Image

മായാത്ത തിലകം (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 26 September, 2012
മായാത്ത തിലകം (മീട്ടു റഹ്‌മത്ത്‌ കലാം)
മലയാള സിനിമയുടെ ചരിത്രം എഴുതുകയാണെങ്കില്‍ വലിയൊരദ്ധ്യായം തന്നെ തിലകനെന്ന അതികായനുവേണ്ടി മാറ്റിവെയ്‌ക്കേണ്ടിവരും. മഹാനടന്‍ എന്നതിലുപരി ഉപമിക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. വലിപ്പച്ചെറുപ്പമില്ലാതെ ആരിലേയും നല്ലതെന്തും പഠിക്കുന്നതോടൊപ്പം കാലം പകര്‍ന്ന അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പകരാനും മടിച്ചിരുന്നില്ല തിലകന്‍. മുഖത്ത്‌ ചായം തേച്ച്‌ കഴിയുമ്പോള്‍ സ്വയം മറന്ന്‌ കഥാപാത്രങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങി അഭിനയത്തിന്റെ മുത്തും പവിഴവും വാരിയെടുക്കുന്ന ആവിഷ്‌കാരരീതി ഇന്ത്യന്‍ സിനിമയില്‍ തിലകനെപ്പോലെ ചുരുക്കം ചിലര്‍ക്ക്‌ അവകാശപ്പെടാവുന്ന ഒന്നാണ്‌. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചുവന്നിട്ട്‌ റിഹേഴ്‌സല്‍ ഒക്കെ നടത്തിയശേഷം അഭിനയിക്കുന്നവരോടൊപ്പം തയാറെടുപ്പുകളൊന്നും കൂടാതെ ഭാവതീവ്രത കൊണ്ടും ശബ്‌ദഗാഭീര്യംകൊണ്ടും നടനവൈഭവത്തിന്റെ തുറന്ന പുസ്‌തകമായി കണ്ട്‌ അറിയാത്ത പാഠങ്ങള്‍ പുതുതലമുറ മനസ്സില്‍ സ്വര്‍ണ്ണലിപിയില്‍ കുറിച്ചെടുക്കുന്നതും അതുകൊണ്ടുതന്നെ. നിസ്സാരമായ നോട്ടമോ, മൂളലോ കൊണ്ട്‌ ഏത്‌ സൂപ്പര്‍ സ്റ്റാറിന്റേയും നീളന്‍ ഡയലോഗുകളെ നിഷ്‌പ്രഭമാക്കാന്‍ പോന്ന റേഞ്ച്‌ തിലകനെന്ന അതുല്യ പ്രതിഭയ്‌ക്കുണ്ടായിരുന്ന സവിശേഷതയാണ്‌.

നാടക രംഗത്തുനിന്നും ശ്രീ പി.ജെ. ആന്റണിയുമായുള്ള ആത്മബന്ധമാണ്‌ സിനിമയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്‌. പെരിയാര്‍ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തിലകന്റെ വേഷം സിനിമാവൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. യവനികയിലെ കഥാപാത്രമാണ്‌ തിലകനെന്ന നടനെ മലയാള സിനിമയില്‍ അരക്കിട്ടുറപ്പിച്ചത്‌. പിന്നീടങ്ങോട്ട്‌ ഭാവതീവ്രത തളംകെട്ടി നില്‍ക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍.

`കിരീടത്തില്‍' മകന്റെ ഓരോ വളര്‍ച്ചയും കണ്ട്‌ ആനന്ദിച്ചൊടുവില്‍ വിധിയുടെ ക്രൂരതയ്‌ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന അച്യുതന്‍ നായര്‍, ഭൂഗോളത്തിന്റെ സ്‌പന്ദനം കണക്കിലാണെന്ന്‌ വിശ്വസിച്ച്‌ മകന്റെ കഴിവുകള്‍ മുരടിപ്പിച്ചൊടുക്കം തെറ്റ്‌ തിരിച്ചറിഞ്ഞ്‌ അവനുവേണ്ടി ജീവന്‍ ബലിയര്‍ച്ച `സ്‌ഫടിക'ത്തിലെ ചാക്കോ മാഷ്‌, തന്നെക്കാള്‍ കേമനെന്ന്‌ ലോകം വാഴ്‌ത്തുന്നത്‌ താങ്ങാനാകാതെ മകനെ കൊന്നയാളെന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്ന `പെരുന്തച്ചനിലെ' ഹൃദയഭേദകമായ പ്രകടനം, `നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരിത്തോപ്പു'കളിലെ ക്രൂരനായ രണ്ടാനച്ഛന്‍ തുടങ്ങി മലയാള സിനിമയില്‍ അച്ഛന്മാരുടെ പല മുഖങ്ങള്‍ അദ്ദേഹം വരച്ചുകാട്ടി. ഘനഗംഭീരമായ ശബ്‌ദവും, ഗൗരവമുള്ള മുഖവും ശരീരഭാഷയും വെച്ചുകൊണ്ട്‌ `മൂക്കില്ലാ രാജ്യത്ത്‌' എന്ന ചിത്രത്തിലെ ഭ്രാന്തന്‍ കഥാപാത്രം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചത്‌ അഭിനയമികവൊന്നുകൊണ്ടു മാത്രം. `നാടോടിക്കാറ്റില്‍' നിസ്സാരമായി തോന്നാവുന്ന `പവനായി ശവമായി' എന്ന ഡയലോഗ്‌ ഇത്രയധികം ജനശ്രദ്ധയാകര്‍ഷിച്ചതിനും, പഞ്ച്‌ ഡയലോഗുകള്‍ക്കിടയില്‍ ഇന്നും സ്ഥാനം പിടിച്ചിരിക്കുന്നതിനും പിന്നില്‍ തിലകന്റെ വോയ്‌സ്‌ മോഡുലേഷന്‍ തന്നെയാണ്‌ കാരണം.

ആരുടെ മുഖത്ത്‌ നോക്കിയും തുറന്ന്‌ സംസാരിക്കുന്ന പ്രകൃതം തിലകന്‌ ഒരുപാട്‌ ശത്രുക്കളെ നേടിക്കൊടുത്തു. ഇത്‌ അദ്ദേഹത്തിന്‌ നന്നായി അറിയാവുന്ന കാര്യമായിരുന്നിട്ടും തിരുത്താന്‍ നില്‍ക്കാതെ സത്യം ആവര്‍ത്തിച്ചുപറഞ്ഞ്‌ കൂടുതല്‍ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങി. തിലകന്‍ എന്നും ഒരു സത്യാന്വേഷിയായിരുന്നു. അതുകൊണ്ടാണ്‌ മറ്റുള്ളവര്‍ക്ക്‌ എന്തു തോന്നുമെന്ന്‌ ചിന്തിക്കാതെ യാഥാര്‍ത്ഥ്യത്തിന്റെ പിന്നാലെ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്‌തത്‌. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി കത്തി നില്‍ക്കുന്ന സമയത്ത്‌ `അമ്മ' എന്ന താരസംഘടനയിലെ ഒരു ഗ്രൂപ്പിന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ തന്റെ അഭിപ്രായത്തില്‍ നിന്ന്‌ വ്യതിചലിക്കാന്‍ തയാറാകാതിരുന്നതിന്‌ ലഭിച്ച ശിക്ഷയായിരുന്നു ഇടക്കാലത്ത്‌ തന്റെ തട്ടകത്ത്‌ നിന്നുള്ള ഭ്രഷ്‌ട്‌ ഒന്നിനും പക്ഷെ അദ്ദേഹത്തെ തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

അഭ്രപാളികളില്‍ തിലകനിലൂടെ നമ്മള്‍ പരിചയപ്പെട്ട കഥാപാത്രങ്ങള്‍ വേറൊരാള്‍ ചെയ്യുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെങ്കിലും വിട്ടുനില്‍ക്കേണ്ടി വന്ന ഇടവേളയില്‍ ആ അതുല്യ നടന്‌ മാത്രം പാകമാകുമായിരുന്ന കുപ്പായം ധരിച്ച്‌ മറ്റു ചിലര്‍ നിന്നപ്പോള്‍ വേഷംകെട്ടലായി കണ്ട്‌ തള്ളിക്കളഞ്ഞ്‌ പ്രതിക്ഷേധിക്കാനും പ്രേക്ഷകര്‍ മറന്നില്ല. ജീവിച്ചിരിക്കെ വേദനിപ്പിച്ചവരൊക്കെ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്‌ടമാണെന്ന്‌ പറയുമ്പോള്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്ത്‌ പറഞ്ഞതുപോലെ കള്ളത്തരമാണെന്ന്‌ ഓരോരുത്തര്‍ക്കും അറിയാം. അത്‌ തുറന്നു പറയാനുള്ള അര്‍ഹത അദ്ദേഹത്തിനേ ഉള്ളൂ. കാരണം `ഇന്ത്യന്‍ റുപ്പി' എന്ന സിനിമയില്‍ പിന്തിരിപ്പിക്കാന്‍ പലരും തീവ്രമായി ശ്രമിച്ചിട്ടും വഴങ്ങാതെ ആ റോള്‍ തിലകനല്ലാതെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന്‌ തന്റേടത്തോടെ പറഞ്ഞ്‌ അപ്രീതി സമ്പാദിച്ചൊടുവില്‍ തീയേറ്ററിലെ നിറഞ്ഞ കൈയടി എടുത്ത തീരുമാനത്തെ ശരിവെച്ചപ്പോള്‍ അത്‌ സംവിധായകന്റെ വ്യക്തിത്വത്തിന്റെ അംഗീകാരം കൂടിയായിരുന്നു. തിലകനല്ലായിരുന്നു ആ വേഷം ചെയ്‌തിരുന്നെങ്കില്‍ ആ ചിത്രത്തിന്റെ `ടോട്ടല്‍ എഫക്‌ട്‌' തന്നെ മാറുമായിരുന്നു. പിന്നീടങ്ങോട്ട്‌ തിലകന്‌ ഒരുപിടി നല്ല വേഷങ്ങള്‍ കൂടി കിട്ടി. `ഉസ്‌താദ്‌ ഹോട്ടല്‍' എന്ന ചിത്രം വിജയിച്ചതിനു പിന്നില്‍ നായകന്റെ ഉപ്പുപ്പയുടെ പ്രകടനത്തിന്റെ പങ്ക്‌ എടുത്തുപറയണം.

സ്വന്തം സിനിമാ കൊട്ടക എന്നന്നേയ്‌ക്കുമായി പൂട്ടി ആ ഹൃദയഭാരവുമായി നടന്നകലുന്ന രംഗമാണ്‌ `സീന്‍ ഒന്ന്‌, നമ്മുടെ വീട്‌' എന്ന ചിത്രത്തിനുവേണ്ടി ഒടുവിലായി തിലകന്റെ അഭിനയം കാമറ ഒപ്പിയെടുത്തത്‌. ഒരു പക്ഷെ ജീവിതത്തിന്റെ തിരശ്ശീല വീഴ്‌ത്തി പ്രപഞ്ചത്തുനിന്നുതന്നെ യാത്ര പറയുന്നതിന്റെ ഒരു സിംബോളിക്‌ ദൃശ്യമായിരുന്നിരിക്കാം ആ അവാസന ഷോട്ട്‌.

മായാത്ത തിലകം (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക