Image

മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ശ്രേഷ്‌ഠ ബാവ

Published on 05 November, 2012
മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ശ്രേഷ്‌ഠ ബാവ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മേഖലയുടെ താല്‍ക്കാലിക ഓഫീസിന്റെ ഉദ്‌ഘാടനം കാരക്കുന്നം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പളളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയ്‌ക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും മൂവാറ്റുപുഴയിലുണ്ടെന്നും ജില്ലാ രൂപീകരണം നേരത്തേ ഉണ്ടാകേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ പള്ളി പൂട്ടിയിട്ടിരിക്കുന്നത്‌ ഇനിയും സഹിക്കാന്‍ പറ്റില്ലെന്നും ബാവ പറഞ്ഞു. സഭയുടെ ആചാര്യനായി താനിരിക്കുമ്പോള്‍ അത്‌ അനുവദിക്കാന്‍ കഴിയില്ലെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ സഭയോട്‌ അനുഭാവപൂര്‍വമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയാണ്‌ ഇപ്പോഴുമുള്ളത്‌. സഭയ്‌ക്കു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുമ്പോള്‍ വിമര്‍ശിക്കുകയല്ല വേണ്ടതെന്നും സഭയുടെ വളര്‍ച്ചയില്‍ പങ്കുചേരണമെന്നും ബാവ ആഹ്വാനം ചെയ്‌തു.

കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഭദ്രാസന വൈദിക സെക്രട്ടറി ബേബി ജോണ്‍ കോര്‍എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേതലയ്‌ക്കല്‍, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, ഫാ. വര്‍ഗീസ്‌ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.

മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യുസ്‌ മാര്‍ അന്തിമോസ്‌ മറുപടി പ്രസംഗം നടത്തി.

മൂവാറ്റുപുഴ മേഖല സെക്രട്ടറി ജോര്‍ജ്‌ മാന്തോട്ടം കോര്‍എപ്പിസ്‌കോപ്പ സ്വാഗതവും കാരക്കുന്നം പളളി ഇടവകവികാരി ഫാ. ജോസ്‌ ജോണ്‍ പരണായില്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക