Image

വെളിപ്പെട്ട സ്വത്തും വെളിപ്പെടാത്ത സത്യങ്ങളും

ജി.കെ Published on 04 September, 2011
വെളിപ്പെട്ട സ്വത്തും വെളിപ്പെടാത്ത സത്യങ്ങളും
അങ്ങനെ കുഞ്ഞൂഞ്ഞും കൂട്ടരും അവരുടെ സ്വത്ത്‌ വിവരം പരസ്യമാക്കി കൂടതല്‍ സുതാര്യരായിരിക്കുന്നു. മുഖ്യമന്ത്രിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ശരി ചെയ്‌താല്‍ മാത്രം പോരാ അത്‌ ശരിയാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. സ്വത്ത്‌ വിവരം വെളിപ്പെടുത്തി സുതാര്യരായപ്പോള്‍ അത്തരമൊരു ബോധ്യപ്പെടുത്തല്‍ സാധ്യമായോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്‌.

കേന്ദ്രമന്ത്രിസഭയിലെ വമ്പന്‍മാരുടെ കോടികളുടെ സ്വത്ത്‌ വിവരം കേട്ട്‌ കണ്ണു തള്ളിയിരുന്ന ദിനം തന്നെയാണ്‌ കുഞ്ഞൂഞ്ഞും കൂട്ടരും തങ്ങളുടെ സ്വത്ത്‌ വിവരം മലയാളികളെ അറിയിക്കാനായി തെരഞ്ഞെടുത്തത്‌. കാരണം 250 കോടിയിലേറെ ആസ്‌തിയുള്ള കമല്‍നാഥിന്റെ സ്വത്തുവിവരം കേട്ട്‌ വാ പൊളിച്ചിരിക്കുന്ന ഏതൊരു മലയാളിയ്‌ക്കും കുഞ്ഞാലിക്കുട്ടി മാത്രമാണ്‌ സംസ്ഥാന മന്ത്രിസഭയിലെ ഏക കോടീശ്വരനെന്ന്‌ കേള്‍ക്കുമ്പോള്‍ ഹൃദയാഘാതമുണ്‌ടാവില്ലെന്ന്‌ കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും നല്ലപോലെ അറിയാം.

സ്വത്ത്‌ വിവരം പ്രഖ്യാപിക്കാനുള്ള കുഞ്ഞൂഞ്ഞിന്റെയും കൂട്ടരുടെയും നല്ല മനസ്സിനെ അഭിനന്ദിക്കുമ്പോള്‍ തന്നെ നൂറ്‌ ദിവസത്തിനുള്ളില്‍ നൂറുശതമാനം സുതാര്യരാവാനും ഭരണത്തില്‍ നൂറുമാര്‍ക്കു നേടാനുമുള്ള കണ്ണില്‍പൊടിയിടലാണ്‌ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണത്തെ ജനങ്ങള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാനുമാവില്ല എന്നതാണ്‌ യാഥാര്‍ഥ്യം.

കാരണം എല്ലാവരും സ്വത്ത്‌ വിവരം പ്രഖ്യാപിക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞൂഞ്ഞ്‌ കൂട്ടിച്ചേര്‍ത്ത ഒരു വലിയ കാര്യമുണ്‌ടായിരുന്നു. ഇതുവരെ ഒരു മുഖ്യമന്ത്രിയും ധൈര്യപൂര്‍വം പ്രഖ്യാപിക്കാത്ത കാര്യം. മന്ത്രിമാര്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വത്ത്‌ വിവരം വെളിപ്പെടുത്തുമെന്നായിരുന്നു ആ മഹത്തായ പ്രഖ്യാപനം.

ഭരണനിര്‍വഹണത്തില്‍ അഴിമതി നടക്കുന്നുവെങ്കില്‍ തന്നെ അത്‌ മന്ത്രിമാര്‍ അറിഞ്ഞോ അറിയാതെയോ അവരുടെ ഉപജാപകവൃന്ദങ്ങളിലൂടെയായിരിക്കുമെന്ന പൊതുധാരണയിലാണ്‌ കുഞ്ഞൂഞ്ഞ്‌ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെങ്കിലും മന്ത്രിമാര്‍ തന്നെ എല്ലാവരും സ്വത്തുവിവരം പ്രഖ്യപിച്ചില്ലെന്ന്‌ മാത്രമല്ല പ്രഖ്യാപിച്ച വിവരങ്ങള്‍ അപൂര്‍ണവും അവ്യക്തവുമാണുതാനും. അപ്പോള്‍ പിന്നെ കുടുംബാംഗങ്ങളുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും കാര്യ പറയാനുണ്‌ടോ.

അതുപോലെ കഴമ്പുള്ള മറ്റൊരു ആരോപണമാണ്‌ എന്തുകൊണ്‌ട്‌ കൈവശമുള്ള പണത്തിന്റെയോ ഓഹരികളുടെയോ സ്ഥലത്തിന്റെയോ മൂല്യം വെളിപ്പെടുത്താന്‍ മന്ത്രിമാര്‍ തയാറായില്ല എന്നത്‌. അത്തരമൊരു പ്രഖ്യാപനം നടത്തുന്നത്‌ തങ്ങള്‍ ഇപ്പോഴും ദരിദ്രനാരായണന്‍മാരാണെന്ന ജനങ്ങളുടെ ധാരണ പൊളിയ്‌ക്കുമെന്നോ അത്‌ തങ്ങളുടെ പ്രതിച്ഛായ നഷ്‌ടമാക്കുമെന്നോ ഉള്ള ഭയം മൂലമാണെന്ന്‌ ജനം കരുതിയാല്‍ അവരെ എങ്ങനെ കുറ്റം പറയാനാവും. ഇത്‌ സുതാര്യതയെന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യത്തിന്റെ അന്തസത്തയെത്തന്നെ വെല്ലുവിളിക്കുന്നതാണെന്ന്‌ പറയാതിരിക്കാനുമാവില്ല.

ആരോപണങ്ങള്‍ എന്തു തന്നെയായാലും സംസ്ഥാന മന്ത്രിമാരുടെ സ്വത്തുവിവരം പരസ്യപ്പെടുത്തിയപ്പോള്‍ വെളിപ്പെട്ട പ്രധാനകാര്യം ഭരണത്തില്‍ മാത്രമല്ല സ്വത്തിന്റെ കാര്യത്തിലും താന്‍ തന്നെയാണ്‌ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന്‌ പി.കെകുഞ്ഞാലിക്കുട്ടിയെന്ന കുഞ്ഞാപ്പ അടിവരയിട്ട്‌ ആവര്‍ത്തിച്ചു എന്നതാണ്‌. മന്ത്രിസഭയിലെന്നപോലെ സ്വത്തിന്റെ കാര്യത്തിലും താന്‍ പലമന്ത്രിമാരെക്കാളും പിന്നിലാണെന്ന്‌ മുഖ്യമന്ത്രിയും തെളിയിച്ചു. ഒപ്പം ഏതൊരു ശരാശരി മലായാളിയെയുംപോലെ തനിക്കും കടബാധ്യതയുണ്‌ടെന്ന്‌ പരസ്യമാക്കിയതിലൂടെ വെറും ഒന്നരലക്ഷം രൂപയോളം ആസ്‌തി മാത്രമുള്ള രാജ്യത്തിന്റെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെപ്പോലെ കൂടുതല്‍ ദരിദ്രനായി പ്രതിച്ഛായ കൂട്ടാനും കഴിഞ്ഞു.

ഇനി ഇപ്പോള്‍ വെളിപ്പെടുത്തിയ സ്വത്തില്‍ എന്താണ്‌ പുതുമയെന്നോ സുതാര്യതയെന്നോ ചോദിച്ചാല്‍ കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കുംപോലും വലിയ നിശ്ചയമില്ല. കാരണം നാലു മാസങ്ങള്‍ക്ക്‌ മുമ്പ്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ മുമ്പാകെ വെളിപ്പെടുത്തിയ സ്വത്തുവിവരത്തെക്കാള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉണ്‌ടെങ്കില്‍ തന്നെ അതില്‍ കുറവാണുതാനും. പിന്നെ എന്തിന്‌ കൊട്ടിഘോഷിച്ച്‌ ഇത്തരമൊരു പ്രഖ്യാപനമെന്നു ചോദിച്ചാല്‍ നൂറു ദിന കര്‍മപരിപാടിയില്‍ പറഞ്ഞുപോയില്ലെ എന്നാവും മറുപടി.

എന്നാല്‍ നൂറ്‌ ദിനമെന്നത്‌ നൂറ്റൊന്നു ദിനമായാലും പരസ്യപ്പെടുത്തിയ കാര്യങ്ങള്‍ സത്യസന്ധമായിരിക്കണമെന്ന നിര്‍ബന്ധം മാത്രമേ ജനങ്ങള്‍ക്കുള്ളൂ. അതില്ലാതെ നൂറ്‌ ദിന കര്‍മപരിപാടിയില്‍ പറഞ്ഞതുപോലെ പേരിനുവേണ്‌ടി സ്വത്ത്‌ വെളിപ്പെടുത്തിയതുകൊണ്‌ടോ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ലൈവാക്കി സംപ്രേഷണം ചെയ്‌തതുകൊണ്‌ടോ മാത്രം സര്‍ക്കാരിന്‌ സുതാര്യത അവകാശപ്പെടാനാവില്ല. പ്രത്യേകിച്ചും മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും വിജിലന്‍സ്‌ അന്വേഷണത്തിന്റെയും അഴിമതി ആരോപണങ്ങളുടെയും നിഴലില്‍ നില്‍ക്കുമ്പോള്‍. അതുകൊണ്‌ടു തന്നെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ ശരി ചെയ്‌താല്‍ മാത്രം പോരാ അത്‌ ശരിയാണെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. നൂറു ദിന കര്‍മപരിപാടി പൂര്‍ത്തിയാവാന്‍ 12 വരെ സമയമുണ്‌ടെന്നതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അങ്ങനെ ചെയ്യുമെന്ന്‌ ആശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക