Image

തിലകന്റെ നിര്യാണം കലാലോകത്തിനു വന്‍ നഷ്ടം: ഉമ്മന്‍ ചാണ്ടി

Published on 24 September, 2012
തിലകന്റെ നിര്യാണം കലാലോകത്തിനു വന്‍ നഷ്ടം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: തിലകന്റെ നിര്യാണം കലാലോകത്തിനു വന്‍ നഷ്ടമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. പകരം വയ്ക്കാന്‍ മറ്റാരുമില്ലാത്ത മഹാനായ നടനാണു തിലകനെന്നും മുഖ്യമന്ത്രി പറഞ്ഞു.അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യമാണു തിലകനെ പോലെയൊരു നടന്‍. അഞ്ച് ദശാബ്ദക്കാലം നാടകരംഗത്തും സിനിമാ രംഗത്തും നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ചു. അപൂര്‍വമായ ശബ്ദവും പ്രത്യേകതയുള്ള ഭാവങ്ങളുമൊക്കെ അദ്ദേഹത്തിനു മുതല്‍ക്കൂട്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

നടന്‍ തിലകന്‍ ഒരിക്കലും മലയാളികളുടെ മനസില്‍ നിന്നു മായില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.അഭിനയത്തിന്റെ കുലപതിയായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കു നികത്താനാകാത്ത നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു. എക്കാലത്തും കത്തിനില്‍ക്കുന്ന ഉജ്വല കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ച അതുല്യപ്രതിഭയായിരുന്നു തിലകനെന്നും ചെന്നിത്തല പറഞ്ഞു.

സിനിമാലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഒരു ശക്തിക്കും വഴങ്ങാത്ത അഭിനയ പ്രതിഭയായിരുന്നു തിലകന്‍ എന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പ്രകടിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറ്റബന്ധുവായിരുന്നു തിലകനെന്നും വി.എസ്. അനുസ്മരിച്ചു. തിലകന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കുമുള്ള ദുഃഖത്തില്‍ പങ്കു ചേരുന്നതായും വി.എസ്. പറഞ്ഞു.

മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്. ജീവിച്ചിരുന്നപ്പോള്‍ കൂടെ അഭിനയിക്കാന്‍ തയാറാകാതെയിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം പറയുകയാണ്.അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സിനിമാ ലോകം ചെയ്യേണ്ടതെന്നു രഞ്ജിത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക