Image

ദളിത് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നു

Published on 24 September, 2012
ദളിത് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നു
ന്യൂഡല്‍ഹി: എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗംചെയ്ത ദളിത് പെണ്‍കുട്ടിക്ക് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു. സംഭവമുണ്ടായി ആഴ്ചകള്‍ കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും പിടികൂടിയിട്ടില്ല. മാനഹാനി ഭയന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യചെയ്തിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടിയോടൊപ്പം അമ്മ ഹിസാര്‍ സിവില്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ സമരം നടത്തി. തുടര്‍ന്നാണ് ഒരാളെയെങ്കിലും പിടികൂടാന്‍ പൊലീസ് തയ്യാറായത്. ദളിത് പീഡനത്തിന്റെ കറുത്ത ചരിത്രമുള്ള ഹരിയാനയില്‍ ജാട്ട് സമുദായത്തില്‍പെട്ട ഗുണ്ടകള്‍ സെപ്തംബര്‍ ഒന്‍പതിനാണ്് പതിനാറുകാരിയെ ബലാത്സംഗംചെയ്തത്. കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തൊഷാം റോഡിലുള്ള വയലിലിട്ടാണ് പീഡിപ്പിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട പീഡനം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തു. സംഭവം പുറത്തറിയിച്ചാല്‍ ഇത് പരസ്യമാക്കുമെന്ന് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. ബലാത്സംഗംചെയ്തവരില്‍ നാലുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിലൊരാള്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. പെണ്‍കുട്ടികള്‍ക്കും ദളിതര്‍ക്കും എതിരായ അക്രമങ്ങള്‍ ഹരിയാനയില്‍ പുതിയ കാര്യമല്ല. മന്ത്രിയായിരുന്ന ഗോപാല്‍ കന്ദയുടെ വിമാനക്കമ്പനി ജീവനക്കാരിയുടെ മരണം കോളിളക്കം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ ഉറ്റ അനുചരനായ കന്ദയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. കന്ദയ്ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക