Image

ടിപ്പ് കൊടുക്കാത്തതിനു ഇന്ത്യാക്കാര്‍ക്ക് തല്ലു കിട്ടി (അങ്കിള്‍സാമിന്റെ വിശേഷങ്ങള്‍)

Published on 17 September, 2011
ടിപ്പ് കൊടുക്കാത്തതിനു ഇന്ത്യാക്കാര്‍ക്ക് തല്ലു കിട്ടി (അങ്കിള്‍സാമിന്റെ വിശേഷങ്ങള്‍)
ടിപ്പ് കൊടുക്കാത്തവര്‍ സൂക്ഷിക്കുക. ചിലപ്പോള്‍ തല്ല് കിട്ടും. ന്യു യോര്‍കിലെ ഫോറസ്റ്റ് ഹില്‍സിലുള്ള ബലൂചിസ് ഹോട്ടല്‍ ചെയിനില്‍ ഭക്ഷണം കഴിച്ച ഇന്ത്യാക്കാരന്‍ ഏബ് ഷാ, സുഹ്രുത്ത് പാകിസ്ഥാനിയായ ഹേമാംഗ് വിരാനി എന്നിവര്‍ക്കാണു ഈ അനുഭവം. ബലുചി ഉടമകളും ഇന്ത്യ-പാക് വംശജരത്രെ.
മെയ് 12-നു ഷായും വിരാനിയും ഭക്ഷണം കഴിച്ചു. 18 ശതമാനം ടിപ്പായി ബില്ലില്‍ ഹോട്ടലുകാര്‍ ചേര്‍ത്തു. ഇരുവരും മാനേജറോടു പരാതി പറഞ്ഞു. ഇന്ത്യ്-പാകിസ്ഥാന്‍-ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ ടിപ്പു നല്‍കാറില്ലെന്നും അതിനാലാണു ടിപ്പ് കൂടി ബില്ലില്‍ ചേര്‍ത്തതെന്നും വിശദീകരണം കിട്ടി.
പക്ഷെ ടിപ്പ് കൊടുക്കാതെ ഇരുവരും പുറത്തിറങ്ങി. മാനേജരും ഒരു ജോലിക്കാരനും പിന്നാലെ വന്നു.ടിപ്പിനെച്ചൊല്ലി കശപിശയായി. അപ്പോഴത്തേക്കും 3 ജോലിക്കാര്‍ കൂടി എത്തി.
വാക്കേറ്റം മൂത്തപ്പോള്‍ ഒരാള്‍ ഷായുടെ മുഖത്തു തുപ്പി കരണത്തടിക്കുകയും ചെയ്തു. വിരാനി പോലിസിനെ വിളിച്ചു. ഷായെ ചെറിയ പരുക്കോടെ ആശുപത്രിയില്‍ കാണിച്ചു.
എന്തായാലും ഇരുവരും ഹോട്ടലിനും ജീവനക്കാര്‍ക്കുമെതിരെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു.


മന്‍മോഹന്‍ സിംഗുമായി ഒബാമ കൂടിക്കാഴ്‌ച നടത്തില്ലെന്ന്‌ വൈറ്റ്‌ ഹൗസ്‌
ന്യൂയോര്‍ക്ക്‌: അടുത്ത ആഴ്‌ച നടക്കുന്ന യുഎന്‍ പൊതുസമ്മേളനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഔദ്യോഗിക കൂടിക്കാഴ്‌ച നടത്തില്ലെന്ന്‌ വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. അതേസമയം ഈ വര്‍ഷം നടക്കുന്ന മറ്റ്‌ അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്താന്‍ സാധ്യത ഉണ്‌ടെന്ന്‌ വൈറ്റ്‌ ഹൗസ്‌ വ്യക്തമാക്കി. അതേസമയം, അഫ്‌ഗാനിസ്ഥാന്‍, ലിബിയ, ബ്രസീല്‍, ജപ്പാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഇസ്രായേല്‍, സുഡാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഒബാമ കൂടിക്കാഴ്‌ച നടത്തും.

സാറാ പാലിന്റെ ആത്മകഥ നുണക്കഥയെന്ന്‌ ഭര്‍ത്താവ്‌

ന്യൂയോര്‍ക്ക്‌: 2008ലെ യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ അലാസ്‌കന്‍ ഗവര്‍ണറുമായിരുന്ന സാറാ പാലിന്റെ ആത്മകഥയ്‌ക്കെതിരെ ഭര്‍ത്താവ്‌ ടോഡ്‌ പാലിന്‍ രംഗത്തെത്തി. ജോ മക്‌ ഗിന്നിസ്‌ ആണ്‌ `ദ്‌ റോഗ്‌-ദ്‌ സേര്‍ച്ച്‌ ഫോര്‍ സാറാ പാലിന്‍' എന്ന പുസ്‌തകം രചിച്ചത്‌. 1990ല്‍ പാലിന്‌ വേറൊരു പ്രണയമുണ്‌ടായിരുന്നുവെന്നും ഉത്തേജകമരുന്നായ കൊക്കൈയ്‌ന്‍ ഉപയോഗിച്ചിരുന്നുവെന്നും യുഎസ്‌ ബാസ്‌കറ്റ്‌ ബോള്‍ താരം ഗ്ലെന്‍ റൈസുമൊത്ത്‌ ഒരു രാത്രി ചെലവഴിച്ചിട്ടുണ്‌ടെന്നുമെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്‌.

മക്‌ഗിന്നിസുമായി പുസ്‌തകമെഴുതാന്‍ കരാറിലെത്തിയ പാലിന്‍ പിന്നീട്‌ ഇവരുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. 2012ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ കച്ച മുറുക്കുന്ന പാലിന്‍ പുസ്‌തകത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.


റിക്‌ പെറിക്ക്‌ തിരിച്ചടി: ഡ്യൂന്‍ ബക്കിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്റ്റേ ചെയ്‌തു

ന്യൂയോര്‍ക്ക്‌: അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്‌ പെറിക്ക്‌ തിരിച്ചടി നല്‍കികൊണ്‌ട്‌ ടെക്‌സാസിലെ ഇരട്ടകൊലപാതക കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട ഡ്യൂന്‍ ബക്കിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ യുഎസ്‌ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. വംശീയമായ കാരണങ്ങളാലാണ്‌ ബക്കിനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ്‌ സുപ്രീംകോടതി നടപടി. കറുത്ത വര്‍ഗക്കാരനായതുകൊണ്‌ട്‌ കേസില്‍ വധശിക്ഷ നല്‍കാതിരുന്നാല്‍ ബക്ക്‌ സമൂഹത്തിന്‌ ഭീഷണിയാവുമെന്ന ജൂറിയുടെ പരാമര്‍ശമാണ്‌ വിവാദമയത്‌.

ഗവര്‍ണര്‍ എന്ന നലിയിലുള്ള തന്റെ അധികാരമുപയോഗിച്ച്‌ ബക്കിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ 30 ദിവസത്തേക്ക്‌ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ബക്കിന്റെ അഭിഭാഷകര്‍ നേരത്തെ റിക്‌ പെറിയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം നടപടിയെടുത്തിരുന്നില്ല. 2000ല്‍ പെറി ടെക്‌സാസ്‌ ഗവര്‍ണറായി അധികാരമേറ്റശേഷം 235 വധശിക്ഷകളാണ്‌ ടെക്‌സാസില്‍ നടപ്പാക്കിയത്‌. ഇതിനെ അടുത്തിടെ നടന്ന ടെലിവിഷന്‍ സംവാദത്തില്‍ പെറി ന്യായീകരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ്‌ സുപ്രീംകോടതി ബക്കിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ സ്റ്റേ ചെയ്‌തത്‌.

ഒബാമയ്‌ക്ക്‌ വിശ്വാസം പുരുഷവര്‍ഗത്തെയെന്ന്‌ പുതിയ പുസ്‌തകം

ന്യൂയോര്‍ക്ക്‌: രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത്‌ വനിതയാണെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്ക്‌ വിശ്വാസം പുരുഷ കേസരികളെ തന്നെയാണ്‌. മാധ്യമപ്രവര്‍ത്തകനായ റോണ്‍ സസ്‌കിന്‍ഡ്‌ രചിച്ച്‌ അടുത്ത #ാഴ്‌ട പുറത്തിറങ്ങാനിരിക്കുന്ന `കോണ്‍ഫിഡന്‍സ്‌ മെന്‍: വാള്‍ സ്‌ട്രീറ്റ്‌, വാഷിംഗ്‌ടണ്‍, ആന്‍ഡ്‌ ദ്‌ എഡ്യുക്കേഷന്‍ ഓഫ്‌ എ പ്രസിഡന്റ്‌' എന്ന പുസ്‌തകത്തിലാണ്‌ ഈ വെളിപ്പെടുത്തലുള്ളത്‌. വൈറ്റ്‌ ഹൗസിലെ ഇരുനൂറോളം പേരെ അഭിമുഖം നടത്തിയാണ്‌ പുസ്‌തകം രചിച്ചിട്ടുള്ളത്‌. നയപരവും സാമ്പത്തികപരവുമായ തീരുമാനങ്ങളെടുക്കുന്ന നിര്‍ണായകസമിതികളില്‍ സ്‌ത്രീകളുണ്‌ടെങ്കിലും അവരുടെ ശബ്‌ദത്തിന്‌ ആര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാറില്ലെന്നും പുസ്‌തകം പറയുന്നു.

ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്‌ നിയന്ത്രണം: വെര്‍ജീനിയയില്‍ പ്രതിഷേധം

വെര്‍ജീനിയ: വെര്‍ജീനിയയില്‍ ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വെര്‍ജീനിയ ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്തിന്റെ പുതിയ നിയന്ത്രണങ്ങള്‍ ചില ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ തന്നെ കാരണമായേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഗുളികള്‍ വഴി ഗര്‍ഭഛിദ്രം നടത്തുന്ന ക്ലിനിക്കുകളില്‍ പോലും ഓപ്പറേഷന്‍ തിയറ്റര്‍ ഏര്‍പ്പെടുത്തണമെന്നും വിലയ ആശുപത്രികള്‍ക്ക്‌ ബാധകമായ ബില്‍ഡിംഗ്‌ നിയമങ്ങള്‍ പാലിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ്‌ ക്ലിനിക്കുകള്‍ക്ക്‌ തിരിച്ചടിയാവുന്നത്‌.

ചില സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം പാസാക്കാനുള്ള ശ്രമങ്ങള്‍ കോടതി കയറിയിരിക്കെയാണ്‌ വെര്‍ജീനിയ ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്ത്‌ പുതിയ നിയമം പാസാക്കിയത്‌. ഈ വര്‍ഷമാദ്യം കന്‍സാസില്‍ സമാനമായ നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ ആകെയുള്ള മൂന്ന്‌ ഗര്‍ഭഛിദ്ര ക്ലിനിക്കുകളില്‍ രണ്‌ടെണ്ണവും അടച്ചുപൂട്ടിയിരുന്നു. ഗര്‍ഭഛിദ്രത്തിന്‌ വിധേയവാരവുന്നവരുടെ പേഷ്യന്റ്‌ ഫയല്‍ ബോര്‍ഡിന്‌ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന നിര്‍ദേശം പേഷ്യന്റിന്റെ സ്വകാര്യതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമുണ്‌ട്‌.

അഞ്ചുവര്‍ഷം മുമ്പ്‌ കാണാതായ പൂച്ചയെ 1600 മൈല്‍ അകലെ കണ്‌ടെത്തി

ന്യൂയോര്‍ക്ക്‌: അഞ്ചുവര്‍ഷം മുമ്പ്‌ കാണാതായ പൂച്ചയെ 1600 മൈല്‍ അകലെ കണ്‌ടെത്തി. വില്ലോ എന്ന്‌ പേരുള്ള പൂച്ചയെയാണ്‌ അഞ്ചുവര്‍ഷം മുമ്പ്‌ റോക്കി മൗണ്‌ടന്‍സില്‍ നിന്ന്‌ കാണാതായത്‌. ഒടുവില്‍ പൂച്ചയെ കണ്‌ടെത്തിയതാകട്ടെ മാന്‍ഹട്ടനിലെ ഒരു തെരുവില്‍ നിന്നും. വില്ലോ എങ്ങനെയാണ്‌ മാന്‍ഹട്ടനിലെത്തിയതെന്നത്‌ ഇപ്പോഴും അജ്ഞാതമാണ്‌.

വില്ലോയുടെ ദേഹത്ത്‌ ഘടിപ്പിച്ചിരുന്ന ഉടമകളുടെ വിവരങ്ങളടങ്ങിയ മൈക്രോ ചിപ്പാണ്‌ ന്യൂയോര്‍ക്ക്‌ സിറ്റിയിലുള്ള അനിമല്‍ കെയര്‍ സെന്ററിലുള്ളവര്‍ക്ക്‌ പൂച്ചയുടെ ഉടമയായ ജാമി സ്‌ക്വയേഴ്‌സിനെ കണ്‌ടെത്താന്‍ സഹായകമായത്‌്‌. കാണാതാവുമ്പോള്‍ മൂന്ന്‌ കുട്ടികളുടെ അമ്മ കൂടിയായിരുന്നു വില്ലോ.

അമേരിക്കയില്‍ യുദ്ധവിമാനം തകര്‍ന്ന്‌ മൂന്ന്‌ മരണം

റെനൊ: രണ്‌ടാം ലോക മഹായുദ്ധത്തിന്റെ നാളുകളില്‍ ഉപയോഗിച്ച യുദ്ധവിമാനം എയര്‍ഷോയ്‌ക്കിടെ തകര്‍ന്നുവീണ്‌ മൂന്ന്‌ പേര്‍ മരിച്ചു. കാണികള്‍ക്കിടയിലേയ്‌ക്കാണ്‌ വിമാനം വീണത്‌. 56 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്‌. പഴയകാലത്തെ റേസിങ്‌ പൈലറ്റും സിനിമകളിലെ സ്റ്റണ്‌ട്‌ പൈലറ്റുമായ ജിമ്മി ലീവാഡ്‌ എന്ന എഴുപത്തിനാലുകാരനായിരുന്നു ഈ വിന്റേജ്‌ വിമാനം പറത്തിയിരുന്നത്‌. മരിച്ച മറ്റ്‌ രണ്‌ടു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെ പെട്ടന്ന്‌ നിയന്ത്രണം വിട്ട വിമാനം പൊട്ടിത്തെറിച്ച്‌ ഛിന്നഭിന്നമായി തകര്‍ന്നുവീഴുകയായിരുന്നു. മൂന്ന്‌ ലാപ്പ്‌ പൂര്‍ത്തിയാക്കിയശേഷമാണ്‌ വിമാനം അപകടത്തില്‍പ്പെട്ടതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക