Image

മോഷണകല അഥവാ മലയാള സിനിമാരംഗം

Published on 19 September, 2011
മോഷണകല അഥവാ മലയാള സിനിമാരംഗം
മോഷണം ഒരു കലയാണോ?. മലയാള സിനിമയോട്‌ ഇന്ന്‌ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യമാണിത്‌. കാരണം മറ്റൊന്നുമല്ല, മോഷണം അല്ലെങ്കില്‍ ശുദ്ധമായ കോപ്പിയടി മലയാളസിനിമയുടെ എല്ലാ ക്രിയേറ്റീവ്‌ മേഖലകളിലും ബാധിച്ചിരിക്കുന്നു എന്നത്‌ തന്നെ കാരണം. കഥകളുടെ കാര്യത്തിലാണ്‌ മുമ്പൊക്കെ മോഷണം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തിരക്കഥയും സംഭാഷണവുമൊക്കെ മോഷ്‌ടിക്കുന്നതും പകര്‍ത്തുന്നതും ഒരുപതിവായിരിക്കുന്നതും. എന്നാല്‍ ഇവിടെയും തീരുന്നില്ല. സംഗീതം പോലും മോഷ്‌ടിക്കുന്നു എന്നതാണ്‌ ഇപ്പോഴത്തെ ട്രെന്‍ഡ്‌.

സംഗീതത്തിന്റെ കാര്യത്തില്‍ മോഷണം ഒരു പുതിയ കാര്യമാണ്‌ എന്നല്ല പറയുന്നത്‌. പുതുതായി സിനിമയില്‍ കേള്‍ക്കുന്ന ഈണങ്ങള്‍ക്ക്‌ എവിടെയൊക്കെയോ കേട്ടുമറന്ന സാദൃശ്യങ്ങള്‍ തോന്നുക അത്ര പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ സമീപകാലത്ത്‌ ചില ഈണങ്ങള്‍ ഒരേ പോലെ കോപ്പിയടിക്കപ്പെട്ടപ്പോഴാണ്‌ വിവാദങ്ങളുണ്ടായത്‌. ദീപക്‌ ദേവ്‌ എന്ന സംഗീത സംവിധായകന്‍ ഉറുമി എന്ന ചിത്രത്തില്‍ അലകടലൊലി ആരു നീ എന്ന ഗാനം ഒരുക്കിയത്‌ കനേഡിയന്‍ ഗായിക ലോറീന മെക്‌കെന്നിറ്റിന്റെ കാരവന്‍ സെറായ്‌ ഗാനത്തിന്റെ കോപ്പിയാണെന്നാണ്‌ അടുത്തിടെ ആരോപണം ഉയര്‍ന്നത്‌. രണ്ട്‌ ഗാനങ്ങളും കേട്ടുനോക്കുന്നവര്‍ക്ക്‌ ആരോപണം ശരിയാണെന്ന്‌ ബോധ്യപ്പെടുകയും ചെയ്യും.

ഇതുപോലെ തന്നെ ജോയ്‌ ആലുക്കാസിനുവേണ്ടി ദീപക്‌ദേവ്‌ ഒരുക്കിയ പരസ്യ ജിംഗിളായ `കുളിരിടും മൊഴിയുമായി അരികിലോ നീ വന്നു മെല്ലെ' എന്നത്‌ പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ ജെര്‍സണ്‍ ആന്റണി സംഗീതം പകര്‍ത്തി കെ.എസ്‌ ചിത്ര പാടിയ `എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്‌മസില്‍' എന്ന ഗാനത്തിന്റെ അതേ ട്യൂണാണ്‌ എന്നും വിവാദങ്ങള്‍ വന്നിരിക്കുന്നു.

വിദേശ സംഗീതത്തിന്റെ പകര്‍പ്പുകള്‍ ഒരുക്കാനും നമ്മുടേത്‌ തന്നെയായ പഴയകാല സംഗീതം പകര്‍ത്താനുമൊക്കെ പുതിയ സംഗീത സംവിധായകര്‍ കാട്ടുന്ന താത്‌പര്യം ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുന്നതല്ല. ഏതെങ്കിലും മികച്ച സംഗീതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നത്‌ മനസിലാക്കാം പക്ഷെ അതേപോലെ പകര്‍ത്തി വെയ്‌ക്കുക എന്നത്‌ പ്രേക്ഷകരെ വഞ്ചിക്കുന്നതിന്‌ തുല്യമാണല്ലോ.

വിദേശ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുത്‌ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ല. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌മേക്കറായ പ്രീയദര്‍ശന്റെ നിരവധി സിനിമകള്‍ വിദേശ ചിത്രങ്ങളില്‍ നിന്നും പകര്‍ത്തിയിട്ടുള്ളതാണ്‌. എന്നാല്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയങ്ങളും കഥയുമൊക്കെ കടം കൊള്ളുമ്പോള്‍ അത്‌ മലയാളിയുടെ സാഹചര്യത്തിലേക്ക്‌ അണിയിച്ചൊരുക്കാന്‍ പ്രീയദര്‍ശന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രീയദര്‍ശന്‍ ചിത്രങ്ങള്‍ എപ്പോഴും മലയാളിക്ക്‌ പ്രീയപ്പെട്ടവയുമായിരുന്നു.

എന്നാലിന്നോ വിദേശ ചിത്രങ്ങളുടെ തിരക്കഥകള്‍ അതുപോലെ തന്നെ കോപ്പിയടിച്ച്‌ ഒരുക്കുന്ന പ്രവണത മലയാള സിനിമയില്‍ ഏറി വരുകയാണ്‌. അതിന്റെ ഏറ്റവും മികച്ച രണ്ടു ഉദാഹരണങ്ങളാണ്‌ അനൂപ്‌മേനോന്‍ രചന നിര്‍വഹിച്ച്‌ അരുണ്‍കുമാര്‍ സംവിധാനം ചെയ്‌ത കോക്‌ടെയില്‍, അമല്‍നീരദ്‌ സംവിധാനം ചെയ്‌ത ബിഗ്‌ ബി എന്നിവ.

വിദേശ സിനിമകള്‍ അതേ പോലെ പകര്‍ത്തുക എന്ന പ്രവണത പുത്തന്‍ സിനിമ സംവിധായകരുടെയും എഴുത്തുകാരുടെയും ഇടയില്‍ ശക്തമായത്‌ അമല്‍നീരദിലൂടെയാണ്‌. ഫോര്‍ബ്രദേഴ്‌സ്‌ (2005) എന്ന ഹോളിവുഡ്‌ സിനിമ അതുപോലെ തന്നെ പകര്‍ത്തി ബിഗ്‌ ബി എന്ന സിനിമയൊരുക്കുകയാണ്‌ അമല്‍നീരദ്‌ ചെയ്‌തത്‌. ഇവിടെ സംഭവിച്ച പ്രധാന കാര്യം എന്തെന്നാല്‍, ഫോര്‍ബ്രദേഴ്‌സിലെ സീനുകള്‍, സംഭാഷണങ്ങള്‍, തുടങ്ങിയ തിരക്കഥയുടെ എല്ലാഘടകങ്ങളും ഏതാണ്ട്‌ അതുപോലെ തന്നെ പകര്‍ത്തപ്പെട്ടു എന്നതാണ്‌.

ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ (2007) എന്ന കനേഡിയന്‍ ചിത്രം കോക്‌ടെയില്‍ ആയപ്പോഴും സംഭവിച്ചത്‌ ഇതു തന്നെയാണ്‌. ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീല്‍ എന്ന ചിത്രത്തിലെ സീന്‍ ബൈ സീനുകള്‍ എല്ലാം കോക്‌ടെയില്‍ എന്ന ചിത്രത്തിലേക്ക്‌ പകര്‍ത്തിയെഴുതുകയാണ്‌ അനൂപ്‌ മേനോന്‍ ചെയ്‌തത്‌. ഇവിടെയും തീരുന്നില്ല, ബട്ടര്‍ഫ്‌ളൈ ഓണ്‍ എ വീലിലെ സംഭാഷണങ്ങള്‍ പോലും അതേ പോലെ പരിഭാഷ നടത്തി കോക്‌ടെയിലില്‍ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ ഏത്‌ വിദേശ ചിത്രങ്ങളില്‍ നിന്നുമാണോ ഈ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടത്‌ ആ ചിത്രങ്ങളുടേതായ ടൈറ്റില്‍ കാര്‍ഡില്‍ ഒരു വരി പോലും പറഞ്ഞിട്ടില്ല എന്ന വരുമ്പോഴാണ്‌ ഈ മോഷണത്തിന്റെ വ്യാപ്‌തി വ്യക്തമാകുന്നത്‌. മാത്രമല്ല കഥയും തിരക്കഥയും സംഭാഷണവും എല്ലാം സ്വന്തം പേരില്‍ മലയാളത്തിലെ എഴുത്തുകാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ മോഷണം ഒരു കലയാക്കിയതില്‍ മലയാളത്തിലെ പ്രമുഖ നടനായ ജഗദീഷുമുണ്ട്‌ എന്നറിയുമ്പോഴാണ്‌ ഏറെ അത്ഭുതം. നടന്‍ മാത്രമല്ല പത്തോളം സിനിമകളുടെ കഥയും തിരക്കഥയുമൊക്കെ എഴുതിയിട്ടുള്ള തിരക്കഥാകൃത്തു കൂടിയാണ്‌ ജഗദീഷ്‌. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ന്യൂസ്‌ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്‌ ജഗദീഷാണ്‌. ഏറെ ഇടവേളയ്‌ക്ക്‌ ശേഷം ജഗദീഷ്‌ തിരക്കഥയൊരുക്കിയ ചിത്രമാണ്‌ വിജി തമ്പി സംവിധാനം ചെയ്‌ത ഏപ്രില്‍ ഫൂള്‍ എന്ന ചിത്രം. സിദ്ദിഖ്‌, മുകേഷ്‌, ജഗദീഷ്‌ തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം 2007ല്‍ റിലീസ്‌ ചെയ്‌ത ബോളിവുഡ്‌ ചിത്രമായ ബേജാ ഫ്രൈയുടെ ക്ലീന്‍ കോപ്പിയടിയായിരുന്നു. ബേജാ ഫ്രൈ എന്ന ചിത്രം ബോളിവുഡില്‍ വന്‍ വിജയം നേടിയതാണ്‌. 98ല്‍ റിലീസ്‌ ചെയ്‌ത ഫ്രഞ്ച്‌ ചിത്രമായ ഡിന്നര്‍പാര്‍ട്ടിയുടെ റീമേക്കായിരുന്നു ബേജാഫ്രൈ. എന്നാല്‍ കോപ്പിയടി ഒരിക്കലും സത്യസന്ധമായ കലയല്ല എന്നതിനാല്‍ ഏപ്രില്‍ ഫൂള്‍ തീയേറ്ററില്‍ ദയനീയമായി പരാജയപ്പെട്ടു. പക്ഷെ കൃത്യമായി കോപ്പിയടിച്ച ചിത്രമാണെങ്കിലും കഥ, തിരക്കഥ സംഭാഷണം - ജഗദീഷ്‌ എന്ന്‌ പേരുവെച്ചത്‌ എന്തുകൊണ്ടാണെന്ന്‌ ഇനിയും പ്രേക്ഷകര്‍ക്കും മനസിലായിട്ടില്ല.

മലയാള സിനിമയിലെ കോപ്പിയടിക്കഥകളില്‍ അമല്‍നീരദ്‌ സംവിധാനം ചെയ്‌ത അന്‍വറും, അടുത്തിടെ തീയേറ്ററിലെത്തിയ ചാപ്പാകുരിശുമൊക്കെയുണ്ട്‌. ചാപ്പാകുരിശാകട്ടെ ചേയ്‌ഞ്ചിഗ്‌ ലേന്‍സ്‌, മൈ ഹാന്‍ഡ്‌ ഫോള്‍ എന്നീ രണ്ട്‌ കൊറിയന്‍ സിനിമകളില്‍ നിന്നും വെട്ടിക്കൂട്ടിയൊരുക്കിയ ചിത്രവുമാണ്‌.

ഇന്റര്‍നെറ്റില്‍ ഇന്ന്‌ ലോകത്തെവിടെയുമുള്ള സിനിമകള്‍ കൃത്യമായി കാണാന്‍ കഴിയും എന്നതിനാല്‍ പ്രേക്ഷകരിലെ പുതുതലമുറ ലോകത്തെവിടെയുമുള്ള മികച്ച ചിത്രങ്ങള്‍ തേടിപ്പിടിച്ച്‌ കാണുന്നു എന്നതാണ്‌ ഒരു യാഥാര്‍ഥ്യം. കോപ്പിയടികള്‍ കാണുമ്പോള്‍ തന്നെ ഇന്ന്‌ പ്രേക്ഷകര്‍ കൈയ്യോടെ പിടികൂടുന്നതും അതുകൊണ്ടു തന്നെ. എന്നാല്‍ രസകരമായ വസ്‌തുത സമീപകാലത്ത്‌ കോപ്പിയടിക്കപ്പെട്ട ഒരു സിനിമകളും തീയേറ്ററില്‍ വിജയം നേടിയില്ല എന്നതാണ്‌. ആദ്യ ദിവസങ്ങളിലെ ആഘോഷങ്ങള്‍ക്കപ്പുറം ഈ സിനിമകളൊക്കെ കള്ളനാണയങ്ങള്‍ മാത്രമാണെന്ന പ്രേക്ഷകര്‍ തിരിച്ചറിയുന്നു. അതുകൊണ്ട്‌ തന്നെ മോഷണകലയിലൂടെയല്ല യഥാര്‍ഥ ചലച്ചിത്രകലയിലൂടെയാണ്‌ പ്രേക്ഷകരെ ആകര്‍ഷിക്കേണ്ടതെന്ന്‌ നമ്മുടെ സിനിമക്കാര്‍ ഇനിയെങ്കിലും മനസിലാക്കട്ടെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക