Image

തേവര എസ്‌.എച്ച്‌ കോളജ്‌: വിജയപാതയിലെ സാരഥി

Published on 19 September, 2011
തേവര എസ്‌.എച്ച്‌ കോളജ്‌: വിജയപാതയിലെ സാരഥി
ന്യൂയോര്‍ക്ക്‌: വിദ്യാഭ്യാസരംഗത്തെന്ന പോലെ സാമൂഹിക സേവന രംഗത്തും സജീവമായ റവ.ഡോ. പ്രശാന്ത്‌ പാലക്കാപ്പള്ളിലിന്റെ അമേരിക്കയിലെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളജിന്റെ അലുംനൈ അസോസിയേഷനെ ശക്തിപ്പെടുത്തുകയാണ്‌. കേരളത്തിലെ ഒന്നാംകിട കോളജുകളിലൊന്നാണെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഉദ്ദേശിച്ചത്ര ശക്തമല്ലെന്ന്‌ ഏതാനും വര്‍ഷമായി പ്രിന്‍സിപ്പലായ അദ്ദേഹം പറയുന്നു.

കെ.എം. മാണി, പി.ജെ. ജോസഫ്‌, എം.എം. ജേക്കബ്‌, തോമസ്‌ ഐസക്ക്‌, മമ്മൂട്ടി, കെ.വി. തോമസ്‌ മുതല്‍ പി.സി. ജോര്‍ജും, ഹൈബി ഈഡനുമൊക്കെ പഠിച്ച ഈ കലാലയത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ആറു പി.എച്ച്‌.ഡി പ്രോഗ്രാം അടക്കം ഒട്ടേറെ കോഴ്‌സുകളുള്ള കോളജിന്‌ നാഷണല്‍ അസസ്‌മെന്റ്‌ ആന്‍ഡ്‌ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ പ്ലസ്‌ റേറ്റിംഗുമുണ്ട്‌. വേമ്പനാട്‌ കായലിന്റെ പശ്ചാത്തലമുള്ള കോളജ്‌ യു.ജി.സിയുടെ ഉന്നത പരിഗണന ലഭിച്ച സ്ഥാപനവുമാണ്‌.

കോളജിന്റെ ഭാവി പ്രവര്‍ത്തനത്തിലും വികസന രംഗത്തും പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഹാര്‍ട്ടിയന്‍ ഫ്രണ്ട്‌ഷിപ്പ്‌ നല്‍കിയാല്‍ അംഗമാകാം. അങ്ങനെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ പങ്കാളികളാകാം.

ഇടത്തരക്കാരും താഴേക്കിടയില്‍ നിന്നുമുള്ളവരുമാണ്‌ കോളജിലെ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം. അവര്‍ മിക്കവരും ഏതെങ്കിലും തരം സ്‌കോളര്‍ഷിപ്പ്‌ നേടുന്നവരുമാണ്‌. പക്ഷെ ഇതൊന്നും കോളജിന്റെ നിലവാരത്തെ ബാധിച്ചിട്ടില്ല. അടുത്തയിടയ്‌ക്ക്‌ യാട്ടിംഗ്‌, കുതിരസവാരി, ആര്‍.സി. ഫ്‌ളൈയിംഗ്‌ തുടങ്ങിയവയൊക്കെ ഏര്‍പ്പെടുത്തി. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെ നേതൃത്വത്തില്‍ കായികരംഗത്തും സജീവമാണ്‌.

പുതിയ പ്രോഗ്രാമുകള്‍ നടപ്പാക്കുക കേരളത്തിലെ സാഹചര്യത്തില്‍ എളുപ്പമല്ലെന്ന്‌ അദ്ദേഹം പറയുന്നു. എങ്കിലും അടുത്തയിടയ്‌ക്ക്‌ എം.എസ്‌സി അക്വാ കള്‍ച്ചര്‍ ഏര്‍പ്പെടുത്തി. ബി.എസ്‌സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എ ഇംഗ്ലീഷ്‌, കോപ്പി എഡിറ്റിംഗ്‌ എന്നിവയും പുതുതായി ഏര്‍പ്പെടുത്തി. അടുത്തവര്‍ഷം പുതിയ കോഴ്‌സുകള്‍ വേറെയുമുണ്ട്‌.

തൊഴില്‍പരമായ കോഴ്‌സുകളുണ്ടെങ്കിലും തൊഴിലില്‍ പരിശീലനം നല്‍കാന്‍ അവസരം കിട്ടുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനാല്‍ കേരളത്തിനു പുറത്തും വിദേശത്തുമുള്ള സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുതല്‍ക്കൂട്ടാകും. അതുപോലെ ഫാക്കല്‍ട്ടി എക്‌സ്‌ചേഞ്ചും സുപ്രധാനമാണ്‌.

ഓരോ രംഗത്തും വിദഗ്‌ധരായവര്‍ തങ്ങളുടെ വൈദഗ്‌ധ്യം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചാല്‍ അതു നേട്ടമാകും. ഹാര്‍ട്ടിയന്‍ ഫ്രണ്ട്‌ഷിപ്പ്‌ നല്‍കി ഈ രംഗത്ത്‌ പ്രവര്‍ത്തിക്കാനാകും.

പൂര്‍വ വിദ്യാര്‍ത്ഥികളെ ഒരുമിപ്പിക്കുന്ന ഒരു രാജ്യാന്തര വേദിക്ക്‌ HEARTIAN ALUMNI INTERNATIONAL പ്രാരംഭം കുറിക്കുക, കോളേജുമായി ബന്ധപ്പെട്ട്‌ ഒരു സൗഹൃദ വലയം HEARTIAN FRIENDSHIP CIRCLE - രൂപീകരിക്കുക എന്നിവയാണ്‌ ഉദ്ദേശമെന്ന്‌ അദ്ദേഹം പറഞ്ഞു. സെപ്‌റ്റംബര്‍ മാസം അവസാനത്തോടെ ന്യൂയോര്‍ക്കിലും ഒക്ടോബര്‍ ആരംഭത്തില്‍ ഹ്യുസ്റ്റണ്‍ അല്ലെങ്കില്‍ ഫ്‌ളോറിഡയിലും അത്തരം ഒരു വേദി സംഘടിപ്പിക്കാന്‍ അദ്ദേഹം മലയാളി സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ഥിച്ചു.

രാജഗിരി കോളേജില്‍ സാമൂഹ്യ പ്രവര്‍ത്തന അധ്യാപകനും, വിഭാഗാധ്യക്ഷനുമായിരുന്ന അദ്ദേഹം സാമൂഹ്യക്ഷേമം, യുവജന ക്ഷേമം, സ്‌കൂള്‍ പ്രൊഫഷണല്‍ / ഉപരി വിദ്യാഭ്യാസം, പരിസ്ഥിതി, മാലിന്യ സംസ്‌കരണം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക താല്‌പര്യം പുലര്‍ത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‌പര്യമുള്ളവരുമായി ബന്ധപ്പെടുവാനും അദ്ദേഹം ആഗ്രഹിക്കുന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും കോളജിന്റെ സുഹൃത്തുക്കളുടേയും സമ്മേളനം - ഹാര്‍ട്ടിഫെസ്റ്റ്‌- അടുത്ത ജനുവരി 14-ന്‌ നടക്കും. അതു വിജയിച്ചാല്‍ എല്ലാവര്‍ഷവും ഹാര്‍ട്ടിഫെസ്റ്റ്‌ അരങ്ങേറും.

അച്ചന്റെ ഇമെയില്‍: jprasant@gmail.com ഫോണ്‍: 914 207 9639.

സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ അച്ചന്റെ മറ്റു പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമാണ്‌. പരിസ്ഥിതി രംഗം, മനുഷ്യാവകാശം എന്നീ രംഗങ്ങളിലാണ്‌. ജനകീയ സമരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ട്‌. ജനങ്ങളെ പെരുവഴിയിലാക്കിയുള്ള വികസനത്തേയും അദ്ദേഹം എതിര്‍ക്കുന്നു. ആളുകളെ പുനരധിവസിപ്പിച്ചശേഷം വികസനം എന്നതാണ്‌ ലക്ഷ്യം.

ഇതര പ്രവര്‍ത്തനങ്ങളെ സഭയും പ്രോത്സാഹിപ്പിക്കുന്നതായി കര്‍മ്മലീത്ത വൈദീകനായ ഇദ്ദേഹം പറയുന്നു.

മാലിന്യനിര്‍മ്മാര്‍ജ്ജനമാണ്‌ മറ്റൊന്ന്‌. കീടനാശിനി അടക്കമുള്ള മാലിന്യങ്ങള്‍ വഴി പുഴകള്‍ മലിനമാകുന്നു. അതില്‍നിന്നുള്ള വെള്ളം കുടിവെള്ളമാകുമ്പോള്‍ അത്‌ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുന്നു.

ഖര മാലിന്യങ്ങള്‍ (സോളിഡ്‌ വെയ്‌സ്റ്റ്‌) എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്ന്‌ പൊതുവെ ധാരണയില്ല. പ്ലാസ്റ്റിക്‌ ഉപയോഗമാകട്ടെ വന്‍തോതില്‍ വര്‍ധിക്കുന്നു.

പ്ലാസ്റ്റിക്‌ കൂടി ഉരുക്കി ടാറിനൊപ്പം ഉപയോഗിക്കുന്ന പദ്ധതിക്ക്‌ രൂപംനല്‍കിയെങ്കിലും സര്‍ക്കാര്‍ അത്‌ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല. പ്ലാസ്റ്റിക്ക്‌ കൂടി ചേര്‍ത്താല്‍ ടാര്‍ ഉപയോഗത്തില്‍ പത്ത്‌ ശതമാനം കുറയ്‌ക്കാനാകും.

ഇടുക്കി ജില്ലയിലെ മുടവന്‍മുടിയില്‍ 400 വീടുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച്‌ വൈദ്യുതി എത്തിക്കുന്ന പദ്ധതിയിലും അച്ചന്റെ സാന്നിധ്യമുണ്ട്‌. ഇങ്ങനെ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ഓരോ വീടിനും 12,000 രൂപ വരും. പക്ഷെ, വിവിധ സബ്‌സിഡികള്‍ കഴിച്ചാല്‍ 2,500 രൂപയേ വരൂ. രണ്ടു ബള്‍ബ്‌, ടിവി, ഫാന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയാണ്‌ ലഭിക്കുക. സൗരോര്‍ജ്ജ ഉത്‌പന്നങ്ങള്‍ വില്‍ക്കാനുള്ള ആദ്യ ഷോപ്പും തുടങ്ങനായി.

ഇത്തരം കാര്യങ്ങളിലൊക്കെ വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താനും ശ്രമിക്കുന്നു.

(അച്ചന്‍ 2001 -ല്‍ അമേരിക്കയില്‍ വന്ന്‌ നാട്ടില്‍ തിരിച്ചെത്തിയ ദിവസമാണ്‌ 9/11 ആക്രമണം നടക്കുന്നത്‌. അമേരിക്കയിലെ പല കാര്യങ്ങളേയും ഇഷ്‌ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ `വെയ്‌സ്റ്റ്‌' കാണുമ്പോള്‍ സങ്കടം. എന്തിനാണ്‌ ഇത്രയധികം വസ്‌തുക്കള്‍ ഉപയോഗിക്കുന്നതും ഇടയ്‌ക്കിടെ എടുത്തു കളയുകയും ചെയ്യുന്നത്‌? ലോകത്തിലുള്ള എല്ലാവരും അങ്ങനെ ചെയ്‌താല്‍ ലോകത്തിന്റെ ഗതി എന്താകും? അച്ചന്‍ ചോദിക്കുന്നു.)
തേവര എസ്‌.എച്ച്‌ കോളജ്‌: വിജയപാതയിലെ സാരഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക