Image

ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും (ഇസ്രയേല്‍ യാത്ര 5: ടോം ജോസ്‌ തടിയംമ്പാട്‌)

Published on 19 October, 2012
ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും (ഇസ്രയേല്‍ യാത്ര 5: ടോം ജോസ്‌ തടിയംമ്പാട്‌)
വിശ്വപ്രസിദ്ധ സാഹിത്യകാരനും നോവല്‍ സമ്മാന ജേതാവും മഹാത്മാഗാന്ധിയുടെ ആരാധന പാത്രവും ആയിരുന്ന റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന പുസ്‌തകത്തില്‍ അദ്ദേഹം പറയുന്നു. ഓരോ യുദ്ധങ്ങളും അവസാനിക്കുന്നത്‌ സമാധാനത്തിലാണ്‌, പക്ഷെ ആ സമാധാനം അടുത്ത യുദ്ധത്തിന്‌ വേണ്ടി ഉള്ള തയ്യാറെടുപ്പിനുവേണ്ടിയാണ്‌. ഇസ്രയേലിന്റെ ചരിത്രത്തിലേയ്‌ക്ക്‌ തിരിഞ്ഞു നോക്കിയാല്‍ ഇത്‌ വളരെ ശരിയാണ്‌ എന്നു തോന്നും.

സമാധാനം പ്രസംഗിക്കുന്ന മന്ന്‌ മതങ്ങളുടെ ഈറ്റില്ലത്തിലാണ്‌ ഈ യുദ്ധങ്ങള്‍ നടക്കുന്നത്‌. മതാധിഷ്‌ഠിത ഭരണ കൂടങ്ങള്‍ ലോകത്ത്‌ എവിടെ ഒക്കെ നില നില്‍ക്കുന്നുവോ അവിടെ സമാധാനം പുലരുക വളരെ അസാദ്ധ്യമാണ്‌. കാരണം മതത്തിന്റെ അടിസ്ഥാനശില മത മൗലിക വാദത്തിലാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. പരസ്‌പര സഹകരണം എന്നു പറയുന്നത്‌ ഒന്ന്‌ മറ്റൊന്നിനെ കീഴ്‌പ്പെടുത്തി കഴിയുമ്പോള്‍ ഉണ്ടാകുന്ന നിസ്സഹായതയില്‍ നിന്നും ഉരുത്തിരിയുന്നതാണ്‌. അല്ലാത്ത സാഹചര്യത്തില്‍ എല്ലാം കടന്നു കയറ്റവും കീഴ്‌പ്പെടുത്തലുമാണ്‌ മതത്തിന്റെ മുഖ മുദ്ര ഇതാണ്‌ ഇസ്രയേലില്‍ നടക്കുന്നത്‌.

ജെറുശലേമില്‍ കണ്ടു മുട്ടിയ ഒരു ഫ്രാന്‍സിക്കന്‍ സഭയുടെ ഫാദര്‍ പറഞ്ഞത്‌ ഇസ്രയേല്‍ എന്ന രാഷ്‌ട്രത്തെ നയിക്കുന്നത്‌ ഇവിടുത്തെ യഥാസ്ഥിത യഹൂദന്‍മാരുടെ അഭിപ്രായമാണ്‌. അവര്‍ യഹൂദന്‍മാരെ മാത്രമേ കാണുന്നുള്ളൂ. മറ്റുള്ളവര്‍ അവിടെ ഉള്ളതായി പോലും അവര്‍ ഗൗനിക്കുന്നില്ല. അവരുടെ അഭിപ്രായമാണ്‌ ഇസ്രയേല്‍ ഗവണ്‍മെന്റ്‌ നടപ്പിലാക്കുന്നത്‌.

പാലസ്റ്റയിനില്‍ താമസിക്കുന്ന പലരുടെയും കൈയില്‍ ജെറുശലേമിലെ അവരുടെ വീടിന്റെ താക്കോലുണ്ട്‌്‌ പക്ഷെ അവര്‍ക്ക്‌ അങ്ങോട്ട്‌ തിരിച്ച്‌ ചെല്ലാന്‍ കഴിയില്ല. 1967 -ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രയേല്‍ പഴയ ജറുശലേം പിടിച്ചെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലസ്റ്റീന്‍കാരെ പട്ടാളത്തെ ഉപയോഗിച്ച്‌ ബലമായി ഒഴിപ്പിച്ചു. ഇതിന്റെ മറ്റൊരു വശം എന്നു പറയുന്നത്‌ 1948-ല്‍ നടന്ന അറബ്‌ ഇസ്രയേല്‍ യുദ്ധത്തില്‍ അന്ന്‌ പഴയ ജറുശലേം ജോര്‍ദ്ദാന്റെ നിയന്ത്രണത്തില്‍ എത്തി. അന്ന്‌ അവിടെ താമസിച്ചിരുന്ന ഇസ്രയേലിയരേ മിലിട്ടറിയെ ഉപയോഗിച്ച്‌ പുറത്താക്കി. അങ്ങനെ ഈ പിടിച്ചെടുക്കലും കടന്നു കയറ്റവും അനുസൃതം തുടര്‍ന്നു കൊണ്ടിരുന്നു. ഗോലിയത്തും ദാവീദും തമ്മില്‍ നടന്ന യുദ്ധം ഇന്നും തുടരുന്നു.

ആരെങ്കിലും സമാധാനത്തിന്‌ ശ്രമിച്ചാല്‍ അവര്‍ക്ക്‌ നഷ്‌ടമാകുന്നത്‌ അവരുടെ ജീവനായിരുന്നു. പലസ്റ്റീനുമായി സമാധാനത്തിന്‌ ശ്രമിച്ച ഇസ്രയേല്‍ പ്രധാന മന്ത്രി ഇസക്ക്‌ റബിന്‍ 1995 ല്‍ ടെല്‍ അവിവില്‍ വച്ച്‌ ജൂത തീവ്രവാദി യിഗാല്‍ അമീറിന്റെ വെടിയേറ്റ്‌ മരിച്ചു. ഇസ്രയേലും ആയി സമാധാനക്കരാര്‍ ഒപ്പിട്ട ഈജിപ്‌റ്റിന്റെ പ്രസിഡന്റ്‌ ആയിരുന്ന അന്‍വര്‍ സതതിന അദ്ദേഹത്തിന്റെ സൈന്യം തന്നെ 1981ല്‍ വെടി വച്ചു കൊന്നു.

ഇസ്രയേലില്‍ എന്നെങ്കിലും സമാധാനം രൂപപ്പെട്ടാല്‍ അത്‌ ചെന്ന്‌ നില്‍ക്കുന്നത്‌ ലോക സമാധാനത്തിലായിരിക്കും. കാരണം ലോകത്ത്‌ ഇന്നു വരെ നടന്ന എല്ലാ കലാപത്തിന്റെയും വിപ്ലവങ്ങളുടെയും ഒരു വശത്ത്‌ യഹൂദ താല്‍പ്പര്യങ്ങളായിരുന്നു എന്നു ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയും.

ഇന്നത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി 8 മണിയ്‌ക്ക്‌ തന്നെ റെഡിയായി വണ്ടിയില്‍ കയറി ആദ്യമായി പോയത്‌ ക്രിസ്റ്റ്യന്‍ രൂപങ്ങളും കൊന്തകളും ഒക്കെ വില്‍ക്കുന്ന ഒരു വലിയ കടയിലേയ്‌ക്കാണ്‌ അവിടെ നിന്നും എല്ലാവരും കുറെ രൂപങ്ങളും, കൊന്തകളും ഒക്കെ വാങ്ങി. അതിന്‌ ശേഷം ജറുശലേമിലുള്ള മ്യൂസിയം കാണുന്നതിന്‌ വേണ്ടി പോയി. മ്യൂസിയത്തോട്‌ ചേര്‍ന്ന്‌ ക്രിസ്‌തുവിന്റെ കാലത്തെ ജറുശലേമിന്റെ മോഡല്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌. ഇന്നത്തെ ജറുശലേമിനേക്കാള്‍ വലുതായിരുന്നു അന്നത്തെ ജറുശലേം നഗരം. ജറുശലേം ദേവാലയം തന്നെ ഒന്നര ഏക്കര്‍ സ്ഥലം നിറയെ ആയിരുന്നു. ദേവാലയത്തിലേയ്‌ക്ക്‌ ബലി അര്‍പ്പിക്കാന്‍ കൊണ്ടു വരുന്ന മൃഗങ്ങളെ കുളുപ്പിക്കുന്ന കുളവും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റിയും എല്ലാം ഗൈഡ്‌ വിശദീകരിച്ച്‌ പറഞ്ഞു തന്നു. ജറുശലേം ദേവാലയത്തിന്റെ മുറ്റത്തു വരെ മറ്റുള്ള ജാതിയില്‍പ്പെട്ടവര്‍ക്ക്‌ പ്രവേശിക്കാമായിരുന്നു. എന്നാല്‍ അതിന്റെ അകത്തെ തൂണിന്‌ അപ്പുറത്തേയ്‌ക്ക്‌ യഹൂദന്‍ അല്ലാത്ത ആരെങ്കിലും പ്രവേശിച്ചാല്‍ അവന്‌ കിട്ടുന്ന ശിക്ഷ മരണമായിരുന്നു. ഇത്തരം അപരിഷ്‌കൃതമായ നിയമങ്ങള്‍ പിന്‍തുടരുന്ന മതങ്ങള്‍ ഇപ്പോഴും ലോകത്തുണ്ട്‌. അവിടെ നിന്നും ഞങ്ങള്‍ മ്യൂസിയത്തില്‍ എത്തി. മ്യൂസിയത്തിലെ ഏറ്റവും വലിയ കാഴ്‌ച പഴയ കാലത്തെ ബൈബിളിന്റെ കൈഎഴുത്തു പ്രതികളും ഡെഡ്‌ സീ സ്‌ക്രോളും ഒക്കെ ആയിരുന്നു. അവ കേടു കൂടാതെ സൂക്ഷിക്കുന്നതിന്‌ വേണ്ടി പ്രത്യേക അന്തരീക്ഷം കൃത്രിമമായി ഉണ്ടാക്കി എടുത്തിരിക്കുകയാണ്‌.

മ്യൂസിയം കണ്ടതിന്‌ ശേഷം ഞങ്ങള്‍ ഇസ്രയേല്‍ പാര്‍ലമെന്റ്‌ കാണാന്‍ പോയി. ക്‌നെസറ്റ്‌ എന്നാണ്‌ പാര്‍ലനെന്റിനെ വിളിക്കുന്നത്‌. ഇതിന്റെ അര്‍ഥം അസംബ്ലി എന്നാണ്‌. 1966 ല്‍ ആണ്‌ ഇതിന്റെ ഉദ്‌ഘാടനം നടന്നത്‌. 70 ലക്ഷം യുഎസ്‌ ഡോളര്‍ ആണ്‌ ഇതിന്റെ ചിലവ്‌. ഇതു മുഴുവന്‍ ചിലവഴിച്ചത്‌ ഇംഗ്ലണ്ടിലെ ജൂത കുടുംബമായ ജോയിംസ്‌ ഡി റോത്ത്‌സ്‌ചൈല്‍ഡ്‌ ആണ്‌. 120 മെമ്പേഴ്‌സ്‌ ആണ്‌ ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കുന്നത്‌ 4 വര്‍ഷമാണ്‌ കാലാവധി. പാര്‍ലമെന്റിന്‌ പുറത്ത്‌ സ്ഥാപിച്ചിരിക്കുന്ന 7 ശിഖരങ്ങള്‍ ഉള്ള കാന്‍ഡില്‍ ഇസ്രയേലിന്റെ സിംബല്‍ കൂടിയാണ്‌. ഇത്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റാണ്‌ സമ്മാനമായി നല്‍കിയത്‌. ഇവിടെ നിന്നും ഞങ്ങള്‍ 5 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്‌തുവിന്റെ ജന്മ സ്ഥലമായ ബേത്‌ലഹേമിലെ പള്ളിയും ജന്മസ്ഥലവും കാണാന്‍ പോയി.

ബേത്‌ലഹേം പലസ്റ്റീന്‍ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ്‌ ബാങ്കിന്റെ ഭാഗമാണ്‌. ഇവിടുത്തെ ഭരണത്തെ എ.ബി. സി. എന്ന്‌ മൂന്നായി തിരിച്ചിട്ടുണ്ട്‌. എ എന്നു പറഞ്ഞാല്‍ ഭരണവും സെക്യൂരിറ്റയും പലസ്റ്റീന്‍ അതോറിറ്റിയുടെ കീഴില്‍ ബി എന്നു പറഞ്ഞാല്‍ ഭരണം പലസ്റ്റീന്റെ നേതൃത്വത്തില്‍ സെക്യൂരിറ്റി ഇസ്രയേലിന്റെ കൈയ്യിലാണ്‌ സി എന്നു പറഞ്ഞാല്‍ ഭരണവും സെക്യൂരിറ്റിയും ഇസ്രയേലിന്റെ കൈയ്യില്‍ സ്ഥലം പലസ്റ്റീനിന്റെയും മറ്റൊരു പലസ്റ്റീന്‍ ഭൂരിപക്ഷ പ്രദേശമാണ്‌. ഗാസ മുനമ്പ്‌ അവിടെ ഇസ്ലാമിക തീവ്രവാദികളായ ഹമാസ്‌ ആണ്‌ ഭരിക്കുന്നത്‌.

ഗാസയില്‍ നിന്നും ഇസ്രയേലിയേയ്‌ക്ക്‌ നിരന്തരം റോക്കറ്റ്‌ ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ തിരിച്ച്‌ എയര്‍ അറ്റാക്കും നടത്തി കൊണ്ടിരിക്കുന്നു. ഇത്‌ നൂറ്റാണ്ടുകളായി തുടരുന്ന അറബ്‌ ഇസ്രയേല്‍ യുദ്ധത്തിന്റെ ഭാഗമാണ്‌.

ബേത്‌ലഹേം എന്ന വാക്കിന്റെ ഹീബ്രൂവില്‍ ഉള്ള അര്‍ത്ഥം ബ്രോഡ്‌ എന്നാണ്‌ അറബിയില്‍ ഉള്ള അര്‍ത്ഥം മീറ്റ്‌ എന്നും ആണ്‌ ദാവീദ്‌ രാജാവിന്റെ ജന്മദേശം കൂടിയാണ്‌ ഇത്‌. ജോസഫും മേരിയും ദാവീദ്‌ രാജാവിന്റെ കുടുംബത്തിന്റെ വംശ പരമ്പരയില്‍ പെടുന്നവര്‍ ആയിരുന്നത്‌ കൊണ്ട്‌ അവര്‍ക്ക്‌ നസ്രത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള ബേത്‌ലേഹേമില്‍ വന്ന്‌ ഹെറോദ്‌ രാജാവിന്റെ ഉത്തരവ്‌ പ്രകാരമാണ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നത്‌.

ക്രിസ്‌തു ജനിച്ച കാലിത്തൊഴുത്ത്‌ ഇന്ന്‌ ഒരു വലിയ പള്ളിയാണ്‌. ചര്‍ച്ച്‌ ഓഫ്‌ നെറ്റിവിറ്റി എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. എ. ഡി. 345 കോണ്‍സ്റ്റയിന്‍ രാജാവിന്റെ അമ്മ ഹെലനെയാണ്‌ ഈ പള്ളി പണിതത്‌. പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലീം കാലഘട്ടത്തിലും വിശുദ്ധ നാട്ടിലെ ഒട്ടു മിക്ക പള്ളികളും തകര്‍ക്കുകയോ മോസ്‌ക്‌ ആക്കി മാറ്റുകയോ ചെയ്‌തെങ്കിലും ഈ പള്ളി മാത്രം തകര്‍ത്തില്ല പള്ളിയിലേയ്‌ക്ക്‌ കയറണമെങ്കില്‍ കുനിഞ്ഞ്‌ വേണം കയറാന്‍ ഇതിന്‌ കാരണം അക്കാലത്ത്‌ കുതിരപ്പുറത്ത്‌ വരുന്ന കള്ളന്‍മാര്‍ കുതിരകളും ആയി പള്ളിക്കകത്ത്‌ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു. മറ്റൊരു കാരണം പറയുന്നത്‌ ലോക സമാധാനത്തിന്‌ വേണ്ടി ജനിച്ച യേശു ദേവന്റെ ജന്മ സ്ഥലം കാണാന്‍ വരുന്നവര്‍ കുനിഞ്ഞ്‌ വിനീതരായി കയറുന്നതിനുവേണ്ടിയാണ്‌ എന്നും ഒരു വിവക്ഷയുണ്ട്‌ ഈ വാതിലിന്‌.

പള്ളിയില്‍ കയറിയ ഞങ്ങള്‍ ക്രിസ്‌തു ജനിച്ച സ്ഥലം കാണുന്നതിന്‌ കുറച്ച്‌ സമയം ക്യൂ നില്‍ക്കേണ്ടി വന്നു. ക്യൂവില്‍ ലോകത്തിന്റെ വിവിധ തുറകളിന്നും നന്നും ഉള്ളവരെ കാണാമായിരുന്നു. ഈ പള്ളിയുടെ നിയന്ത്രണം ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കാണ്‌. ഒരു ഭാഗം അര്‍മേനിയന്‍ സഭയുടെ നിയന്ത്രണത്തിലാണ്‌. കത്തോലിക്ക സഭയ്‌ക്ക്‌ ഒരു ചെറിയ ചാപ്പല്‍ ഇവിടെ ഉണ്ട്‌. ഞങ്ങളുടെ അന്നത്തെ കുര്‍ബാന ഈ ചാപ്പലില്‍ വച്ചായിരുന്നു. ഞങ്ങളുടെ കുര്‍ബാനയില്‍ വിശുദ്ധനാടു കാണാന്‍ വന്ന രണ്ട്‌ അമേരിക്കക്കാരും പങ്കെടുത്തു. ഫാ: എബ്രഹാമാണ്‌ കുര്‍ബാന അര്‍പ്പിച്ചത്‌. ഈ പള്ളിയോട്‌ ചേര്‍ന്നിരിക്കുന്ന ബസിലിക്കയില്‍ എല്ലാ വര്‍ഷവും ക്രിസ്‌തുമസ്സ്‌ ദിനങ്ങളില്‍ നടക്കുന്ന കുര്‍ബാനയില്‍ പാലസ്റ്റയിന്‍ ആതോറിറ്റി ചെയര്‍മാനും ബേത്‌ലഹേം മേയറും പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്‌ത്യന്‍ സമൂഹം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്‌ 80% ക്രിസ്‌ത്യന്‍സും 20% മുസ്ലിംങ്ങളും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഉണ്ടായ രാഷ്‌ട്രീയ സ്ഥിരത ഇല്ലായ്‌മ കൊണ്ട്‌ ക്രിസ്‌ത്യന്‍സ്‌ ഇവിടെ നിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്‌ കുടിയേറി ഇന്ന്‌ 80% മുസ്ലിംങ്ങളും 20% ക്രിസ്‌ത്യന്‍സുമാണ്‌ ഇവിടെ ജീവിക്കുന്നത്‌.

പള്ളിയും പരിസരവും എല്ലാം കണ്ടതിന്‌ ശേഷം ഞങ്ങള്‍ ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ കയറി. ഞങ്ങളുടെ സംഘത്തിലെ ഷാരോണിന്റെ ബേര്‍ത്ത്‌ ഡേ കൂടിയായിരുന്നു അന്ന്‌ അപ്രതീക്ഷിതമായി ഒരുക്കിയ ബര്‍ത്ത ഡേ ആഘോഷം വളരെ മനോഹരമായിരുന്നു. കേക്ക്‌ മുറിച്ച്‌ ഞങ്ങള്‍ ഹാപ്പി ബര്‍ത്ത്‌ ഡേ ഗാനം പാടി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അടുത്തിരുന്ന പോളണ്ടില്‍ നിന്നു വന്ന ഗ്രൂപ്പുകാര്‍ അവരുടെ ഭാഷയില്‍ ബര്‍ത്ത്‌ ഡേ ഗാനം ആലപിച്ച്‌ ഷാരോണിന്‌ ഭാവുകങ്ങള്‍ നേര്‍ന്നു. ഇത്‌ എല്ലാവര്‍ക്കും ഒരു നല്ല അനുഭവമായി തോന്നി.

ഭക്ഷണത്തിന ശേഷം ക്രിസ്‌തു ജനിച്ച വിവരം മാലാഖമാര്‍ ആട്ടിടയന്‍മാരെ അറിയിച്ച ഷെപ്പേര്‍ഡ്‌ ചര്‍ച്ച്‌ കാണാന്‍ പോയി അവിടെ ആട്ടിടയന്‍ മാര്‍ താമസിച്ചിരുന്ന ഗുഹയും അതിനോട്‌ ചേര്‍ന്നുള്ള പള്ളിയും ഒക്കെ കണ്ട്‌ ഞങ്ങള്‍ തിരിച്ച്‌ ഹോട്ടലിലേയ്‌ക്ക്‌ പോയി.

തുടരും..
ജെറുശലേമും ബത്‌ലഹേമിലെ പള്ളിയും (ഇസ്രയേല്‍ യാത്ര 5: ടോം ജോസ്‌ തടിയംമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക