Image

വയലാര്‍ജിക്ക് എതിരെ ഗള്‍ഫുകാരുടെ വക കുടോത്രം; അത്‌ ഫലിച്ചു !

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 14 November, 2012
വയലാര്‍ജിക്ക് എതിരെ  ഗള്‍ഫുകാരുടെ വക കുടോത്രം; അത്‌  ഫലിച്ചു !

വിമാനറാഞ്ചികള്‍, പെണ്‍വാണിഭക്കാര്‍, കൂടോത്രക്കാര്‍

ഗള്‍ഫിലുള്ള പ്രവാസികള്‍ അങ്ങേയറ്റം അപകടകാരികളാണെന്ന് എല്ലാവര്‍ക്കും അറിയാം. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു വന്ന വിമാനം ആറുപേര്‍ ചേര്‍ന്ന് റാഞ്ചാന്‍ ശ്രമിച്ചത് ഏതാനും ആഴ്ചകള്‍ മുമ്പാണ്. കര്‍മധീരന്‍മാരായ നമ്മുടെ പൊലീസുകാരും സര്‍ക്കാരും ചേര്‍ന്ന് റാഞ്ചികള്‍ക്കെതിരേ കേസെടുടുക്കുന്നതിലൂടെ പൈലറ്റ് സമൂഹത്തിന്‍റെ ആത്മവീര്യം അണയാതെ കാത്തു. അങ്ങനെയിരിക്കെയാണ് പെണ്‍വാണിഭക്കേസിലെ പ്രതികളായ പ്രവാസികളെല്ലാം ചേര്‍ന്ന് ഗള്‍ഫ് പര്യടനം നടത്തുന്ന മന്ത്രി വയലാര്‍ രവിക്കെതിരേ സോഷ്യല്‍ മീഡിയ ക്യാംപെയ്‍ന്‍ ആസൂത്രണം ചെയ്തത്. ഒരു മന്ത്രിയോട് ഒരിക്കലും ചെയ്തുകൂടാത്ത ക്രൂരതകളാണ് അവര്‍ ചെയ്തത്.

വിര്‍ച്വല്‍ ചീമുട്ടയേറ് എന്നു പറയുമ്പോള്‍ തന്നെ അതിനു പിന്നില്‍ പെണ്‍വാണിഭക്കാരാണെന്നത് ആര്‍ക്കും നിസ്സംശയം പറയാം. പെണ്‍വാണിഭവും മനുഷ്യക്കടത്തും തടയാന്‍ ശക്തമായ നടപടികളെടുത്ത മന്ത്രിയ്‍ക്കുള്ള പൂമാലകളായി ആ ചീമുട്ടയേറിനെ കണക്കിലെടുക്കാം. പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കു കൊണ്ടുപോയി പെണ്‍വാണിഭം നടത്തുന്നത് ഗള്‍ഫ് മലയാളികളുടെ പ്രധാനപ്പെട്ട ഒരു വിനോദമാണ്. 30 വയസ്സില്‍ താഴെയുള്ള യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം വന്നതോടെ പെണ്‍വാണിഭക്കാരുടെ കച്ചവടം കുറഞ്ഞു. ഇത് മന്ത്രിക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നെ, വിമാനറാഞ്ചികളും പെണ്‍വാണിഭക്കാരും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമാണ് എന്നും വച്ചോളൂ.

എന്നാല്‍, നമ്മുടെ ധീരനായ മന്ത്രി ആ പെണ്‍വാണിഭക്കാരെ വകവച്ചില്ല. ഭീകരന്‍മാരായ വിമാനറാഞ്ചികളെയും വകവച്ചില്ല. അദ്ദേഹം ഗള്‍ഫ് പര്യടനത്തിനു പുറപ്പെടുക തന്നെ ചെയ്തു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലായിരുന്ന കാലം മുതല്‍ അദ്ദേഹം ചീമുട്ടയെപ്പറ്റി കേട്ടിട്ടുള്ളതാണല്ലോ. അദ്ദേഹത്തെ വിരട്ടിയോടിക്കാമെന്ന പെണ്‍വാണിഭക്കാരുടെ ഉദ്ദേശം നടന്നില്ല. അദ്ദേഹം ഗള്‍ഫിലെത്തിയപ്പോള്‍ ഉടനെയെത്തി കമ്യൂണിസ്റ്റ് ചാരന്‍മാര്‍. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ അവര്‍ക്ക് മന്ത്രിയുടെ ഉത്തരം മുട്ടിക്കുക എന്നൊരു ഒറ്റ ലക്‍ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്ന മട്ടില്‍ അവര്‍ പല നുണകളും അദ്ദേഹത്തിനു മുന്നില്‍ ഉന്നയിച്ചു. എന്നാല്‍, മന്ത്രിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ അദ്ദേഹം പൊട്ടിത്തെറിച്ചു.

നാഴികയ്‍ക്ക് നാല്‍പത് വട്ടം ആളുണ്ടോ ആളുണ്ടോ എന്നു ചോദിച്ച് പൈലറ്റുമാര്‍ തിത്തിന്നം താനന്നം കളിച്ച് തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് വഴി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ സര്‍വീസ് മുടക്കുന്നു എന്നൊക്കെയുള്ള കേട്ടുകേള്‍വയില്ലാത്ത കാര്യങ്ങള്‍ വച്ചു കീറിയാല്‍ മന്ത്രിക്കല്ല, നമുക്കായാലും ദേഷ്യം വരും. കമ്യൂണിസ്റ്റുകാര്‍ക്ക് വന്നുവന്ന് ബോധവുമില്ലാതായി. സത്യത്തില്‍ ടിപി വധക്കേസ് പിടിച്ചതിനുള്ള പ്രതികാരമായാണ് കമ്മ്യൂണിസ്റ്റുകാര്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. അതിനു മന്ത്രി നല്ല മറുപടി പറയുകയും ചെയ്തു. അതു നന്നായി. എന്നാല്‍, സൗദിയിലും ബഹ്റൈനിലും അദ്ദേഹത്തെ കാത്തിരുന്നത് എന്തായിരുന്നു ?

കമ്യൂണിസ്റ്റുകാര്‍ മാധ്യമപ്രവര്‍ത്തകരുടെ രൂപത്തിലും പെണ്‍വാണിഭക്കാര്‍ സോഷ്യല്‍ മീഡിയയുടെ രൂപത്തിലും മന്ത്രിയെ ആക്രമിക്കുമ്പോള്‍ മാവോയിസ്റ്റുകളും ഇതര തീവ്രവാദികളും ബഹ്റൈനിലും സൗദിയിലും അദ്ദേഹത്തെ ഉപദ്രവിക്കാന്‍ കാത്തിരിക്കുമെന്നത് അദ്ദേഹം നേരത്തെ മനസ്സിലാക്കി. ക്ലീന്‍ ബൗള്‍ഡ് ആയിട്ടും മടങ്ങാതെ പിച്ചില്‍ ചുറ്റിത്തിരിയുന്ന ബാറ്റ്സ്മാനെ ക്യാപ്റ്റന്‍ തിരിച്ചുവിളിക്കുന്നതുപോലെ വയലാര്‍ജിയെ നയി ദില്ലീന്നു സോണിയാജി സാഹിത്യസമാജത്തില്‍ കവിത അവതരിപ്പിക്കാനോ മറ്റോ പെട്ടെന്നു വിളിപ്പിച്ചത് അപ്പോഴാണ്. മാവോവാദികളുടെയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെയും പെണ്‍വാണിഭക്കാരുടെയുമിടയിലുള്ള പര്യടനം നിര്‍ത്തി അദ്ദേഹം മടങ്ങാനിരിക്കെയാണ് അത് സംഭവിച്ചത്.

വേദന, കടുത്ത വയറുവേദന. അദ്ദേഹം ഷവര്‍മ കഴിക്കുകയോ കെഎഫ്സിയില്‍ കയറുകയോ ചെയ്തില്ല. എന്നിട്ടും കടുത്ത വയറുവേദന അദ്ദേഹത്തെ വേട്ടയാടി. വയറുവേദന കലശലയാതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലുമാക്കി. പയറുപോലെ നടന്ന മനുഷ്യന് എങ്ങനെയാണ് സ്വിച്ചിട്ടതുപോലെ ഒരു വയറുവേദന ഉണ്ടായത് ? ഒറ്റ വഴിയേ ഉള്ളൂ- കൂടോത്രം !. അദ്ദേഹം മടങ്ങുന്നു എന്ന വാര്‍ത്ത വായിച്ച ദുഷ്ടപ്രവാസിക്ഷിദ്രശക്തികള്‍ സംയുക്തമായി പ്രയോഗിച്ച കൂടോത്രമല്ലാതെ മറ്റൊന്നുമല്ല അവിടെ നടന്നത്. കൂടോത്രത്തില്‍ പരാജയപ്പെടുന്ന ആളല്ല വയലാര്‍ജി എന്നു തെളിയിച്ചുകൊണ്ട് അദ്ദേഹം മടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ പ്രവാസിസമൂഹം തെററുതിരുത്തി അദ്ദേഹത്തോട് മാപ്പു ചോദിക്കുമെന്നകതില്‍ സംശയമില്ല, എങ്കിലും ഇത്തിരി ക്രൂരമായിപ്പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക