Image

കോലഞ്ചേരി തര്‍ക്കം ഉടനടി പരിഹരിക്കണം: സത്യവിശ്വാസ സംരക്ഷണ സമിതി, യു.എസ്‌.എ

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2011
കോലഞ്ചേരി തര്‍ക്കം ഉടനടി പരിഹരിക്കണം: സത്യവിശ്വാസ സംരക്ഷണ സമിതി, യു.എസ്‌.എ
ന്യൂയോര്‍ക്ക്‌: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ 85 ശതമാനത്തിലധികം വരുന്ന യാക്കോബായ സുറിയാനി സഭാ മക്കളുടെ ആരധനാ സ്വാതന്ത്രം ഹനിക്കുന്നതിനെതിരേ സഹന സമരം നടത്തുന്ന ശ്രേഷ്‌ഠ കാത്തോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായോടും, അഭിവന്ദ്യ തിരുമേനിമാരോടും വിശ്വാസികളോടും അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസിലെ അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ബഹുമാനപ്പെട്ട കോടതികളുടെ വിധികള്‍ നടപ്പിലാക്കണമെന്ന്‌ മുറവിളി കൂട്ടുമ്പോഴും നഗ്‌നമായ കോടതിയലക്ഷ്യവും നിയമലംഘനവുമാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം നടത്തുന്നത്‌. 1995-ലെ സുപ്രീംകോടതി വിധി അസന്നിഗ്‌ധമായ പ്രഖ്യാപിച്ചിട്ടുള്ള സഭയുടെ പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവ, ഇടവക പള്ളികളുടെ സ്വാതന്ത്ര്യം എന്നിവയൊക്കെ സൗകര്യംപോലെ മറച്ചുവെച്ച്‌ സ്വതന്ത്രസഭാവാദവുമായി മുന്നോട്ടുപോകുന്നതാണ്‌ സഭാ സമാധാനത്തിന്‌ വിലങ്ങുതടിയായി നില്‍ക്കുന്നത്‌. കോലഞ്ചേരിയിലെ രണ്ടായിരത്തില്‍പ്പരം ഇടവകാംഗങ്ങളില്‍ 1600-ല്‍പ്പരം ഇടവകാംഗങ്ങള്‍ (85%) യാക്കോബായ സുറിയാനി സഭാംഗങ്ങളാണ്‌. ഭൂരിപക്ഷത്തിന്റെ മേല്‍ ന്യൂനപക്ഷം ശ്രമിക്കുന്ന കടന്നുകയറ്റവും അധികാരസ്ഥാപന ശ്രമവുമാണ്‌ കോലഞ്ചേരിയിലെ ഇപ്പോഴത്തെ തര്‍ക്കകാരണം.

കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ പള്ളി പൊതുയോഗം വിളിച്ചുചേര്‍ത്ത്‌ ഇടവകാംഗങ്ങളുടെ ഹിതപ്രകാരം ഭരിക്കപ്പെടുവാനും, ആരാധനാ ക്രമീകരണം ഉണ്ടാക്കുകയുമാണ്‌ ശാശ്വതപരിഹാരത്തിനുള്ള ഏക പോംവഴി. ഇക്കാര്യത്തില്‍ കേരളാ ഗവണ്‍മെന്റ്‌ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന്‌ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസ്‌ അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതി യോഗം അടിയന്തിരമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റവ ഫാ. ജോസ്‌ ദാനിയേല്‍ (വൈസ്‌ പ്രസിഡന്റ്‌) അധ്യക്ഷതവഹിച്ചു. ജേക്കബ്‌ കോര പരത്തുവയലില്‍ (ജനറല്‍ സെക്രട്ടറി) പ്രമേയം അവതരിപ്പിച്ചു. ബിജു ചെറിയാന്‍ (ട്രഷറര്‍) പ്രമേയത്തെ പിന്താങ്ങി. ഇ.വി. പൗലോസ്‌, സാജു സ്‌കറിയ, ബാബു വടക്കേടത്ത്‌, മാത്യൂസ്‌ മഞ്ച എന്നിവര്‍ പങ്കെടുത്തു.

ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.
കോലഞ്ചേരി തര്‍ക്കം ഉടനടി പരിഹരിക്കണം: സത്യവിശ്വാസ സംരക്ഷണ സമിതി, യു.എസ്‌.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക