Image

സ്വര്‍ണ്ണക്കടത്ത്‌ കേസ്‌; സിനിമാ ലോകം ആശങ്കയില്‍

ജയമോഹനന്‍.എം Published on 20 November, 2013
സ്വര്‍ണ്ണക്കടത്ത്‌ കേസ്‌; സിനിമാ ലോകം ആശങ്കയില്‍
സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തതോടെ സിനിമ ലോകം അങ്കലാപ്പില്‍. സ്വര്‍ണ്ണക്കടത്തില്‍ ഇടവേള ബാബുവിന്‌ പങ്കില്ലെന്ന്‌ പറയപ്പെടുമ്പോഴും സിനിമാ ലോകത്തെ ആശങ്കകള്‍ ഒഴിയുന്നില്ല. ഷൂട്ടിംഗ്‌ തുടങ്ങാനിരുന്ന രണ്ട്‌ ചിത്രങ്ങള്‍ പൊടുന്നനെ നിര്‍ത്തിവെച്ചത്‌ ചില നിര്‍മ്മാതാക്കളിലേക്ക്‌ അന്വേഷണം എത്താതിരിക്കുന്നതിന്‌ വേണ്ടിയാണെന്നും ചലച്ചിത്ര ലോകത്ത്‌ സംസാരങ്ങളുണ്ട്‌.

കഴിഞ്ഞ ദിവസമാണ്‌ ചലച്ചിത്രതാരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഡയറക്‌ടേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌ ചോദ്യം ചെയ്‌തത്‌. സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി നബീലുമായി ഇടവേള ബാബുവിനുള്ള പരിചയമാണ്‌ ചോദ്യം ചെയ്യാന്‍ കാരണം. നബീലിന്റെ ഫ്‌ളാറ്റില്‍ ഇടവേള ബാബു പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന്‌ വ്യക്തമായിരുന്നു. എന്നാല്‍ നബീലിനെ ഗള്‍ഫില്‍ ഒരു ഷോയുമായി ബന്ധപ്പെട്ട്‌ പോയപ്പോള്‍ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നുവെന്നും പിന്നീട്‌ സാധാരണ സൗഹൃദം മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും ഇടവേള ബാബു അന്വേഷണ ഏജന്‍സിക്ക്‌ മൊഴി നല്‍കിയിരുന്നു.
ചോദ്യം ചെയ്യലിനിടെ തനിക്ക്‌ കേസുമായി ബന്ധമില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ ഇടവേള ബാബു പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍ കേസുമായി ബന്ധപ്പെട്ട്‌ ഒരു നിര്‍മ്മാതിവിനെയും ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെയും ഇനിയും ചോദ്യം ചെയ്യുമെന്നാണ്‌ അറിയുന്നത്‌. അങ്ങനെയെങ്കില്‍ സിനിമ രംഗത്തേക്ക്‌ അന്വേഷണ ഏജന്‍സികളുടെ കടന്നു വരവ്‌ ഉടന്‍ അവസാനിക്കാന്‍ പോകുന്നില്ല. അടുത്തിടെ റിലീസായ ശ്രീങ്കാരവേലന്‍ എന്ന സിനിമയിലെ ഒരു രംഗത്തില്‍ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ അറസ്റ്റിലായ ഫയാസ്‌ അഭിനയിച്ചിരുന്നു. അതിപ്രശസ്‌തയായ ഒരു നടിക്ക്‌ ബി.എം.ഡബ്യു കാര്‍ സമ്മാനിച്ചതും ഫയസാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തത ഇനിയും അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടില്ലെന്ന്‌ എന്നാണ്‌ പറയപ്പെടുന്നത്‌. എന്തായാലും സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ പിടിക്കപ്പെട്ട ഫയസുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ചില നടിമാരും നായകതാരങ്ങളും ഇപ്പോള്‍ ആശങ്കയില്‍ തന്നെയാണ്‌.

എന്നാല്‍ മലയാള സിനിമ നിര്‍മ്മാണ രംഗത്ത്‌ അധോലോകത്തിന്റെ പണം വന്‍തോതില്‍ ഇറങ്ങുന്നുണ്ടെന്നാണ്‌ സിനിമാ രംഗത്തുള്ളവര്‍ തന്നെ പറയുന്നത്‌. പ്രൊഡക്ഷന്‍ മാനേജര്‍മാരായി നടന്നവര്‍ പോലും പൊടുന്നനെയാണ്‌ നിര്‍മ്മാതാക്കളായി മാറുന്നത്‌. ഇവരിലേക്ക്‌ കള്ളപ്പണം കൈമാറുന്നതാണ്‌ മാഫിയാ സംഘങ്ങളുടെ രീതി. ഇത്തരം ആളുകളെ ഷാഡോ പ്രൊഡ്യൂസേഴ്‌സ്‌ അഥവാ ബിനാമികളായി നിര്‍ത്തിക്കൊണ്ട്‌ മാഫിയ സംഘങ്ങള്‍ തങ്ങളുടെ പണം സിനിമയില്‍ ഇറക്കുന്നു. ശരാശരി രണ്ടു മുതല്‍ മൂന്ന്‌ കോടി വരെ ഒരു സിനിമയില്‍ മുതല്‍ മുടക്ക്‌ നടത്താറുണ്ട്‌ ഇവര്‍. അഭിനേതാക്കളുടെ പ്രതിഫലവും നിര്‍മ്മാണത്തിന്റെ ദൈനംദിന ചിലവും മറ്റുമായി ഈ പണം തീരുമ്പോള്‍ സിനിമയുടെ മൊത്തം ചിലവായി രേഖകളില്‍ വരുക ആറോ ഏഴോ കോടി രൂപയായിരിക്കും. സാറ്റ്‌ലൈറ്റും തീയറ്റര്‍ കളക്ഷനുമായി അത്യാവശ്യം ലാഭം നേടിയാല്‍ പോലും സിനിമ നഷ്‌ടമാണെന്ന്‌ വരുത്തി തീര്‍ക്കുകയും ചെയ്യും. ഇങ്ങനെയാണ്‌ മാഫിയ സംഘങ്ങളുടെ കള്ളപ്പണം സിനിമകളിലൂടെ വെളിപ്പിച്ചെടുക്കുന്നത്‌.

ബോളിവുഡിലും മറ്റും കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കിയതോടെയാണ്‌ മലയാളവും കന്നഡയും പോലുള്ള ചെറിയ ഇന്‍ഡസ്‌ട്രികളിലേക്ക്‌ കള്ളപ്പണത്തിന്റെ ഒഴുക്ക്‌ വര്‍ദ്ധിച്ചത്‌. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ 124 സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടതില്‍ നല്ലൊരു ശതമാനവും ഇങ്ങനെ കള്ളപ്പണം മുതല്‍ മുടക്കിയുള്ളതാണെന്നാണ്‌ പറയപ്പെടുന്നത്‌.
സ്വര്‍ണ്ണക്കടത്ത്‌ കേസ്‌; സിനിമാ ലോകം ആശങ്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക