Image

ഗഡ്‌കരി രാജിവയ്‌ക്കണമെന്ന്‌ രാം ജത്മലാനി‍‍

Published on 06 November, 2012
ഗഡ്‌കരി രാജിവയ്‌ക്കണമെന്ന്‌ രാം ജത്മലാനി‍‍
ന്യൂഡല്‍ഹി: ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ രാജിയ്‌ക്കായി പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ മുറവിളി ഉയരുന്നു. അഴിമതി ആരോപണ വിധേയനായ ഗഡ്‌കരി പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്നതിനെതിരെ മുതിര്‍ന്ന അംഗം രാം ജത്മലാനിയാണ്‌ ഇന്ന്‌ രംഗത്തെത്തിയത്‌. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും തന്റെതന്നെയും താല്‍പര്യം മുന്‍നിര്‍ത്തി ഗഡ്‌കരി രാജിവയ്‌ക്കുന്നതാണ്‌ ഉചിതമെന്ന്‌ ജത്മലാനി പറഞ്ഞു. കൂടിക്കാഴ്‌ചയ്‌ക്ക് സമയം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗഡ്‌കരിക്ക്‌ താന്‍ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ അത്‌ ഇതുവരെ അനുവദിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന്‌ രാജിവയ്‌ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. രാജ്യത്ത്‌ മികച്ച ഒരു പ്രതിപക്ഷം ആവശ്യമാണെന്നതിനാല്‍ തന്റെ രാജി രാജ്യത്തോട്‌ ചെയ്യുന്ന വലിയ വഞ്ചനയാകുമെന്നും ജത്മലാനി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജത്മലാനി. ഗഡ്‌കരിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി മഹേഷ്‌ ജത്മലാനി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും ഇന്നലെ രാജിവച്ചിരുന്നു.

സ്വാമി വിവേകാന്ദനെകുറിച്ചുള്ള ഗഡ്‌കരിയുടെ പരാമര്‍ശത്തെ താന്‍ നിസാരമായാണ്‌ കാണുന്നത്‌. വിവേകാനന്ദനെയും ദാവൂദ്‌ ഇബ്രാഹിമിനെയും താരതമ്യം ചെയ്‌ത ഗഡ്‌കരിയുടെ പ്രസ്‌താവന ഒരു വശത്ത്‌ വിമര്‍ശിക്കപ്പെടുമ്പോള്‍ ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപവും (എഫ്‌ഡിഐ) കാര്‍ഗിലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്ത ഭാവി പ്രധാനമന്ത്രിയാണ്‌ മറുവശത്തുള്ളതെന്ന്‌ ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച്‌ ജത്മലാനി പറഞ്ഞു.

പാര്‍ട്ടിയിലുയര്‍ന്ന വിവാദങ്ങള്‍ സംബന്ധിച്ച്‌ മുതിര്‍ന്ന നേതാക്കളായ ജസ്വന്ത്‌ സിംഗ്‌, യശ്വന്ത്‌ സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരുമായി താന്‍ ചര്‍ച്ച ചെയ്‌തു. തന്റെ നിലപാട്‌ തന്നെയാണ്‌ അവര്‍ക്കുമുള്ളത്‌. നാളെ അവര്‍ എന്തു നിലപാട്‌ സ്വീകരിക്കുമെന്ന്‌ തനിക്കറിയില്ല. കൂടിക്കാഴ്‌ചയ്‌ക്ക് സമയം തേടി ഗഡ്‌കരിക്കും അദ്വാനിക്കും കത്തയച്ചിരുന്നു. ഇരുവരും പ്രതികരണം അറിയിട്ടില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം പാടില്ലെന്നാണ്‌ തന്റെ വിശ്വാസം. ആര്‍എസ്‌എസിന്‌ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന്‌ താന്‍ കരുതുന്നില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയാലും സന്തോഷമേയുള്ളു. എന്നാല്‍ അതിനുള്ള ധൈര്യം ആരെങ്കിലും കാട്ടേണ്ടിയിരിക്കുന്നു.

പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോഡി യോഗ്യനാണ്‌. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം പ്രാപ്‌തനാണോ എന്ന്‌ സംശയമുണ്ട്‌. നിതീഷ്‌ കുമാര്‍ വിജയിച്ച മുഖ്യമന്ത്രിയാണ്‌. പ്രധാനമന്ത്രിയാകാനും യോഗ്യനാണ്‌. എന്നാല്‍ താന്‍ മോഡിയെ ആണ്‌ കൂടുതല്‍ അനുകൂലിക്കൂ. രാഹുല്‍ ഗാന്ധി നിരക്ഷരനാണെന്നാണ്‌ തനിക്ക്‌ തോന്നുന്നത്‌. എടുത്തു പറയാവുന്ന എന്തെങ്കിലും ഉദ്ധരണി അദ്ദേഹത്തിന്റേതായി ഉണ്ടോ? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത ആര്‍ക്കെങ്കിലും അറിയാമോ? അഴിമതിക്കെതിരെ ശക്‌തമായി പോരാടാന്‍ കഴിയാത്ത ഒരാളെ സാധാരണ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ജത്മലാനി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക