Image

ചില ഓണവിചാരങ്ങള്‍ (വാസുദേവ്‌ പുളിക്കല്‍)

Published on 02 September, 2013
ചില ഓണവിചാരങ്ങള്‍ (വാസുദേവ്‌ പുളിക്കല്‍)
മലയാളികളുടെ മഹോത്സവമാണ്‌ ചിങ്ങമാസത്തിലെ തിരുവോണം. നിറവിന്റെയും ഐശ്വര്യ പൂര്‍ണ്ണതയുടേയും പ്രതീകമായി ഓണത്തെ കണക്കാക്കാം. കാരണം ഓണാഘോഷത്തിന്റെ ഉത്ഭവം അന്വേഷിച്ചു ചെല്ലുമ്പോള്‍ കാര്‍ഷിക സംസ്‌ക്കാരമാണ്‌ അതിന്റെ പശ്ചാത്തലമെന്ന്‌ കാണാന്‍ കഴിയും. പ്രകൃതി കനിഞ്ഞു നല്‍കിയ കാര്‍ഷികോല്‌പന്നങ്ങളുടെ ശേഖരം കണ്ട്‌ ആഹ്‌ളാദത്തോടെ പ്രകൃതിയോട്‌ നന്ദി സൂചിപ്പിച്ചുകൊണ്ട്‌ കര്‍ഷകരുടെ ജാതിമതഭേദമെന്യേ ഒത്തുചേര്‍ന്നുള്ള ഉത്സാഹത്തിമിര്‍പ്പാര്‍ന്ന ഉത്സവം. ഓണനിലാവും ഓണനിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഓണപൂക്കളും തുമ്പിതുള്ളലും തിരുവാതിരകളിയും ഓണത്തല്ലും ആരവങ്ങളും വാദ്യഘോഷങ്ങളോടും താലപ്പൊലിയോടും കൂടിയുള്ള മാവേലിയുടെ വരവേല്‍പ്പും മറ്റും ഓണാഘോഷത്തിന്റെ മധുരസ്‌മരണങ്ങള്‍ നല്‍കുന്നു.

ഓണത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ ജനിപ്പിക്കുന്ന ഗൃഹാതുരത്വത്തിന്റെ മാറ്റുക്കുറക്കാന്‍ മറുനാടന്‍ മലയാളികളായ നമ്മളും പൂക്കളങ്ങളും മറ്റുമൊരുക്കി ഓണമാഘോഷിക്കുന്നു. മനോഹരവും വര്‍ണ്ണശബളവുമായ പൂക്കളങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ സമാനതയുടെ സുഗന്ധം പരത്തുന്ന സ്‌നേഹപൂക്കള്‍ മനസ്സില്‍ വിരിയുന്നു. ക്രൈസ്‌തവ സംസ്‌ക്കാരം, ഇസ്ലാം സംസ്‌ക്കാരം തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വിഭിന്ന സംസ്‌ക്കാരവും പാരമ്പര്യവും കേരളത്തിലേക്ക്‌ ഒഴുകി വന്നിട്ടുണ്ട്‌. വൈവിദ്ധ്യമാര്‍ന്ന ഈ പാരമ്പര്യങ്ങളുടേയും സംസ്‌കാരങ്ങളുടെയും സമാനതയുടെ ഒരു ഏകീകൃതഭാവം ഓണഘോഷത്തിലുണ്ട്‌. അതുകൊണ്ട്‌ മനുഷ്യരെല്ലാരും ഒന്നു പോലെ എന്ന വികാരം മനസ്സില്‍ നിറച്ചു കൊണ്ട്‌ എല്ലാവരും ഒത്തുചേര്‍ന്ന്‌ വിഭവസമൃദ്ധമായ ഓണസദ്യയുണ്ടും ഓണക്കളികളില്‍ പങ്കെടുത്തും മറ്റും സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ ഓണസദ്യ എന്നു പറയുമ്പോള്‍ അതിനോട്‌ വിയോജിപ്പുള്ളവരുണ്ട്‌. മനുഷ്യരുടെ ഉല്‍പ്പത്തി കാലം മുതല്‍ കൃഷിയുണ്ട്‌. കര്‍ഷകന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയനാള്‍ മുതല്‍ വിളവെടുപ്പുണ്ട്‌. കാര്‍ഷികോത്സവമായി ഓണം ആഘോഷിച്ചു പോകുന്നുമുണ്ട്‌. ആഹാര സാധനങ്ങളില്‍ ഒന്നിനും വിലക്കില്ലാതെ അവര്‍ക്കിഷ്‌ടമുള്ള ഭക്ഷണം ഒരുക്കിയാണ്‌ ആദ്യകാലങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നത്‌ എന്നു വേണം കരുതാന്‍. ഇന്നിപ്പോള്‍ കേരളത്തിന്റെ മിക്കഭാഗങ്ങളിലും ഓണസദ്യ പച്ചക്കറിയില്‍ ഒതുങ്ങിപ്പോയിരിക്കുന്നു എന്നു കാണുമ്പോള്‍ അത്‌ സസ്യഭുക്കുകള്‍ക്ക്‌ മാത്രം സമൃദ്ധമായി എന്നു കരുതാനെ നിവൃത്തിയുള്ളൂ. പച്ചക്കറി സദ്യ ഇക്കാലത്ത്‌ ഏര്‍പ്പെടുത്തിയ ആചാരത്തിന്റെ ഭാഗമായി മാറിയതുകൊണ്ട്‌ ഓണത്തിന്‌ ഇഷ്‌ടഭക്ഷണം കഴിച്ച്‌ സംതൃപ്‌തരാകാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പഴയ ഒരു കാലഘട്ടത്തിലെ അടിച്ചമര്‍ത്തലിന്റെയും അവകാശനിഷേധത്തിന്റെയും ബാക്കിപത്രമെന്നോണം ഓണസദ്യയിലെ വിലക്ക്‌ ഇന്നും നിലനില്‍ക്കുന്നു. മനുസ്‌മൃതിയും മറ്റു രചിച്ച്‌ കേരളീയ ഹൈന്ദവരുടെ ജീവിതക്രമത്തില്‍ സ്വാധീനം ചെലുത്തിയ ബ്രാഹ്മണാധിപത്യമാണ്‌ ഓണസദ്യയിലും നിയന്ത്രണം കൊണ്ടുവന്നത്‌ എന്ന്‌ ചിന്തിക്കുന്നത്‌ യുക്തമായിരിക്കും. സസ്യഭുക്കുകളായ ബ്രാഹ്മണന്‍ ഓണാഘോഷമെന്ന കാര്‍ഷികോത്സവത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയും ഓണസദ്യയില്‍ മത്സ്യമാംസങ്ങള്‍ പാടില്ല എന്ന്‌ വിലക്കു കല്‍പ്പിക്കുകയും ചെയ്‌തിരിക്കണം. ബ്രാഹ്‌മണ മേധാവിത്യത്തില്‍ അമര്‍ന്നു പോയ കേരളീയരുടെ ദുര്‍വിധിയില്‍ അവര്‍ക്ക്‌ നഷ്‌ടപ്പെട്ട അവകാശങ്ങളുടെ പട്ടികയില്‍ യഥേഷ്‌ടം ഓണസദ്യയൊരുക്കാനുള്ള അവകാശവും ഉള്‍പ്പെട്ടു. ഈ അടിമത്വാവസ്ഥക്ക്‌ വൈകിയാണെങ്കിലും ഒരു വിരാമമിടേണ്ടേ? മലബാര്‍ പ്രദേശത്തുള്ളവര്‍ ഇതുനേരത്തെ മനസ്സിലാക്കി. മലബാറുകാരെപ്പോലെ കേരളത്തിലുടനീളമുള്ളവര്‍ വിലക്കുകള്‍ മാനിക്കാതെ ഭക്ഷണം പാകം ചെയ്‌ത്‌ ഓണസദ്യയൊരുക്കണം. അപ്പോള്‍ ഓണസദ്യപൂര്‍ണ്ണമായും വിഭവസമൃദ്ധമാകും.

ഓണം നമ്മുടെ വ്യക്തിസംസ്‌ക്കാരത്തെ പറ്റിയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌. ലൗകികതയില്‍ മതിമറക്കുകയും ജാത്യാഭിമാനത്തിലും മറ്റും അഹങ്കരിക്കുകയും ചെയ്യുമ്പോള്‍ മനസ്സില്‍ നിന്ന്‌ നന്മ മാഞ്ഞു പോകുന്നു. സമത്വത്തെ പറ്റി ചിന്തിക്കാന്‍പ്പോലും സാധിക്കാത്ത അവസ്ഥ. അപ്പോള്‍ സ്‌നേഹസൗഹൃദങ്ങളുടെ സന്ദേശവാഹകനായി ഓണം കടന്നു വരുന്നത്‌ ഓരോരുത്തര്‍ക്കും ഒരാത്മപരിശോധന നടത്താനുള്ള ഒരവസരമായി വേണം കരുതാന്‍. പക്ഷേ അതൊന്നും ഗൗനിക്കാത്ത ക്ഷുദ്രജീവകളുണ്ടെന്ന്‌ എന്റെ ഒരു സുഹൃത്തിന്റെ അനുഭവം തെളിയിക്കുന്നു. എന്റെ ഒരു ക്രിസ്‌ത്യന്‍ സുഹൃത്ത്‌ ഓരോണക്കാലത്ത്‌ തൃക്കാക്കര അമ്പലത്തില്‍ പോയി. സുഹൃത്തായ ഒരു ഹിന്ദുവിനോടൊപ്പമാണ്‌ അദ്ദേഹം പോയത്‌. മാനുഷ്യരെല്ലാവരും ഒന്നു പോലെ എന്ന ചിന്ത അദ്ദേഹത്തില്‍ ഉല്‍ക്കടമായിരുന്നു. പക്ഷേ അവിടെ ചെന്നപ്പോള്‍ പൂജാരിക്ക്‌ എന്റെ സുഹൃത്തിന്റെ മതം ഏതെന്നറിയണം. ക്രിസ്‌ത്യാനിയാണെന്നറിഞ്ഞപ്പോള്‍ പൂജാരിയുടെ പുരികക്കൊടികള്‍ ഉയര്‍ന്നു. മുഖം മ്ലാനമായി. അദൈ്വതം ഉല്‍ഘോഷിക്കുന്ന സനാതന ധര്‍മ്മത്തിന്റെ പരിപാലകരായിരിക്കേണ്ടവര്‍ ഇങ്ങനയോ എന്ന്‌ എന്റെ സുഹൃത്തിനു തോന്നിക്കാണും. തൃക്കാക്കര ക്ഷേത്രത്തിലാണ്‌ ഇത്‌ സംഭവിച്ചത്‌ എന്നോര്‍ക്കണം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്‌ നമ്മള്‍ ശ്രീനാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളുടെ മഹത്വം മനസ്സിലാക്കുന്നത്‌. സമഭാവനയോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്ന മാതൃകാ സ്ഥാനങ്ങള്‍. നാരായണഗുരുവിന്റെ സാമൂഹ്യപരിഷ്‌ക്കരണത്തിനു നേരെ യാഥാസ്ഥികള്‍ കണ്ണടച്ചിട്ടുണ്ട്‌. അത്‌ ഇപ്പോഴും തുടരുന്നു. ഒരു ജനസമൂഹത്തിന്റെ ആവശ്യങ്ങളുടെ നിറവേറ്റലിനു വേണ്ടിയാണ്‌ നാരായണഗുരും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്‌. താന്ത്രിക വിധികള്‍ക്കല്ല ഗുരു പ്രാധാന്യം നല്‍കിയത്‌. അതിന്റെ ആവശ്യമില്ലെന്ന്‌ ഗുരുവിന്‌ തോന്നിക്കാണുമായിരിക്കും. നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളുടെ പ്രസക്തി കുറയ്‌ക്കുന്നതിനുവേണ്ടിയായിരിക്കണം താന്ത്രികവിധിപ്രകാരം സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ ബ്രാഹ്മണപുരോഹിതന്‍ മന്ത്രോച്ചാരണം ചെയ്‌ത്‌ ദേവിദേവന്മാരാക്കിയ ശിലാഖണ്‌ഡങ്ങള്‍ക്ക്‌ മുമ്പില്‍ തൊഴുത്‌ നിന്ന്‌ പൂണൂലിട്ട പൂജാരിയില്‍നിന്ന്‌ പ്രസാദം വാങ്ങിയാല്‍ മാത്രമേ ക്ഷേത്രദര്‍ശനം കൊണ്ട്‌ പ്രയോജനമുണ്ടാവുകയുള്ളൂ എന്നും ഭക്തന്മാര്‍ക്ക്‌ മനഃശാന്തി ലഭിക്കുകയുള്ളൂ എന്നും പ്രചരിപ്പിക്കുന്നത്‌. ഇങ്ങനെയുള്ള പ്രചരണം നടത്തുന്നത്‌ ഏതു കൊമ്പത്തെ സന്യാസിയായാലും അതു അദ്ദേഹത്തിന്റെ സങ്കുചിത മനോഭാവത്തിന്റെയും വക്രബുദ്ധിയുടേയും ലക്ഷണമാണ്‌. എവിടെ നിന്നുകൊണ്ടായാലും ഭക്തിനിര്‍ഭരമായ മനസ്സോടെ ഈശ്വരസമക്ഷം ആത്മസമര്‍പ്പണം ചെയ്യുന്നവര്‍ക്കു മനഃശാന്തിയുണ്ടാകും.

കാര്‍ഷികോത്സവമാണെങ്കിലും ഓണം പെട്ടെന്ന്‌ അനുസ്‌മരിപ്പിക്കുന്നത്‌ ഇതിഹാസത്തിലെ ചക്രവര്‍ത്തിയായ മഹാബലിയേയും മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനനേയുമാണ്‌. മഹാബലി എന്ന്‌ പറയുന്നതില്‍ നിന്നുതന്നെ ബലി മഹാനായിരുന്നു എന്ന്‌ സൂചന ലഭിക്കുന്നുണ്ട്‌. സമത്വസുന്ദരമായിരുന്നു മഹാബലിയുടെ ഭരണകാലം എന്ന പുകഴ്‌ത്തുപാട്ടും നമ്മള്‍ കേള്‍ക്കുന്നു. മഹാവിഷ്‌ണുബലിയെ സ്ഥാനഭൃഷ്‌ടനും പാപ്പരുമാക്കിയതായി കാണുമ്പോള്‍ ബലിക്കു നീതി ലഭിച്ചോ എന്ന ചോദ്യം ഉയര്‍ന്നുവരാം. ബലിയുടെ മനസ്സില്‍ കുമിഞ്ഞുകൂടിയ അഹങ്കാരം മൂലമാണ്‌ ബലിസ്ഥാനദൃഷ്‌ടനാക്കപ്പെട്ടത്‌. അവതാരങ്ങള്‍ക്ക്‌ ഒരു ലക്ഷ്യമുണ്ട്‌. ലോകത്തില്‍ ധര്‍മ്മത്തിന്‌ ഗ്ലാനി സംഭവിക്കുമ്പോള്‍ ധര്‍മ്മസംസ്ഥാനപനത്തിനായി ഞാന്‍ ജന്മമെടുക്കും എന്ന്‌ കൃഷ്‌ണന്‍ ഗീതയില്‍ പറയുന്നുണ്ട്‌. മഹാവിഷ്‌ണു വാമനനായി അവതരിച്ചതില്‍ നിന്ന്‌ അധര്‍മ്മം നടമാടിയിരുന്നുവെന്നും ആ അധര്‍മ്മത്തിന്‌ പാത്രമായത്‌ എല്ലാം പിടിച്ചടക്കാനുള്ള ബലിയുടെ അധികാരദുര്‍മ്മോഹവും അഹന്തയും മൂലം ദേവലോകത്തുനിന്ന്‌ ഓടിപ്പോകേണ്ട അവസ്ഥയില്‍ എത്തിയ ദേവന്മാരാണെന്നു മനസ്സിലാക്കിയാണ്‌ വിഷ്‌ണു വാമനനായി അവതരിച്ചത്‌. ജഗത്രയം ബലിയില്‍നിന്നു വാങ്ങി ദേവേന്ദ്രനു നല്‍കുകയും ദേവന്മാരെ ബലിയില്‍ നിന്ന്‌ രക്ഷിക്കുകയും ചെയ്‌തപ്പോള്‍ അവതരാക കര്‍ത്തവ്യം നിര്‍വ്വഹിക്കപ്പെട്ടു. ഒരാളില്‍ അമിതമായി ഈശോ വളര്‍ന്നുവന്നാല്‍ അത്‌ ലോകനാശത്തിനു തന്നെ കാരണമാകുമെന്നും(ഹിറ്റ്‌ലറെ ഓര്‍ക്കുക) ആ ഈഗോ നശിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്നും ഉള്ള പാഠം മഹാബലി സ്ഥാനഭൃഷ്‌ടനാക്കപ്പെടുന്നതില്‍ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു.

പക്ഷേ ഭഗവാന്‍ എല്ലാം മനസ്സിലാക്കുന്ന സര്‍വ്വേശ്വരനാണ്‌. സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ഗുണങ്ങള്‍ എല്ലാവരിലുമുണ്ട്‌. ഓരോ ഗുണത്തിന്റെയും പ്രഭാവമാണ്‌ ഓരോരുത്തരുടേയും പ്രവൃത്തികളെ നിയന്ത്രിക്കുന്നത്‌. മോഷ്‌ടാവും കൊലപാതകിയും അസ്‌ന്മാര്‍ക്ഷിയുമായ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞ്‌ ശബരിമലക്ക്‌ പോകാന്‍ നോമ്പുനോക്കുന്നത്‌ അയാളില്‍ അപ്പോള്‍ സത്വഗുണത്തിന്റെ പ്രഭാവം ഉര്‍ന്നു നില്‍ക്കുന്നതുകൊണ്ടാണ്‌. രാജസത്തിന്റെ ആധിക്യത്തില്‍ ബലിദേവന്മാരെ ആക്രമിച്ച്‌ കീഴടക്കിയിട്ടുണ്ടെങ്കിലും ബലിയിലെ സാത്വകി ഗുണത്തിന്റെ പ്രാബല്യം ഭഗവാന്‌ കാണാന്‍ കഴിഞ്ഞു. ബലിയുടെ സത്യസന്ധതയും ഈശ്വരസാക്ഷാത്‌ക്കാരത്തിന്‌ മതിയായ ഗുണങ്ങള്‍ ബലിയില്‍ ലീനമായിരിക്കുന്നതും ഭഗവാന്‍ തിരിച്ചറിഞ്ഞു. ബലി വാമനന്‌ മൂന്നടി സ്ഥലം വാഗദാനം ചെയ്‌തപ്പോള്‍ വാമനന്‍ മഹാവിഷ്‌ണുവാണെന്നും `മൂവടി ജഗത്രയമടക്കിയളന്നു പോം' എന്നും അതുകൊണ്ട്‌ വാഗ്‌ദാനത്തില്‍ നിന്നും പിന്മാറണമെന്നും ഗുരുശുക്രാചാര്യര്‍ ഉപദേശിച്ചെങ്കിലും ബലിയുടെ സത്യനിഷ്‌ഠയും ധര്‍മ്മനിഷ്‌ഠയും ആദര്‍ശശുദ്ധിയും ബലിയെ അതിനനുവദിച്ചില്ല. ഒടുവില്‍ മഹാവിഷ്‌ണുവിന്‌ മൂന്നാമത്തെ അടിവെയ്‌ക്കാന്‍ സ്ഥലം കൊടുക്കാന്‍ നിവൃത്തിയില്ലാതെ സ്വന്തം ശരീരമല്ലാതെയൊന്നുമില്ലെന്നും കണ്ടപ്പോള്‍

`മച്ഛിരോഭുവിതൃക്കാല്‍ വച്ചുകൊണ്ടടിയനാ-
ലുക്തമാം സത്യം രക്ഷിക്കേണമേദയാനിധേ'


എന്ന്‌ അപേക്ഷിച്ചുകൊണ്ട്‌ ബലി ഭഗവാന്റെ മുന്നില്‍ തലകുനിച്ചത്‌ തികഞ്ഞ ആത്മസമര്‍പ്പമം തന്നെയായിരുന്നു. ഭഗവാന്‍ സന്തുഷ്‌ടനായി ബലിയെ തലയില്‍കാല്‍വിരല്‍തൊട്ട്‌ അനുഗ്രഹിച്ച്‌ സ്വര്‍ക്ഷത്തേക്കാള്‍ ഉന്നതമായ സുതലത്തിലേക്ക്‌ അയച്ചത്‌ ഭാഗവതത്തില്‍ കുറിച്ചിട്ടിരിക്കുന്നതു നോക്കൂ.

`അകയാലിവന്‍ മഹാമായയെ ജ്ജയിച്ചവ-
നേകദാ നിജധനമൊക്കെ നശിച്ചപ്പോള്‍
മാനസേ ചെറുതൊരു സംഭ്രമമുണ്ടായീല
ഭാതവനതിശുദ്ധമാനസനായാനിപ്പോള്‍
കേവലമിനി മമ ലോകം പ്രാപിക്കുമിവന്‍
സാവര്‍ണ്ണി മനുവിങ്കലിന്ദ്രിനാകയും ചെയ്യും
അത്രകാലവും സുതലത്തിലിരിക്കപോ-
യത്യന്തം മമ ഭക്തി പൂണ്ടനുദിനം
മുക്തനായ്‌ വരികെന്നു മുഗ്‌ദ്ധഹാസവും കലര്‍-
നുത്തമപുമാനരുള്‍ ചെയ്‌തുടനവനുടെ
മസ്‌തകമദ്ധ്യേതൃക്കാല്‍ വച്ചു മൂവടി തിക-
ച്ചെത്രയും നന്നായ്‌ വരിയെന്നയച്ചരുളിനാന്‍ '

ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി എന്ന തെറ്റിദ്ധാരണക്ക്‌ ഒരു തിരുത്തല്‍ വേണ്ടിവരും. ഈശ്വരസാക്ഷാത്‌ക്കാരത്തിന്‌ അര്‍ഹത നേടുന്നവരെ ഈശ്വരന്‍ ഒരിക്കലും കൈവെടിയുകയില്ല എന്ന ബോധത്തോടെ ജീവിതം ധന്യമാക്കുക എന്ന്‌ ഓണത്തോടനുബന്ധിച്ചു ഈ മാവേലിക്കഥയില്‍ നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം. അങ്ങനെ ഓണം ജീവിത സായൂജ്യത്തിലേക്ക്‌ നയിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ആഘോഷമായിത്തീരട്ടെ.
ചില ഓണവിചാരങ്ങള്‍ (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക