Image

അമ്മ മനസ്സ്‌, തങ്ക മനസ്സ്‌! മാതൃത്വം എന്നും വാഴ്‌ത്തപ്പെടട്ടെ! (ഷോളി കുമ്പിളുവേലി)

Published on 10 May, 2013
അമ്മ മനസ്സ്‌, തങ്ക മനസ്സ്‌! മാതൃത്വം എന്നും വാഴ്‌ത്തപ്പെടട്ടെ! (ഷോളി കുമ്പിളുവേലി)
(മദേഴ്സ്  ഡേ -MAY-12)

മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം അമ്മയാണ്‌. മനുഷ്യന്‌ ജന്മം കൊടുത്തു മാത്രമല്ല, അവന്‍ വളര്‍ന്നതും, വികാസം പ്രാപിച്ചതും അമ്മയുടെ മടിത്തട്ടിലില്‍ നിന്നാണ്‌. ഗര്‍ഭാവസ്ഥയില്‍ `ഈറ്റുനോവ്‌', ജനനം കൊടുക്കുമ്പോഴുള്ള `പേറ്റുനോവ്‌', തന്നോളം വളര്‍ത്തി വലുതാക്കുമ്പോഴുള്ള '
പോറ്റുനോവ്,' അങ്ങനെ എല്ലാ നൊമ്പരങ്ങളിലൂടേയും ഒരമ്മ കടന്നു പോകുമ്പോഴാണ്‌, ഓരോ വ്യക്തിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്ക വിധം പ്രാപ്‌തനാകുന്നത്‌. പക്ഷേ, അപ്പോഴേക്കും അവള്‍ അവശയായിരിക്കും! അമ്മയെ ദേവിയായി, കാണുന്ന പൈതൃകത്തിനുടമകളാണ്‌ നമ്മള്‍. അമ്മയുടെ കാലുതൊട്ടുവന്ദിക്കുന്ന മഹത്തായ സംസ്‌കാരം ഇന്നും പിന്‍തുടരുന്നവരാണ്‌ നമ്മള്‍, ഭാരതീയര്‍!! പക്ഷേ ഖേദത്തോടെ പറയട്ടെ, ഇന്ന്‌ ലോകത്ത്‌ ഏറ്റവും അധികം സ്‌ത്രീകള്‍, പ്രായഭേദമന്യേ പീഢിപ്പിക്കപ്പെടുന്നതും നമ്മുടെ രാജ്യത്തായിരിക്കും. മൂന്നു വയസുകാരിക്കും, തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിക്കും ഭീതികൂടാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധം സംസ്‌കാരിക ഇന്‍ഡ്യ അധഃപതിച്ചിരിക്കുന്നു. നിയമം കൊണ്ട്‌ മാത്രം നേരിടാവുന്ന പ്രശ്‌നമല്ലിത്‌, മറിച്ച്‌, അമ്മ ആരാണെന്നും, അമ്മ എന്താണെന്നും മക്കള്‍ വീട്ടില്‍ നിന്നു പഠിച്ചു തുടങ്ങണം.

വിദ്യാലയങ്ങള്‍ പോലെ, വൃദ്ധസദനങ്ങള്‍ നാടുനീളെ ഉണ്ടാകുന്നതു മാത്രമാണ്‌, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഇന്നത്തെ ഏക `വികസനം'. മക്കളെ വളര്‍ത്തി `പഠിപ്പും, പത്രാസുമുള്ള' വരാക്കി കഴിഞ്ഞപ്പോള്‍, അപ്പനും അമ്മക്കും `കറിവേപ്പില'യുടെ സ്ഥാനം മാത്രം നല്‍കുന്ന അവസ്ഥയിലേക്ക്‌ നമ്മളും മാറിയിരിക്കുന്നു. അതുകൊണ്ടാണ്‌ വീടുകളില്‍ പരിപാലിക്കപ്പെടേണ്ട അമ്മമാര്‍ പ്രായമാകുമ്പോള്‍ വൃദ്ധ സദനങ്ങളിലേക്ക്‌ വലിച്ചെറിയപ്പെടുന്നത്‌.

മക്കളുണ്ടായിട്ടും തെരുവില്‍ അലയേണ്ടിവരുന്ന അമ്മമാരുടെ എത്രയോ കദന കഥകള്‍ നമ്മള്‍ ദിവസവും കേള്‍ക്കുന്നു. `അമ്മയെ തല്ലിയാലും രണ്ടു പക്ഷം' എന്ന പഴഞ്ചൊല്ലിന്റെ അര്‍ത്ഥം, എന്തുകാരണത്തിലായാലും അമ്മയെ വേദനിപ്പിക്കരുത്‌ എന്നാണ്‌. അമ്മയെ വേദനിപ്പിച്ചാല്‍ ഒരു പക്ഷമേയൂള്ളൂ, അത്‌ തെറ്റിന്റെ പക്ഷമാണ്‌. എന്നാല്‍ മക്കളാല്‍ ദേഹോപദ്രവമേല്‍ക്കപ്പെടുന്ന അമ്മമാരുടെ രോദനങ്ങള്‍ നമ്മള്‍ ടി.വി.യിലൂടേയും മറ്റും ദിവസവും കാണുന്നു. പണത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍, അമ്മയുടെ മുലപ്പാലിന്റെ മാധുര്യം നമ്മള്‍ മറന്നു പോകുന്നു!!

മാതൃത്വത്തിന്‌ ഏല്‍ക്കുന്ന മറ്റൊരു മുറിവാണ്‌, `പെണ്‍ഭ്രൂണഹത്യ'. ഇന്നും ഇന്‍ഡ്യയിലെ ചില സ്ഥലങ്ങളില്‍, ഗര്‍ഭസ്ഥ ശിശു പെണ്ണാണെന്നു മനസിലാക്കിയാല്‍, അവിടെ വച്ചേ അവളെ കൊല്ലുന്നു. ശിലായുഗം പിന്നിട്ടെങ്കിലും, നമ്മള്‍ ഇപ്പോഴും 'ശിലാഹൃദയ' രായാണ്‌ ജീവിക്കുന്നത്‌. കാരുണ്യം, ദയ, ദൈവഭയം എന്നീ ഗുണങ്ങള്‍ നമ്മളില്‍ നിന്നും എന്നേ പടിയിറങ്ങി!

ഇന്ന്‌ `മദേഴ്‌സ്‌ ഡേ'യുടെ പേരില്‍ ലോകത്തു നടക്കുന്ന ആഘോഷങ്ങളൊക്കെയും കമ്പോള സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ദിവസവും ആദരിക്കപ്പെടേണ്ട അമ്മയെ, ഒരു ദിവസത്തെ ആഘോഷങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതിയോ?

ഏതാണ്ട്‌ നൂറിലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ മാതൃദിനം ആചരിക്കുന്നുണ്ട്‌. ആധുനിക 'മദേഴ്‌സ്‌ ഡേ'യുടെ ഉപജ്ഞാതാവ്‌ അന്ന ജോര്‍വിസ്‌ ആണ്‌. അമ്മമാരേയും, സ്‌ത്രീകളേയും ആദരിക്കുന്നതും, അവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനുമായി, 1914 മെയ്‌ 8#ാ#ം തീയതിയാണ്‌ യു.എസ്‌. കോണ്‍ഗ്രസ്‌ നിയമം പാസാക്കിയത്‌. എന്നാല്‍ പൗരാണികകാലം മുതലേ ഭാരതീയര്‍ അമ്മമാരേയും, സ്‌ത്രീകളേയും ആദരിച്ചിരുന്നു. പുരാണ ഗ്രന്ഥങങളൊക്കെയും മാതൃത്വത്തിന്‌ വലിയ പ്രാധാന്യമാണ്‌ നല്‍കിയിരിക്കുന്നത്‌. `മാതാവിന്റെ കാല്‍ചുവട്ടിലാണ്‌ സ്വര്‍ഗം' എന്ന്‌ ഇസ്ലാം മതം നമ്മേ പഠിപ്പിക്കുന്നു. ദൈവത്തിനു നന്ദി ചെയ്യുന്നതുപോലെ, നീ നിന്റെ അമ്മയ്‌ക്കും നന്ദി ചെയ്യണമെന്നും പ്രവാചകന്‍ ഉപദേശിക്കുന്നു. `അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്‌ക്കുന്നു.' (പ്രഭാഷകന്‍ 3.4) എന്ന്‌ ബൈബിള്‍ വളരെ വ്യക്തമായി പറയുന്നു. `മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്റെ ശാപമേല്‍ക്കും' എന്നും വിശുദ്ധ ബൈബിള്‍ ഉപദേശിക്കുന്നു. എല്ലാ മത ഗ്രന്ഥങ്ങളും അമ്മയെ വാനോളം പ്രകീര്‍ത്തിക്കുന്നു. പക്ഷേ ദ്രവ്യാഗ്രഹങ്ങളാല്‍, അന്ധത ബാധിച്ച നമുക്ക്‌ ഇതൊന്നും കാണാനും മനസിലാക്കാനും സാധിക്കാതെ പോകുന്നു.

അമ്മയുടെ കണ്ണുകള്‍ നിറയാത്ത, അമ്മമാര്‍ക്ക്‌ ഭീതികൂടാതെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കുന്ന, വാര്‍ദ്ധക്യത്തില്‍ അമ്മമാര്‍ വീടുകളില്‍ പരിപാലിക്കപ്പെടുന്ന ഒരു ദിവസത്തിനായി നമുക്ക്‌ കൂട്ടായി പ്രയത്‌നിക്കാം. അങ്ങനെ മാതൃത്വത്തിന്റെ സന്ദേശം ലോകം മുഴുവന്‍ പടരട്ടെ! എങ്കിലേ മാതൃദിന ആഘോഷങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാകുകയുള്ളൂ. ആഘോഷങ്ങളെക്കാള്‍ ഉപരി, അമ്മമാര്‍ക്കു വേണ്ടത്‌ മക്കളുടെ സ്‌നേഹമാണ്‌, സംരക്ഷണമാണ്‌!!

ഒരു പാടു മക്കളെ മാറോടു ചേര്‍ത്ത മദര്‍ തെരേസയുടെ ഓര്‍മ്മക്കു മുമ്പില്‍ നമിച്ചുകൊണ്ട്‌, എല്ലാ അമ്മമാര്‍ക്കും ലോക മാതൃദിനത്തിന്റെ ആശംസകള്‍!
അമ്മ മനസ്സ്‌, തങ്ക മനസ്സ്‌! മാതൃത്വം എന്നും വാഴ്‌ത്തപ്പെടട്ടെ! (ഷോളി കുമ്പിളുവേലി)
Join WhatsApp News
Varghese 2013-05-10 19:42:54
Nice article. A good tribute to all mothers. Mothers Day wishes to all Mums
PC Mathew 2013-05-10 19:59:56
അമ്മ എന്ന വാക്കില്മാത്രം ഒതുങ്ങുമീ ലോകം 
ദൈവത്തിനു നേരെ നല്കാന് കഴിയാത്ത സ്നേഹം 
നല്കുവാണല്ലോ ദൈവം അമമയായി വന്നി ഉലകിലെ
മക്കളെ എല്ലാം ഊട്ടി വല്ര്ത്തിയതും വലുതാക്കിയതും  
Aleyamma 2013-05-11 10:31:54
Nice. Thoughts , thank u
Vinu 2013-05-11 19:00:39
Very good  thoughts. A great  tribute to all mothers. Thank you Sholy.
Vinu 2013-05-11 19:01:47
Very good  thoughts. A great  tribute to all mothers. Thank you Sholy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക