Image

സായിപ്പിനെ കാണുമ്പോള്‍ പൊളിറ്റിക്‌സ്‌ മറക്കുന്ന പ്രബുദ്ധത

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 September, 2012
സായിപ്പിനെ കാണുമ്പോള്‍ പൊളിറ്റിക്‌സ്‌ മറക്കുന്ന പ്രബുദ്ധത
`.....നമ്മുടെ ആളുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. വല്ല ഭാരതീയനും കയറി വരുന്നുണ്ടെങ്കില്‍ അത്‌ ഗുജറാത്തികളും മറ്റും ആവും. അമേരിക്കയെ വീടായി സ്വീകരിച്ചവര്‍ അവിടത്തെ പൊതുജീവിതത്തില്‍ കുറെക്കൂടെ സജീവമാകണം. പള്ളികളും അമ്പലക്കമ്മിറ്റികളും മലയാളി സമാജങ്ങളും നല്‍കുന്ന സുരക്ഷിതത്വം പൊതുജീവിതത്തില്‍ കിട്ടുകയില്ല. എങ്കിലും അവിടെ സ്ഥാനം ഉണ്ടാവുകയാണ്‌ അമേരിക്കയില്‍ വാസം ഉറപ്പിച്ചവര്‍ പ്രധാനമായി കാണേണ്ടത്‌. ടെക്‌സാസിലോ മറ്റോ മത്സരിക്കാന്‍ അര്‍ഹത തേടുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരു പത്തനംതിട്ടക്കാരനെ കണ്ടു ഇത്തവണ. മലയാളികള്‍ ഒത്തുനിന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന്‌ ആ യുവാവ്‌ പറഞ്ഞില്ല. എങ്കിലും എനിക്ക്‌ മനസ്സിലായത്‌ അങ്ങനെയാണ്‌. ഫോമയും ഫൊക്കാനയും ഒക്കെ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ്‌ അമേരിക്കന്‍ ദേശീയരാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം'

ഫോമയുടെ കാര്‍ണിവല്‍ ഗ്ലോറിയിലെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പ്രശസ്‌ത എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ. ബാബു പോള്‍ തന്റെ `മധ്യരേഖ' എന്ന പംക്തിയില്‍?പറഞ്ഞ വാക്കുകളാണ്‌ മേല്‌പറഞ്ഞവ. അദ്ദേഹം പറഞ്ഞത്‌ നൂറു ശതമാനവും സത്യമാണ്‌. അമേരിക്കയിലേക്ക്‌ കുടിയേറിയ മലയാളികളില്‍ ഏറിയ പങ്കും നിയമാനുസൃതം അമേരിക്കന്‍ പൗരത്വം നേടിയവരാണ്‌. ഇവിടെ ജനിച്ചു വളരുന്ന പിന്‍തലമുറക്കാരെല്ലാം ജന്മപൗരത്വമുള്ളവരും അമേരിക്കന്‍ പ്രസിഡന്റു പദവിക്ക്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അര്‍ഹതയുള്ളവരുമാണ്‌. പക്ഷേ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്‌ കടന്നു ചെല്ലാനും പുതിയ കുടിയേറ്റ ജനതയ്‌ക്ക്‌ പഴയ കുടിയേറ്റ ജനതയ്‌ക്ക്‌ ഒപ്പമുള്ള അവകാശസംരക്ഷണത്തിനു വേണ്ടി ശബ്ദം ഉയര്‍ത്തുവാനും മലയാളികള്‍ക്ക്‌ ഉത്സാഹമില്ല.

ഡോ. ബാബു പോള്‍ പ്രതിപാദിച്ച ആ പത്തനംതിട്ടക്കാരന്‍ മറ്റാരുമല്ല. ടെക്‌സാസില്‍ നിന്ന്‌ യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട കെ.പി. ജോര്‍ജ്ജ്‌ ആണ്‌. ഫൊക്കാനയുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ പൊളിറ്റിക്കല്‍ സെമിനാറില്‍ അദ്ദേഹം പങ്കെടുത്തു സംസാരിച്ചിരുന്നു. അദ്ദേഹത്തെ കൂടാതെ ന്യൂയോര്‍ക്ക്‌ റോക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ശ്രീമതി ആനി പോളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ വിശദീകരിക്കുകയുണ്ടായി. എത്ര പേര്‍ അത്‌ ഗൗരവമായിട്ടെടുത്തു എന്നറിയില്ല.

ആതുരസേവനരംഗത്തുനിന്ന്‌ രാഷ്ട്രീയ രംഗത്തേക്ക്‌ ചുവടുറപ്പിച്ച ആനി പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെകുറിച്ചും അമേരിക്കന്‍ രാഷ്ട്രീയരംഗത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ത്യാഗങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി. കെ.പി. ജോര്‍ജ്ജ്‌ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നാം മലയാളികളുടെ പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വിശദീകരണം നല്‍കിയിരുന്നു. പക്ഷേ `വാനരന്മാരെന്തറിയുന്നു വിഭോ' എന്നു പറഞ്ഞതുപോലെ കേട്ടിരുന്നവര്‍ ദീര്‍ഘശ്വാസം വിട്ട്‌ പൊടിയും തട്ടി എഴുന്നേറ്റുപോയതല്ലാതെ അതേകുറിച്ച്‌ സംവദിക്കാനോ വിശകലനം ചെയ്യാനോ തുനിഞ്ഞതുമില്ല.

അമേരിക്കന്‍ മലയാളികള്‍ കേരള രാഷ്ട്രീയത്തിന്റെ നൈരന്തര്യത്തെ സംരക്ഷിച്ചു നിര്‍ത്താനാണ്‌ ബദ്ധപ്പെടുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികളെപ്പോലെയല്ല അമേരിക്കന്‍ പ്രവാസികള്‍. ആ വ്യത്യാസം അമേരിക്കന്‍ പ്രവാസികള്‍ മനസ്സിലാക്കിയാല്‍ ഇവിടേയും രാഷ്ട്രീയരംഗത്ത്‌ ശോഭിക്കാന്‍ മലയാളികള്‍ക്ക്‌ കഴിയും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേരള കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ പ്രയോഗ വ്യാപ്‌തിയെ വികസിപ്പിച്ചുകൊണ്ട്‌ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഭൂപ്രദേശ ബോധത്തിന്റെ സാമ്പ്രദായിക സങ്കല്‌പങ്ങളെ തീവ്രമായ പുനര്‍വായനക്ക്‌ വിധേയമാരുന്ന അനേകം സംഘടനകളുണ്ട്‌. പക്ഷേ, അമേരിക്കയെ സംബന്ധിച്ചിടത്തോളം ജന്മപൗരത്വമുള്ള കുട്ടികള്‍പോലും അമേരിക്കന്‍ പൗര്‍ന്മാരാണെന്ന ചിന്ത ഇല്ലാത്തതുകൊണ്ടാണ്‌ മലയാളികളിക്കും വിദേശീയരായി കഴിയാന്‍ ആഗ്രഹിക്കുന്നത്‌. ആ ചിന്ത ഉണ്ടായവര്‍ക്ക്‌ അതല്‍പം കൂടിപ്പോയതുകൊണ്ടാണ്‌ അവരുടെ കുട്ടികള്‍ അമേരിക്കന്‍ യുവാക്കളേക്കാള്‍ മൂല്യചോഷണത്തില്‍ വളര്‍ന്നത്‌.

ഫൊക്കാന ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ വെച്ച്‌ കെ.പി. ജോര്‍ജ്ജുമായി സംസാരിക്കാന്‍ ലേഖകന്‌ സന്ദര്‍ഭം കിട്ടി. അദ്ദേഹം അമേരിക്കയില്‍ ജനിച്ച വ്യക്തിയല്ല. ഡോ. ബാബു പോള്‍ പറഞ്ഞതുപോലെ ഒരു പത്തനംതിട്ടക്കാരന്‍. `റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരെ പോലെ ജീവിക്കാന്‍' പഠിച്ചയാള്‍. പക്ഷേ, പറന്നുപോകുന്ന പറവകളെ കല്ലെറിഞ്ഞു വീഴ്‌ത്തുന്നവനും നമ്മുടെയിടയില്‍ ഉണ്ടല്ലോ. അതായിരിക്കാം അദ്ദേഹത്തിനും സംഭവിച്ചത്‌. `ഓ...ഇവനൊക്കെ ജയിച്ചുവന്നിട്ട്‌ നമുക്കെന്തു ഗുണം' എന്ന്‌ ചിന്തിക്കുന്നവരും നമ്മുടെയിടയിലുണ്ടല്ലോ !!

അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലേക്ക്‌ കന്നിയങ്കത്തിനിറങ്ങിയിട്ടുള്ള ഒരു മലയാളി യുവാവിനെ ക്വീന്‍സിലെ കേരള സെന്ററില്‍ കാണുവാനിടയായി. ഇന്ത്യാ പ്രസ്‌ ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടന വേദിയിലായിരുന്നു അത്‌. ആജാനബാഹു എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍. അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതായതുകൊണ്ട്‌ മലയാളം അത്ര വശമില്ല. പക്ഷേ, ആ ചെറുപ്പക്കാരനെ പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജോസ്‌ കാടാപ്പുറം സദസ്സില്‍ പരിചയപ്പെടുത്തിയപ്പോള്‍ തണുത്ത പ്രതികരണമാണ്‌ ലഭിച്ചത്‌. സദസ്സിലിരുന്ന ഭൂരിഭാഗം പേരും വിവിധ സംഘടനാ പ്രതിനിധികളായിരുന്നു. കാക്കത്തോള്ളായിരം സംഘടനകളില്‍ നിന്ന്‌ ഒന്നും രണ്ടും പേര്‍ വീതം അവിടെ സന്നിഹിതരായിട്ടുണ്ട്‌. എല്ലാവര്‍ക്കും അവരവരുടെ സംഘടനകളെക്കുറിച്ച്‌ പൊങ്ങച്ചം പറയാനും പൊലിപ്പിക്കാനുമായിരുന്നു ആവേശം. എന്തിന്‌, ആര്‍ക്കുവേണ്ടിയാണീ ആവേശം എന്നു ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. `യുവാക്കള്‍ക്ക്‌' എന്തൊക്കെയോ ചെയ്യുമെന്ന്‌ എല്ലാവരും പ്രസംഗിക്കുന്നതു കേട്ടു. പക്ഷേ, അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക്‌ തന്റെ കന്നിപ്രവേശമാണിതെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ വേണമെന്നുള്ള ആ ചെറുപ്പക്കാരന്റെ അഭ്യര്‍ത്ഥന ആരെങ്കിലും കേട്ടുവോ ആവോ.

ബ്രൂക്ക്‌ലിനില്‍ ജനിച്ചു വളര്‍ന്ന്‌ ബ്രൂക്ക്‌ലിന്‍ ഡിസ്‌ട്രിക്‌ അറ്റോര്‍ണിയായി മത്സരിക്കാന്‍ രംഗത്തിറങ്ങിയ ഏബ്‌
ജോര്‍ജ്‌ ആയിരുന്നു ആ ചെറുപ്പക്കാരന്‍. ഫൊക്കാന, ഫോമ എന്നീ ദേശീയ സംഘടനകള്‍ ഏബിനെപ്പോലെയുള്ള ചെറുപ്പക്കാരെയാണ്‌ പ്രോത്സാഹിപ്പിക്കേണ്ടത്‌. പാട്ടും കൂത്തും കണ്‍വന്‍ഷനുമൊക്കെയായി ആയുസ്സൊടുക്കാതെ ക്രിയാത്മകമായ പ്രവൃത്തികളിലൂടെ അമേരിക്കയില്‍ വളരുന്ന അടുത്ത തലമുറയ്‌ക്ക്‌ അമേരിക്കയില്‍ ശാശ്വതമായ താവളമൊരുക്കുകയാണ്‌ ഈ സംഘടനകള്‍ ഇനി ചെയ്യേണ്ടത്‌. കേരളത്തില്‍ ഫ്‌ളാറ്റും വില്ലയുമൊക്കെ വാങ്ങി ശിഷ്ടകാലം അവിടെ കഴിയാമെന്ന്‌ ധരിച്ചുവശായവര്‍ അമേരിക്കയില്‍ ജന്മം കൊടുത്ത അവരുടെ മക്കളേയും കൊച്ചുമക്കളേയും കുറിച്ച്‌ ഓര്‍ക്കണം. സംഘടനാപരമായി അനേകം നല്ല കാര്യങ്ങള്‍ ഇവിടത്തെ യുവജനങ്ങള്‍ക്കായി ചെയ്യാന്‍ കഴിയും.

അമേരിക്കയിലെ ഭരണസംവിധാനങ്ങളില്‍ മലയാളികള്‍ക്ക്‌ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ മുന്‍തലമുറക്കാരേക്കാള്‍ പിന്‍തലമുറക്കാരെ നാം പ്രാപ്‌തരാക്കണം. അവര്‍ക്ക്‌ അതിനുള്ള നേതൃത്വ പരിശീലനം നല്‍കാന്‍ വേദികളൊരുക്കണം. വേദികളൊരുക്കിയാല്‍ മാത്രം പോരാ, ആ വേദികളിലേക്ക്‌ യുവാക്കളെ നയിക്കാന്‍ മാതാപിതാക്കളും അവര്‍ക്ക്‌ പ്രചോദനമേകാന്‍ സംഘടനകളും തയ്യാറാവണം. പൊതുവേദികളിലേക്ക്‌ കടക്കുന്ന മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന്‌ ഭയപ്പെടാതെ ഉന്നതങ്ങളിലേക്ക്‌ ഉയരാന്‍ പരിശീലിപ്പിക്കുകയാണെന്ന വിശ്വാസം അവരില്‍ ജനിപ്പിക്കണം.

`സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌' എന്ന്‌ അമേരിക്കയിലൊരു ചൊല്ലുണ്ട്‌. അതെ, നീലാകാശത്തിനു കീഴെയുള്ള എന്തും സാധിതമാകാന്‍ നമുക്ക്‌ കഴിയും. അവയെല്ലാം നേടിയെടുക്കേണ്ടത്‌ കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ കഴിയൂ. ഏബ്‌ ഏബ്രഹാമിനെത്തന്നെ ഉദാഹരണമായി എടുക്കാം. ഒരു പത്തുവയസ്സുകാരന്‍ പയ്യന്റെ മനസ്സിലുദിച്ച ആശയം 24 വര്‍ഷത്തിനുശേഷം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഏബ്‌. എതിരാളി കരുത്തനായിട്ടുപോലും സധൈര്യം ഈ യുവാവ്‌ ഗോദായിലിറങ്ങിയിരിക്കുകയാണ്‌. എതിരാളികളെയെല്ലാം `ഒതുക്കുന്ന' പ്രകൃതക്കാരനായ ചാള്‍സ്‌ ജെ. ഹൈന്‍സിനെയണ്‌ ഏബ്‌ നേരിടുന്നത്‌. അമ്മ വിലക്കിയിട്ടുപോലും. നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും തന്നെ അതിനു കാരണം. അങ്ങനെയുള്ള യുവാക്കളാകട്ടെ ഇനി മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്നത്‌.
Photo: Abe George
സായിപ്പിനെ കാണുമ്പോള്‍ പൊളിറ്റിക്‌സ്‌ മറക്കുന്ന പ്രബുദ്ധത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക