Image

ഷിക്കാഗോയില്‍ വിസ്‌മയം ഷോ അവിസ്‌മരണീയമായി

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2011
ഷിക്കാഗോയില്‍ വിസ്‌മയം ഷോ അവിസ്‌മരണീയമായി
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ `വിസ്‌മയം 2011' മെഗാഷോ കാണികള്‍ക്ക്‌ മറക്കാനാവാത്ത ഒരു അനുഭവമായി മാറി. മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവും ലോകപ്രശസ്‌ത മജീഷ്യനുമായ പ്രൊഫ. ഗോപിനാഥ്‌ മുതുകാടും സംഘവും സെപ്‌റ്റംബര്‍ 3-ന്‌ ശനിയാഴ്‌ച എവന്‍സ്റ്റണ്‍ ടൗണ്‍ഷിപ്പ്‌ ഹൈസ്‌കൂളിലാണ്‌ വമ്പിച്ച പ്രകടനം കാഴ്‌ചവെച്ചത്‌. ഫാ. ഇഗ്‌നേഷ്യസ്‌ തങ്ങളത്തില്‍ ഒ.ഐ.സിയുടെ പ്രാര്‍ത്ഥനയ്‌ക്കുശേഷം ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സേഴ്‌സായ അച്ചാമ്മ പ്ലാമൂട്ടിലും, രാജു വിന്‍സെന്റും, പ്ലാറ്റിനം സ്‌പോണ്‍സേഴ്‌സായ ആന്‍ഡ്രൂസ്‌ തോമസ്‌ സി.പി.എ, ജോസ്‌ ചാമക്കാല സി.പി.എയും വികാരി മാത്യു അച്ചനും ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തി പ്രോഗ്രാം ഉദ്‌ഘാടനം ചെയ്‌തു.

മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രൊഫ. മുതുകാടിന്റെ മാന്ത്രിക പ്രകടനങ്ങള്‍ ഏവരേയും മാസ്‌മരികതയുടെ മായാലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു.

പ്രശസ്‌ത സിനിമാതാരം ശ്രുതി ലക്ഷ്‌മിയുടെ അതിമനോഹരമായ നൃത്തവും, സിനിമാ പിന്നണിഗായിക ജ്യോത്സന, ഗായകന്‍ രമേഷ്‌ ബാബു എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, ഹാസ്യതാരങ്ങളായ പ്രശാന്ത്‌ പുന്നപ്ര, മനോജ്‌ ഗിന്നസ്‌ എന്നിവരുടെ ഹാസ്യപ്രകടനങ്ങളുംകൊണ്ട്‌ അവിസ്‌മരണീയമായ പ്രോഗ്രാം തന്നെയെന്ന്‌ ഏവരും ഒരുപോലെ സമ്മതിച്ചു.

ഇടവക സെക്രട്ടറി സിബി ഡാനിയേലും, ട്രസ്റ്റി രഞ്‌ജന്‍ ഏബ്രഹാമും സ്‌പോണ്‍സേഴ്‌സിനെ പരിചയപ്പെടുത്തുകയും പ്ലാക്കുകള്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്‌തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബഞ്ചമിന്‍ തോമസ്‌ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
ഷിക്കാഗോയില്‍ വിസ്‌മയം ഷോ അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക