Image

പാവങ്ങളെയും പരിത്യക്തരെയും ആശ്ലേഷിക്കുന്ന രക്ഷയുടെ വിരുന്നാണ് സഭ

Published on 08 November, 2013
പാവങ്ങളെയും പരിത്യക്തരെയും ആശ്ലേഷിക്കുന്ന രക്ഷയുടെ വിരുന്നാണ് സഭ


 നവംബര്‍ 5-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു. വിശുദ്ധ ലൂക്കായുടെ സുവിശേഷം 14-ാം അദ്ധ്യായത്തിലെ വിരുന്നിന്‍റെ ഉപമയെ ആധാരമാക്കി പാപ്പാ ചിന്തകള്‍ പങ്കുവച്ചു. വിശുദ്ധിയുടെ വിരുന്നിലേയ്ക്കുള്ള ക്ഷണിതാക്കളാണ് ക്രൈസ്തവ മക്കള്‍, പങ്കാളിത്തം സഭാ ജീവിതത്തിന്‍റെ അടിസ്ഥാസ്വഭാവമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കര്‍ത്താവിന്‍റെ വരുന്നുമേശ പോലുള്ള ക്രൈസ്തവകൂട്ടായ്മയുടെ, സഭയുടെ സംസ്കൃതിയെക്കുറിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ഉദോബധിപ്പിച്ചത്.

ക്രൈസ്തവന്‍, വെറുമൊരു സമൂഹത്തിലേയ്ക്കോ കൂട്ടായ്മയിലേയ്ക്കോ വളിക്കപ്പെട്ടവനല്ല, രക്ഷയുടെ കൂട്ടായ്മയിലേയ്ക്ക് വളിക്കപ്പെട്ടവനാണ്. ക്രിസ്തുവിലുള്ള കൂട്ടായ്മയില്‍ പങ്കുചേര്‍ന്നുകൊണ്ട് രക്ഷയുടെ സന്തോഷം ജീവിക്കുക, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നത് ക്രൈസ്തവ ധര്‍മ്മമാണ്. അല്പം മദ്യം വിളമ്പി കുറച്ചു കൂട്ടുകാരുമായി കുടിച്ച് സന്തോഷിക്കുന്നത് വിരുന്നും സല്‍ക്കാരവും സന്തോഷവുമാണെങ്കിലും,
ആ സന്തോഷം താല്ക്കാലികവും, സ്വാര്‍ത്ഥവും പരിമിതവും വിവേചനപരമാണ്. ദൈവത്തെ അറിഞ്ഞും അംഗീകരിച്ചും വിശുദ്ധിയില്‍ ജീവിച്ചുകൊണ്ട് അവിടുത്തേയ്ക്ക് സേവനമനുഷ്ഠിക്കുവാന്‍ ക്ഷണിക്കപ്പെട്ട ജനപദമാണ് ജ്ഞാനസ്നാനത്തിലൂടെ സഭാകൂട്ടായ്മയില്‍ പങ്കുചേരുന്ന ക്രൈസ്തവമക്കള്‍. ഇസ്രായേല്‍ ജനത്തെ ദൈവം ക്ഷണിച്ചു, തിരഞ്ഞെടുത്തു. അവരുമായി ഉടമ്പിടി ഉറപ്പിച്ചു. പടിപടിയായി കര്‍ത്താവ് അവരെ ഒരുക്കി, വളര്‍ത്തി. ക്രിസ്തുവില്‍ ഉടമ്പടിചെയ്ത നവഇസ്രായേലാണ് സഭ. ക്രിസ്തുവില്‍ ഒന്നായവര്‍ ജീവിതത്തില്‍ വിവേചനം കാണിക്കരുത്, എളിയവരെ അവഗണിക്കരുത്. പരിത്യക്തരെയും പാവങ്ങളെയും ഉള്‍ക്കൊള്ള കര്‍ത്താവിന്‍റെ വരുന്നുമേശയുടെ സാര്‍വ്വത്രികത പ്രകടമാക്കുന്നു.

ദൈവം ഉദാരമതിയാണ്. രക്ഷയുടെ കവാടം അവിടുന്ന് മനുഷ്യര്‍ക്കായി പൂര്‍ണ്ണമായും എപ്പോഴും തുറന്നു വയ്ക്കുന്നു. തന്നെ തിരസ്ക്കരിക്കുന്നവരോടും നിഷേധിക്കുന്നവരോടുപോലും അവിടുന്ന് ക്ഷമാശീലനും കൃപാലുവുമാണ്. എന്നാല്‍ അവിടുത്തെ ക്ഷണം സ്വീകരിക്കുകയും, അതിന് സമ്മതം മൂളുകയും ചെയ്തിട്ട്,
പിന്നീട് അത് തിരസ്ക്കരിക്കുന്ന അവിശ്വസ്തതയെ അവിടുന്ന് അംഗീകരിക്കുന്നില്ല. സമ്പന്നരെയും ഉന്നതരെയും മാത്രം വിരുന്നിനു ക്ഷണിക്കുന്നത് വിവേചനമാണ്. സമ്പന്നര്‍ തിരികെ നിങ്ങളെയും മറ്റൊരു വിരുന്നിനു ക്ഷണിച്ചേക്കാം. അങ്ങനെ നിങ്ങള്‍ക്കുള്ള പ്രതിഫലം ഇപ്പോള്‍ത്തന്നെ ലഭിക്കുന്നു. എന്നാല്‍ കൂട്ടായ്മയില്‍ എല്ലാത്തരക്കാരുമുണ്ട് എന്ന യാഥാര്‍ത്ഥ്യം മറക്കരുത്. പാവങ്ങളും പരത്യക്തരുമായവരും, എളിയവരും വൈകല്യമുള്ളവരും ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമാണ്, അവരും നമ്മുടെ സഹോദരങ്ങളാണ്. പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ അവരെ ക്ഷണിക്കുന്നവര്‍ക്ക്, അവരെ മാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവം പതിന്മടങ്ങ് പ്രതിഫലം നല്ക്കും.

വിവേചനമില്ലാത്ത പങ്കാളിത്തം സഭാ ജീവിതത്തിന്‍റെ അടിസ്ഥാസ്വഭാവമാണ്. വിരുന്നില്‍ ചെന്നിട്ട് കുറച്ചുപേരെ കണ്ട് അവരോടൊത്തു ഭക്ഷിച്ച് ഉല്ലസിച്ചു പോരുന്നതു പോലെയല്ല സഭാകൂട്ടായ്മ അല്ലെങ്കില്‍ പങ്കാളിത്തം. ആരേയും അകറ്റിനിറുത്താതെ എല്ലാവരെയും ഉള്‍ക്കുന്നതാണ് ക്രൈസ്തവശൈലി. സഭയില്‍ വ്യത്യസ്ത ധര്‍മ്മങ്ങളുണ്ട്, തരക്കാരുണ്ട് എന്നത് സ്വാഭാവികമാണ്. അദ്ധ്യാപകരും, പ്രവാചകരും, ശുശ്രൂഷകരുമുണ്ട്. എന്നാല്‍ എല്ലാ ധര്‍മ്മവും കഴിവുകളും സമൂഹത്തില്‍ എല്ലാവരുടെയും നന്മയ്ക്കായി പങ്കുവയ്ക്കുന്നതാണ് സഭാജീവിതം. സഭ എല്ലാവരുടേതുമാണ്. അവിടെ പാവങ്ങള്‍ക്കും പരിത്യക്തര്‍ക്കും പ്രത്യേകസ്ഥാനമുണ്ട്, എന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചനചിന്ത ഉപസംഹരിച്ചത്.







പാവങ്ങളെയും പരിത്യക്തരെയും ആശ്ലേഷിക്കുന്ന രക്ഷയുടെ വിരുന്നാണ് സഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക