Image

അവഗണന തുടര്‍ന്നാല്‍ പുറത്തുനിന്ന്‌ പിന്തുണയ്‌ക്കും: ലീഗ്‌, കേരളാ കോണ്‍ഗ്രസ്‌

Published on 05 November, 2012
അവഗണന തുടര്‍ന്നാല്‍ പുറത്തുനിന്ന്‌ പിന്തുണയ്‌ക്കും: ലീഗ്‌, കേരളാ കോണ്‍ഗ്രസ്‌
തിരുവനന്തപുരം: മുന്നണിയില്‍ തങ്ങള്‍ക്ക്‌ അവഗണന തുടര്‍ന്നാല്‍ പുറത്തുനിന്ന്‌ പിന്തുണയ്‌ക്കുമെന്ന്‌ മുസ്‌ലീം ലീഗും, കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പും അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത്‌ ചേര്‍ന്ന യു.ഡി.എഫ്‌ നേതൃയോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

പ്രകോപിതമായ അന്തരീക്ഷത്തിലാണ്‌ ഉച്ചയ്‌ക്കു യോഗം പിരിഞ്ഞത്‌. പിന്നീടു കക്ഷിനേതാക്കളുടെ യോഗം മാത്രം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ആ ചര്‍ച്ചയിലാണു മഞ്ഞ്‌ അല്‍പം ഉരുകിയത്‌. കെ.എം. മാണിയാണു രാവിലെ ചര്‍ച്ച തുടങ്ങിവച്ചത്‌. ഭൂവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദം വിവരിച്ച മാണി വികാരാധീനനായി. വികസന സൗഹൃദാന്തരീക്ഷമുണ്ടാക്കുന്ന തരത്തില്‍ നിയമങ്ങളില്‍ വരുത്തേണ്ട മാറ്റം നിര്‍ദേശിച്ചതേയുള്ളു. തനിക്കു വേണമെന്നുണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ട്‌ നേരെ മന്ത്രിസഭാ യോഗത്തില്‍ വയ്‌ക്കാമായിരുന്നു. എന്നാല്‍ കൂടുതല്‍ ജനാധിപത്യപരമായി പെരുമാറണം എന്നതിനാലാണു ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടിയത്‌.

റവന്യു മന്ത്രി കാര്യമറിയാതെ പ്രതികരിച്ചെന്നും മാണി പറഞ്ഞു. താനുമായി നേരിട്ട്‌ ആലോചിക്കാമായിരുന്നുവെന്നു മന്ത്രി അടൂര്‍ പ്രകാശ്‌ ഇതിനു മറുപടി നല്‍കി. എന്നാല്‍ മാണി തണുത്തില്ല. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു തന്നെ ലക്ഷ്യമിട്ടു ചില നീക്കങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഭൂമാഫിയയുടെ ആള്‍ക്കാരാണ്‌ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല. ഇവരെയൊക്കെ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ ഞങ്ങളില്ലെന്നും മാണി പറഞ്ഞു. കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാതിരുന്ന യുപിഎ തീരുമാനത്തില്‍ മാണി ഗ്രൂപ്പിലെ ജോയി ഏബ്രഹാമും പ്രതിഷേധിച്ചു.

ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നും പിന്തുണയ്‌ക്കാനാരുമില്ലെന്നുമുള്ള പരിഭവമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഇ.ടി. മുഹമ്മദ്‌ ബഷീറിന്റെയും വാക്കുകളില്‍. വര്‍ഗീയമായിട്ടാണു തങ്ങളെ ചിത്രീകരിക്കുന്നത്‌. എയ്‌ഡഡ്‌ സ്‌കൂള്‍ തൊട്ട്‌ എമേര്‍ജിങ്‌ കേരള വരെ ഇതു പ്രകടമായി. അധികാരത്തിനു വേണ്ടി നിലകൊള്ളുന്നവരാണു ലീഗ്‌ എന്ന്‌ ആരും കരുതേണ്ട. ഇതാണു സ്‌ഥിതിയെങ്കില്‍ സര്‍ക്കാരില്‍ നിന്നു പുറത്തുപൊയ്‌ക്കൊള്ളാം- അവര്‍ പറഞ്ഞു.

വിവാദങ്ങള്‍ പലതും ഉണ്ടാകുന്നത്‌ ആശയവിനിമയക്കുറവു മൂലമാണ്‌, അതു മാറണം. തെറ്റിദ്ധാരണകള്‍ തീര്‍ത്ത്‌ ഒരുമിച്ചു പോകാന്‍ ശ്രമിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക