Image

മലയാളിയുടെ നേത്രുത്വത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഉജ്വല സമ്മേളനം

ജെയിംസ് വര്‍ഗീസ് Published on 01 June, 2013
മലയാളിയുടെ നേത്രുത്വത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഉജ്വല സമ്മേളനം
ചിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപ്പി) സംഘടനയുടെ 31-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 23-27 വരെ ചിക്കാഗോ ഷെറാട്ടണ്‍ ടവര്‍ ഹോട്ടലില്‍ നടന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 1500 ഓളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടന (ആപ്പി) വളര്‍ന്നു ശക്തി പ്രാപിച്ചു വരുന്നതായി ഡോ. നരേന്ദ്രകുമാര്‍ അറിയിച്ചു. ആപ്പി ഇന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാരെയും ചികിത്സാരംഗത്തെ പ്രതിഭകളെയും പ്രതിനിധാനം ചെയ്യുന്നതായി അദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പ്രസിഡന്റായി ഡോ.ജയേഷ് ഷാ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഡോ.നരേന്ദ്ര കുമാറിന്റെ പ്രവര്‍ത്തനങ്ങളെ പുതിയ പ്രസിഡന്റ് ഡോ.ഷാ തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു.

സംഘടന പ്രതിസന്ധിയിലെത്തിയിരുന്ന സമയത്താണ് മലയാളിയായ ഡോ.നരേന്ദ്രകുമാര്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ തന്റെ നേതൃത്വ പാടവം തെളിയിച്ചു കൊണ്ട് സംഘടനയെ ശരിയായ പാതയിലെത്തിയ്ക്കാനും സാമ്പത്തികഭദ്രത കൈവരിയ്ക്കാനും കഴിഞ്ഞത് ഡോ.കുമാറിന്റെ പ്രവര്‍ത്തനങ്ങളും അര്‍പ്പണമനോഭാവവും കൊണ്ടുമാത്രമാണ്.

ചികിത്സാ രംഗത്തെ നിരവധി പ്രതിഭകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി കൊച്ചിയില്‍ ആഗോള ഹെല്‍ത്ത് കെയര്‍ ഉന്നത സമ്മേളനം നടത്താന്‍ കഴിഞ്ഞത് ഒരുവന്‍ നേട്ടമായി സമാപന പ്രസംഗത്തില്‍ ഡോ. നരേന്ദ്രകുമാര്‍ പറഞ്ഞു.

സംഘടനയില്‍ മികച്ച സേവനങ്ങള്‍ നല്‍കിയവരെ ആദരിച്ചു. ഡോക്ടര്‍മാരായ ജയേഷ് ഷാ, രവി ജാഗിര്‍ദാര്‍, സീമാ ജയിന്‍, അജയ് ലോഥാ, കുസും പഞ്ചാബി, അമിത് ഭാക്ക് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കൂടി ആരംഭിച്ച സംഘടന വളര്‍ന്ന് പന്തലിച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം മെഡിക്കല്‍ രംഗത്തെ പ്രതിഭകളുടെ സംഘടനയായി വളര്‍ന്നതില്‍ പുതിയ പ്രസിഡന്റ് ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തി. ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മറ്റു സംഘടനകളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു. 31 വര്‍ഷത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഡോക്ടര്‍ ഷാ.

പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി കണ്‍വന്‍ഷനില്‍ പങ്കെടുത്തു. മെഡിക്കല്‍ രംഗത്ത് ഗവണ്‍മെന്റുമായി സഹകരിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മന്ത്രി രവി ഡോക്ടര്‍മാരെ ആഹ്വാനം ചെയ്തു.

മെഡിക്കല്‍ രംഗത്തെ പ്രശംസപരമായ സേവനങ്ങള്‍ നടത്തിയവര്‍ക്കും നേട്ടങ്ങള്‍ കൈവരിച്ച ഡോ. ജോര്‍ജ് തോമസ്, ഡോ. വിനോദ് ഷാ, ഡോ. ജഗന്‍ അലിയിനാനി, ഡോ. മേത്ത, ഡോ. ശ്രീകാന്ത് മിശ്ര, ഡോ. പ്രതാപ് കുമാര്‍, ഡോ. ക്രിസ് കാപ്പളന്‍, ഡോ. അന്‍വര്‍ ഫെറോസ് എന്നിവര്‍ക്ക് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകള്‍ മന്ത്രി വയലാര്‍ രവി വിതരണം ചെയ്തു.
മലയാളിയുടെ നേത്രുത്വത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഉജ്വല സമ്മേളനം
മലയാളിയുടെ നേത്രുത്വത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഉജ്വല സമ്മേളനം
മലയാളിയുടെ നേത്രുത്വത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഉജ്വല സമ്മേളനം
Join WhatsApp News
Mammen Chirayil 2013-06-02 01:09:34
Excellent Leadership Dr. Naraendra Kumar. We are so proud of You. Leading a great number of Indian Doctors by a Malayalee. I attended some of the events, 3500 plus doctors attended, well organized and it was colorful. I hope other Doctors from AKMG will come forward and lead this organization (Not just Gujus and Andhra).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക