌ഭ്യത്തിന്‌ ഞാന്‍ അടിവരയിട്ടെങ്കിലും ഗുരുവിനെ മറക്കാത്ത ശിഷ്യന്‍ എനിക്ക്‌ സംതൃപ്‌തി നല്‍കി. കഴിഞ്ഞയാഴ്‌ച എന്‍െറ ഒരു ശിഷ്യന്‍ `സാര്‍ അന്ന്‌ വഴക്ക്‌ പറഞ്ഞതാണ്‌ എനിക്ക്‌ വഴിത്തിരിവായത്‌' എന്ന്‌ അരനൂറ്റാണ്ടിനിപ്പുറം പറഞ്ഞപ്പോള്‍ തോന്നിയ സംതൃപ്‌തിയെക്കാള്‍ വലുതാണ്‌ ഇത്‌. എന്‍െറ ശിഷ്യന്‍ ഭാരതത്തിലാണ്‌ എന്നും ജീവിച്ചത്‌. പയസ്‌ കുര്യന്‍ എം.ബി.ബി.എസ്‌ നേടിയപാടെ കടല്‍ കടന്നതാണ്‌. ഗുരുപരമ്പരകളെ മറക്കാത്ത പൗരസ്‌ത്യ പാരമ്പര്യത്തിന്‌ സ്‌തുതി.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക