Image

തിരിച്ചറിവുകള്‍(നോവല്‍ :ഭാഗം രണ്ട്‌)- ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 07 December, 2013
തിരിച്ചറിവുകള്‍(നോവല്‍ :ഭാഗം രണ്ട്‌)- ജിന്‍സന്‍ ഇരിട്ടി
അദ്ധ്യായം - 2


റോസ്മേരി  ഡ്യൂട്ടി കഴിഞ്ഞ് പഞ്ച് മെഷീനില്‍ ക്ലോക്ക് ചെയ്യ്ത് പോകാനൊരിങ്ങിയപ്പോള്‍ ടോണി പുറകില്‍ നിന്നു വിളിച്ച് പറഞ്ഞു:

“റോസ് മേരി ചേച്ചി നാളെ ട്രെയിനിംഗുണ്ട്. നോട്ടീസ് ബോര്‍ഡില്‍ കണ്ടില്ലേ?”

“ഇല്ല. എന്തിന്റെ ട്രെയിനിംങ്ങാ?”

“മൂവിംഗ് ആന്റ് ഹാന്റിലിന്റെ. ചേച്ചിയുടെ പേര് ട്രെയിംഗിന് നോട്ടീസ് ബോര്‍ഡില്‍ കിടപ്പുണ്ട്.”

റോസ് മേരി തിരിച്ച് വന്ന് നോട്ടീസ് ബോര്‍ഡില്‍ നോക്കി. അപ്പോള്‍ ടോണി കൈ ചൂണ്ടികാട്ടികൊണ്ട് പറഞ്ഞു :

“ഇതെ  എന്റെ പേരിന്റെ തെട്ട് താഴെ”

“ആ ശരിയാ എന്റെ പേരും കിടപ്പുണ്ട് ”

“ചേച്ചിയുടെ പേരിന്റെ തെട്ട് താഴെ പരിചയമില്ലാത്ത വേറൊരുപേരും കിടപ്പുണ്ടല്ലോ. ഇതാരാ  മിസ്റ്റര്‍ റഫിക്ക് അഹമ്മദ്. വല്ല പുതിയ സ്റ്റാഫുമാണോ?”

റോസ് മേരി സൂക്ഷിച്ച് ഒന്നുകൂടെ നോക്കി. അതെ റഫീക്കിന്റെ പേര് തന്നെ.

“അതരാ ചേച്ചി?”

ടോണി വീണ്ടും ചോദിച്ചു. എന്ത് പറയണമെന്ന് റോസ് മേരി അല്പം ആലോചിച്ചിട്ടു പറഞ്ഞു :

“ആ…….. എനിക്കറിയില്ല . ഞാന്‍ പോകുവാ . വൈകിയാല്‍ ട്രാം
മിസാകും ”

റഫീക്ക് സാധാരണ കയറാറുളള ട്രാമിന്റെ  സേററാപ്പെത്തിയപ്പോള്‍ റോസ് മേരിയുടെ കണ്ണുകള്‍ അറിയാതെ ജനായിലൂടെ സോററാപ്പില്‍ റഫീക്കിനെ പരതി. റഫീക്കിന് ചിലപ്പോള്‍ ഇന്ന് ഡ്യൂട്ടി കാണില്ല.അല്ലെങ്കില്‍ നേരത്തെ പോയിട്ടുണ്ടാവും.അതോ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയില്ലേ.
റോസ് മേരിയുടെ മനസ്സങ്ങനെ ചിന്തിച്ച് കയറുന്നത് കണ്ട് അവള്‍ക്ക് തന്നെ അതിശയം തോന്നി.ഒരു സെക്കന്റ് കെണ്ട് തന്റെ മനസ്സ് എന്തൊക്കെയാണി ചിന്തിച്ച് കൂട്ടുന്നത്.റഫീക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയാലും ഇറങ്ങിയില്ലെങ്കിലും തനിക്കെന്താണ്.താനെന്തിനാണ് അതൊക്കെ ചിന്തിക്കാന്‍ പോകുന്നത്.

 “ഹലോ റോസ് മേരി”

 അവള്‍ വിളികേട്ട് തിരിഞ്ഞ് നോക്കി. റഫീക്കിതാ തന്റെ മുന്നില്‍.

“റഫീക്ക് എവിടുന്നു കയറി. ഞാന്‍ സ്റ്റേഷനില്‍ നോക്കിയപ്പോള്‍   കണ്ടില്ലല്ലോ?”

           റോസ് മേരി അറിയാതെ ആകാംക്ഷകൊണ്ട് പറഞ്ഞു പോയി.

        റഫീക്ക് ചിരിച്ചു കൊണ്ട് പറഞ്ഞു :

“ഞാന്‍ ട്രാമിന്റെ ഡോറ് ക്ലോസ്സ് ചെയ്യാന്‍ തുടങ്ങുമ്പം ഓടികയറുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞിറങ്ങാന്‍ ഞാനിന്ന് കുറച്ച് വൈകി”

“ഞങ്ങടെ കെയര്‍ഹോമിലെ നോട്ടീസ് ബോര്‍ഡില്‍ ട്രെയിനിംഗിന് റഫീക്കിന്റെ പേരുണ്ടല്ലോ”

“അതെ എനിക്ക് നാളെ അവിടെ ട്രെയിനിംഗുണ്ട്.റോസ് മേരിക്കുണ്ടോ നാളെ ട്രെയിനിംഗ്?”

“ഉം”

പോക്കറ്റില്‍ കിടന്ന് മൊബൈല്‍ ബെല്ലടിക്കുന്നത് കേട്ട് അയാള്‍ എടുത്ത് നോക്കി. ഫാത്തിമയാണ്.

“ഇക്ക നാളെ കഴിഞ്ഞത്തെ ദിവസത്തിന്റെ വിശേഷം എന്താണെന്ന് അറിയാമോ?”

    “ഇല്ല”

“ഇക്കയുടെ ബര്‍ത്ത്‌ഡേയാണ്”

“ഓ…. ശരിയാണല്ലോ. ഞാനതങ്ങ് മറന്നു താങ്ക് യു ഫോര്‍ റിമൈഡിംഗ് മി. ഫാത്തിമ ഞാന്‍ വീട്ടിലേക്ക് വരുകയാണ്. വന്നിട്ട് സംസാരിക്കാം”

“ഓക്കെ ഇക്ക ലവ് യു ബൈ”
“ബൈ”
റഫീക്ക് മൊബൈല്‍ തിരിച്ച് പോക്കറ്റില്‍ ഇട്ടിട്ട് നീണ്ട മൗനത്തിലേക്ക് വീണു.
“കുട്ടികള്‍ ഇല്ലാത്തതു കൊണ്ടായിരിക്കാം.ഫാത്തിമയ്ക്ക് ഞാനാണെല്ലാം.അവളുടെ ആത്മാര്‍ത്ഥമായ സ്‌നേഹം കാണുമ്പോള്‍ അതിന്റെ ഒരംശംപോലും ഞാന്‍ തിരിച്ചു കൊടുക്കുന്നില്ലെന്ന് തോന്നി പോകും. ഇപ്പോള്‍ നാളെ കഴിഞ്ഞ് എന്റെ ബെര്‍ത്ത് ഡേയാണെന്ന് ഓര്‍മ്മിക്കാന്‍ വിളിച്ചതാണ്.”
“ഓ…. ശരിയാണ് നാളെ കഴിഞ്ഞ് ഫെബ്രുവരി എട്ട്.റഫീക്കിന്റെ ബെര്‍ത്ത് ഡേയാണ്.”
“റോസ് മേരിയുടെ ബര്‍ത്ത്‌ഡേ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. മെയ് എട്ട്‌ല്ലേ?”
അതുകേട്ട് റോസ് മേരി ആശ്ചര്യത്തോടെ റഫീക്കിനെ നോക്കി.

“നീ ഇപ്പോഴും ഓര്‍ത്തിരിപ്പുണ്ടോ?”
“അതങ്ങനെ പെട്ടന്ന് മറക്കാന്‍ കഴിയില്ലല്ലോ” 
ആ മറുപടി അവളുടെ ഹൃദയത്തെ ഉലച്ചതുപോലെ അവള്‍ റഫീക്കിനെ വികാരാധിനയായി നോക്കി എന്നിട്ട് ഗ്ലാസ്സിലൂടെ ആകാശത്തില്‍ മേഘക്കൂട്ടങ്ങള്‍ക്ക് താഴെ കൂട്ടം തെറ്റി പറക്കുന്ന പക്ഷിയെ നോക്കിയിരുന്നു.
“നാളെ എനിക്ക് ട്രെയിനിംഗിന് വരാന്‍ പറ്റുമോയെന്നറിയില്ല.
നാളെ രാവിലെ ഫാത്തിമയ്ക്ക് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റുണ്ട്. അവളുടെ കൂടെ പോകാതിരിക്കാന്‍ പറ്റില്ല. അപ്പോയിന്റ്‌മെന്റ് നേരത്തെ കഴിഞ്ഞാല്‍ ഞാന്‍ ട്രെയിനിംഗിന് വരും”
“ഫാത്തിമയ്‌ക്കെന്ത് പറ്റി”
“അവള്‍ക്കെന്താണെന്നറിയില്ല. ഇടയ്ക്ക് ഇടയ്ക്ക് ചെറിയ വയറുവേദന ഉണ്ടാകുന്നു. ജി.പി.യെ കണ്ടപ്പോള്‍ ജി.പി. ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് റഫറ് ചെയ്യ്തു.”
       റഫീക്ക് ചെറിയ വിഷാദത്തോടെ പറഞ്ഞ് നിര്‍ത്തി.അതുകേട്ട് റോസ് മേരി റഫീക്കിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു :
      “പേടിക്കാനൊന്നുമില്ല. അതു ചിലപ്പോള്‍ വല്ല ദഹന കുറവിന്റെയോ മറ്റോ ആയിരിക്കും.”
“ആയിരിക്കും. എന്നാല്‍ ഓക്കെ റോസ് മേരി എന്റെ സ്റ്റോപ്പെത്തി.
ഞാനിവിടെയിറങ്ങുവാ. നാളെ ഞാന്‍ വരുകയാണെങ്കില്‍ കാണാം.
അവള്‍ ശരിയെന്ന് തലയാട്ടി പിന്നെ നിശബ്ദയായി ഫുട്ട്പാത്തിലൂടെ നടന്നകലുന്നത് നോക്കിയിരുന്നു.
         റഫീക്കിനെ വീണ്ടും ഈ നഗരത്തില്‍ വച്ച് കണ്ടുമുട്ടിയത് തികച്ചും ആകസ്മികം. അല്ലാതെ മറ്റൊരു വാക്കുകൊണ്ടും അതിനെ വിവരിക്കാന്‍ കഴിയില്ല.
മൂന്ന് മാസം മുമ്പ് ഇതുപോലൊരുയാത്രയില്‍ തന്നെ.
ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠനകാലത്താണ് റഫീക്കുമായി അടുക്കുന്നത.്‌നാട്ടില്‍ വേദപുസ്തകത്തിന്റെ വേലിക്കെട്ടുകള്‍ക്കുളളില്‍ വളര്‍ന്ന
തനിക്ക് പ്രണയം എന്നത് എന്തോ അന്യമായ ഒരു വികാരമായിരുന്നു. പിന്നെപ്പഴോ ആണ് റഫീക്കുമായുളള സൗഹൃദം
പ്രണയപനിയായി  മാറിയത്.
അന്നാണ് താന്‍ അപ്പച്ചന്റേയും അമ്മയുടെയും വേദപുസ്തകം താഴെവച്ച് പ്രണയം വേലിക്കെട്ടിന് പുറത്ത് നിര്‍ത്തണ്ട വികാരം അല്ലെന്ന് പഠിച്ചത്. കോഴ്‌സ് പൂര്‍ത്തിയാക്കി പിരിഞ്ഞപ്പോള്‍ തങ്ങള്‍ തീരുമാനിച്ചുറച്ചിരുന്നു.വിവാഹം കഴിക്കുക തന്നെ ചെയ്യും.
വേര്‍പിരിയാന്‍ കഴിയാത്ത ഇണകുരുവികളെപോലെ തങ്ങള്‍ ഡല്‍ഹി മഹാനഗരത്തിലേക്ക് ചേക്കേറി.
അവിടെ തങ്ങള്‍ പ്രണയത്തിന്റെ കൂട് കെട്ടി.
ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഡല്‍ഹിയുടെ ചരിത്ര സ്മാരകങ്ങള്‍ക്കിടയിലൂടെ ചരിത്രത്തിന്റെ ആകസ്മികതയില്‍ പിറന്ന പ്രണയ പക്ഷികളെപോലെ തങ്ങള്‍ പറന്ന് നടന്നു.
 ആരോ പറഞ്ഞാണ് തന്റെ പ്രണയ വിവരം അപ്പച്ചന്റെ ചെവിയില്‍
എത്തുന്നത്. 
പിന്നെ ഒട്ടും താമസം ഉണ്ടായില്ല.
അപ്പച്ചനും അമ്മാവന്മാരും വന്ന് പിടിച്ചുകെണ്ട് പോയി
പ്രതിരോധിക്കാന്‍ അവസരം തരാതെ മറ്റൊരു വിവാഹത്തില്‍
ബന്ധിച്ചു. പിന്നെ ദുബായിലേക്ക്. തികച്ചും അപരിചിതനായ ഭര്‍ത്താവിന്റെ കൂടെ. ഒിവാഹ ദിവസം മാത്രം ആദ്യമായി കണ്ടിട്ടുളള ആളുമായി മണിക്കൂറുകള്‍ക്കുശേഷം ലൈംഗിക വേഴ്ചയിലേക്ക് കൂപ്പ് കുത്തുക. അല്ല ബലാഝംഗത്തിലേക്ക് കൂപ്പ് കുത്തി എന്നു പറയാനാണു തനിക്കിഷ്ടം.
ആലോചിക്കുമ്പോള്‍ ആ വേദന വീണ്ടും ജനനേന്ദ്രിയത്തില്‍ നിന്ന് എല്ലിലൂടെ തുളച്ച് മജ്ജയിലേക്ക് കയറുന്നു.
കാലം മായിക്കാത്ത മുറിവുകള്‍ ഇല്ലാത്തതുപോലെ ഒരു കുഞ്ഞായി
കഴിഞ്ഞപ്പോള്‍ താന്‍ വീണ്ടും ജീവിതത്തോട് സമരപ്പെട്ടു തുടങ്ങി.
പക്ഷേ അയാള്‍ അപ്പോള്‍ ജീവിതത്തിന്റെ ചൂതാട്ടങ്ങളിലേക്ക് ഭ്രമിച്ച്
തുടങ്ങിയരുന്നു.
മദ്യവും സെക്‌സും അയാള്‍ക്ക് ഭ്രാന്തായിരുന്നു. പിന്നെ താന്‍ അയാളുടെ മര്‍ദ്ധിച്ച് കോബ്ലക്‌സ് തീര്‍ക്കാനുളള ഇരയും.
ആക്‌സമികമായിട്ടായിരുന്നു ലണ്ടനിലേക്ക് നഴ്‌സായുളള തന്റെ പറിച്ചു നടല്‍. പുതിയ ലോകവും ചുറ്റുപാടുകളും പിന്നെ പിറക്കാന്‍
പോകുന്ന രണ്ടാമത്തെ കുട്ടിയും അയാളില്‍ മാറ്റങ്ങളുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചു. പക്ഷേ പ്രതീക്ഷകള്‍ക്ക് അപ്പുറം ഒന്നും സംഭവിച്ചില്ല. വീടിന്റെ വാതില്‍ തുറന്നപ്പോഴെ റോസ് മേരിയെ എതിരേറ്റത് ലിവിങ്ങ് റൂമില്‍ നിന്നു വന്ന ശര്‍ദ്ദിയുടെയും മദ്യത്തിന്റേയും മണമാണ്. സോഫയില്‍ നിന്ന് ഫ്‌ളോര്‍ വരെ ശര്‍ദ്ദി നീണ്ടു കിടക്കുന്നു. സോഫയില്‍ നിന്ന് മൂത്രം തറയിലേക്ക് ഇറ്റിറ്റ് വീഴുന്നുണ്ട്. സോഫയില്‍ മദ്യ ലഹരിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന അയാളെ നോക്കി  പല്ലിറുമികൊണ്ട് അവള്‍ സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി.
കുട്ടികള്‍ രണ്ടും നല്ല ഉറക്കമാണ്.

“ആല്‍ബിന്‍ കുട്ടാ… ആല്‍ബിന്‍…”

റോസ് മേരി അവനെ കുലുക്കി വിളിച്ചു. അവന്‍ വിളി കേട്ട് കണ്ണ് തിരുമി തല ഉയര്‍ത്തി നോക്കി. റോസ് മേരിയെ കണ്ടതും അവന്‍ ചാടി അവളെ കെട്ടിപിടിച്ച് ഉമ്മ വെച്ചു.

        “കുറച്ചു മുമ്പ് ഞാനെത്ര പ്രാവശ്യം നിങ്ങളെ മെബൈലില്‍ വിളിച്ചു. നല്ല ഉറക്കമാ പിന്നെയെങ്ങനെയാ അിറയുന്നെ. നിങ്ങളെന്തെങ്കിലും കഴിച്ചിട്ടാണോ കിടക്കുന്നത്.”
“ഞങ്ങള് രണ്ടുപേരും ഉച്ചയ്ക്ക് കഴിച്ചതാ”
“എന്താ പിന്നൊന്നും കഴിക്കണ്ടെ”
ഉച്ചത്തിലുളള സംസാരം കേട്ട് അലീന ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റു.
“എന്റെ അലീനക്കുട്ടി നന്നായുറങ്ങിയോ. അമ്മെടെ മോളെ… ”
അലീന ചിരിച്ചുകൊണ്ട് റോസ് മേരിയുടെ ദേഹത്തേക്ക് ചാടി കയറ ഉമ്മ വെച്ചു.
“വാ രണ്ടു പേരും എന്തെലും കഴിച്ചിട്ടു കിടക്കാം.”
അപ്പോള്‍ ആല്‍ബിന്‍ ശബ്ദം താഴ്ത്തി റോസ് മേരിയോട് പറ്ഞ്ഞു.
“മമ്മാ പപ്പയിന്ന് പിന്നേം പുറത്തു പോയി കുപ്പി മേടിച്ചു”
“മേടിച്ച് എന്താണ് വച്ചാ ചെയ്യട്ടെ. നിങ്ങളെ പപ്പ
ഉപദ്രവിക്കുകയൊന്നും ചെയ്തിലല്ലോ”
“ഏയ് ഞങ്ങള് പപ്പയുടെ അടുത്തേക്ക് പോയതേയില്ല ഞങ്ങള്‍ക്ക് പേടിയോ”
റോസ്‌മേരി കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് കുട്ടികളെ
ബെഡ്‌റൂമില്‍ കൊണ്ട് പോയി കിടത്തി.
“ഇനി രണ്ടു പേരും പെട്ടെന്ന് ഉറങ്ങിക്കെ. മമ്മിക്കനി ഒരു പാട്
പണിയുണ്ട്. കണ്ടില്ലേ പപ്പ ലിവിംഗ് റൂമൊക്കെ
കാണിച്ചിട്ടിരിക്കുന്നത് ”
“വേണ്ട മമ്മിയും വാ”
ആല്‍ബിന്‍ ശാഠ്യം പിടിച്ചു.
“മമ്മി ഇന്നലെ പറഞ്ഞ ആ രാജകുമാരിയുടെയും
  രാക്ഷസന്റെയും കഥ പഞ്ഞ് താ. അന്നാലെ ഞങ്ങളറുങ്ങൂ”
“കഥയൊക്കെ നാളെ, ഇന്ന് മമ്മിക്ക് ഒരുപാട് പണിയുണ്ട് ”
“വേണ്ട”
 അലീന കരയാന്‍ തുടങ്ങി.
 “ആ… എന്നാ ഞാന്‍ പുതിയൊരു കഥ പറയാം. രണ്ടാളും പെട്ടന്ന് ഉറങ്ങിക്കോണം”
“ആ”
മുനികുമാരനെ പ്രണയിച്ച കുറ്റത്തിന് താപസന്‍ കാനന കന്യകയെ ശപിച്ച് ശിലയാക്കി അലയാഴിയില്‍ എറിഞ്ഞ കഥ അവള്‍ പറഞ്ഞു തുടങ്ങി.
കഥ പറച്ചിലിനിടയില്‍ കുട്ടികള്‍ ഉറങ്ങിയെന്നു കരുതി റോസ് മേരി അവരെ ബ്ലാങ്കറ്റ് പുതപ്പിച്ച് കട്ടിലില്‍ നിന്ന് എണീറ്റ് പോകാന്‍ തുടങ്ങി.

“ബാക്കി പറ മമ്മി…”

ആല്‍ബിന്‍ കെഞ്ചികൊണ്ട് ചാടി എണീറ്റു.

“ ഇതുവരെയും ഉറങ്ങിയില്ലേ. എന്നാല്‍ ഞാന്‍ പറയാം”

കഥയുടെ താളത്തില്‍ കുട്ടികള്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

കുട്ടികളെ ബ്ലാങ്കറ്റ് പുതപ്പിച്ച് റോസ് മേരി ഒരു നിമിഷം അവരെ നോക്കി നിന്നു. കുട്ടികളുടെ ഉറക്കത്തിന് എന്തൊരു ഓമനത്തം. ഒന്നും അറിയാതെയുളള ഈ ഉറക്കം എത്ര സുഖകരമാണ്.
ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ കുട്ടിയായി ഇരിക്കുമ്പേഴോണ്. ഒന്നിനെക്കുറിച്ചും വേവലാതിയില്ല മനസ്സ് ശാന്തം. എപ്പോഴും കൈ പിടിച്ച് ഉയര്‍ത്താന്‍ ചുറ്റിലും രക്ഷര്‍.

ഒരിക്കല്‍ തന്റെ അമ്മ താന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഇതുപോലെ കഥകള്‍ പറഞ്ഞുറക്കിയിട്ടുണ്ട്. അമ്മയ്‌ക്കെപ്പോഴും ബൈബിള്‍ കഥകളോണ് താല്‍പര്യം. അമ്മയ്ക്ക് ബൈബിളിന്റെ പഴയ നിയമം മുഴുവന്‍ മനഃപാഠമാണ്.

തന്നെ എപ്പോഴും ബൈബിള്‍ കഥ പറഞ്ഞാണ് ഉറക്കാറ്. ധീരനായ സാംസന്റേയും പ്രവാചകനായ ഏലിയായുടെയും കഥകള്‍ എത്ര തവണ അമ്മ പറഞ്ഞിരുക്കുന്നു.

അപ്പച്ചന്‍ ഒരു സ്‌ക്കൂള്‍ അധ്യാപകനായതുകെണ്ടായിരിക്കാം അപ്പച്ചന്‍ കഥകളുടെ ശേഖരമായിരുന്നു. കൂടുതലും പുരോഗമന വാദിയായിട്ടും റഫീക്കുമായുള്ള  തന്റെ പ്രണയ ബന്ധത്തെ അപ്പച്ചന്‍ നഖശിഖാന്തം എതിര്‍ത്തു. അവിടെ അപ്പന്‍ അപ്പച്ചന്‍ തന്നെ പറയാറുളള കഥകളിലെ പോലെ വില്ലനായി.

അപ്പച്ചന്‍ അവിടെ ഒരു പക്ഷെ റഫീക്കെന്ന മനുഷ്യനെ അല്ല കണ്ടത്റഫീക്കെന്ന മുസ്ലീംമിനെയാണ്.

അപ്പച്ചന് അപ്പച്ചന്റേതായ ന്യായീകരണങ്ങളുണ്ടാവാം. പക്ഷേ മുറിവേറ്റത് തനിക്ക് മാത്രമാണ്.

       മുറിയിലെ ക്ലോക്കില്‍ ബെല്ലടിച്ചപ്പോള്‍ റോസ്‌മേരി പെട്ടന്ന് ചിന്തയില്‍ നിന്നുണര്‍ന്ന് ക്ലോക്കില്‍ സമയം നോക്കി. പതിനൊന്ന് മണി ആയിരിക്കുന്നു. ഇനി എന്തൊക്കെ പണികളാണ്  കിടക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കാന്‍ കിടക്കുന്നത്.

റോസ് മേരി തന്റെ അടുത്ത പണി എവിടെ തുടങ്ങണമെന്ന് ആലോചിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക