Image

ലാനയുടെ സാഹിത്യമാമാങ്കം- വാസുദേവ് പുളിക്കല്‍

Published on 19 December, 2013
ലാനയുടെ സാഹിത്യമാമാങ്കം- വാസുദേവ് പുളിക്കല്‍
വിജയകരമായി ചിക്കാഗോയില്‍ നടന്ന ലാനയുടെ ഒന്‍പതാം നാഷണല്‍ കണ്‍വെന്‍ഷനു തിരശ്ശീല വീണു. ഈ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ അരങ്ങേറാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത് സെക്രട്ടറി ഷാജന്‍ ആനിത്തോട്ടമാണ്. ലാന കണ്‍വെന്‍ഷനുകള്‍ ഓരോ സഥലത്തുവച്ചു നടക്കുമ്പോള്‍ അവിടെ താമസിക്കുന്ന ലാനയുടെ ഭാരവാഹികള്‍ ചുമതലയേറ്റെടുത്ത് കണ്‍വെന്‍ഷന്‍ നടത്തുക എന്നത് ലാനയുടെ പാരമ്പര്യമാണ്. ലോക്കല്‍ സംഘടനകള്‍ ലാനയുടെ കണ്‍വെന്‍ഷന്‍ നടത്താന്‍ സഹകരിക്കുമ്പോഴും ലാനക്കും ലാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് ലാനക്ക് അഭിമാനിക്കത്തക്കവിധം കണ്‍വെന്‍ഷനുകള്‍ നടന്നിട്ടുള്ള ചരിത്രമാണ് ലാനക്കുള്ളത്. ഒന്നും നേടാന്‍ കഴിഞ്ഞില്ല എന്ന വികാരവുമായി കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തവര്‍ പിരിഞ്ഞു പോകാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ലാന പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സമയ പരിമിതിയില്‍ പലരും അസംതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും പുതുമയാര്‍ന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചെടുക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത ഭാരവാഹികള്‍ക്കുണ്ട്. എല്ലാവരും സമയ ക്ലിപ്തയും അവതരിപ്പിക്കുന്ന ആശയങ്ങള്‍ ക്രമത്തോടും ചിട്ടയോടും ചെയ്യാന്‍ ശ്രമിച്ചാലും ഇത്തരം സമ്മേളനങ്ങളില്‍ അങ്ങനെയുള്ള വീഴ്ചകള്‍ സ്വാഭാവികമാണ്. എന്തായാലും ഈ അനുഭവം അടുത്ത ഭാരവാഹികള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള സാഹിത്യ അക്കാഡമി പ്രസിഡന്റും തന്റെ ഉല്‍കൃഷ്ടമായ രചനകളിലൂടെ സഹൃദയമനസ്സുകളില്‍ ഉന്നതസ്ഥാനം നേടാന്‍ കഴിഞ്ഞ പ്രശസ്ത സാഹിത്യകാരനുമായ പെരുമ്പടവം ശ്രീധരനും, പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരും ഈ സമ്മേളനത്തില്‍ വിശിഷ്ട അതിഥികളായത് അഭിമാനകരമാണ്. ലാനയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് മലയാള സാഹിത്യത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന രണ്ടു സാഹിത്യകാരന്മാര്‍ ലാനാ സമ്മേളത്തില്‍ പങ്കെടുക്കുന്നത്. സാക്ഷരതയില്‍ ഒന്നാമത് നില്‍ക്കുന്ന ഈ സമൂഹത്തില്‍ നിന്ന് വന്ന നമ്മള്‍ മലയാളികള്‍ ഈ പ്രവാസഭൂമിയില്‍ ഭാഷയുടെ പേരില്‍ ചേര്‍ന്ന സമ്മേളനത്തില്‍, നാട്ടില്‍ നിന്നും വന്ന എഴുത്തുകാരും അമേരിക്കന്‍ മലയാളി എഴുത്തുകാരും ഒരു വേദിയില്‍ ഒത്തു ചേര്‍ന്ന് പ്രതിദിനം വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന അമേരിക്കന്‍ മലയാള സാഹിത്യത്തെ കുറിച്ചും സാഹിത്യസംബന്ധമായ മറ്റു വിഷയങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയത് അഭിമാനകരമാണ്. പെണ്ണെഴുത്ത് എന്ന വിഷയം ഇവിടത്തെ വനിതമാര്‍ അപഗ്രഥിച്ചത് പ്രശംസനീയമായിരുന്നെങ്കിലും ചിലരൊക്കെ വിഷയത്തില്‍ നിന്നും തെന്നിപ്പോകുന്നതായി കണ്ടു. അങ്ങനെ വിഷയത്തില്‍ നിന്നും വ്യതിചലിക്കുമ്പോഴും സമയം തികയാതെ വരികയും വിഷയം ബാക്കി നില്‍ക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ സദസ്സിലുള്ളവര്‍ക്ക് കഴിഞ്ഞു കാണാം.

പ്രഗത്ഭരായ സാരഥികളുടെ പ്രയന്തം കൊണ്ടും എഴുത്തുകാരുടേയും സാഹിത്യ പ്രേമികളുടെയും സഹകരണം കൊണ്ടും വളര്‍ന്ന് പന്തലിച്ചുകൊണ്ടിരിയ്ക്കുന്ന സാഹിത്യസംഘടനയാണ് ലാന. ലാനയുടെ കണ്‍വെന്‍ഷന്‍ അമേരിക്കയുടെ സീമ കടന്ന് കേരളത്തില്‍ നടന്നിട്ടുണ്ട്. ജോണ്‍ ഇളമത പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹം ലാനയെ കേരളത്തില്‍ എത്തിച്ച് അവിടത്തെ പ്രമുഖ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് അതിഗംഭീരമായി സമ്മേളനം നടത്തുകയും എന്താണ് ലാന എന്നും സര്‍ഗ്ഗധനന്മാരായ നിരവധി എഴുത്തുകാര്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും കേരളത്തിലെ എഴുത്തുകാര്‍ക്കും സഹൃദയര്‍ക്കും അറിയാനുള്ള സാഹചര്യം സൃഷിടിച്ചത് ലാനയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. അതിന് ജോണ്‍ ഇളമതയെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ല. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ലാനയുടെ സമ്മേളനങ്ങള്‍ കേരളത്തില്‍ അരങ്ങേറാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്നത് സ്വാഭാവികമാണ്. ലാനയുടെ ഉന്നമനത്തിനും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും കളമൊരുക്കുന്നവരെ ലാനതിരിച്ചറിയണം.

രാഷ്ട്രീയസ്വഭാവമില്ലാത്തതാണ് ലാനസമ്മേളനങ്ങള്‍. അതാണ് ലാന സമ്മേളനങ്ങളുടെ പ്രത്യേകതയും, കാര്‍മേഘവും മഞ്ഞും സൂര്യനെ മറച്ചു നിര്‍ത്തുന്നപോലെ വ്യക്തി താല്‍പര്യങ്ങളുടെയും സങ്കുചിതമനോഭാവത്തിന്റെയും ആധിക്യം വസ്തുതകളില്‍ പതിക്കേണ്ട കിരണങ്ങളെ അഗോചരമാക്കുകയോ വ്യതിചലിപ്പിക്കുകയോ ചെയ്യും. സാഹിത്യത്തില്‍ ജാതിയും മതവുമില്ല എന്ന് പൊതുവെ പറയും. പക്ഷെ, മുട്ടത്ത് വര്‍ക്കി അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയത് അദ്ദേഹം ക്രിസ്ത്യാനിയായതുകൊണ്ടും ആവിഷ്‌കരിച്ചത് ക്രൈസ്തവ കഥാപാത്രങ്ങളെ ആയതുകൊണ്ടുമാണെന്ന് ലാനാസമ്മേളനത്തില്‍ മുട്ടത്തുവര്‍ക്കി അനുസ്മരണത്തില്‍ ജോസഫ് നമ്പിമഠം പറഞ്ഞ അഭിപ്രായത്തിന് നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്. ബഷീറിന്റെ ബാല്യകാലസഖിയെ മുക്കിക്കളയാല്‍ ശ്രമിച്ചതും ആശാന്റെ നളിനിയുടെ മാറ്റ് വെളിപ്പെടുത്താന്‍ കാലവിളംബരമുണ്ടായതും എം.പി.പോളും എ.ആര്‍.രാജരാജ വര്‍മ്മയും യഥാക്രമം അവരുടെ സഹായത്തിനെത്തിയതും സ്മരണീയമാണ്.

അമേരിക്കന്‍ മലയാളസാഹിത്യത്തിലും ജാതിചിന്തകളുടെ തിരയിളക്കങ്ങളുണ്ട്. ഒരു കഥാകൃത്ത് ജാതിയെ ആസ്പദമാക്കിയും ഒരു പ്രത്യേക ജാതിയെ അവഹേളിച്ചും കഥയെഴുതി കയ്യടി വാങ്ങിയെന്നത് സംസ്‌ക്കാരസമ്പന്നരായ അമേരിക്കന്‍ മലയാളികള്‍ക്ക് ലജ്ജാകരമാണ്. പറയേണ്ടത് പറയപ്പെട്ടില്ലെങ്കില്‍ അറിയേണ്ടത് അറിയപ്പെടുകയില്ലല്ലോ.

ലാനയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതിന്റെ അനിവാര്യത തള്ളിക്കളയാനാവില്ല. രണ്ടുവര്‍ഷം മുമ്പ് ജോസഫ് നമ്പിമഠം എഴുതി പ്രസിദ്ധീകരിച്ച ചരിത്രത്തില്‍ ലാനയുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന ശൈലിയില്‍ ചില സവിശേഷതകളുണ്ടായിരുന്നു. സാഹിത്യത്തെ സംബന്ധിച്ച് നമ്മുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത് ഇവിടെ ആയതിനാല്‍ ലാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരെ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഇവിടത്തെ സാമൂഹ്യസംഘടനകള്‍ ചെയ്യുന്നതുപോലെ കണ്‍വെന്‍ഷന്‍ നടത്തുക എന്നതുമാത്രമല്ല ലാനയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കി അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും എഴുത്തുകാരുടെ പുരോഗതിക്കും ലാനയുടെ വളര്‍ച്ചക്കും വേണ്ടി കഴിയുന്നതെല്ലാം ചെയ്യുക എന്ന പ്രതിജ്ഞയോടെയാണ് ഈ ഭരണസമിതി ചുമതല ഏറ്റെടുത്തത്. അതിനനുസൃതമായ പ്രവര്‍ത്തന പരിപാടികളും തയ്യാറാക്കി. ഈ ഭരണസമിതി ഭരണമേറ്റടുത്തതിന്‌ശേഷം ആദ്യത്തെ സമ്മേളനം 2012 ല്‍ (റീജിയണല്‍ കണ്‍വെന്‍ഷന്‍) ഡിട്രോയിറ്റില്‍ നടന്നു. അവിടെ താമസിക്കുന്ന ലാനയുടെ ജോയിന്റ് സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍ക്കുളം മുന്‍കൈ എടുത്ത് അവിടത്തെ ലോക്കല്‍ സംഘടനയെ സഹകരിച്ചുകൊണ്ട് ലാന നിശ്ചയിച്ച പരിപാടിയനുസരിച്ചാണ് ആ കണ്‍വെഷന്‍ നടന്നത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ആയിരുന്നു മുഖ്യ അതിഥി. നാട്ടില്‍ നിന്ന് എഴുത്തുകാരെ വരുത്തി ആദരിക്കുകയും അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഇവിടത്തെ പ്രതികളേയും ആദരിക്കുകയും അവരുടെ രചനകള്‍ സമഗ്രമായ ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഡിട്രോയ്റ്റ് സമ്മേളനത്തില്‍ ഇവിടുത്തെ എഴുത്തുകാരുടെ കഥകളും കവിതകളും നോവലുകളും ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നത് അഭിമാനകരമാണ്. അതുപോലൊരു ചര്‍ച്ച അതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇവിടുത്തെ എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ലാന അവര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടാനാവില്ല. ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ നിരൂപണാത്മകമായി ചര്‍ച്ചക്ക് വിധേയമാക്കുന്നത് അവര്‍ക്ക് ഗുണം ചെയ്യും. ഈ ലേഖകന്‍ പ്രസിഡന്റായിരുന്നുകൊണ്ട് ഇവിടത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. അതിനു സഹായകമായി നിന്ന എല്ലാ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.

ലാന നല്ല നല്ല രചകള്‍ കണ്ടെത്തി ഇവിടത്തെ എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തത്തിന്റെ ഭാഗമായി ഓരോ മൂന്നുമാസം കൂടുമ്പോഴും ഇവിടത്തെ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല കവിത, ചെറുകഥ, ലേഖനം എന്നിവ തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചു. ഇങ്ങനെ ത്രൈമാസങ്ങളില്‍ ആദരിക്കപ്പെട്ടവര്‍.

കവിതാ വിഭാഗത്തില്‍
സുധീര്‍ പണിക്കവീട്ടില്‍, ഗീതാ രാജന്‍, ചാക്കോ ഇട്ടിച്ചെറിയ, ഡോ.ജോയ് റ്റി. കുഞ്ഞാപ്പു, ജോസന്‍ ജോര്‍ജ്ജ്, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, മീനു പ്രേം.

ചെറുകഥാ വിഭാഗത്തില്‍
മീനു എലിസബത്ത്, റീനിമമ്പലം, നീന പനക്കല്‍, സി.എം.സി, നിര്‍മ്മല തോമസ്, ജോണ്‍ ഇളമത, ജോസഫ് നമ്പിമഠം.

ലേഖനവിഭാഗത്തില്‍
സരോജ വര്‍ഗ്ഗീസ്, ജോണ്‍ വേറ്റം, ജോര്‍ജ് മണ്ണിക്കരോട്ട്, ജയന്‍ വര്‍ഗ്ഗീസ്, ബിജോ ചെമ്മാന്ത്ര, ഡോ.ശ്രീധരന്‍ കര്‍ത്ത, ഏ.സി. ജോര്‍ജ് എന്നിവരാണ്.

 ത്രൈമാസങ്ങളില്‍ തെരഞ്ഞെടുത്ത രചനകളില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഏറ്റവും മികച്ച രചന തെരഞ്ഞെടുത്ത് അവയുടെ രചയിതാക്കള്‍ക്ക് ചിക്കാഗോ കണ്‍വെന്‍ഷനില്‍ വച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ അവാര്‍ഡിന് അര്‍ഹരായത് ഡോ.ജോയ്.റ്റി.കുഞ്ഞാപ്പു(കവിത), നിര്‍മ്മല തോമസ് ചെറുകഥ, സരോജവര്‍ഗ്ഗീസ് (ലേഖനം) എന്നിവരാണ്. ഇങ്ങനെ എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ലാനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

കൂടാതെ, 2005 മുതല്‍ 2010 വരെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം, ചെറുകഥാ സമാഹാരം, നോവല്‍ എന്നിവയില്‍ ഓരോ വിഭാഗത്തിലും മികച്ച കൃതിക്ക് ലാന അവാര്‍ഡ് നല്‍കി.(500 ഡോളറും ഫലകവുമാണ് അവാര്‍ഡ്)- ഈ അവാര്‍ഡിന് അര്‍ഹരായത് ജയന്‍ കെ.സി.(കവിതാ സമാഹാരം), ജോണ്‍ മാത്യൂ (ചെറുകഥ, സമാഹാരം), എസ്.കെ.പിള്ള(നോവല്‍) എന്നിവരാണ്. രണ്ടു വര്‍ഷം മുമ്പാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അതിന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചതും അവാര്‍ഡ് സാദ്ധ്യമാക്കിയതും മറ്റാരുമായിരുന്നില്ല. ഈ വര്‍ഷം ലാന സാഹിത്യഅവാര്‍ഡുകള്‍ നല്‍കിയത്. ഡ്‌ട്രോയിട്ട് സമ്മേളനത്തില്‍ രൂപീകരിച്ച “ലാന സാഹിത്യ അക്കാഡമിയുടെ പേരിലാണ്. 2006- ല്‍ നടന്ന ഫിലാഡല്‍ഫിയ സമ്മേളനത്തില്‍ സാഹിത്യത്തിന്റെ വിഭിന്ന ശാഖകളില്‍ മികച്ച പ്രവാസി മലയാളി എഴുത്തുകാരെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലാന ഒരു വിശ്വപ്രവാസി സാഹിത്യ അക്കാഡമി രൂപീകരിച്ച് അവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് ഞാന്‍ പ്രൊപ്പോസ് ചെയ്തത് ജനറല്‍ ബോഡി അംഗീകരിച്ചു. പിന്നീട് ആ ആശയത്തെ നിദ്രാവസ്ഥയിലാക്കി മറ്റൊരു ആശയം ഉയര്‍ത്തിക്കൊണ്ടുവന്ന് ലാന അവാര്‍ഡുകള്‍ നല്‍കാനുള്ള ശ്രമം നടന്നുവെങ്കിലും അത് വിജയപ്രദമായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലേഖകന്‍ പ്രസിഡന്റായി വന്നപ്പോള്‍ 'വിശ്വപ്രവാസി സാഹിത്യ അക്കാഡമി'  രൂപീകരിച്ച് അവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് ഞാന്‍ പ്രൊപ്പോസ് ചെയ്തത് ജനറല്‍ ബോഡി അംഗീകരിച്ചു. പിന്നീട് ആ ആശയത്തെ നിദ്രാവസ്തയിലാക്കി മറ്റൊരു ആശയം ഉയര്‍ത്തിക്കൊണ്ടുവന്ന് ലാന അവാര്‍ഡുകള്‍ നല്‍കാനുള്ള ശ്രമം നടന്നുവെങ്കിലും അതു വിജയപ്രദമായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലേഖകന്‍ പ്രസിഡന്റായി വന്നപ്പോള്‍ വിശ്വപ്രവാസി സാഹിത്യ അക്കാഡമി എന്ന ആശയത്തെ പുനര്‍ജ്ജീവിപ്പിച്ച് ഡിട്രോയ്ട്ട് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. അക്കാഡമിയുടെ ഉദ്ദേശ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പേര് ലാന സാഹിത്യ അക്കാഡമി എന്നാക്കണമെന്ന അഭിപ്രായം പൊന്തിവന്നു. അങ്ങനെ വിശ്വപ്രവാസി സാഹിത്യ അക്കാഡമി എന്ന ആശയമാണ് ലാന സാഹിത്യ അക്കാഡമി  ആയി പരിണമിച്ചത്. ലാനയുടെ പ്രസിഡന്റ്, സെക്രട്ടറി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ യഥാക്രമം അക്കാഡമിയുടെ പ്രസിഡന്റും, സെക്രട്ടറിയും ചെയര്‍മാനുമായിരിക്കും എന്നു തീരുമാനിച്ചു. അക്കാഡമിയുടെ പേരിനുമാറ്റം വന്നെങ്കിലും ലക്ഷ്യത്തിന് മാറ്റമില്ല. ലാന സാഹിത്യ അക്കാഡമിയുടെ ലക്ഷ്യം സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ മികച്ച പ്രവാസി എഴുത്തുകാരെ കണ്ടെത്തി അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുക എന്നതാണ്. തല്‍ക്കാലം കവിത, ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മികച്ച പുസ്തകങ്ങള്‍ തെരെഞ്ഞടുത്താണ് അവാര്‍ഡു നല്‍കിയത്. ഭാവിയില്‍ ഈ അവാര്‍ഡ്. കേരളസാഹിത്യ അക്കാഡമിയുടെ ചിറകിന്‍ കീഴില്‍ നിന്നുകൊണ്ട് പ്രവാസതലത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ എത്തിക്കാന്‍ തക്ക ശക്തിയാര്‍ജ്ജിക്കാന്‍ ലാനക്ക് സാധിക്കുമെന്ന് കരുതുന്നു. ലാന സാഹിത്യ അക്കാഡമി ചെയര്‍മാന്‍ എബ്രഹാം തെക്കമേറിയായിരുന്നു പുസ്തകങ്ങള്‍ക്ക് അവാര്‍ഡു നല്‍കുന്നതിന്റെ ചുമതല. തന്റെ ജോലി അദ്ദേഹം സ്തുത്യര്‍ഹമായ വിധത്തില്‍ നിര്‍വ്വഹിച്ചു.
കൂടാതെ ലാന ഡോ.എ.കെ.ബി.പിള്ള, ഡോ.എം.വി.പിള്ള, ചെറിയാന്‍ കെ. ചെറിയാന്‍ എന്നിവരെ ലൈഫ റ്റൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രൊഫ.എം.പി. ആന്റണി, ഡോ. റോയ് പി. തോമസ്, ജോണ്‍ സി.ഇലക്കാട് എന്നിവര്‍ക്ക് ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി(അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനെ അയച്ചുകൊടുക്കുന്നതാണ്). ലാനയുടെ വൈബ്‌സൈറ്റ് രചനകള്‍ പ്രസിദ്ധീകരിക്കത്തക്കവണ്ണം വിപുലീകരിച്ചിട്ടുണ്ട്. ബെബ്‌സൈറ്റ് ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. എന്നോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച സാംസികൊടുമണ്‍, ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍, അബ്ദുള്‍ പുന്നയോര്‍ക്കുളം, എബ്രാഹം തെക്കേമുറി എന്നിവരോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും ലാനയുടെ വളര്‍ച്ചക്കും വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ഈ ഭരണസമിതി ചെയ്തിട്ടുണ്ട് എന്ന് കരുതുന്നു. വരുന്ന ഭരണസമിതി കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് ലാനയെ വിജയത്തിന്റെ പാതയിലൂടെ തന്നെ നയിക്കുമെന്ന് വിശ്വസിക്കുന്നു. പുതിയ ഭരണ സമിതിക്ക് സര്‍വ്വവിധ വിജയാശംസകളും നേരുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സര്‍ഗ്ഗപ്രതിഭയും രചനാ വൈഭവവും ഒന്നിനൊന്ന് ശക്തിയാര്‍ജ്ജിച്ച് അവരുടെ രചനാലോകം വിസ്തൃതമാകട്ടെ.
വാസുദേവ് പുളിക്കല്‍


ലാനയുടെ സാഹിത്യമാമാങ്കം- വാസുദേവ് പുളിക്കല്‍ലാനയുടെ സാഹിത്യമാമാങ്കം- വാസുദേവ് പുളിക്കല്‍ലാനയുടെ സാഹിത്യമാമാങ്കം- വാസുദേവ് പുളിക്കല്‍ലാനയുടെ സാഹിത്യമാമാങ്കം- വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക