Image

രാഹുല്‍ഗാന്ധി എഐസിസി വൈസ് പ്രസിഡന്റായേക്കും

Published on 24 September, 2012
രാഹുല്‍ഗാന്ധി എഐസിസി വൈസ് പ്രസിഡന്റായേക്കും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിക്കുന്ന രാഹുല്‍ ഗാന്ധി എഐസിസി വൈസ് പ്രസിഡന്റായേക്കും. മന്ത്രിസ്ഥാനത്തേക്കില്ലെന്നു വ്യക്തമാക്കിയതോടെയാണു രാഹുല്‍ഗാന്ധിക്കു പാര്‍ട്ടിയില്‍ കൂടുതല്‍ വലിയ ചുമതലകള്‍ നല്‍കാന്‍ നേതൃത്വം ആലോചിക്കുന്നത്. പാര്‍ട്ടി അധ്യക്ഷയ്ക്കു തൊട്ടുതാഴെ വൈസ് പ്രസിഡന്റ് പദവിയോ സെക്രട്ടറി ജനറല്‍ പദവിയോ ആയിരിക്കും രാഹുലിനു ലഭിക്കുകയെന്നാണു സൂചന.

കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിയും ഈ ദിവസങ്ങളിലുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമാണിത്.

മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ മുതിര്‍ന്നമന്ത്രിമാരടക്കം പലരെയും പാര്‍ട്ടി പദവികളിലേക്കു കൊണ്ടുവരാനും പാര്‍ട്ടി പദവികള്‍ വഹിക്കുന്ന ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. എഐസിസി മാധ്യമവിഭാഗം അധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായ ജനാര്‍ദന്‍ ദ്വിവേദി, പ്രധാന വക്താക്കളിലൊരാളായ മനീഷ് തിവാരി തുടങ്ങിയവരെ മന്ത്രിസഭയിലേക്കു പരിഗണിക്കുന്നുണ്ട്. എന്‍സിപി നേതാവ് താരിഖ് അന്‍വറെ മന്ത്രിയാക്കാന്‍ ശരത് പവാര്‍ സമ്മര്‍ദം ചെലുത്തുന്നതായും വാര്‍ത്തയുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രജാരാജ്യം പാര്‍ട്ടി നേതാവും പ്രമുഖ തെലുങ്കു നടനുമായ ചിരഞ്ജീവിയെയും മന്ത്രിയാക്കുമെന്നു സൂചനയുണ്ട്.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ബുധനാഴ്ച കാഷ്മീര്‍ സന്ദര്‍ശനത്തിനു പോകുന്നതിനാല്‍ പുനഃസംഘടന അതിനുമുമ്പുണ്ടാകുമെന്നാണു സൂചന.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക