Image

ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിച്ചിരുന്നില്ലെന്ന്‌ വിക്കിലീക്ക്‌സ്‌ വെളിപ്പെടുത്തല്‍

Published on 04 September, 2011
ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിച്ചിരുന്നില്ലെന്ന്‌ വിക്കിലീക്ക്‌സ്‌ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നില്ലെന്ന്‌ വിക്കിലീക്ക്‌സ്‌ വെളിപ്പെടുത്തല്‍. ഹെഡ്‌ലിയെ ഇന്ത്യയ്‌ക്ക്‌ കൈമാറണമെന്ന്‌ ഇന്ത്യ അമേരിക്കയോട്‌ ആവശ്യപ്പെടുന്ന ഗൗരവമായിട്ടല്ലെന്ന്‌ മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍ അന്നത്തെ യു.എസ്‌ അംബാസിഡര്‍ തിമോത്തി റോമറോട്‌ പറഞ്ഞതിന്റെ രേഖകളാണ്‌ ഇപ്പോള്‍ വിക്കിലീക്‌സ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

എം.കെ. നാരായണന്‍ 2009 ഡിസംബറില്‍ റോമറുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ്‌ വിക്കിലീക്ക്‌സ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍നിന്ന്‌ ഇന്ത്യ പിന്മാറണമെന്ന റോമറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ നാരായണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌. ഹെഡ്‌ലിയില്‍ നിന്ന്‌ സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്ന്‌ യു.എസ്‌ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനുവേണ്ടി ഇന്ത്യയ്‌ക്ക്‌ കൈമാറുമെന്ന ഭീതിമൂലം ഹെഡ്‌ലി ചോദ്യം ചെയ്യലിനോട്‌ സഹകരിക്കില്ലെന്നും ശരിയായ വിവരങ്ങള്‍ മറച്ചുവയ്‌ക്കുമെന്നും യു.എസ്‌ കരുതിയെന്ന്‌ റോമര്‍ പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍ തികച്ചും അസംബന്ധമാണെന്ന്‌ എം.കെ.നാരായണന്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക