Image

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം (ലേഖനം: ജേക്കബ്‌ തോമസ്‌)

Published on 21 October, 2013
ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം (ലേഖനം: ജേക്കബ്‌ തോമസ്‌)
1962 ല്‍ അമേരിക്കന്‍ എഴുത്തുകാരിയായ റേച്ചല്‍ കാഴ്‌സണ്‍ എഴുതിയ സൈലന്റ്‌ സ്‌പ്രിങ്ങ്‌ അല്ലെങ്കില്‍ നിശ്ശബ്ദ വസന്തം എന്ന പുസ്‌തകത്തെക്കുറിച്ച്‌ നിങ്ങളില്‍ ചിലരെങ്കിലും കേട്ടുകാണും. തന്റെ ഒരു സുഹൃത്തിന്റെ പരിസരത്ത്‌ വസന്തകാലത്തില്‍ കിളികള്‍ പാട്ടുപാടിയില്ല. കാരണം കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഡിഡിറ്റി ഉപയോഗിച്ചതിന്റെ ഫലമായി കൊതുകിനോടൊപ്പം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടത്‌ പക്ഷികളായിരുന്നു. ഇതില്‍ മനം നൊന്താണ്‌ റേച്ചല്‍ കാഴ്‌സണ്‍ നിശ്ശബ്ദ വസന്തം എന്ന പുസ്‌തകം എഴുതിയത്‌. ന്യൂയോര്‍കര്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബെസ്റ്റ്‌ സെല്ലര്‍ ലിസ്റ്റില്‍ ഇടം നേടിയ ഈ പുസ്‌തകം വളരെ ശ്രദ്ധ പിടിച്ചുപറ്റി. അതിന്റെ ഫലമായി പ്രസിഡന്റ്‌ കെന്നഡി കീടനാശിനികളെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും ഡിഡിറ്റിയുടെ ഉപയോഗം നിയന്ത്രിക്കുവാനുള്ള തീരുമാനമെടുക്കുകയുമുണ്ടായി. അമേരിക്കയിലെ എന്വൈറണ്മന്റ്‌ മൂവ്‌മെന്റിന്റെ തുടക്കം കുറിക്കാന്‍ സഹായിച്ച കൃതിയാണ്‌ നിശ്ശബ്ദ വസന്തം.

കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ പൊതുജനത്തിനെ ഉദ്‌ബോദ്ധിപ്പിക്കുന്നതില്‍ സാഹിത്യകാരന്മാര്‍ക്ക്‌ ഒരു നല്ല പങ്കുണ്ട്‌. 70 കള്‍ മുതല്‍ സൈലന്റ്‌ വാലി, പ്ലാച്ചിമട മുതലായ പ്രശ്‌നങ്ങളിലും, പൊതുവായ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും എന്‍.വി. കൃഷ്‌ണവാരിയര്‍, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, സുഗതകുമാരി, ഒ.എന്‍.വി. കുറുപ്പ്‌, ഡി. വിനയചന്ദ്രന്‍എന്ന കവികള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്‌.

എന്നാല്‍ ഇടശ്ശേരി എന്ന കവി റേച്ചല്‍ കാഴ്‌സണിന്റെ നിശ്ശബ്ദവസന്തം ശബ്ദമുയര്‍ത്തിയതിനും എട്ടു വര്‍ഷം മുന്‍പെ, 1954ല്‍ കുറ്റിപ്പുറം പാലം എന്ന കവിത എഴുതി. ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലം നിര്‍മ്മിക്കുന്നതിനു മുന്‍പും അതിനുശേഷം പുഴക്കു വന്നുചേര്‍ന്ന, വന്നുചേരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചയിരുന്നു ആ കവിത. ഇന്ന്‌ അറുപതു വര്‍ഷങ്ങള്‍ക്കുശേഷം ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ വച്ച്‌ നോക്കുമ്പോള്‍ ഈ കവിത ഒരു പ്രവാചകന്റെ വചനങ്ങളായിരുന്നെന്ന്‌ സംശയമില്ല.

പുതിയതായി പണിത പാലത്തില്‍ നിന്നുകൊണ്ട്‌ കവി ചുറ്റും നോക്കുമ്പോഴുള്ള ചിന്തകളാണ്‌ കവിതയുടെ ഉള്ളടക്കം. കവിത ഇങ്ങനെ തുടങ്ങുന്നു.

ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍
ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍
അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്‌
അടിയിലെ ശോഷിച്ച പേരാര്‍ നോക്കി

പൂഴിമണലതില്‍ പണ്ടിരുന്ന്‌
കൂത്താങ്കോലേറെ കളിച്ചതല്ലേ
കുളിരോരുമോളത്തില്‍ മുങ്ങിമുങ്ങി
കുളിയും ജപവും കഴിച്ചതല്ലെ
പൊന്മയും കുരുവിയും കൊക്കുമന്‌
ന്‌പൊങ്ങിപ്പറന്ന വിതാനത്തിങ്കല്‍
അഭിമാനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ്‌
അടിയിലെ പേരാര്‍ നോക്കി നോക്കി

ഇവിടെ കവി മനുഷ്യന്‍ നിര്‍മ്മിച്ച പാലത്തിനെക്കുറിച്ച്‌ അഭിമാനം കൊള്ളുകയാണ്‌. പുഴയുടെ തീരത്തിനെ ചുറ്റിപറ്റിയുള്ള ബാല്യകാല സ്‌മരണകള്‍ അയവിറക്കുകയാണ്‌. ആ മണലിലിരുന്ന്‌ ഉയരത്തില്‍ പക്ഷികള്‍ പറക്കുന്നത്‌ കണ്ട അവിടെ നിന്ന്‌, അടിയില്‍, കാല്‍ക്കീഴില്‍ പേരാറ്‌ ഒഴുകുന്നത്‌ നോക്കിനില്‍ക്കുകയാണ്‌.

പിന്നീടുള്ള വരികളില്‍ പേമഴക്കാലത്ത്‌ ആര്‍ത്തിരമ്പുന്ന, മനുഷ്യര്‍ മറുപുറം കടക്കാന്‍ പേടിച്ചിരുന്ന, മേലെ ഗരുഡന്‍ പോലും പറക്കാന്‍ ഭയന്നിരുന്ന നദിയെക്കുറിച്ചാണ്‌. എന്നാല്‍ അവളിപ്പോള്‍ പാലത്തിന്റെ കാലുകള്‍ക്കു ചുറ്റും അനുസരണയോടെ ഒഴുകുന്നു. ഇവിടെ പാലം മര്‍ത്ത്യ വിജയത്തിന്റെ ഒരു പ്രതീകമയി നിലകൊള്ളുന്നു.

എന്നാലും, കവി തുടരുന്നു

എങ്കിലും മര്‍ത്യ വിജയത്തിന്മേല്‍
എന്‍ കഴലൂന്നി നിവര്‍ന്നു നില്‍ക്കെ
ഉറവാര്‍ന്നിടുന്നുണ്ടെന്‍ ചേതസ്സിങ്കെല്‍
അറിയാത്ത വേദനയൊന്നുമെല്ലെ

എന്താണ്‌ കവിക്ക്‌ തോന്നുന്ന വേദന?


പിറവി തൊട്ടെന്‍ കൂട്ടുകാരിയാം
മധുരിമ തൂകിടും ഗ്രാമലക്ഷ്‌മി
അകലേക്കകലക്കേകലുകയായ്‌
അവസാന യാത്ര പറയുകയാം

ജന്മം മുതല്‍ മധുരം വിളംബിത്തന്ന ഗ്രാമലക്ഷ്‌മി അകലേക്ക്‌ അകന്നു പോയി യാത്രപറയുകയാണോ? പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന നെല്‍പ്പാടങ്ങള്‍, പൂക്കള്‍ നിറം ചാര്‍ത്തുന്ന കുന്നിന്‍ ചരിവുകള്‍, ആലും തറയും, കാവിലെ ഉത്സവങ്ങള്‍, കര്‍ഷകരുടെ ഗ്രാമീണ ഗാനങ്ങള്‍ മുതലായവ അകലേക്കു പോയി നഷ്ടപ്പെടുകയാണോ എന്ന സങ്കടം.

ഇഷ്ടപ്പെട്ടവ നഷ്ടപ്പെടുക മാത്രമല്ല, അതിനുപകരം വരുന്നതോ?

അലരിന്മേല്‍ വാഴ്‌ച തുടങ്ങുകയായ്‌
ശിലയും കരിയും സിമന്റുരുക്കും
അലറിക്കുതിച്ചിങ്ങു പായുകയായ്‌
ടയറും പെട്രോളും പകലിരവും

അതിനോടൊപ്പം,

ഇവിടെ ചുമരുകളുയരുകയായ്‌
ഇടയറ്റിടവും വലവുമെങ്ങും
കടുതരം പകലെങ്ങും ശബ്ദപൂരം
കടുതരമിരവിലും ശബ്ദപൂരം

വീടുകളെയും മനുഷ്യരെയും വേര്‍തിരിക്കുന്ന മതിലുകള്‍, സൌണ്ട്‌ പൊള്യൂഷന്‍, പുറമെ

അറിയാത്തോര്‍ തമ്മിലടിപിടികള്‍
അറിയാത്തോര്‍ തമ്മില്‍ പിടിച്ചുപൂട്ടല്‍
അറിയാത്തോര്‍ തമ്മില്‍ അയല്‌പക്കക്കാര്‍
അറിയുന്നോരെല്ലാരുമെല്ലാമന്യ നാട്ടാര്‍

കവിയുടെ ആശങ്കകള്‍ നീളുകയാണ്‌.

അറിയാത്തോര്‍ തമ്മില്‍ അയല്‌പക്കക്കാര്‍
അറിയുന്നോരെല്ലാരുമെല്ലാമന്യ നാട്ടാര്‍
മല്ലൂര്‍ക്കയമിനി ചൊല്ലുമാത്രം
മല്ലൂരെ തേവര്‍ തെരുവു ദൈവം

കവിതയുടെ അവസാന വരികളെത്തുമ്പോഴേക്കും കവി പ്രവാചകനായി മാറുകയാണ്‌.

കളിയും ചിരിയും കരച്ചിലുമായ്‌
കഴിയും നരനൊരു യന്ത്രമായാല്‍
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാ!മൊരഴുക്കുചാലായ്‌

അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാ!മൊരഴുക്കുചാലായ്‌

ഭാരതപ്പുഴയുടെ ദൈന്യത ഇന്ന്‌ നമുക്കെല്ലാവര്‍ക്കുമറിയാം. മണലുവാരി, വരണ്ട്‌, പുല്ല്‌ കേറിവളര്‍ന്ന്‌ അറുപത്‌ വര്‍ഷം മുന്‌പ്‌ ഇടശ്ശേരി തന്റെ ദീര്‍ഘദൃഷ്ടിയില്‍ കണ്ടപോലെ ഭാരതപ്പുഴ ഇന്ന്‌ ഒരു അഴുക്കു ചാലായി മാറിയിരിക്കുന്നു. കവി ആധുനികത കൊണ്ടുവരുന്ന പുരോഗതിയെ തള്ളിപ്പറയുകയല്ല. മാറ്റങ്ങള്‍ അനിവാര്യമാണെങ്കിലും അതില്‍ വിലപ്പെട്ട പലതും നഷ്ടപ്പെട്ടേക്കുമെന്ന്‌ ചൂണ്ടിക്കാണിക്കുകയാണ്‌. അഭിമാനത്തിന്റെയും നഷ്ടബോധത്തിന്റെയും സമ്മിശ്രഭാവമാണ്‌ ഈ കവിതയുടെ അഴക്‌.

പാരിസ്ഥിതിക സൌന്ദര്യശാസ്‌ത്രം രൂപപ്പെടുന്നതിനു മുന്‍പു തന്നെ, പാരിസ്ഥിതിക പ്രസ്‌താനങ്ങള്‍ പിറക്കുന്നതിനുമുന്‍പുതന്നെ, ഇടശ്ശെരി ഈ ഉജ്ജ്വല കവിത എഴുതിയിരുന്നു.

വൈലോപ്പിള്ളിയുടെ മമ്പഴത്തിലെ വരികള്‍ കടമെടുത്തുകൊണ്ട്‌ നിര്‍ത്തട്ടെ,

വാക്കുകള്‍ കൂട്ടി മഹല്‍ ശില്‌പങ്ങള്‍ തീര്‍ത്തകവേ
ദീര്‍ഘദര്‍ശനം ചെയ്‌ത ദൈവജ്ഞനല്ലോ താങ്കള്‍.

(ന്യൂയോര്‍ക്ക്‌ സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്‌)
ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം (ലേഖനം: ജേക്കബ്‌ തോമസ്‌)
Join WhatsApp News
Sudhir Panikkaveetil 2013-10-22 06:53:38
ലേഖനം നന്നായിരുന്നു. വൈലൊപ്പിള്ളിയുടെ വരികൾ കടമെടുത്ത് എന്ന പറയുമ്പോൾ അത്
മാറ്റി പറയുക എന്നർഥമുണ്ടായിരിക്കാം അല്ലെ?
ലേഖകന് അഭിനന്ദനങ്ങൾ ! സാഹിത്യ സംഘടനകൾ
ഇത്തരം വിഷയങ്ങളെ ക്കുറിച്ച് ചർച്ച നടത്തുന്നത്  പ്രശംസനീയം തന്നെ.
വിദ്യാധരൻ 2013-10-22 07:54:28
കവികളും സാഹിത്യകാരന്മാരും എത്രമാത്രം സാമൂഹ്യ പ്രതിബദ്ധതയുള്ളവർ ആയിര്ക്കനം എന്ന് ഈ എഴുത്തുകാരൻ നല്ല ഉദാഹരണ (നിശബ്ദ വസന്തവും, ഇടശ്ശേരിയുടെ കവിതയും) ഉദ്ധരിച്ചു സമ്മ്ർദ്ധിക്കുന്നു. ലേഖകന് മാറിമറിയുന്ന പാരിസ്ഥിതികളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആകുല ചിന്തകള ഉള്ളതുകൊ­നടാന് ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തത് എന്നതിന് എനിക്ക് തര്ക്കം ഇല്ല. ആറുമുളയിലെ മനോഹര ഭൂപ്രദേശം വെട്ടി തെളിച്ചു ഭിമാകരങ്ങളായ വിമാനെങ്ങൾ ഇറക്കി നില്ക്കുന്നിടം കുഴിതോണ്ടണം എന്ന് മുറവിളി കൂട്ടുന്ന അമേരിക്കയിലെ ചില സാഹിത്യകാരന്മാരുടെ മേധയിൽ ഈ ചിന്ത കുടികേരി വല്ല മാറ്റവും വരുത്തും എന്ന് പ്രതീക്ഷിക്കാം. നാല്ല ഒരു ലേഖനത്തിനു എഴുത്തുകാരന് അഭിനന്ദനങ്ങൾ
abhimanyu10499@gmail.com 2017-04-17 22:12:52
അവൾ ഇനിയില്ല ,അവളുടെ  വാക്കുകൾ ,കവി പറഞ്ഞു .ആരും  അന്ന് കേട്ടില്ല ,അവളുട  ചിത  ഏതാണ്ട്  കത്തിതീരാൻ  പോകുന്നു 
Abhimanyu.v 2017-04-17 22:15:45
അവളുടെ  വേദന അന്ന് കവി പറഞ്ഞു .അവളുട ചിത  ഏതാണ്ട്  കത്തിതീരാറായി ,ഇനി കരഞ്ഞിട്ട് എന്ത് കാര്യം 
Vayanakaaran 2018-08-15 09:22:33
 ഇത് അഞ്ചു വർഷങ്ങൾക്ക് മുമ്പ് എഴുതിയ 
ലേഖനമാണ്. പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ച്ച്ചുകൊണ്ടിരിക്കുന്നു 
അതിന്റെ ഫലമല്ലേ  ഇന്ന് കേരളം അനുഭവിക്കുന്ന 
പ്രളയദുരന്തം.  ഇത്തരം ലേഖനങ്ങൾ വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുന്നത് നല്ലത് തന്നെ. 
Ananthu 2018-08-15 06:34:01
ആരു പറഞ്ഞു അവൾ നശിച്ചു എന്ന് അവളിൽ നിന്നും പിടിച്ചെടുത്തതെല്ലാം അവൾ ഇന്ന് സ്വന്തമാക്കി കഴിഞ്ഞു .......     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക