Image

സോളാര്‍ ഗ്രഹണത്തില്‍ കേരളം കണ്ട കാഴ്ചകള്‍

ഷോളി കുമ്പിളുവേലി Published on 02 August, 2013
സോളാര്‍ ഗ്രഹണത്തില്‍ കേരളം കണ്ട കാഴ്ചകള്‍
രാഷ്ട്രീയത്തിലെ അഴിമതികളും, പെണ്ണും, പെടക്കോഴിയും, കുത്തും, കൊലയുമൊന്നും കേരളജനതക്കു പുത്തരിയല്ല. പി.റ്റി. ചാക്കോ മുതല്‍ അങ്കമാലിയിലെ ജോസേട്ടനില്‍ എത്തിനില്‍ക്കുന്ന 'സ്ത്രീ' വിഷയങ്ങളില്‍ നിന്നും വിഭിന്നമാണ് സരിതയും, അവരുടെ സോളാറുമുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍.

തൊലിവെളുപ്പുമുള്ള ഒരു സ്ത്രീ വിചാരിച്ചാല്‍ ഏതു മന്ത്രിയേയും, ജനപ്രതിനിധിയെയും അവരുടെ വലയില്‍ വീഴ്ത്താമെന്നും, അതിലൂടെ അവരുടെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാമെന്നുള്ളതിന് ഉത്തമ ദൃഷ്ടാന്തമാണ് സരിതാവിഷയം. എത്ര സുതാര്യമെന്ന് ഉമ്മന്‍ചാണ്ടി ആണയിട്ടാലും സമാന്യജനത്തിന് ഇന്നും അപ്രാപ്യമായ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു സ്ത്രീക്ക് ഏതു പാതിരാത്രിയിലും, ഒരു നിയന്ത്രണവുമില്ലാതെ കയറി നിരങ്ങാന്‍ കഴിയുമെന്നതിനും ഉദാഹരണമാണ് സരിത.

കേരള ചരിത്രത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രയും ദുരുപയോഗം ചെയ്ത മറ്റൊരു സംഭവും ഇതിന് മുമ്പ് നമ്മള്‍ കണ്ടിട്ടില്ല. മറ്റൊരു മുഖ്യമന്ത്രിയുടെ ജോലിക്കാര്‍ക്കം ഇതുപോലെ അഴിമതിക്കേസില്‍ 'അഴി' എണ്ണേണ്ടിയും വന്നിട്ടില്ല. കാസര്‍കോട്ട് ജില്ലയില്‍, ഏതോ ഒരു 'പട്ടിക്കാട്ടില്‍' രണ്ട് ഏക്കര്‍ സ്ഥലം ഒരു വിമുക്തഭടനു നല്‍കിയെന്നും പറഞ്ഞ് അച്യുതാനന്ദനേയും, അദ്ദേഹത്തിന്റെ സഹായിയേയും അഴിമതിയുടെ പേരില്‍ തുറങ്കലിലടയ്ക്കാന്‍ ഈ സര്‍ക്കാര്‍ കാണിച്ച വ്യഗ്രതയും, അതിനു ചില മൂടുതാങ്ങി പത്രങ്ങള്‍ നല്‍കിയ വെണ്ടക്കാ തലകെട്ടുകളും കേരള ജനത മറക്കാന്‍ സമയമായിട്ടില്ല.

ഉമ്മന്‍ചാണ്ടിയുടെ കൂടെയുള്ള സ്റ്റാഫുകള്‍ പലരും കോടികള്‍ സമ്പാദിച്ചപ്പോള്‍, ഉപജീവനമാര്‍ഗം തേടി സുരേഷ് എന്ന മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സഹായി 'വിമാനം' കയറിയത്  ഒരു നീറ്റലോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കൂ.

നമ്മള്‍ സത്യസന്ധരും, സത്യവിശ്വാസികളെന്നും കരുതി പോന്നിരുന്ന, അല്ലെങ്കില്‍ അങ്ങനെ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ച ചിലരുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നതു കാണാനും സരിത വിഷയം ഇടയാക്കി. കോടതിക്കു സരിത രഹസ്യമായി കൊടുത്ത മൊഴി രേഖപ്പെടുത്താതെ, പിന്നെ എഴുതി നല്‍കിയാല്‍ മതിയെന്നു പറഞ്ഞ്, കേസ് അട്ടിമറിക്കു വാതില്‍ തുറന്നു കൊടുത്ത 'നീതിമാനായ' ന്യായാധിപനേയും ഈ കേസില്‍ നമ്മള്‍ പരിചയപ്പെട്ടു. സരിതയുടെ മൊഴി എഴുതിവാങ്ങാന്‍ പത്തു ദിവസമെടുത്തപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട മന്ത്രിമാരേയും, എം.എല്‍.എമാരേയും, മന്ത്രി പുത്രന്മാരേയും കേരളം കണ്ടു. അവരില്‍ പലരും പകലും പാതിരാത്രിയിലും, പള്ളിയിലും, അമ്പലത്തിലുമൊക്കെ കേറിയിറങ്ങുന്നതും കാണാനിടയായി.

ഒടുവില്‍ സര്‍ക്കാരും, കോടതിയും, ജയിലും പോലീസും, എല്ലാവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും, ചാക്കുകെട്ടിന് പണം കൊടുത്തും കോടതിക്കു കൊടുത്ത രഹസ്യമൊഴി മാറ്റി എഴുതിച്ച്, കേരളം ഇന്നേയും കണ്ടിട്ടുള്ള ഏറ്റവും വലിയ ഭരണഭീകരതക്കും സരിതാകേസ് സാക്ഷ്യം വഹിച്ചു. മൊഴിമാറ്റിക്കാന്‍ കൂട്ടുനിന്നവരുടെ സംഭാഷണങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങലെ തുറങ്കലിലടക്കുമെന്നു പറയുന്ന, ഇതുവരെ കണ്ടിട്ടില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ അധികാര ധാര്‍ഷ്ട്യതയും കേരളം കണ്ടു. അതുപോലെ നമ്മള്‍ ഇന്നുവരെ കാണാത്ത അദ്ദേഹത്തിന്റെ തൊലികട്ടിയും.

"ആന ചെരിഞ്ഞാലും ജീവിച്ചാലും പന്തീരായിരം" എന്നു പറഞ്ഞതുപോലെ, സരിത ജയിലിലാണെങ്കിലും, പുറത്താണെങ്കിലും അവരുടെ വരുമാന മാര്‍ഗങ്ങള്‍ അടയുന്നില്ല. മൊഴി മാറ്റിപ്പറഞ്ഞതിന് കിട്ടിയത് പതിനഞ്ചുകോടി. മൊത്തം കടം പത്തുകോടി മാത്രം. പിന്നെയും അഞ്ചുകോടി ലാഭം. ഇത്രയും ആദായമുള്ള മറ്റെന്തു ബിസിനസാണുള്ളത്. ജയിലില്‍ കിടന്ന് കടംവീട്ടി, സരിത ഇതാന്നു പറയുമ്പോള്‍ പുറത്തു വരും. അതാണ് പെണ്ണിന്റെ മിടുക്ക്. അങ്ങനെ അവര്‍ക്ക് വീണ്ടും വീണ്ടും മിടുക്കിയാകാന്‍ അവസരം കൊടുക്കുന്നതിന് ഉത്തരവാദി നമ്മുടെ സ്വന്തം സര്‍ക്കാര്‍ മാത്രമാണ്.

അടികുറിപ്പ്
രമേശ് ചെന്നിത്തല ഇനി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ല.
പാവം രമേശിന് സരിതയുടെ ഫോണ്‍ വിളിക്ക് ഭാഗ്യമില്ല



സോളാര്‍ ഗ്രഹണത്തില്‍ കേരളം കണ്ട കാഴ്ചകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക