Image

ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങി മരിച്ച സാഹിത്യസന്തതികള്‍ - പി. റ്റി. പൗലോസ്

പി. റ്റി. പൗലോസ് Published on 28 August, 2013
ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങി മരിച്ച സാഹിത്യസന്തതികള്‍ - പി. റ്റി. പൗലോസ്
സഞ്ചാര സാഹിത്യത്തിലൂടെ മലയാള സാഹിത്യത്തെ ദേശാന്തരങ്ങളിലെത്തിയ ജ്ഞാനപീഠ ജേതാവായിരുന്നു എസ്.കെ. പൊറ്റക്കാട്. സഞ്ചാരം അദ്ദേഹത്തിന് ഒരു ലഹരി ആയിരുന്നു. കാപ്പിരികളുടെ നാടായ ആഫ്രിക്കയുടെ വാതിലുകള്‍ മലയാളിക്കായി ആദ്യം തുറന്നു കൊടുത്തത് പൊറ്റക്കാടാണ്. മലയാള സാഹിത്യത്തിലെ ആ അതികായകന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ് ഈ വര്‍ഷം ലോകമെമ്പാടുമുള്ള മലയാള സാഹിത്യസ്‌നേഹികള്‍.

പ്രതീക്ഷകളോടെ ഏഴുതിയ രചന തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെടുന്നത് ഒരു എഴുത്തുകാരന് വലിയ സങ്കടമാണ്. എസ്.കെ. പൊറ്റക്കാടിനുമുണ്ടായി അത്തരം സങ്കടം. ഒന്നല്ല, സങ്കടങ്ങളുടെ സമാഹാരം തന്നെ ഒരിക്കല്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായി.

പൊറ്റക്കാട് സാഹിത്യലോകത്തേക്ക് കടക്കുന്നത് തന്റെ ബോംബെ ജീവിതത്തിലൂടെയാണ്. 1939 ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്‌പ്പോള്‍ പൊറ്റക്കാട് ബോംബെയില്‍ താമസിക്കുകയായിരുന്നു. പട്ടാളത്തിലേക്ക് ആളുകളെ എടുക്കുന്ന സമയം. വിദേശത്തേക്ക് പോകാന്‍ താല്‍പര്യമായിരുന്നെങ്കിലും പട്ടാളത്തില്‍ ചേരുന്നത് തന്റെ ദേശീയ ദര്‍ശനത്തിന് യോജിച്ചതായി പൊറ്റക്കാടിന് തോന്നിയില്ല. പക്ഷേ, പട്ടാളത്തിലെങ്ങാനും ചേരേണ്ടി വന്നാല്‍ താന്‍ എഴുതിവച്ച കഥകള്‍ക്കും കവിതകള്‍ക്കും എന്തുസംഭവിക്കുമെന്ന ആധി പൊറ്റക്കാടിനെ അലട്ടി. എങ്ങെനെയും തന്റെ രചനകള്‍ വീട്ടിലെത്തിച്ചേ തീരൂ. പക്ഷെ എങ്ങനെ?

അപ്പോഴാണ് തന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന സ്റ്റെനോഗ്രാഫര്‍ രാമദാസ് നാട്ടിലേക്ക് പോകുന്നുവെന്നറിഞ്ഞത്. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ പൊറ്റക്കാടിന്റെ കഥകളുള്ള ഇളംനീല സ്യൂട്ട്‌കേസുമായി രാമദാസ് പുറപ്പെട്ടെങ്കിലും രാമദാസോ പെട്ടിയോ നാട്ടിലെത്തിയില്ല!
ബോംബെയില്‍ റയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട രാമദാസിന് വഴിക്കുവച്ച് ഒരു ഭൂതോദയമുണ്ടായി, മിലിട്ടറിയില്‍ ചേരാന്‍. രാമദാസ് എന്റോള്‍ ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, അന്നുതന്നെ പുറപ്പെടാന്‍ ഒരുങ്ങിക്കൊണ്ട് പുകവിട്ടു നിന്ന ഒരു കപ്പലിലേക്ക് പലരുടെയും കൂട്ടത്തില്‍ തള്ളിക്കയറ്റപ്പെടുകയും ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ജപ്പാന്‍കാര്‍ രാമദാസിന്റെ കപ്പലിനെ ടോര്‍പ്പിഡോ ചെയ്തു. കുറെപ്പേര്‍ കടലില്‍ മുങ്ങിമരിച്ചു. കപ്പലിലെ ചരക്കുകള്‍ മുങ്ങി. രാമദാസിന്റെ പെട്ടി ഭാണ്ഡങ്ങളോടൊപ്പം പൊറ്റക്കാടിന്റെ സാഹിത്യവും മുങ്ങി. ആ ആക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ രാമദാസും ഉണ്ടായിരുന്നു.

പില്‍ക്കാലത്ത് എസ്.കെ. പൊറ്റക്കാട് ഇങ്ങനെയാണ് സങ്കടകരമായ ആ ഓര്‍മ്മ അവസാനിപ്പിച്ചത്:

“അങ്ങനെ, എന്റെ ആദ്യകാല സാഹിത്യസന്തതികള്‍ ഇന്നും ബംഗാള്‍ ഉള്‍ക്കടലിന്റെ അടിത്തട്ടില്‍ കിടക്കുകയാണ്.”

മഹാകവി കുമാരനാശാനോടൊപ്പം പല്ലനയാറ്റില്‍ മുങ്ങിയ കരുണയുടെ കഥയും മറ്റൊന്നല്ല. പക്ഷെ, കരുണ മുങ്ങിത്തോര്‍ത്തി ജീവനോടെ തിരിച്ചെത്തി. ആശാന്‍ തന്റെ അവാസന യാത്രക്കായി 'റെഡീമര്‍' എന്ന ബോട്ടില്‍ കയറിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ട്രങ്ക് പെട്ടിയില്‍ രണ്ടു കയ്യെഴുത്തുപ്രതികള്‍ ഉണ്ടായിരുന്നു: ആശാന്റെ അവസാനത്തെ ഖണ്ഡകാവ്യമായ കരുണയും അവതാരിക എഴുതാന്‍ ഗ്രന്ഥകര്‍ത്താവ് ആശാനെ ഏല്‍പ്പിച്ച പ്രൊഫ: കെ. കൃഷ്ണന്റെ ജീവചരിത്രവും. ബോട്ടപടകത്തെ തുടര്‍ന്ന് ആശാന്റെ പെട്ടി വീണ്ടെടുത്തെങ്കിലും, മഷികൊണ്ട് എഴുതിയതായിരുന്നതിനാല്‍ ജീവചരിത്രത്തില്‍ നിന്ന് അക്ഷരങ്ങളെല്ലാം മാഞ്ഞു പോയിരുന്നു. പക്ഷെ, പെന്‍സില്‍കൊണ്ട് എഴുതിയിരുന്നതിനാല്‍ വായിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു ആ സുന്ദരകാവ്യം- കരുണ!

('കഥക്കൂട്ടി'നോട് കടപ്പാട്)


ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങി മരിച്ച സാഹിത്യസന്തതികള്‍ - പി. റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക