Image

അഞ്ചാമതൊരു മന്ത്രി.? കുതികാലു വെട്ടുന്ന നയം മുസ്ലീം ലീഗ്‌ ഉപേക്ഷിക്കണം

കൈരളി, ന്യൂയോര്‍ക്ക്‌ Published on 19 August, 2011
അഞ്ചാമതൊരു മന്ത്രി.? കുതികാലു വെട്ടുന്ന നയം മുസ്ലീം ലീഗ്‌ ഉപേക്ഷിക്കണം
യുഡിഎഫ്‌ സര്‍ക്കാരിന്റെ `അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യം എല്ലാ മന്ത്രിമാരും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്‌, നാടിന്റെ നന്മയ്‌ക്കായി ക്രിയാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, കൂടെ നിന്ന്‌ കുതികാലു വെട്ടുന്ന നയം മുസ്ലീം ലീഗ്‌ ഉപേക്ഷിക്കണം.

ഇടതു സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട്‌ പതിനഞ്ചുവര്‍ഷം പിന്നോട്ടടിച്ച കേരളത്തെ നവോദ്ധരിക്കുന്ന ശ്രമത്തിലാണ്‌ എല്ലാ മന്ത്രിമാരും.

ധനകാര്യമന്ത്രിയുടെ ബജറ്റിനെക്കുറിച്ച്‌ കേരളത്തിലെ സകലവ്യവസായികളും ജനങ്ങളും വളരെ അനുകൂല മായിട്ടാണ്‌ പ്രതികരിച്ചത്‌. ഒപ്പം ധവളപത്രമിറക്കി ഇടതുപക്ഷത്തിന്റെ കുത്തഴിഞ്ഞഭരണം മൂലം ഉണ്ടായിട്ടുള്ള ഭവിഷ്യത്തുകള്‍ അക്കമിട്ടു നിരത്താനും മാണിസാറിന്‌ കഴിഞ്ഞു.

സ്‌മാര്‍ട്ടി സിറ്റി, മെട്രോ റെയില്‍ തുടങ്ങിയ മേഖലകളില്‍ ഇടതുപക്ഷം വരുത്തിവെച്ച മെല്ലെപ്പോക്ക്‌ നയത്തെ മറികടന്നു, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുന്നതില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും കര്‍മ്മനിരതന്‍ തന്നെ. മുസ്ലീംലീഗിലെ മറ്റു മന്ത്രി മാരായ മുനീറും, മന്ത്രി ഇബ്രാഹിമും തങ്ങളുടെ വകുപ്പുകള്‍ നന്നായി കൈകാര്യം ചെയ്യുന്നതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍.

അതേസമയം വിദ്യാഭ്യാസമന്ത്രി അബ്‌ദുള്‍ റബിനെപ്പറ്റി ആര്‍ക്കും അഭിപ്രായമുള്ളതായി അറിവില്ല. .വിദ്യാഭ്യാസ വകുപ്പ്‌ വളരെ പ്രാധാന്യമുള്ള വകുപ്പായിരിക്കെ വകുപ്പുമന്ത്രിയില്‍, തന്റെ കഴിവ്‌ തെളിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഒരു ഹൈസ്‌കൂള്‍ മാഷിനെ വൈസ്‌ ചാന്‍സലറായി നിയമിക്കാനുള്ള നീക്കം തന്നെ അദ്ദേഹത്തിന്റെ കഴിവ്‌ കേടിന്റെ വ്യാപ്‌തി വെളിപ്പെടുത്തുന്നു. വെറും ഏറാന്‍ മൂളി എന്നതില്‍ കവിഞ്ഞ്‌ മുസ്ലീംലീഗ്‌ പ്രസ്‌തുത മന്ത്രിക്കോ പദവിക്കോ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കരുതുക വയ്യ.

സ്വാശ്രയ കോളജ്‌ പ്രശ്‌നം അങ്ങേയറ്റം പ്രാധാന്യം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കേണ്ട പ്രശ്‌നമായിരിക്കെ, ഇന്നും അതുകോടതി വരാന്തയിലാണ്‌.

അങ്ങനെ കോണ്‍ഗ്രസിലെ ഘടകകക്ഷികളുടെ പ്രവര്‍ത്തനം മൊത്തത്തില്‍ പാസ്‌ മാര്‍ക്കിന്‌ അര്‍ഹമാകുമ്പോള്‍ പ്രധാനപ്പെട്ട വകുപ്പായ വിദ്യാഭ്യാസം അറിഞ്ഞോ അറിയാതെയോ ഇന്നും കലങ്ങി തന്നെ.. എന്നിട്ടും ഞങ്ങള്‍ക്കിനിയും ഒരു മന്ത്രികൂടി വേണം എന്നു ശഠിക്കുന്നതാണ്‌ അത്ഭുതം! അതല്ല, മുസ്ലീംലീഗിന്റെ കൂടെ അതിസമര്‍ത്ഥരായ എം.എല്‍.എ മാര്‍ ഉണ്ടെന്ന്‌ അവര്‍ക്ക്‌ പൂര്‍ണ്ണ ബോധ്യമുണ്ടെങ്കില്‍, വിദ്യാഭ്യാസ മന്ത്രി അബ്‌ദുള്‍ റഫിനെ മാറ്റി വേറൊരു സമര്‍ത്ഥനായ എം.എല്‍.എയെ മന്ത്രിയാക്കിക്കൊണ്ട്‌ സ്വന്തം ഗ്രൂപ്പിന്റെ സാമര്‍ത്ഥ്യം തെളിയിച്ചുകൊണ്ട്‌ ഇനിയും മറ്റൊരു മന്ത്രിയെക്കൂടി വേണം എന്നു ശഠിക്കുന്നതില്‍ അര്‍ത്ഥമുണ്ട്‌.

അല്ലാതെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും, മുസ്ലീംലീഗും എല്ലാവരും വോട്ടു ചെയ്‌തു വല്ലവിധേനയും ജയിച്ചുവന്ന എം.എല്‍.എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഘടകകക്ഷിക്ക്‌ ഒരു മന്ത്രിയെ ക്കൂടി നല്‍കി, ഒരു വകുപ്പ്‌ കൂടി നശിപ്പിക്കുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു നേട്ടം?

ഞങ്ങളുടെ അഭിപ്രായത്തില്‍ ഘടക കക്ഷിയായ മുസ്ലീംലീഗ്‌ ആദ്യം കഴിവു തെളിയിക്കട്ടെ അതിനു ശേഷം ബോണസു ചോദിക്കുക; അല്ലാതെവേറൊരു മടയനെ കൂടി മന്ത്രിയക്കുന്നതുകൊണ്ട്‌ ജനങ്ങള്‍ക്കെന്തു നേട്ടം ?

കേരളത്തിലെ പത്രമാധ്യമങ്ങളും ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു മന്ത്രിയെക്കൂടി മുസ്ലീം ലീഗിനു നല്‍കുന്നതില്‍ ജനങ്ങളുടെ അഭിപ്രായം എന്താണെന്ന്‌ ഒരു ഗ്യാലപ്പ്‌ പോള്‍ നടത്താന്‍ അവര്‍ സന്നദ്ധരാകണം; അതുവഴി ഭരണത്തില്‍ ജനങ്ങളുടെ പങ്കും താല്‍പര്യവുംവ്യക്തമാകും , ഭരണം സുഗമവും സുതാര്യവുമാകും.

അതുപോലെ അബ്‌ക്കാരി മറ്റൊരു സൈ്വര്യം കൊല്ലി വിഷയമായിരിക്കുകയാണ്‌ .
മദ്യപാനം കൂടിയേ തീരൂയെന്നോ മദ്യപാനം പാടെ ഉപേക്ഷിക്കാന്‍ സാധിക്കുമെന്നോ എന്നൊന്നും വാദിക്കുന്നില്ല.

പക്ഷേ ജനങ്ങളോട്‌ കടപ്പാടുള്ള ഒരു ഗവണ്മേന്റ്‌ , ജനങ്ങള്‍ക്ക്‌, മദ്യപാനം ഉപേക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യത്തിനു ഹാനികരമല്ലാത്ത നല്ല മദ്യം കൊടുക്കാന്‍ സാധിക്കണം, അതാണു നേട്ടം .

സര്‍ക്കാരിന്റെ പ്രവര്‍ത്തനം `വെബി'ലുടെ സുതാര്യമാക്കിയത്‌ അമേരിക്കക്കാര്‍ പോലും പുകഴ്‌ ത്തിയിരിക്കെ, അബ്‌ക്കാരി നയവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചെയ്‌തിരിക്കുന്നതുപോലെ ഒരു പറ്റത്തിന്റെ കുത്തക എടുത്തുകളയാന്‍ കേരള ഗവണ്മേന്റും തയ്യാറാകണം

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മദ്യം വില്‍ക്കാന്‍ താത്‌പര്യമുള്ള എല്ലാ കടക്കാര്‍രും ചെറിയ ഒരു ലൈസന്‍സ്‌ ഫീ - ഒരുതവണ മത്രം ഈടാക്കി ലൈസന്‍സ്‌ നല്‍കുന്നു. അതുവഴി കുത്തക പൊളിയുന്നതിലുപരി, നല്ല മദ്യവും ഉറപ്പുവരുത്തുന്നു. വിലയുംകുറയുന്നു. തൊഴിലവസരവും വര്‍ദ്ധിക്കുന്നു. ഗവണ്മേന്റിനു ലഭിക്കേണ്ട സെയില്‍ ടാക്‌സ്‌ അവര്‍ക്കും ലഭിക്കുന്നു . കുശാലേ കുശാല്‍, അല്ലേ?

പകരം കേരളത്തിലെന്താണ്‌ നടക്കുന്നത്‌ . ഉയര്‍ന്ന ലൈസന്‍സിംഗ്‌ ഫീ വാങ്ങിച്ചുകൊണ്ട്‌, മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കുന്നു. അതോടെ ലൈസന്‍സ്‌ നേടന്‍ നല്‍കിയ പണം എങ്ങനെയും ഉപഭോക്താവിന്റെ പക്കല്‍ നിന്നും പിടുങ്ങാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. ഫലം - കയ്യില്‍ കിട്ടുന്ന വിഷം മുഴുവന്‍ അകത്താക്കി മനുഷ്യന്റെ, ആരോഗ്യവും നശിക്കുന്നു .

ഇന്നത്തെ അബ്‌ക്കാരി നയത്തില്‍ മാറ്റം വരുത്താന്‍ ഗവണ്മേന്റ്‌ തയ്യാറാകണം. ലെസന്‍സ്‌ ഫീസ്‌ കുറച്ചുകൊണ്ട്‌ എല്ലാ ഹോട്ടലുകാര്‍ക്കും, പലചരക്കു കടകള്‍ക്കും മദ്യം വില്‍ക്കാനുള്ള അവസരം ഗവണ്ടമെന്റ്‌ നല്‍കണം. അതുപോലെ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള മദ്യകമ്പനികള്‍ക്ക്‌ മദ്യവിപണി തുറന്നു കൊടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. നല്ല മദ്യം മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ നാടന്‍ മദ്യ നിര്‍മ്മാതാക്കളും നല്ല മദ്യം നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാകും. മദ്യം കഴിക്കാന്‍ ആസക്തി കാണിക്കുന്ന ചെറുപ്പക്കാരില്‍ പ്രായപരിധി കര്‍ശനമായി ഏര്‍പ്പെടുത്തണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കാനുള്ള സംവിധാനവും ഗവണ്മേന്റിനുണ്ടാകണം .

പകരം അബ്‌ക്കാരി വ്യവസായം ഗവണ്മേന്റ്‌ കുത്തകയായി പിടിച്ചുവെച്ചാല്‍ ആരോഗ്യം നശിച്ച ഒരു സമൂഹമായിരിക്കും പരിണതഫലം!!..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക