Image

മാധ്യമ കൂട്ടായ്‌മയുടെ നാളുകള്‍

ജോസ്‌ കാടാപുറം Published on 18 September, 2011
മാധ്യമ കൂട്ടായ്‌മയുടെ നാളുകള്‍
ഇന്ത്യയില്‍ ഏതാണ്ട്‌ അഞ്ഞൂറ്റിപ്പതിനഞ്ച്‌ ടെലിവിഷന്‍ ചാനലുകള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. കേരളത്തില്‍ ഇരുപത്തിമൂന്നും വരാനിരിക്കുന്ന ഇരുപത്‌ ചാനലുകളും കൂട്ടി ഏതാണ്ട്‌ 43 മലയാളം ചാനലുകള്‍. മലയാളിയുടെ ദൃശ്യാനുഭവത്തിന്റെ സ്വകാര്യതയിലേക്ക്‌ കടന്നുകയറുന്ന ഈ വാര്‍ത്താ - എന്റര്‍ടൈന്‍മെന്റ്‌ ചാനലുകള്‍ മലയാളിയെ അവന്റെ ദൈനംദിന ജീവിതത്തെ കൂടുതല്‍ ഇന്‍ഫര്‍മേറ്റീവ്‌ ആക്കുമെന്നുള്ളതില്‍ ഒരു സംശയവുമില്ല.

പുതിയ പരീക്ഷണങ്ങളൊന്നുംതന്നെ മലയാളിയെ അവന്റെ പ്രഭാത പത്രവായനയില്‍ നിന്ന്‌ ഒഴിവാക്കുമെന്ന്‌ ആരും കരുതുന്നില്ല. പുതിയ തലമുറ ഒരു പക്ഷെ അവന്റെ കൈയിലുള്ള `മൗസ്‌' കൊണ്ട്‌ സെര്‍ച്ച്‌ ചെയ്‌ത്‌ കേരളത്തിലെ ഏതു കോണിലുള്ള വാര്‍ത്തയും, കൂടെക്കൂടെയുള്ള വീഡിയോ ദൃശ്യങ്ങളും കണ്ട്‌ ആസ്വദിക്കുന്നുണ്ട്‌. അതുകൊണ്ടാകാം അച്ചടി ഭീമ മാധ്യമങ്ങെല്ലാം ദൃശ്യമാധ്യമ രംഗത്തുകൂടി ചുവടുറപ്പിക്കുന്നത്‌. അച്ചടി മാധ്യമത്തിനുപുറമെ ദൃശ്യമാധ്യമവുംകൂടി ഇല്ലെങ്കില്‍ പടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുമെന്നുള്ള അറിവ്‌ ഈ രംഗത്തേക്ക്‌ മുതല്‍മുടക്കാന്‍ അച്ചടിമാധ്യമങ്ങളെ പ്രേരിപ്പിക്കുന്നു.

ഇത്തരത്തിലുള്ള ഒരന്വേഷണങ്ങളുമല്ല അമേരിക്കയിലെ മാധ്യമരംഗത്തുള്ള മലയാളികളെ ഒരു കൂട്ടായ്‌മയ്‌ക്ക്‌ നിര്‍ബന്ധിച്ചത്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരസ്‌പരം ആശയവിനിമയം നടത്താനും, സഹകരിക്കുന്നതിനും, സര്‍വ്വോപരി പുതിയ തലമുറയ്‌ക്ക്‌ മാധ്യമരംഗം തുറന്നിടാനും വേണ്ടിയാണ്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ തുടങ്ങിയത്‌.

എന്നാല്‍ അതിവേഗത്തില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ മറ്റ്‌ മലയാളി പ്രസ്ഥാനങ്ങള്‍ക്കൊപ്പമോ, അതിനേക്കാള്‍ വലിപ്പമോ, നിയന്ത്രിക്കുന്നതോ ഒക്കെ ആയി മാറുകയായിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റ്‌ ജോര്‍ജ്‌ ജോസഫ്‌ എന്ന പരിചയസമ്പന്നനായ പത്രപ്രവര്‍ത്തകനായതും, കൂടെ മലയാളം പത്രം, മലയാളി സംഗമം, കേരളാ എക്‌സ്‌പ്രസ്‌, കൈരളി കൂടാതെ ദൃശ്യമാധ്യമങ്ങളായ ഏഷ്യാനെറ്റ്‌, കൈരളി- ഇവര്‍ സജീവമായതോടെ പ്രസ്‌ ക്ലബ്‌ കൂടുതല്‍ ശക്തിപ്രാപിക്കുകയായിരുന്നു. ഷിക്കാഗോയിലെ ഇന്ത്യാ പ്രസ്‌ ക്ലബിന്റെ നാഷണല്‍ കോണ്‍ഫറന്‍സ്‌ അവിസ്‌മരണീയമായ ഒരു അനുഭവമായിരുന്നു. ജോസ്‌ കണിയാലി, ടാജ്‌ മാത്യു, ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ശിവന്‍ മുഹമ്മ ഇവരുടെ നേതൃത്വ കൂട്ടായ്‌മ ചിക്കാഗോ കോണ്‍ഫറന്‍സ്‌ മികവുറ്റതാക്കി.

ഈ ഒക്‌ടോബര്‍ മാസം 28,29,30 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ്‌ എന്തുകൊണ്ടും ഇവിടുത്തെ മലയാളികള്‍ക്ക്‌ മാധ്യമരംഗത്ത്‌ പുതിയ അറിവുകള്‍ പകര്‍ന്നുകൊടുക്കുമെന്നുള്ളതില്‍ സംശയമില്ല. ഇന്ത്യയിലെ രാഷ്‌ട്രീയ രംഗത്തുള്ള പ്രമുഖര്‍ക്ക്‌ പുറമെ പത്രപ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്‌, ശ്രീകണ്‌ഠന്‍ നായര്‍, ഡി. വിജയമോഹന്‍, നികേഷ്‌ കുമാര്‍ -ഇവരുടെ സാന്നിധ്യം ന്യൂജേഴ്‌സി കോണ്‍ഫറന്‍സിനെ മികവുറ്റതാക്കും. കൂടാതെ പത്രപ്രവര്‍ത്തനരംഗത്തും, സാമൂഹ്യ-സാമുദായിക-സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സംഗമം എക്‌സിക്യൂട്ടീവ്‌ എഡിറ്ററും, ഇന്ത്യാ പ്രസ്‌ ക്ലബ്‌ നാഷണല്‍ പ്രസിഡന്റുമായ റെജി ജോര്‍ജിന്റേയും, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ആദ്യമായി കമ്യൂണിറ്റി ന്യൂസ്‌ പരിചയപ്പെടുത്തി, നാനൂറോളം എപ്പിസോഡുകള്‍ പിന്നിട്ട കൈരളി ടിവി യു.എസ്‌.എ ന്യൂസിന്റെ അമരക്കാരനും ഇന്ത്യാ പ്രസ്‌ ക്ലബിന്റെ നാഷണല്‍ സെക്രട്ടറി ശിവന്‍ മുഹമ്മയും നേതൃത്വം കൊടുക്കുന്ന ന്യൂജേഴ്‌സി കോണ്‍ഫറന്‍സ്‌ മറ്റൊരു സാംസ്‌കാരിക മുന്നേറ്റമാകുമെന്നതില്‍ സംശയമില്ല.
മാധ്യമ കൂട്ടായ്‌മയുടെ നാളുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക