Image

ജാന്‍ വില്‍സണ്‌ ശെമ്മാശപട്ടം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 18 August, 2011
ജാന്‍ വില്‍സണ്‌ ശെമ്മാശപട്ടം നല്‍കി
നോര്‍ത്ത്‌ കരോളിന: ഷാര്‍ലറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗം ജാന്‍ വില്‍സണ്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാര്‍ത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി കോറോയോ പട്ടം (ശെമ്മാശപട്ടം) നല്‍കി. ഓഗസ്റ്റ്‌ ആറാംതീയതി ശനിയാഴ്‌ച ഷാര്‍ലറ്റ്‌ പള്ളിയില്‍ വെച്ച്‌ നടത്തപ്പെട്ട പട്ടംകൊട ശുശ്രൂഷയില്‍ ഭദ്രാസന വൈദീക സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായ റവ.ഫാ. മാത്യൂസ്‌ ഇടത്തറ (അഗസ്റ്റ), വെരി റവ. ജോസഫ്‌ സി. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ (അറ്റ്‌ലാന്റാ), റവ. ഫാ. ദിലീഷ്‌ ഏലിയാസ്‌ (സണ്‍ഡേ സ്‌കൂള്‍ വൈസ്‌ പ്രസിഡന്റ്‌, ഷിക്കാഗോ), ഇടവക വികാരി റവ.ഫാ. ബിജോ മാത്യൂസ്‌, ഡീക്കന്‍ ഷോണ്‍ ഷാജ്‌, ഡീക്കന്‍ സുബിന്‍ ഷാജി, ഡീക്കന്‍ ചാക്കോ ജോര്‍ജ്‌, ഷാര്‍ലറ്റിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസി സമൂഹം എന്നിവര്‍ പങ്കുകൊണ്ടു.

ശനിയാഴ്‌ച രാവിലെ 8.30-ന്‌ ആരംഭിച്ച പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും പട്ടംകൊട ശുശ്രൂഷയും നടത്തപ്പെട്ടു. ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ മുഖ്യകാര്‍മികനായിരുന്നു. നവ ശെമ്മാശന്മാരെ അനുമോദിക്കാന്‍ കൂടിയ പൊതുസമ്മേളനം മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഒരു വര്‍ഷത്തിനുള്ളില്‍ ഷാര്‍ലറ്റ്‌ ഇടവകയില്‍ നിന്നും വൈദീക സേവന ശുശ്രൂഷയുടെ ആദ്യപടിയായ ശെമ്മാശ പട്ടം സ്വീകരിക്കുന്ന നാലാമത്തെ യുവാവാണ്‌ ജാന്‍ വില്‍സണ്‍.

സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശ്വാസ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട്‌ പാശ്ചാത്യ സംസ്‌കാരത്തില്‍ ആത്മീയതയ്‌ക്ക്‌ മുന്‍തൂക്കം നല്‍കുന്ന ഒരു സമൂഹമായി സഭയെ വാര്‍ത്തെടുക്കുന്നതില്‍ യുവാക്കളുടെ നേതൃത്വത്തിനും പങ്കാളിത്തത്തിനും കഴിയട്ടെ എന്ന്‌ മെത്രാപ്പോലീത്ത ആശംസിച്ചു. പൊതുസമ്മേളനത്തില്‍ നവ ശെമ്മാശന്മാരെ അനുമോദിച്ചുകൊണ്ട്‌ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. മാത്യൂസ്‌ ഇടത്തറ, റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌, ഡീക്കന്‍ സുബിന്‍, ലെവിന്‍ വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവക വികാരി റവ.ഫാ ബിജോ മാത്യൂസ്‌ സ്വാഗതവും, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി പീറ്റര്‍ കൃതജ്ഞതയും പറഞ്ഞു.

ഷാര്‍ലറ്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന വില്‍സണ്‍ ഏബ്രഹാമിന്റേയും ആന്‍സി ഏബ്രഹാമിന്റേയും സീമന്തപുത്രനായ ജാന്‍ വില്‍സണ്‍ന്റെ മാതൃ ഇടവക മലങ്കരയിലെ അങ്കമാലി ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പെരുമ്പാവൂര്‍ ക്രാകിയേരി വിശുദ്ധ മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയാണ്‌. പെരുമ്പാവൂരിലെ അതിരമ്പുഴ കുടുംബാംഗമായ കുര്യന്‍ ഏബ്രഹാം -മറിയാമ്മ ദമ്പതികളുടെ കൊച്ചുമകനായ ജാന്‍ ആത്മീയ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. വേദശാസ്‌ത്രമേഖലയില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച്‌ വൈദീക സേവനം നിര്‍വ്വഹിക്കണമെന്നാണ്‌ ആഗ്രഹം. പ്രീതി വില്‍സണ്‍, ദിവ്യ വില്‍സണ്‍ എന്നിവര്‍ സഹോദരിമാരാണ്‌.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ജാന്‍ വില്‍സണ്‌ ശെമ്മാശപട്ടം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക