Image

മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്രുവും തന്നെ സ്വാധീനിച്ച നേതാക്കളെന്ന് ആങ് സ്യാന്‍ സ്യൂചി.

Published on 24 September, 2012
മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്രുവും തന്നെ  സ്വാധീനിച്ച നേതാക്കളെന്ന് ആങ് സ്യാന്‍ സ്യൂചി.
ന്യൂയോര്‍ക്ക്: ഗാന്ധിയും  നെഹ്രുവും തന്നെ ഏറെ സ്വാധീനിച്ച നേതാക്കളെന്ന് മ്യാന്‍മറിലെ ജനാധിപത്യപ്പോരാളി ആങ് സ്യാന്‍ സ്യൂചി. മഹാത്മാഗാന്ധിയുടെ പുസ്തകങ്ങള്‍ വായിക്കണമെന്നും സ്യൂചി അമേരിക്കയിലെ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. യു.എസ്. പര്യടനം നടത്തുന്ന സ്യൂചി കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു.ഗാന്ധിജി ഒരത്ഭുതമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം. കൂടുതല്‍ വായിക്കുന്തോറും ഗാന്ധിജി ആരാണെന്നും എന്താണെന്നും അറിഞ്ഞ് നിങ്ങള്‍ അദ്ദേഹത്തിന്റെ തത്ത്വങ്ങളോട് അടുക്കുമെന്നും സ്യൂചി പറഞ്ഞു.ജവാഹര്‍ലാല്‍ നെഹ്രുവും തന്റെ പിതാവ് ആങ് സ്യാനും സുഹൃത്തുക്കളായിരുന്നു. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ച നാളുകളില്‍തന്നെ ബര്‍മയിലും സ്വാതന്ത്ര്യസമരം ആരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും സ്യൂചി പറഞ്ഞു.

വീട്ടുതടങ്കലിലായിരുന്ന 15 കൊല്ലത്തിലൊരിക്കല്‍പോലും അച്ചടക്കലംഘനം നടത്തുകയോ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് അടിപ്പെടുകയോ ചെയ്തിട്ടില്ലെന്നും സ്യൂചി അനുസ്മരിച്ചു. ഇത്രകാലം തടവില്‍ കിടന്നിട്ടും ഒരിക്കല്‍പ്പോലും പട്ടാള ജനറല്‍മാരെ വെറുത്തിട്ടില്ലെന്നും ബര്‍മീസ് സൈനികരോട് സഹാനുഭൂതിയാണുള്ളതെന്നും അവര്‍ പറഞ്ഞു.
പിതാവ് ആങ് സാനാണ് ബര്‍മീസ് സൈന്യം സ്ഥാപിച്ചത്. അതിനാല്‍ സൈനികകുടുംബത്തിന്റെ ഭാഗമാണെന്ന തോന്നലോടെയാണ് താന്‍ വളര്‍ന്നതെന്നും സ്യൂചി പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക