Image

അതിവേഗ റെയില്‍ വേണോയെന്ന് തീരുമാനിച്ചിട്ടില്ല -ആഭ്യന്തരമന്ത്രി

Published on 24 September, 2012
അതിവേഗ റെയില്‍ വേണോയെന്ന് തീരുമാനിച്ചിട്ടില്ല -ആഭ്യന്തരമന്ത്രി
കോട്ടയം: വിവാദമായ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കണമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 11800 കോടി ചെലവ് വരുന്ന പദ്ധതി നടപ്പാക്കാന്‍ തക്ക സാമ്പത്തിക സ്ഥിതിയല്ല സര്‍ക്കാരെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്തിമ തീരുമാനം എടുക്കുംമുമ്പ് ചില കുബുദ്ധികള്‍ ജനവാസ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും അരികിലും കല്ലിടുകയോ പെയിന്‍റടിക്കുകയോ ചെയ്യുന്നുണ്ട്. ഇത് അന്വേഷിക്കാന്‍ റേഞ്ച് ഐ.ജി പത്മകുമാറിനെ ചുമതലപ്പെടുത്തി. അതിവേഗ റെയില്‍ എന്നത് ഒരാശയം മാത്രമാണ്. അത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളെ പ്രയാസത്തിലാഴ്ത്തി പദ്ധതി നടപ്പാക്കേണ്ടെന്നാണ് സര്‍ക്കാറിന്‍െറ നിലപാട്. ഇതിന് വിപരീതമായി സമൂഹത്തില്‍ അന്തശ്ഛിദ്രം വളര്‍ത്തുന്നതരത്തിലാണ് ചിലരുടെ നീക്കങ്ങള്‍.
സംസ്ഥാനത്ത് ഒട്ടേറെ എന്‍.ജി.ഒകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുമ്പോള്‍ എം.എം. ഹസന്‍െറ നേതൃത്വത്തിലെ ജനശ്രീക്ക് സഹായം ലഭിച്ചതിനെ എന്തിന് വിമര്‍ശിക്കണം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ക്രൈസ്തവ സംഘടനകള്‍ എന്നിവയുടെതല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഭാരവാഹികളായ എന്‍.ജി.ഒകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ജനശ്രീയെ ആ വിഭാഗത്തില്‍ പെടുത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക