Image

ആലീസിന്റെ അത്ഭുതലോകം(കഥ)- ഷാജന്‍ ആനിത്തോട്ടം

ഷാജന്‍ ആനിത്തോട്ടം Published on 19 October, 2013
ആലീസിന്റെ അത്ഭുതലോകം(കഥ)- ഷാജന്‍ ആനിത്തോട്ടം
സ്വപ്നങ്ങളുടെ ആകാശത്തുനിന്നും യാഥാര്‍ത്ഥ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലേക്ക് മനസ്സ് മടങ്ങിയപ്പോള്‍ ആലീസ് ആകെ വിയര്‍ത്തിരുന്നു. മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന മഴവില്ലിന്റെ സപ്തവര്‍ണ്ണങ്ങള്‍ മേഘപടലങ്ങളുടെ കരിമ്പാറക്കെട്ടുകള്‍ക്ക് വഴിമാറി. ആകുലതയുടെ കറുകഖുത്ത ആവരണങ്ങള്‍…

ഉത്തരമില്ലാത്ത ചോദ്യരൂപങ്ങള്‍ തന്നെ തുറിച്ചുനോക്കുന്നതായി അവള്‍ക്ക് തോന്നി. ഉത്തരം ഉടനെ കണ്ടെത്തിയേ പറ്റൂ. വൈകുന്തോറും വളരുകയാണ് പ്രശ്‌നങ്ങള്‍.

അടിവയറിന്റെ സ്വകാര്യതയിലേക്ക് ഒരിക്കല്‍ക്കൂടി ആലീസ് വിരലുകളോടിച്ചു. അനക്കമൊന്നുമില്ല, എങ്കിലും, ചിലപ്പോഴൊക്കെ ഒരു നേരിയ ചലനം അനുഭവപ്പെടുന്നതുപോലെ…

'പാപത്തിന്റെ സന്തതി'! അവള്‍ ശപിച്ചു.

കിടപ്പുമുറിയിലെ വലിയ നിലക്കണ്ണാടിയുടെ സമീപം വീണ്ടുമവള്‍ വന്നുനോക്കി. എത്രയോവട്ടം ഇതാവര്‍ത്തിക്കുന്നുവെന്നവള്‍ക്ക് തന്നെ നിശ്ചയില്ലായിരുന്നു. ഉദരഫലം ഉറക്കം കെടുത്തുവാനാരംഭിച്ച നാളുകളില്‍ തുടങ്ങിയ വേവലാതിയുടെ തിരനോട്ടങ്ങള്‍…
അടുക്കളയില്‍നിന്നും അമ്മയുടെ ഉച്ചത്തിലുള്ള സംസാരം അവളുടെ ആകുലതയുടെ ഭാരം കൂട്ടിയതേയുള്ളൂ. ആരെയൊക്കെയോ ശപിച്ചും ശാസിച്ചുമുള്ള ഭത്സനങ്ങള്‍ … എല്ലാം തന്റെ പ്രവൃത്തിദോഷം വരുത്തിവച്ച നിരാശയുടെ തികട്ടലാണ്. അവയൊക്കെയും തന്റെ ദേഹമാസകലം വീഴുന്ന ചമ്മട്ടിയടികളാണെന്ന് അവള്‍ക്ക് തോന്നി.

അമ്മകൂടി തന്നെ കയ്യൊഴിഞ്ഞിരിക്കുന്നു…

അവസാനത്തെ പ്രതീക്ഷയായിരുന്നു അത്!

'എല്ലാം പൊറുക്കുന്ന മാതൃത്വം' എന്നത് കഥകളിലും സങ്കല്പങ്ങളിലും മാത്രമായിരിക്കണം.
ചിന്തകളുടെ കൂട്ടിക്കിഴക്കലുകള്‍ക്കിടയില്‍ പക്ഷേ അമ്മയെ കുറ്റപ്പെടുത്താനുമൊക്കില്ലെന്നവള്‍ തിരിച്ചറിഞ്ഞു.

സ്വപ്നങങളുടെ  കടയ്ക്കലാണ് താന്‍ കത്തിവച്ചത്. ഒരു കുടുംബത്തിന്റെ, രണ്ട് തലമുറകളുടെ സ്വപ്നങ്ങള്‍!

അമേരിക്കയില്‍ വന്നിട്ട് അഞ്ചു വര്‍ഷമാകുന്നതേയുള്ളൂ. അപ്പാര്‍ട്ടുമെന്റിന്റെ വാടകപോലും പലപ്പോഴും താമസിച്ചും തവണകളായുമാണ് കൊടുക്കുന്നത്. യൂട്ടിലിറ്റി ബില്ലുകളുടെയും വീട്ടുചെലവുകളുടെയും ഭാരം മറുവശത്ത്. ജീവിതത്തിന്റെ ഈ     ഓട്ടപ്പന്തയത്തിനിടയിലും മിനിമം വേജസ്സിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ പണിയെടുക്കുന്ന പപ്പായും അമ്മയും എന്നും കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു. കഷ്ടതകള്‍ക്കിടയിലും കരളിന് കുളിര് പകര്‍ന്നിരുന്ന സ്വപ്നം…. ആ സ്വപ്നങ്ങള്‍ക്ക് താനൊരു ഫ്‌ളോറന്‍സ് നൈറ്റിംഗേലായിരുന്നു…. വെള്ളവസ്ത്രങ്ങളുടെ തെളിമയില്‍ സദാ പുഞ്ചിരി തൂകി രോഗികളെ പരിചരിക്കുന്ന ആലീസ് മാത്യൂവെന്ന ആര്‍.എന്‍.!!

കമ്മ്യൂണിറ്റി കോളേജില്‍ നേഴ്‌സിംഗ് അസ്സോസിയേറ്റ് ഡിഗ്രിക്കുള്ള പരീകോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ ആ സ്വപ്നങ്ങള്‍ തന്റേതും കൂടിയായിരുന്നല്ലോ. തന്റെ സ്വപ്നങ്ങള്‍ പക്ഷേ ദിശ മാറി പന്നത് എത്ര പെട്ടെന്നാണ്…?
പത്തൊമ്പതാം വയസ്സിന്റെ അപക്വതയില്‍ അറിഞ്ഞും അറിയാതെയും വീണ പ്രലോഭനങ്ങളുടെ വാരിക്കുഴികള്‍… വര്‍ണ്ണക്കാഴ്ചകളുടെയും പുത്തന്‍ അനുഭവങ്ങളുടെയും സുഖാനുഭൂതിയില്‍ അത്ഭുതലോകത്തെ മറ്റൊരു ആലീസായി താന്‍ മാറിയ കാലം…

ബയോളജി വണ്‍ ഓ വണ്‍ പാഠങ്ങള്‍ക്ക് പകരം പ്രേമലീലകളുടെ വണ്‍ ഓണ്‍ വണ്‍ വേദികളില്‍ രമിച്ചുനടന്ന ദിവസങ്ങള്‍….

'ദീസീസ് അമേരിക്ക… ലെറ്റസ് എന്‍ജോയ്'… കാമ്പസ് കൂട്ടുകാരന്റെ മൊഴികള്‍ തന്റെ വേദവാക്യമായി ശരിവച്ച് നടന്നപ്പോള്‍, മോട്ടലുകളുടെ സ്വകാര്യതയില്‍ സ്വന്തം തനിമ നഷ്ടപ്പെട്ടുകൊണ്ടിരുന്നത് ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നു.

ദിസീസ് അമേരിക്കാ….

കടലുകള്‍ക്കകലെ സ്വന്തം ഗ്രാമത്തിലെ വീടിനോടും നാട്ടുകാരോടുമെല്ലാം പുച്ഛമായിരുന്നു അന്നൊക്കെ…. 'മൂല്യങ്ങളുടെ തടവറയില്‍ക്കിടന്നു നശിക്കുന്ന കീടങ്ങള്‍ …'

ബൊഗെയിന്‍ വില്ലകള്‍ തണല്‍വിരിച്ചു നില്‍ക്കുന്ന നാട്ടിന്‍പുറത്തെ തന്റെ കൊച്ചുവീട്ടുമുറ്റവും അണ്ണാന്‍കുഞ്ഞും കുഞ്ഞാറ്റക്കിളികളും കുശലംപറഞ്ഞു നടക്കുന്ന തൊടിയും തോട്ടവുമെല്ലാം ഏതോ ബോറന്‍ സിനിമയിലെ മുഷിപ്പന്‍ രംഗങ്ങളായി തോന്നിയ ദിവസങ്ങള്‍ … ഒടുവില്‍ എല്ലാ മുന്‍കരുതലുകളെയും കീഴ്‌പ്പെടുത്തിക്കൊണ്ട് ക്ഷണിക്കപ്പെടാത്ത അതിഥിയായി പാപവഴികളില്‍ എപ്പോഴോ മുളപൊട്ടിയ ഈ ….

കുറ്റബോധത്തിന്‌റെ മുള്‍മുനകള്‍ എന്നിട്ടും ആലീസിനെ വേദനിപ്പിച്ചില്ല. കുറ്റബോധം തീരെയും ഇല്ലായിരുന്നു താനും. 'പാപപരിഹാരം' മാത്രമായിരുന്നു അവളുടെ ചിന്തകളെ അലട്ടിയത്.
മറ്റാരുമറിയാതൊരു പ്രശ്‌നപരിഹാരം- അതിനായിരുന്നു അമ്മയെ ആശ്രയിച്ചത്.

അപഥസഞ്ചാരത്തിന്റെ നാള്‍വഴിയും വിസ്തൃതിയും വളച്ചുകെട്ടില്ലാതെ അമ്മയോടും പറയേണ്ടിവന്നു.

വലിയൊരു പൊട്ടിത്തെറിക്കലായിരുന്നു അവളാദ്യം പ്രതീക്ഷിച്ചത്. ഒപ്പം കുറെ മര്‍ദ്ദനവും നിലവിളിയും. പക്ഷേ, അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിശ്വസനീയത നിറഞ്ഞ കണ്ണുകളോടെ അമ്മ അവളെ ഉറ്റുനോക്കുക മാത്രം ചെയ്തു. പിന്നെ, മെല്ലെ അകത്തെ മുറിയിലേക്ക് ഒരു ജീവച്ഛവമായി നടന്നുനീങ്ങി.

മണിക്കൂറുകള്‍ക്കു ശേഷം അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കൊടുവില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വന്ന അമ്മ പക്ഷേ, അലറുകയായിരുന്നു.

'വയറ്റിലൊണ്ടാക്കിയവനോട് പറയെടീ ഞങ്ങളെയൊന്നു കൊന്നുതരാന്‍ …. അല്ലെങ്കില്‍ എവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിക്ക്… തന്തയെങ്ങാനും ഇതറിഞ്ഞാല്‍ അരിഞ്ഞുകളയും നിന്നെ… കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തിയല്ലോടീ നീ… ഞാനെന്തിനിന് ജീവിക്കണം…?'

അമ്മ പതംപറഞ്ഞുകൊണ്ടിരുന്നു. പാപഭാരത്തിന്റെ പങ്കുപറ്റാനൊന്നും കൂട്ടുകാരനെ കിട്ടില്ലെന്ന് അമ്മയുണ്ടോ അറിയുന്നു! പുതിയ മേച്ചില്‍പ്പുറങ്ങളില്‍, പുതിയ പുല്ലിലും പൂവിലും രമിക്കുന്ന അവനെ എവിടെപ്പോയി തിരയാന്‍ ….?

അമ്മയറിയാതെ, ആരുമറിയാതെ പാപത്തിന്റെ സന്തതിയുടെ കഥ കഴിക്കുവാന്‍ അവള്‍ സ്വയം വഴിതേടി.

ടെലിഫോണ്‍ ഡയറക്ടറിയുടെ മഞ്ഞത്താളുകളില്‍ 'നരബലി' നടത്തുന്നവരുടെ സ്വാഗതവചനങ്ങള്‍ … മോഹവലകളൊരുക്കി കാത്തിരിക്കുന്നവരെ മാറിമാറി അവള്‍ വിളിച്ചു. കിളിവചനങ്ങള്‍ക്കൊടുവില്‍ 'കുരുതി'ക്കവര്‍ പറഞ്ഞ വില കേട്ടവള്‍ ഞെട്ടി.

ആയിരത്തിയൊരുനൂറു പൊന്‍പണം!

പരസ്യങ്ങളില്‍ കണ്ട എല്ലാ ദുര്‍മന്ത്രവാദികള്‍ക്കും ഏതാണ്ടൊരേ നിരക്ക്. കൂട്ടത്തില്‍ ഒരു മന്ത്രവാദി അല്പം കനിഞ്ഞു.

'സ്റ്റുഡന്റ് ഐഡിയോ മെഡിക്കെയ്ഡ് കാര്‍ഡോ ഉള്ളവര്‍ക്ക് ഞങ്ങള്‍ പത്തു ശതമാനം ഡിസ്‌ക്കൗണ്ട് കൊടുക്കുന്നുണ്ട്. ഈഫ് യൂ ക്വാളിഫൈ, വീ വില്‍ ഗെറ്റ് ഇറ്റ് ഡണ്‍ ഫോര്‍ തൗസന്റ് ബക്‌സ്.'

പാര്‍ട്ട് ടൈം ജോലിയില്‍ വര്‍ഷം മുന്നൂനാല്‍ കഴിഞ്ഞിട്ടും ചെലവ് കഴിഞ്ഞ് നൂറ് ഡോളര്‍ പോലും മിച്ചംവയ്ക്കാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍ വീണ്ടും അമ്മയുടെയടുത്തു തന്നെ അഭയം തേടേണ്ടിവന്നു.

'അഞ്ഞൂറു ഡോളര്‍ ഞാന്‍ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാം. ബാക്കി നിന്റെ മറ്റവനോട് മേടിക്ക്… പകുതിയെങ്കിലും അവന്‍ മുടക്കട്ടെ…'

ആലീസ് വീണ്ടും യെല്ലോ പേജുകളിലേക്കു തന്നെ മടങ്ങി. ഒടുവില്‍  അവസാനത്തെ അഭയം പോലൊരു പരസ്യം അവളെ മാടിവിളിച്ചു. ഫ്രീ കൗണ്‍സിലിംഗ് ആന്‍ഡ് മെഡിക്കല്‍ അസിസ്റ്റന്‍സ് ഫോര്‍ അണ്‍ എക്‌സ്‌പ്പെക്റ്റഡ് മദേഴ്‌സ്.

ഏതോ ക്രിസ്ത്യന്‍ വിമന്‍സ് സെന്ററാണ് ക്ഷണിക്കുന്നത്.

അഭിമുഖം നിശ്ചയിച്ച ദിവസം അതിരാവിലെ തന്നെ അവള്‍ ഹാജരായി.

'ആദ്യം ഞങ്ങളുടെ സോഷ്യല്‍ വര്‍ക്കര്‍ നിങ്ങളോടു സംസാരിക്കും. തുടര്‍ന്ന് ക്ലിനിക്കല്‍ അനാലിസ്സിസ്… പിന്നെ ഡിസ്‌കഷന്‍ ഓണ്‍ യുവര്‍ ഓപ്ഷന്‍സ്… പിന്നെ…'

പ്രൊസീജിയറിന്റെ വിവിധ ഘട്ടങ്ങള്‍ ലിപ്സ്റ്റിക്കിട്ട റിസപ്ഷനിസ്റ്റ് പറഞ്ഞുകൊടുത്തു.
സോഷ്യല്‍ വര്‍ക്കറിന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ നിര്‍വ്വികാരയായി ഉത്തരം നല്‍കി. എങ്ങനെയും ഇതൊന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കിലെന്ന് മാത്രമവള്‍ ചിന്തിച്ചു.

എന്തെല്ലാമോ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഉപേക്ഷിക്കാനൊരുങ്ങുന്ന കുഞ്ഞുങ്ങളെ വേണമെങ്കില്‍ അവര്‍ തന്നെ ഏറ്റെടുത്ത് അഡോപ്ഷന്‍ സെന്ററുകളിലേക്ക് അയയ്ക്കാമെന്ന്…. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ആയിരങ്ങളിലൊരാള്‍ക്കെങ്കിലും ആശ്വാസമേകാന്‍ മഹത്തായ ദാനത്തിന് തയ്യാറാവാന്‍… മറ്റെങ്ങും താമസിക്കാനിടമില്ലെങ്കില്‍ അവരുടെ സംരക്ഷണയില്‍ കുഞ്ഞിന്റെ ജനനംവരെ അവരുടെ ഫസിലിററികളിലൊന്നില്‍ താമസിക്കാമെന്ന്….

അടുത്ത ഘട്ടം അടച്ചിട്ട ഇരുട്ടുമുറിയില്‍ തെളിഞ്ഞുവരുന്ന ടെലിവിഷന്‍ സ്‌ക്രീനിനു മുമ്പിലായിരുന്നു. പശ്ചാത്തലത്തില്‍ ലൗഡ് സ്പീക്കറില്‍നിന്നും വരുന്ന പെരുമ്പറ ശബ്ദം. സ്‌ക്രീനില്‍ പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ഓമനമുഖങ്ങള്‍.. .. മുലകുടിക്കുന്നവര്‍ മുതല്‍ മുട്ടിലിഴയുന്നവര്‍ വരെ…. പിച്ചവയ്ക്കുന്നവര്‍ …. ഓടിക്കളിക്കുന്നവര്‍ … വിവിധതരക്കാര്‍, രാജ്യക്കാര്‍… കറുത്തവര്‍, വെളുത്തവ്.

മുറവിളികള്‍, യാചനകള്‍….

'ഞങ്ങളെ കൊല്ലരുതേ…. അരുതേ…' പശ്ചാത്തലത്തില്‍ ദൈന്യരോദനങ്ങളുടെ പെരുമ്പറ മുഴക്കം… തുടര്‍ന്ന് വന്ന രംഗങ്ങളില്‍ മിക്‌സിയില്‍ പഴവര്‍ഗ്ഗങ്ങള്‍ ഉടച്ച് പിഴിയുന്ന രംഗങ്ങള്‍. പിന്നെ മാംസക്കഷ്ണങ്ങള്‍ … ഞെരിഞ്ഞമരുന്ന കുരുന്ന് ശരീരങ്ങള്‍…

നടുക്കുന്ന ആര്‍ത്തനാദം… ഒരായിരം പിഞ്ചു കുഞ്ഞുങ്ങള്‍ ഒരുമിച്ച് നിലവിളിക്കുന്നതുപോലെ…
ആലീസ് ആകെ വിയര്‍ത്തുരുകുവാന്‍ തുടങ്ങി. മുറിയില്‍ മങ്ങിയൊരു വെളിച്ചം മാത്രം. ടി.വി. സ്‌ക്രീനില്‍ പിന്നെയും ഭീകരരംഗങ്ങള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

ഞെരിഞ്ഞമരുന്ന മനുഷ്യാവയവങ്ങള്‍ … കാതടിപ്പിക്കുന്ന നിലവിളികള്‍…. ഒടുവില്‍ കുറെ ഉപദേശവചനങ്ങള്‍…

'ഈശ്വരന്റെ സൃഷ്ടിയെ നശിപ്പിക്കുവാന്‍ നമുക്കവകാശമില്ല… സൃഷ്ടാവിനു മാത്രമേ…'

സ്‌ക്രീനില്‍ പിന്നെയും ഭീകരതയുടെ തനിയാവര്‍ത്തനം…. ഭയാനകമായ ശബ്ദാഘോഷം…
ഒരു ഉന്മാദിയെപ്പോലെ ആലീസ് അവിടെനിന്നും ഇറങ്ങിയോടി. പിറകില്‍ കൗണ്‍സിലറുടെ പിന്‍വിളി:
'യംഗ് ലേഡി… വെയിറ്റ്… ഡോണ്ട് ഗോ… ലെറ്റ് മീ റ്റെല്‍ യൂ…'
തിരിഞ്ഞുനോക്കാതെ അവള്‍ ഓടി.

അനിശ്ചിതത്വത്തിന്റെ ആശങ്കകള്‍ ആ ഓട്ടത്തിനിടയിലും അവളെ അലട്ടിയിരുന്നു.
എങ്കിലും ആലീസ് ഓടിക്കൊണ്ടേയിരുന്നു….
അത്ഭുതങ്ങളുടെ മറ്റൊരു ലോകം തേടി…


ആലീസിന്റെ അത്ഭുതലോകം(കഥ)- ഷാജന്‍ ആനിത്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക