Image

സിപിഎമ്മിന്‌ ഇനി സമ്മേളനകാലം

ജി.കെ. Published on 18 September, 2011
സിപിഎമ്മിന്‌ ഇനി സമ്മേളനകാലം
കോരിച്ചൊരിയുന്ന മഴയിയുടെ അകമ്പടിയോടെ സമ്മേളനച്ചൂടിലേക്ക്‌ സിപിഎം കടന്നു. ഇന്ന്‌ ആരംഭിച്ച ബ്രാഞ്ച്‌ സമ്മേളനങ്ങളോടെയാണ്‌ നിയതമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യംകൊണ്‌ട്‌ ഇന്ത്യയില്‍ തന്നെ വ്യത്യസ്‌തമായ പാര്‍ട്ടിയെന്ന ലേബലുള്ള സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഇരുപത്തിയേഴായിരത്തിലധികം ബ്രാഞ്ചുകളില്‍ നടക്കുന്ന ചര്‍ച്ചകളും വിശകലനങ്ങളും വോട്ടെടുപ്പുമെല്ലാം ലോക്കല്‍, ഏരിയാ. ജില്ലാ സമ്മേളനങ്ങള്‍ക്കുശേഷം അടുത്തവര്‍ഷം ഫെബ്രുവരി ഏഴുമുതല്‍ 10 വരെ തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കും. അതിനുശേഷം കോഴിക്കോട്‌ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ എന്ന മഹാസമ്മേളനത്തിനും കേരളം തന്നെ വേദിയാവുന്നു എന്ന പ്രത്യേകതയുമുണ്‌ട്‌ ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക്‌.

പാര്‍ട്ടി ഇന്നേവരെ രുചിച്ചിട്ടില്ലാത്ത തുടര്‍ച്ചയായ മൂന്നു തെരഞ്ഞെടുപ്പ്‌ തോല്‍വികള്‍ക്ക്‌ ശേഷമാണ്‌ ഇത്തവണ സമ്മേളന കാഹളമുയര്‍ന്നത്‌. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനത്തിന്‌ മുന്‍പെന്നെത്തേക്കാളും പ്രസക്തിയുണ്‌ട്‌. ഇതിനിടെ വി.എസ്‌. അച്യുതാനന്ദന്റെ പ്രതിച്ഛായ ബലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിവര്‍ന്നു നില്‍ക്കാനായി എന്നതുമാത്രമാണ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക്‌ ലഭിച്ച ഏക ആശ്വാസം. എങ്കിലും തിരിച്ചടികള്‍ക്ക്‌ വഴിവെച്ച പ്രാദേശികവും നയപരവുമായ കാരണങ്ങള്‍ ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ മുതല്‍ നടക്കുന്ന ചര്‍ച്ചകളെ കാര്യമായി സ്വാധീനിക്കുമെന്നുറപ്പാണ്‌.

വ്യതിയാനങ്ങള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും പാര്‍ട്ടി വഴിപ്പെടുന്നുവെന്ന വിക്കിലീക്‌സ്‌ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലാണ്‌ ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങള്‍. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ വേണ്‌ടത്ര ഫലം ചെയ്‌തിട്ടില്ലെന്ന വിലയിരുത്തലും പ്രസക്തമാണ്‌. കഴിഞ്ഞ രണ്‌ടു സമ്മേളനങ്ങളില്‍ നിന്ന്‌ ഇത്തവണത്തെ സമ്മേളനത്തെ വ്യത്യസ്‌തമാക്കുന്നത്‌ വി.എസ്‌-പിണറായി ചേരികള്‍ തമ്മിലുള്ള ബലാബല പ്രതീതി ഇത്തവണ കാണാനില്ല എന്നതു തന്നെയാണ്‌. അത്‌ പാര്‍ട്ടിയിലെ ഐക്യത്തിന്റെ സൂചനയാണെന്ന്‌ ആരും തെറ്റിദ്ധരിക്കേണ്‌ട. പാര്‍ട്ടിഘടകങ്ങളില്‍ മൃഗീയ ഭൂരിപക്ഷം നേടിയ പിണറായി പക്ഷത്തിനെതിരെ ശക്തിപരീക്ഷണത്തിനുള്ള ത്രാണി പോലും വി.എസ്‌ പക്ഷത്തിന്‌ ഇല്ലാതായന എന്നതുകൊണ്‌ടുമാത്രമാണത്‌.

തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചും വി.എസ്‌. നീങ്ങുന്നുണ്‌ടെങ്കിലും അദ്ദേഹത്തിന്‌ പിന്നില്‍ വിശ്വസ്‌തരെപോലും കാണാനില്ലെന്നതാണ്‌ യാഥാര്‍ഥ്യം. എങ്കിലും എറണാകുളം, കൊല്ലം, പത്തനംതിട്ട, പാലക്കാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ വി.എസ്‌ പക്ഷത്തിന്‌ ഇപ്പോഴും കാര്യമായ വേരോട്ടമുണ്‌ടെന്നകാര്യം ഔദ്യോഗികപക്ഷത്തിന്‌ കാണാതിരിക്കാനുമാവില്ല.

വി.എസ്‌. അനുകൂല പ്രകടനങ്ങളുടെ പേരില്‍ കാസര്‍ഗോഡും മലപ്പുറത്തും തൃശൂരും പത്തനംതിട്ടയിലുമെല്ലാം ബ്രാഞ്ച്‌, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തന്നെയാവും പ്രധാനമായും ബ്രാഞ്ച്‌ സമ്മേളനങ്ങളെ ചൂടുപിടിപ്പിക്കുക. ഇതിനു പുറമെ ഔദ്യോഗികപക്ഷത്ത്‌ ഉണ്‌ടായിട്ടുള്ള ചില വിള്ളലുകള്‍ വലിയൊരു ചോര്‍ച്ചയിലേക്ക്‌ വഴിതെളിക്കുമോ എന്നും കാത്തിരുന്നു കാണേണ്‌ടതാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പും അതിനുശേഷവും കണ്ണൂരിലെയും ആലപ്പുഴയിലെയും ചില നീക്കങ്ങള്‍ ഇത്തരത്തിലൊരു സൂചനയും നല്‍കുന്നുണ്‌ട്‌.

കണ്ണൂരില്‍ പി.കെ.ശ്രീമതി ടീച്ചറും ഇ.പി.ജയരാജനും ആലപ്പുഴയില്‍ തോമസ്‌ ഐസക്കുമെല്ലാം ഇപ്പോഴും ഔദ്യോഗികപക്ഷത്തെ കരുത്തരാണെങ്കിലും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുശേഷവും അത്‌ അങ്ങനെതന്നെയാവുമോ എന്ന കാര്യത്തില്‍ പിണറായി വിജയനുപോലും വലിയ ഉറപ്പില്ല. ആലപ്പുഴയില്‍ വി.എസ്‌ പക്ഷത്തെ ഒപ്പം നിര്‍ത്തി തോമസ്‌ ഐസക്‌, ജി.സുധാകരനെതിരെ നടത്തിയ നീക്കം വരാനിരിക്കുന്നതിന്റെ സൂചനയാണെങ്കില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെ കഴിഞ്ഞ ഒരു ദശകമായി നിയന്ത്രിച്ച വി.എസ്‌-പിണറായി ദ്വയങ്ങള്‍ക്കും ഇളക്കംതട്ടിക്കൂടായ്‌കയില്ല. നിലയില്ലാക്കയത്തില്‍ മുങ്ങുന്ന വി.എസിന്റെ അനുഗ്രഹാശിസ്സുകളും ഒരുപക്ഷെ അത്തരമൊരു നീക്കത്തിനുണ്‌ടായേക്കും.

പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടശേഷം കോടിയേരി ബാലകൃഷ്‌ണനെ മുന്‍നിര്‍ത്തി നടക്കുന്ന ചില നീക്കങ്ങളും ഔദ്യോഗികപക്ഷത്തെ വിള്ളല്‍ കൂട്ടുന്നതാണ്‌. ഇതിനെല്ലാം പുറമെയാണ്‌ സംസ്ഥാന സെക്രട്ടറി പദത്തില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന ഔദ്യോഗികപക്ഷത്ത്‌ ഉണ്‌ടാക്കിയിരിക്കുന്ന അനിശ്ചിതത്വം. പിണറായിക്ക്‌ പകരം ആര്‌ എന്ന ചോദ്യം ഇപ്പോള്‍ തന്നെ പാര്‍ട്ടിയെ പൊതിഞ്ഞു നില്‍ക്കുന്നുമുണ്‌ട്‌.

ദൗര്‍ബല്യങ്ങള്‍ ഏറ്റവുമധികമുള്ള പാര്‍ട്ടി ഘടകമാണ്‌ സിപിഎമ്മിന്റെ ബ്രാഞ്ച്‌ കമ്മിറ്റികള്‍. അംഗങ്ങളുടെ കുറവും ഉള്ള അംഗങ്ങള്‍ക്ക്‌ തന്നെ ശരിയായ രാഷ്‌ട്രീയ വിദ്യാഭ്യാസമില്ലാത്തുമെല്ലാം ബ്രാഞ്ച്‌ സമ്മേളനങ്ങളുടെ പ്രാധാന്യം കുറയ്‌ക്കുന്നുണ്‌ടെങ്കിലും ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും വെട്ടിനിരത്തലുകള്‍ക്കുമൊന്നും അതൊരു തടസ്സമാകാനിടയില്ല.

മണ്ണെടുപ്പ്‌, മണലെടുപ്പ്‌, നോക്കുകൂലി, സദാചാച ആരോപണങ്ങള്‍ നേതാക്കളുടെ ജീവിതശൈലി, തെരഞ്ഞെടുപ്പ്‌ പരാജയങ്ങള്‍ എന്നിങ്ങനെ എന്തും ബ്രാഞ്ച്‌ സമ്മേളനങ്ങളെ കലുഷിതമാക്കും. ബ്രാഞ്ച്‌ സമ്മേളനങ്ങളിലെ ചര്‍ച്ചകളിലെ ഗതിയനുസരിച്ചാകും മേല്‍ഘടകങ്ങളുടെ സമ്മേളനങ്ങളുമെന്നതിനാല്‍ ബ്രാഞ്ച്‌ സമ്മേളനങ്ങളിലെ സൂചനകളെ ഇരുവിഭാഗവും ആകാംക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക