Image

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ സമുദായത്തിന് നീതി നിഷേധിക്കരുത്: കത്തോലിക്കാ അല്മായ നേതൃസമ്മേളനം

Published on 06 November, 2012
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ സമുദായത്തിന് നീതി നിഷേധിക്കരുത്: കത്തോലിക്കാ അല്മായ നേതൃസമ്മേളനം
കൊച്ചി : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷ സമുദായ വിഭാഗങ്ങള്‍ക്കും തുല്യനീതി ലഭിക്കണമെന്ന് കത്തോലിക്കാ അല്മായ സംസ്ഥാന നേതൃസമ്മേളനം അഭ്യര്‍ത്ഥിച്ചു.

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഔദാര്യമല്ല, അവകാശമാണ്. ക്രൈസ്തവ സമുദായത്തിന് സര്‍ക്കാര്‍ ഇതു നിഷേധിക്കുന്നത് ഈ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ക്ഷേമപദ്ധതികള്‍ ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രമായി പരിമിതപ്പെടുത്തുന്നത് കടുത്ത വഞ്ചനയും ഇതരവിഭാഗങ്ങളെ ആക്ഷേപിക്കുന്നതുമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് പദ്ധതികള്‍ സമുദായ സംഘടനയിലൂടെയല്ല, മറിച്ച് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വേണം നടപ്പിലാക്കേണ്ടതെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ രൂപീകരിക്കുവാനും സര്‍ക്കാര്‍ കമ്മീഷനുകളെ നിയമിക്കണമെന്നും വിശ്വാസികള്‍ക്ക് വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായി ഹജ്ജ് സബ്‌സിഡി പോലെ തീര്‍ത്ഥാടന സബ്‌സിഡി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരള കത്തോലിക്കാ സഭ ആസ്ഥാനമായ എറണാകുളം പിഒസിയില്‍ കെസിബിസി അല്മായ കമ്മീഷന്റേയും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റേയും, കേരള കാത്തലിക് ഫെഡറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന അല്മായ നേതൃ സമ്മേളനം കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമുദായാംഗങ്ങള്‍ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായി ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ തുല്യനീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെസിബിസി അല്മായ കമ്മീഷന്‍ വൈസ്‌ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, പ്രൊഫ.ജേക്കബ് എബ്രഹാം, ഷാജി ജോര്‍ജ്, അഡ്വ.തോമസ് എം.മാത്തുണ്ണി, തോമസ് ജോണ്‍ തേവരത്ത്, സൈബി അക്കര, സോണി പാവേലില്‍, വിവി അഗസ്റ്റിന്‍, ജോസഫ് ആഞ്ഞിപ്പറമ്പില്‍, ലക്‌സി ജോയി എന്നിവര്‍ സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളത്തിലെ കാര്‍ഷിക മേഖലയും, കൂടംകുളം ആണവനിലയവും മാനുഷിക പ്രശ്‌നങ്ങളും, മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ , ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഡോ.എബി ജോര്‍ജ്, റ്റി. പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ജോണ്‍ കച്ചിറമറ്റം, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം വിവി അഗസ്റ്റിന്‍, ഫാ.അഗസ്തി വട്ടോലി, അഡ്വ.ആന്റണി അമ്പാട്ട് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

മാഗി മേനാംപറമ്പില്‍, അഡ്വ.അഞ്ജലി സൈറസ്, ട്വിങ്കിള്‍ ഫ്രാന്‍സീസ്, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, ഫ്രാന്‍സീസ് ആന്റണി, സെബാസ്റ്റ്യന്‍ വടശ്ശേരി, സാബു ജോസ്, സിജോ പൈനാടത്ത്, ബെന്നി ആന്റണി, അല്‍ഫോന്‍സ് പെരേര, ഫ്രാന്‍സീസ് സേവ്യര്‍, ജോസഫ് ചെറിയാന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ഡിസംബര്‍ 9,10 തീയതികളില്‍ എറണാകുളത്തു നടക്കുന്ന കേരള അല്മായ അസംബ്ലി 2012 നെക്കുറിച്ച് പ്രൊഫ.വി.എ.വര്‍ഗീസ് വിഷയാവതരണം നടത്തി. അഡ്വ.പി.പി.ജോസഫ് മോഡറേറ്ററായിരുന്നു. അഡ്വ.ബിനുജോണ്‍, തോമസ് ചെറിയാന്‍, ഡെന്നി തോമസ് തെക്കിനേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കുന്നതിലെ അപാകതകളെക്കുറിച്ച് മൂലമ്പിള്ളി സമരസമിതി പ്രതിനിധികളും അല്മായ കമ്മീഷന്‍ അംഗങ്ങളും ചര്‍ച്ചനടത്തി. ഫാ.റൊമാന്‍സ് ആന്റണി മോഡറേറ്ററായിരുന്നു. കേരളത്തിലെ 30 രൂപതകളില്‍ നിന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും അല്മായ സംഘടനാ ഭാരവാഹികളുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ സമുദായത്തിന് നീതി നിഷേധിക്കരുത്: കത്തോലിക്കാ അല്മായ നേതൃസമ്മേളനം
കേരള കത്തോലിക്കാ സഭ ആസ്ഥാനമായ എറണാകുളം പിഒസിയില്‍ നടന്ന സംസ്ഥാന അല്മായ നേതൃ സമ്മേളനം കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. റോസിലിന്‍ തോമസ്, അഡ്വ.ജോസ് വിതയത്തില്‍, സൈബി അക്കര, പ്രൊഫ.വി.എ വര്‍ഗീസ്, ജസ്റ്റിസ് സിറിയക് ജോസഫ്, വി.വി.അഗസ്റ്റിന്‍, ജോണ്‍ കച്ചിറമറ്റം, ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, ഷാജി ജോര്‍ജ്, തോമസ് മാത്തുണ്ണി, തോമസ് ജോണ്‍ തേവരത്ത്, ബിഷപ് ജോസഫ് മാര്‍ തോമസ്, റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ലക്‌സി ജോയി, അഡ്വ.വി.സി.സെബാസ്റ്റ്യന്‍, പ്രൊഫ.ജേക്കബ് എബ്രഹാം, ജോസഫ് ആഞ്ഞിപ്പറമ്പില്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക