Image

കല്ലുകടിക്കുന്ന പുത്തരിച്ചോറ്‌ (ഓണസ്‌മരണകള്‍: ഏബ്രഹാം തെക്കേമുറി)

Published on 29 August, 2013
കല്ലുകടിക്കുന്ന പുത്തരിച്ചോറ്‌ (ഓണസ്‌മരണകള്‍: ഏബ്രഹാം തെക്കേമുറി)
ഓണത്തെക്കുറിച്ച്‌ എന്തെങ്കിലും ഓണസ്‌മരണകള്‍ എഴുതി മലയാളിയെ ഓണമാഘോഷിക്കാന്‍ ഉണര്‍ത്തുന്നു ഇന്നത്തെ പത്രമാദ്‌ധ്യമങ്ങള്‍. എന്തെന്നാല്‍ ഓണം കേരളത്തില്‍ അന്തരിച്ചിരിക്കുന്നു. അപ്പോള്‍പ്പിന്നെ അനുസ്‌മരണയ്‌ക്ക്‌ തൂക്കം കൂടുന്നു. രണ്ട്‌, മൂന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌, ഓണം ഒരു ആവേശമായിരുന്നു. പുന്നെല്ലൂണ്‌ എന്ന നാമധേയത്തില്‍ മദ്ധൃതിരുവിതാംകൂറിലെ കരകൃഷിക്കാര്‍ ഓണം ആഘോഷിച്ചു. പുന്നെല്ലൂണെന്നു പറഞ്ഞാല്‍ കണ്ടത്തിലോ, കരയിലോ മുന്നായകന്‍ വിത്ത്‌ ( മൂന്നുമാസംകൊണ്ട്‌ വിളയുന്ന നെല്‍കൃഷി) വിളവെടുത്ത്‌ ഓണത്തിന്റെ കാലയളവില്‍ കുടിപ്പണിക്കാരെയും അയലത്തുകാരെയും വിളിച്ച്‌ നടത്തുന്ന സദ്യ. നായരും നസ്രാണിയും ചേര്‍ന്ന്‌ നടത്തിയ സവര്‍ണ്ണമേധാവിത്വത്തിന്റെ ആ നാളുകള്‍ ജീവിതത്തിന്റെ ഓര്‍മ്മകളിലെ ചില ഏടുകള്‍ മാത്രം. എന്നാല്‍ അഞ്ചോണവും ഒരു കൊഞ്ചോണവും ഉണ്ണാന്‍ കേരളത്തില്‍ വച്ച്‌ കഴിഞ്ഞിട്ടില്ല.

എങ്കിലും കഴിഞ്ഞകാലജീവിതത്തിന്റെ ഓര്‍മ്മകള്‍ മനസിന്‌ കുളിര്‍മ്മയേകുന്നു ഇന്നാളുകളിലെ ഓണാഘോഷവേളകളില്‍.

ഇന്ന്‌ അമേരിക്കയില്‍ ആക്‌ഷരികമായിത്തന്നെ അനേകവര്‍ഷങ്ങളായി അഞ്ചോണവും പിന്നൊരു കൊഞ്ചോണവും ഞാന്‍ ഉണ്ണുകയാണ്‌. ക്‌ഷണനങ്ങളെ നിരസിക്കാതെ സഹകരിക്കുന്നു. ഹിന്ദുത്വം കലര്‍ന്ന ഒറിജിനല്‍ ഒന്നാമോണം. അസോസിയേഷന്റെ രണ്ടാമോണം. അത്‌ ദഹിക്കും മുന്നേ വിഘടിതഅസോസിയേഷന്റെ നസ്രാണിത്വമുള്ള മൂന്നാമോണം. ദഹനക്കേടു പിടിച്ചിരിക്കുമ്പോള്‍ വേള്‍ഡ്‌ മലയാളി ഒരുക്കുന്ന നാലാമോണം. ഇതെല്ലാം ഉണ്ടു സുബോധം നഷ്‌ടപ്പെട്ടിരിക്കുമ്പോള്‍ പിന്നീട്‌ ലഭിക്കുന്ന എല്ലാ ഓണക്കാലസത്‌ക്കാരത്തെയും ഒന്നിച്ച്‌ അഞ്ചാമോണമെന്ന്‌ ഞാന്‍ വിളിക്കുന്നു.

മലയാളനാട്ടില്‍ പിറന്നതിനാല്‍ ഞാന്‍ എത്രയോ മഹാഭാഗ്യവാന്‍. ഇങ്ങനെ വേണമെങ്കില്‍ സമാധാനിക്കാം. സന്തോഷിക്കാം. എന്നാല്‍ ഈ ഉണ്ണുന്ന പുത്തരിച്ചോറിലെല്ലാം ഇതാ കല്ലു കടിക്കുന്നു. എന്തേ കാരണം? മാവേലിയുടെ ഐതീഹ്യം മാത്രമല്ല ഈ സദ്യയൊരുക്കുന്നവരുടെ മനസില്‍. പിന്നെയോ ഇന്നത്തെ കേരളത്തിന്റെ തനിയാവര്‍ത്തനമാണിതൊക്കെ. ഓണാഘോഷം ക്‌ളബുകള്‍ ദത്തെടുക്കയാല്‍, ഓലക്കുടയും ഉണ്ണിക്കുടവയറുമായത്തെിയിരുന്ന മാവേലി ഇപ്പോള്‍ ജീന്‍സും ടീഷര്‍ട്ടുമൊക്കെ അണിഞ്ഞ്‌ വര്‍ണ്ണക്കുടകളും പിടിച്ച്‌ രണ്ട്‌ സ്‌മോളും വീശിയാണ്‌ കേരളത്തില്‍ പ്രത്യക്‌ഷപ്പെടുന്നത്‌. ജാതിവര്‍ഗവര്‍ണ്ണവ്യത്യാസങ്ങളെ ഓലനിലും കാളനിലും പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ പാരമ്പര്യവാദികളുടെ സമാന്തര ഓണവും മറുവശത്ത്‌ നടക്കുന്നു..
വിദേശമലയാളികളും അത്തരം ഒരു സംസ്‌കാരത്തിലാണ്‌്‌ ഇന്ന്‌ ചരിക്കുന്നത്‌. ഓണസദ്യകൊണ്ട്‌ ഓരോരുത്തരും അവരുടെ അണികളുടെ ശക്‌തി വെളിപ്പെടുത്തുകയാണിവിടെ. പറുദീസയില്‍ വന്നുനിന്നുകൊണ്ട്‌ സ്വര്‍ഗത്തിലേക്കെന്ന വ്യാജേന നരകത്തിലേക്ക്‌ പാതവെട്ടുകയാണ്‌

ഇവിടെ സംഘടനകള്‍ വര്‍ദ്‌ധിക്കട്ടെ. അപ്പോള്‍ അധികമോണം നമുക്ക്‌ ഉണ്ണാം. സംഘടനകളും സഭകളുമൊക്കെ വര്‍ദ്‌ധിച്ചുവരുന്നത്‌ നല്ലതു തന്നെ. ഇതിനൊക്കെ എന്തെങ്കിലും ഒരു അടിസ്‌ഥാനതത്വം ഉണ്ടായിരിക്കണമെന്നു മാത്രം. സൗഹൃദസദസല്ല സഹൃദയസദസാണ്‌ ഉണ്ടാവേണ്ടത്‌. അല്ലയെങ്കില്‍ വെയ്‌പകാരും വിളമ്പുകാരും മാത്രമുള്ള സദ്യ നടക്കും. ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന സ്‌ഥിതിവിശേഷത്തിലേക്ക്‌ വീണുപോകാതെ ഉയിര്‍ത്തെഴുന്നേല്‌ക്കേണ്ടത്‌ നിലനില്‍പ്പിനാവശ്യമാണ്‌.

മൂല്യചോഷണത്തിന്റെ കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന്റെ ദയനീയചിത്രമാണ്‌ നാം കാണുന്നത്‌. കൊച്ചുകേരളത്തിന്‌ കൈമോശംവന്ന ആ നല്ല സംസ്‌കാരത്തെ കാത്തുസൂക്‌ഷിക്കുന്നവരാണ്‌ അമേരിക്കന്‍ മലയാളികള്‍. എന്നാല്‍ കേരളനേതൃത്വത്തോടുള്ള വിധേയത്വത്തില്‍ അമേരിക്കന്‍ മലയാളിയുടെ നേതൃത്വസ്‌ഥാനങ്ങളെല്ലാം ഇന്ന്‌ ശക്‌തി ക്‌ഷയിച്ചവരായി തീരുകയാണ്‌. കാലത്തോടൊപ്പം വളരാതെ പാരമ്പര്യങ്ങളെ ആചരിക്കുന്നതില്‍ എന്തു പ്രസക്‌തി?

`സംഘടിച്ച്‌ ശക്‌തരാകുവീന്‍' എന്ന വിഘടിതശബ്‌ദം കേട്ട്‌ വളര്‍ന്ന മലയാളി വിദേശത്തും സംഘടിക്കുകയാണ്‌. എന്തിനുവേണ്ടി? ഇവിടെയെന്താ അവകാശങ്ങള്‍ വല്ലതും നേടിയെടുക്കാനുണ്ടോ? സത്യാഗ്രഹവും സമരവും വല്ലതും നയിക്കാനുണ്ടോ? അമേരിക്കയില്‍ `ബന്ത്‌' പ്രഖ്യാപിക്കാനോ? അതോ പൊതുമുതല്‍ നശിപ്പിച്ച്‌ തങ്ങളുടെ പാര്‍ട്ടിയുടെ അഥവാ സംഘടനയുടെ ശക്‌തി തെളിയിക്കാനോ?. ഒന്നിനുമല്ല, പിന്നെയോ സത്യം എന്താണ്‌? നേത്യത്വസ്‌ഥാനങ്ങളിലൂടെ മലയാളി്‌ ഈ അന്യനാട്ടിലും മലയാളിയെ ചൂഷണം ചെയ്യുന്ന പിത്യപാരമ്പര്യം നിലനിര്‍ത്തുകയാണ്‌ ഇവിടെ സമസ്‌തസംഘടനകളുടെ സര്‍വരൂപവും.

ഒരു ടൈംപാസിനുവേണ്ടി നാം സമ്മേളിക്കേണ്ടുന്ന സ്‌ഥാനത്ത്‌ ഭരണഘടനയും അങ്ങനെ തനികേരളഘടനയും വച്ച്‌ പൊതുജനത്തെ ചൂഷണം ചെയ്‌ത്‌ കുറെ നേതാക്കന്മാര്‍ ജനിക്കുന്നു. എന്നിട്ട്‌ ഗ്രൂപ്പിസം കാഴ്‌ചവെയ്‌ക്കുന്നു. സാധാരണക്കാരെ വലവീശി പിടിക്കുന്നു. അങ്ങനെ വര്‍ഗീയം, രാഷ്‌ട്രീയം സഭാവ്യത്യാസമൊക്കെ ഇവിടെയും സ്‌ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴും അനന്തരതലമുറ ആണും പെണ്ണുമെന്ന രണ്ടു ജാതിയേയുള്ളുവെന്ന്‌ മനസിലാക്കി അത്‌ ആസ്വദിക്കുമ്പോള്‍ അതിന്റെ നേരെ കണ്ണു ഇറുക്കിയടച്ചുകൊണ്ട്‌ മാതാപിതാക്കള്‍ `മലയാളിമാഹാത്‌മ്യം' ഇവിടെ വിളമ്പുകയാണ്‌.

എന്നിരിക്കിലും മലയാളിയേയും ഓണവും കാണണമെങ്കില്‍ ഇന്ന്‌ അമേരിക്കയില്‍ ചെല്ലണമെന്ന്‌ തോന്നുമാറ്‌ കേരളത്തില്‍ വാര്‍ത്തകള്‍ പിറക്കുന്നു. ഇന്നിപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ മലയാളികളോയെന്ന്‌ സംശയം! അനുകരണത്തിന്റെ വഴിയിലൂടെ വേഷത്തിലും ഭാവത്തിലുമെല്ലാം സായ്‌പായി കഴിഞ്ഞിരിക്കുന്നു. കാണം വിറ്റു മാത്രമല്ല ലോണെടുത്തും ഓണം ഉണ്ണുന്നു.
കല്ലുകടിക്കുന്ന പുത്തരിച്ചോറ്‌ (ഓണസ്‌മരണകള്‍: ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക