Image

ആള്‍ദൈവ വിരോധം (മാത്യു മൂലേച്ചേരില്‍)

Published on 04 October, 2012
ആള്‍ദൈവ വിരോധം (മാത്യു മൂലേച്ചേരില്‍)
`മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ്‌ പങ്കുവെച്ചൂ...മനസ്സു പങ്കുവെച്ചൂ... (വയലാര്‍ )`

ദൈവം ഇല്ലാത്ത, ദൈവത്തില്‍ വിശ്വാസം ഇല്ലാത്ത മനുഷ്യരുണ്ടോ? ദൈവത്തില്‍ വിശ്വാസമില്ലെന്ന്‌ പറയുന്നവരില്‍ പോലും നിശ്ചലമായ്‌ അടങ്ങിക്കിടക്കുന്ന ഒരു ദൈവീക ഭക്തിയുണ്ട്‌. അതിനെ അറിയണമെങ്കില്‍ അവര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള മാരകമായ എന്തെങ്കിലുമൊന്നു അവരുടെ ജീവിതത്തില്‍ സംഭവിക്കണം. ദൈവങ്ങള്‍ പലവിധം, ഗോചരവും, അഗോചരവും. അദൃശ്യമായ ആത്മീക ശക്തികള്‍, ആത്മീയ ശക്തികളെ ആവാഹിച്ചതായ്‌ കരുതപ്പെടുന്ന വിഗ്രഹങ്ങള്‍, പ്രപഞ്ച ശക്തികള്‍, ഊര്‍ജ്ജ ശ്രോതസ്സുകള്‍, ആദര്‍ശങ്ങളും തത്വസംഹിതകളും പ്രസംഗിക്കുന്നവര്‍, അത്ഭുതങ്ങള്‍ കാട്ടുന്നവര്‍ അങ്ങനെ ദൈവങ്ങളുടെ പട്ടിക നീളുന്നു.

എന്നാല്‍ ആരും അറിയാതെ എല്ലാവരും ദൈവമായ്‌ കരുതപ്പെടുന്ന രണ്ടാംകിട ദൈവങ്ങളും ഉണ്ട്‌. അതില്‍ പെടുന്ന ദൈവങ്ങള്‍ ആണ്‌ അച്ഛന്‍, അമ്മ, ഭര്‍ത്താവ്‌, ഭാര്യ, മക്കള്‍, നമ്മളെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍, ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍, രാഷ്ട്രീയ സംസ്‌കാരീക നേതാക്കന്മാര്‍, കലാപ്രവര്‍ത്ത്‌തകര്‍., നമ്മള്‍ക്ക്‌ പണം തന്നു സഹായിക്കുന്നവര്‍, നമ്മുടെ ഏതെങ്കിലും അടിയന്തര സന്ധിയില്‍ ഉപകാരികള്‍., ഇവരെല്ലാം ദൈവങ്ങള്‍ തന്നെ.

ദൈവങ്ങള്‍ക്ക്‌ ശക്തിയുണ്ടെന്നുള്ളതാണ്‌ മനുഷ്യന്റെ വിശ്വാസം. മനുഷ്യന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നവനാണ്‌ ദൈവമെന്നും വിശ്വസിക്കുന്നു. ചില വിശ്വാസങ്ങള്‍ പഠിപ്പിക്കുന്നത്‌ നമ്മള്‍ ദൈവത്തിന്റെ സൃഷ്ടിയെന്നും, നമ്മളില്‍ തന്നെ ആ ദൈവീക ശക്തികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഉള്ളതാണ്‌. ആ ശക്തികളെ നമ്മള്‍ കഠിന തപസ്സോ, വൃതമോ, ഉപവാസങ്ങളോ ഒക്കെകൊണ്ട്‌ എകാഗ്ര ചിന്തയാല്‍ മിനുക്കിയെടുക്കുമ്പോള്‍ ആ ശക്തി നമ്മളില്‍ കൂടെ പ്രവര്‍ത്തിക്കും എന്ന്‌ വിശ്വസിക്കുന്നു. മറ്റുചിലര്‍ ആത്മീയ ശക്തികളെയും, പ്രപഞ്ച ശക്തികളെയും തന്നിലേക്ക്‌ ആവാഹിച്ചു ശക്തി നേടുന്നവര്‍ തന്നെ. ഇവരെല്ലാം ഏതെങ്കിലും തരത്തിലുള്ള ചെപ്പടി വിദ്യകളാലോ അമാനുഷീക പ്രവര്‍ത്തി ചെയ്‌തോ പൊതുജനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നു. അവരെ ദൈവതുല്യമായ്‌ കരുതി, അവരുടെ പിന്നാലെ കാര്യസാധ്യങ്ങള്‍ക്കായ്‌ ജനം കടന്നു ചെല്ലുന്നു.

ഇന്ന്‌ അനേകം ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുന്നു, അടക്കിവാഴുന്നു. അതില്‍ രണ്ടുകൂട്ടരുണ്ട്‌, ശരിക്കും ശക്തിയുള്ളവരും, അമാനുഷീക ശക്തി തങ്ങളില്‍ ഉണ്ടെന്നു പൊതുജനത്തെ വിശ്വസിപ്പിച്ചു ആള്‍ദൈവം ചമയുന്നവരും. ഇവരെ തിരിച്ചറിയുകയെന്നുള്ളത്‌ അത്ര എളുപ്പമല്ല. എങ്കിലും ദൈവീക ശക്തി അത്‌ യഥാര്‍ത്ഥമെങ്കില്‍ അത്‌ പ്രതിഫലേഛ കൂടാതെ അത്‌ മറ്റുള്ളവര്‍ക്ക്‌ പ്രധാനം ചെയ്യുന്നവര്‍ സത്യമുള്ളവര്‍ എന്ന്‌ കരുതാം. അല്ലാത്തവരെല്ലാം കപട ദൈവങ്ങള്‍ തന്നെ.

ഓരോദിനവും ആള്‍ദൈവ കൂടാരങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുക്ക്‌ കേള്‍ക്കുവാന്‍ സാധിക്കും. പീഡനങ്ങള്‍, കൊലപാതകങ്ങള്‍, അശ്ലീല ചിത്ര നിര്‍മ്മാണങ്ങള്‍, മയക്കുമരുന്ന്‌ കച്ചവടങ്ങള്‍, മാഫിയ പ്രവര്‍ത്തനങ്ങള്‍, നികുതി വെട്ടിപ്പുകള്‍, അങ്ങനെ പലതും. അവരുടെ പ്രവര്‍ത്തനത്തിലുള്ള വൈകല്യങ്ങളും, അക്രമങ്ങളും, അഴിമതികളും കണ്ടിട്ട്‌ പല രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക സംഘടനകളും , വ്യക്തികളും അവര്‍ക്കെതിരെ പ്രതിഷേതങ്ങളും പ്രക്ഷോഭങ്ങളും നടത്താറുണ്ട്‌.,. കൂടാതെ ഇവരുടെ കാപട്യങ്ങള്‍ കണ്ടു മനം മടുത്തിട്ടോ, ഓരോദിനവും ധനസമൃദ്ധിയിലെക്കുള്ള അവരുടെ പ്രയാണത്തില്‍ ഉള്ള അസൂയപൂണ്ടോ ഓരോരുത്തര്‍ ഇക്കൂട്ടര്‍ക്കെതിരെ ദിനംപ്രതി കവിതകളും, ലേഖനങ്ങളും, ബുക്കുകളും ഒക്കെ പ്രസിദ്ധീകരിച്ചു കോടികളും സമ്പാദിക്കുന്നു.

അപ്രകാരമുള്ള പ്രവര്‍ത്തികള്‍ ഒന്നും ഇക്കൂട്ടരെ ഒന്ന്‌ തൊടുക പോലുമില്ല . കാരണം എല്ലാ നീയമപാലകരും, രാഷ്ട്രീയ കക്ഷി നേതാക്കന്മാരും, ഭരണകര്‍ത്താക്കളും ഇവരുടെ ഏറാന്‍ മൂളികള്‍ തന്നെ. അഥവാ എന്തെങ്കിലും നീയമ നടപടികളുമായ്‌ ഏതെങ്കിലും അധികാരികള്‍ കടന്നുവന്നാല്‍ തന്നെ ഇക്കൂട്ടരെ സംരക്ഷിക്കാന്‍ ഇവര്‍ വളര്‍ത്തുന്ന ഗുണ്ടാപ്പടകളോ ആരാധകരോ രംഗത്ത്‌ ഉണ്ടാവും. അതിനെയെല്ലാം അതിജീവിച്ചു ഇവരെ ശിക്ഷിച്ചാല്‍ തന്നെ, ആ ശിക്ഷയുടെ കാലയളവ്‌ തീരുമ്പോഴേ മറ്റേതെങ്കിലും നാട്ടിലേക്ക്‌ ഇവരുടെ ആവാസവും, പ്രവര്‍ത്തനങ്ങളും മാറ്റുകയും ചെയ്യും.

ആള്‍ ദൈവങ്ങള്‍ മനുഷ്യര്‍ തന്നെയാണ്‌. അതില്‍ കപടവേഷമെടുത്താടുന്നവരില്‍ പലരും അവരുടെ ജീവിതത്തില്‍ വന്നിട്ടുള്ള പലതരമായ പ്രശ്‌നങ്ങളെ കൊണ്ടും, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഒരു തൊഴില്‍ എന്നവണ്ണം സ്വീകരിക്കുന്നവരും തന്നെ. അവരെ കുറ്റം പറയുകയും അവര്‍ക്കെതിരെ പടനയിക്കുകയും, പ്രസിദ്ധീകരണങ്ങള്‍ ചമച്ചു കോടികള്‍ ഉണ്ടാക്കുന്ന പല ശ്രേഷ്ടന്മാരും അറിയുന്നില്ല അവരറിയാതെ ഇതുപോലുള്ള ആള്‍ ദൈവങ്ങളെ അവരും പൂജിക്കുന്ന കാര്യം. ആള്‍ ദൈവ കൂടാരങ്ങളില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അതിനെതിരെ തീര്‍ച്ചയായും നീയമ നടപടികള്‍ എടുക്കണം; അല്ലാത്തവരെ വെറുതെ വിടുക. അല്ലാതെ അതിന്റെ പേരില്‍ ധനസമ്പാദനം നടത്തുന്നവര്‍ ഈ ആള്‍ ദൈവങ്ങളെക്കാള്‍ അധപ്പധിച്ചവര്‍ തന്നെ.

ആള്‍ ദൈവങ്ങളില്‍ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത്‌, അവരെ പ്രബോധനം ഉള്ളവര്‍ ആക്കുകയെന്നുള്ളതാണ്‌. അതിനായ്‌ ഇത്തരം തട്ടിപ്പുകളേയും, നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള മറ്റു തട്ടിപ്പുകളേയും കുറിച്ച്‌ ആവശ്യകരമായ വിദ്യാഭ്യാസം വിദ്യാലയങ്ങളില്‍ വെച്ച്‌ കുഞ്ഞുങ്ങള്‍ക്കും, സാംസ്‌കാരിക സ്ഥാപനങ്ങളിലും, ഭവനങ്ങളിലും, ജോലിസ്ഥലങ്ങളിലും വെച്ച്‌ മുതിര്‍ന്നവര്‍ക്കും കൊടുക്കുവാന്‍ സര്‍ക്കാര്‍ തലത്തിലുള്ള നീക്കം നടത്തണം. അല്ലാതെ ഇതിനെതിരെ ബന്ദുകളും, ഹര്‍ത്താലുകളും, വഴിതടയലുകളും, കവല പ്രസംഗങ്ങളും നടത്തി പൊതുജനത്തെ വലക്കുകയല്ല വേണ്ടത്‌.

മനുഷ്യാ നിങ്ങളാണ്‌ ദൈവത്തെയും, മതത്തെയും, ആള്‍ ദൈവങ്ങളെയും സൃഷ്ടിക്കുന്നത്‌. പ്രപഞ്ചത്തെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും ഉള്ള പ്രബോധനത്തിന്റെ കുറവ്‌ തന്നെയാണ്‌ ഇത്തരം കാപട്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നമ്മെ കൊണ്ടാക്കുന്നത്‌. നാമും മറ്റൊരുവന്‌ ദൈവമെന്നു കരുതുക. വിഡ്‌ഢികള്‍ ആകാതെ ഉള്ള ബുദ്ധിയാല്‍ ചിന്തിച്ചു ജീവിക്കുക, അപ്പോള്‍ എല്ലാം നേരെയാവും. ദൈവങ്ങളും, ആള്‍ദൈവങ്ങളും!!
ആള്‍ദൈവ വിരോധം (മാത്യു മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക