Image

വില്‍ക്കാന്‍ വച്ചിരിക്കുന്നവരോ നമ്മള്‍ ? -ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 20 October, 2012
വില്‍ക്കാന്‍ വച്ചിരിക്കുന്നവരോ നമ്മള്‍ ? -ഷോളി കുമ്പിളുവേലി
സ്വാതന്ത്ര്യ സമരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മഹാനായ രാജസ്‌നേഹിയും, സ്വാതന്ത്ര്യസമര നേതാവുമായിരുന്ന മോട്ടിലാല്‍ നെറ്ഹു ബ്രിട്ടീഷുകാരോട് ചോദിച്ചുവത്രേ, ഭാരതം നിങ്ങള്‍ വിലക്കു തരുന്നോ എന്ന് അന്ന് മോട്ടിലാല്‍ നെഹ്‌റു അത് ചോദിച്ചെങ്കില്‍ തീവ്രമായ രാജ്യസ്‌നേഹം കൊണ്ടായിരിക്കണം. സമാധാനപരമായി എത്ര സമരം ചെയ്തിട്ടും നമ്മെ സ്വതന്ത്രരാക്കാന്‍ മനസില്ലയാരുന്ന ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ നട്ടെല്ല് നിവര്‍ത്തി നിന്ന് വില പറയുവാനുള്ള ആര്‍ജ്ജവം മഹാനായ മോട്ടിലാല്‍ നെഹ്‌റുവിനുണ്ടായിരുന്നു.

ഇതേ രാജ്യസ്‌നേഹിയായ മോട്ടിലാല്‍ നെഹ്‌റുവിന്റേയും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും, മഹാനുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പാരമ്പര്യമേറുന്ന പുതിയ തലമുറയില്‍ പെട്ടവര്‍ കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ ഇന്ത്യയിലുടനീളം ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഭരണകൂടത്തേയും, നിയമത്തേയും വെറും നോക്കുകുത്തിയായി നിര്‍ത്തികൊണ്ട്, ചില കുടുംബങ്ങളും അവര് തല്ലിക്കൂട്ടുന്ന ചില കമ്പനികളും ചേര്‍ന്ന് ഇന്ത്യാ മഹാരാജ്യത്തിലെ സ്വത്തും, ഭൂമിയും അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം വിലസുന്ന ഭൂമാഫിയകളില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കുന്നതോ, അല്ലെങ്കില്‍ അവരുടെ ബിനാമികളോ ആണ്. പണ്ട് രാഷ്ട്രീയം എന്നത്, നേതാക്കള്‍ക്ക് രാജ്യ സേവനത്തിനായിരുന്നുവെങ്കില്‍, പുതിയ തലമുറക്കാര്‍ക്ക് സ്വന്തം സമ്പാദനത്തിനുള്ള 'മറ' മാത്രമാണ്.

ഇന്‍ഡ്യ ഏറ്റവും അധികം സ്‌നേഹിക്കുന്ന കുടുംബമാണ് നെഹ്‌റു കുടുംബം. അതിന് പല കാരണങ്ങളുണ്ടാകാം. പക്ഷേ, സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും അധികം കഷ്ടതകള്‍ നേരിട്ട, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ മറന്നല്ലേ? അദ്ദേഹത്തിന്റെ മക്കളെ എത്രപേര്‍ക്കറിയാം? കൊച്ചുമക്കളുടെ കാര്യം പറയുകയും വേണ്ട! കാരണം ഗാന്ധിജിക്കു പണവും പദവിയും ഇല്ലായിരുന്നു. അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലായിരുന്നു. മക്കളിലൂടെയും അധകാരവും, പദവികളും നില നിര്‍ത്തിയുമില്ല.

ഇന്ന് ഗാന്ധിയെന്നാല്‍ സോണിയാ ഗാന്ധിയാണ്. പിന്നെ രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും. അപ്പോള്‍ പുതിയൊരു അവതാരം കൂടി വന്നിട്ടുണ്ട്, വധേര ഗാന്ധി! യഥാര്‍ത്ഥ ഗാന്ധിയേയും, ഗാന്ധി കുടുംബത്തേയും നന്ദിയില്ലാത്ത നമ്മള്‍ മറന്നിരിക്കുന്നു. ഒരു ഒക്‌ടോബര്‍ രണ്ടോ മറ്റോ വരുമ്പോള്‍ പത്രത്തില്‍ പടം വരും. വര്‍ഷത്തിലെ ബാക്കി മുഴുവന്‍ ദിവസവും കാണുന്നതും കേള്‍ക്കുന്നതും അഭിനവ ഗാന്ധിമാരുടേയും, അവരുടെ മക്കളുടേയും, കൊച്ചു മക്കളുടേയും കഥകള്‍ മാത്രം. പത്രങ്ങള്‍ക്കും അതാണ് താല്പര്യം. കാരണം അധികാരമുള്ള വരെ താങ്ങിയിട്ടേ കാര്യമുള്ളൂ.

രാജ്യം ഭരിക്കുന്ന (പാര്‍ട്ടയുടെ പ്രസിഡന്റ്) സോണിയാ ഗാന്ധിയുടെ മക്കളും, നാളെ നമ്മളെ ഭരിക്കേണ്ടവരുമായ രാഹുല്‍ ഗാന്ധിയും, സഹോദരി പ്രിയങ്കാ ഗാന്ധിയും, യു.പി.എ ഭരണത്തിന്റെ കീഴില്‍ രാജ്യത്തെമ്പാടും വാങ്ങികൂട്ടുന്ന ഭൂമിയുടേയും, മറ്റ് ബിനാമി ബിസിനസ്സുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ ഒന്നിന് പുറകേ മറ്റൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും അഴിമതിയില്‍ മോശമല്ല. പക്ഷേ ഇത് അതുപോലയല്ല. ഒരു രാജ്യത്തിലെ ബഹുഭൂരിപക്ഷ ജനതയും സ്‌നേഹത്തോടെ വീക്ഷിക്കുന്ന കുടുംബം; നാളെ ഭാരത്തിലെ 125 കോടിയിലധികം വരുന്ന ജനത്തെ ഭരിക്കേണ്ടവര്‍; അല്ലെങ്കില്‍ അവര്‍ ഭരിച്ചാലെ നമ്മള്‍ രക്ഷപെടൂ എന്ന് വിശ്വസിക്കുന്ന ഒരു ജനതയെ മുഴുവനും വഞ്ചിക്കുകയല്ലേ ചെയ്യുന്നത്? (നെഹ്‌റു കുടുംബത്തില്‍ ജനിക്കുന്നവരെല്ലാം ദിവ്യ ജനനമാണെന്നും, അവരെല്ലാം നമ്മേ ഭരിക്കേണ്ടവരും ആണെന്ന് ഒരു ധാരണ അിറഞ്ഞോ അറിയാതെയോ വളര്‍ത്തിയെടുക്കുന്നതില്‍ ചില മാധ്യമങ്ങള്‍ക്കും ഒരു പരിധിവരെ പങ്കുണ്ട്.)

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കുടുംബ ഭരണമല്ലേ നടക്കുന്നത്. ഇതും രാജഭരണവും തമ്മില്‍ എന്താണ് വ്യത്യാസം? റോബര്‍ട്ട് വധേരയുടെ അനധികൃത സ്വത്തു സമ്പാദനത്തെപ്പറ്റി അന്വേഷിച്ച ഉദ്യോഗസ്ഥന്റെ സ്ഥാനം തെറിച്ചു. ഇനി പേടിച്ച് ആരെങ്കിലും എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

ഇന്‍ഡ്യാ മഹാരാജ്യം 125 കോടി ജനതക്കും കൂടി അവകാശപ്പെട്ടതാണ്. അത് ഒരു കുടുംബത്തിന്റെ മാത്രം സ്വത്തല്ല. അര്‍ഹതയുള്ളവരെ അധികാരത്തിലെത്താവൂ. അല്ലെങ്കില്‍ പ്രിയങ്കഗാന്ധിയുടെ മകന് സിന്ദാബാദ് വിളിക്കേണ്ട ഗതികേട് എ.കെ. ആന്റണിക്കു പോലും ഉണ്ടാകും.

വില്‍ക്കാന്‍ വച്ചിരിക്കുന്ന വെറും ചരക്കുകളല്ല നമ്മള്‍; ആത്മാഭിമാനമുള്ള ഒരു ജനതയാണ്. അഴിമതിക്കെതിരെ പ്രതികരിക്കുക തന്നെ വേണം

വില്‍ക്കാന്‍ വച്ചിരിക്കുന്നവരോ നമ്മള്‍ ? -ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക