Image

മെത്രാന്‍സ്ഥാനം അധികാരത്തിനല്ല, ശുശ്രൂഷയ്ക്ക്: മാര്‍പാപ്പ

Published on 25 October, 2013
മെത്രാന്‍സ്ഥാനം അധികാരത്തിനല്ല, ശുശ്രൂഷയ്ക്ക്: മാര്‍പാപ്പ
ഒരു കുടുംബനാഥന്‍റെ സ്ഥാനമാണ് സഭാസമൂഹത്തില്‍ മെത്രാനുള്ളതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യാഴാഴ്ച വൈകീട്ട് വി.പത്രോസിന്‍റെ ബസിലിക്കയില്‍ രണ്ടു മെത്രാപ്പോലീത്താമാരുടെ മെത്രാഭിഷേക ചടങ്ങില്‍ വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പശ്ചിമാഫ്രിക്കയിലെ ഘാനയിലേയ്ക്കുള്ള അപ്പസ്തോലിക സ്ഥാനപതിയായി നിയമിതനായ ഫ്രഞ്ചുകാരന്‍ മോണ്‍സീഞ്ഞോര്‍ ഷോണ്‍ മാരി സ്പീച്ച് (56), റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റായി നിയുക്തനായ ഇറ്റലിക്കാരന്‍ മോണ്‍സീഞ്ഞോര്‍ ജംപിയെരോ ഗ്ലോഡര്‍ (59) എന്നിവരെയാണ് മാര്‍പാപ്പ മെത്രാപ്പോലീത്താമാരായി അഭിഷേകം ചെയ്തത്.

ഒരു കുടുംബനാഥന്‍റെ സ്ഥാനത്തിനു തുല്യമാണ് മെത്രാന്‍ ശുശ്രൂഷ. നല്ലിടയനായ ക്രിസ്തുവായിരിക്കണം എല്ലായ്പ്പോഴും അവര്‍ക്കു മാതൃകയെന്ന് മാര്‍പാപ്പ വചന സന്ദേശത്തില്‍ പ്രസ്താവിച്ചു. മെത്രാന്‍ സ്ഥാനം ഒരു ബഹുമതിയല്ല, ശുശ്രൂഷയാണ്. ആധിപത്യം സ്ഥാപിക്കാനല്ല, ശുശ്രൂഷിക്കാന്‍വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവാണ് തങ്ങളെന്ന ബോധ്യം എല്ലായ്പ്പോഴും ഉള്ളിലുണ്ടായിരിക്കണമെന്നും മാര്‍പാപ്പ നവമെത്രാപ്പോലീത്താമാരെ ഓര്‍മ്മിപ്പിച്ചു. എല്ലായ്പ്പോഴും പ്രാര്‍ത്ഥനാ നിരതനായ വ്യക്തിയായിരിക്കണം ഒരു മെത്രാന്‍, അല്ലാത്തപക്ഷം ലൗകികതയിലേക്ക് വീണുപോകാന്‍ സാധ്യതയുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.

ഒരു മെത്രാന്‍ തന്നെ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ ഒരു പിതാവിനടുത്ത സ്നേഹവാത്സല്യത്തോടെ പരിപാലിക്കണം. വൈദികര്‍ക്ക് എല്ലായ്പ്പോഴും സമീപസ്ഥനായിരിക്കണം. ദരിദ്രരേയും നിരാലംബരേയും സഹായിക്കണം. അതിനു പുറമേ, സഭയില്‍ നിന്നു വിട്ടു നില്‍ക്കുന്നവര്‍ക്കും സഭയ്ക്കു പുറത്തുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാനും മെത്രാനു കടമയുണ്ടെന്ന് മാര്‍പാപ്പ വിശദീകരിച്ചു.


 


14

മെത്രാന്‍സ്ഥാനം അധികാരത്തിനല്ല, ശുശ്രൂഷയ്ക്ക്: മാര്‍പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക