Image

തിരിച്ചറിവുകള്‍(നോവല്‍: ഭാഗം നാല്)- ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 21 December, 2013
തിരിച്ചറിവുകള്‍(നോവല്‍: ഭാഗം നാല്)- ജിന്‍സന്‍ ഇരിട്ടി
അദ്ധ്യായം -4

വിമാനത്തിന്റെ ഗ്ലാസ്സിലൂടെ അറബി കടലിന്റെ ആകാശത്ത് നിന്ന് നോക്കുമ്പോള്‍ തന്നെ കാണാം അങ്ങകലെ കടും നീലകടനിനോട് തൊട്ടുരുമി ഹരിതവര്‍ണ്ണമണിഞ്ഞ് പുഴകളും കൊച്ചരുവികളും ഇടതൂര്‍ന്ന് കാഴ്ചയില്‍ സുന്ദരമായ കേരളം. പക്ഷേ ഭൂമിയോട് കൂടുതല്‍ അടുക്കും തോറും ആ സൗന്ദര്യം കുറഞ്ഞു പോകുന്നതുപോലെ ടോണിക്ക് തോന്നി. ദൂരെ നിന്ന് കാണുന്ന സൗന്ദര്യം അടുത്തുവരുമ്പോള്‍ കൃത്രിമം അടുത്ത് വരുമ്പോള്‍ കൃത്രിമം ആണെന്ന് തോന്നും. എങ്ങും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന സാധരണക്കാരെയാണ് കാണാന്‍ സാധിക്കുക. കൂടാതെ അന്നത്തെ അന്നത്തിനുവേണ്ടി യാചിക്കുന്ന ചില ഭിക്ഷക്കാരെയും , അന്തിയുറങ്ങാന്‍ സ്ഥലമില്ലാതെ എയര്‍പോര്‍ട്ടിന്റെയും റെയില്‍വേ സ്റ്റേഷന്റെയും വരാന്തയില്‍ കിടന്നുറങ്ങുന്ന സാധുക്കളും പിന്നെ ന്യൂനപക്ഷമായ കുറച്ച് സമ്പന്നരേയും. ഇത്തരം കാഴ്ചകള്‍ക്ക് നടുവില്‍ ഭരണകൂടം അവകാശപ്പടുന്ന വികസനം എവിടെയാണ്? പണക്കാരന്‍ കൂടുതല്‍ പണക്കാരനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനുമാകുന്നതിനെ വികസനം എന്ന് വിളിക്കാന്‍ പറ്റും?
ടോണി ഇങ്ങനെ വന്യമായ ചിന്തയില്‍ മുഴുകി ചാച്ചനും അമ്മയും വരുന്നതു നോക്കി കോഴിക്കോട് എയര്‍പോര്‍ട്ടിന് വെളിയില്‍ കാത്തിരുന്നു.

“ടോണി”

വിളികേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഇതാ ചാച്ചനും അമ്മയും മുന്നില്‍. പരസ്പര സ്‌നേഹ പ്രകടനങ്ങള്‍ക്കൊടുവില്‍ കാറില്‍ കീഴ്പ്പളളിയിലേക്കുളള യാത്രയില്‍ ഡ്രൈവര്‍ ശബ്ദം താഴ്ത്തി ചോദിച്ചു :

“ടോണി കുടിക്കാനൊന്നും കൊണ്ട് വന്നില്ലേ”

“ഉം ബാഗില്‍ ഉണ്ട്, തുറക്കുമ്പം തരാം”

“ഓക്കെ”

ഒന്ന് നിര്‍ത്തിയിട്ട് ഡ്രൈവര്‍ വീണ്ടും പറഞ്ഞു:

“ടോണി നീ അിറഞ്ഞോ നമ്മുടെ മുല്ലാക്ക മരിച്ചു പോയി”

അതുകേട്ട് ഉള്‍ക്കൊളളാന്‍ കഴിയാതെ ടോണി ചോദിച്ചു.

“എപ്പോള്‍?”

ഇടയില്‍ കയറി ഇടപെട്ടുകൊണ്ട് ചാച്ചന്‍ പറഞ്ഞു:

“ഇന്നു വെളുപ്പിനെയാമരിച്ചത്. കൂറേ നാളായിട്ട് അവശതയിലായിരുന്നല്ലോ” ടോണി ഒന്നും പറയാതെ നിശബ്ദനായിരുന്നു. അപ്പോള്‍ ചാച്ചന്‍ വീണ്ടും പറഞ്ഞു : “ഇന്ന് വൈകീട്ടാ കബറടക്കം. ഇളയമകന്‍ ഹനീഫ ദുബായില്‍നിന്ന് ഇന്ന് വൈകീട്ടേ എത്തൂ. എത്തിയാല്‍ ഉടന്‍ ഉണ്ടാവും” ടോണി മുല്ലാക്കയുടെ വീട്ടല്‍ എത്തിയപ്പോള്‍ മയ്യത്ത് കര്‍മ്മത്തിനുളള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇമ്മാവും ഹാജിമാരും ചുറ്റും കൂടി മയ്യത്ത് പ്രാര്‍ത്തന ചൊല്ലുകയാണ്. അവര്‍ക്കിടയിലൂടെ മുല്ലാക്കയുടെ മുഖം കാണാന്‍ പറ്റുമോയെന്ന് ടോണി കബര്‍ മഞ്ചത്തിലേക്ക് എത്തി നോക്കി. പറ്റുന്നില്ല. മഞ്ചത്തില്‍ ശുഭ്ര വസ്ത്രത്തില്‍  പൊതിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് പുണ്യഭൂമിയായ മക്കയോട് മുഖം ചേര്‍ത്ത് കിടക്കുകയാണ് മുല്ലാക്ക. മയ്യത്ത് പ്രാര്‍ത്ഥനക്കൊടുവില്‍ പുരുഷന്മാര്‍ വന്ന് കബര്‍ മഞ്ചം എടുത്ത് ഇമ്മാമിന്റെ നേതൃത്വത്തില്‍ സലാത്ത് ഉരുവിട്ട് പോകാന്‍ ഇറങ്ങിയപ്പോള്‍ മുല്ലാക്കയുടെ കൊച്ചുമകള്‍ പാത്തുക്കുട്ടി അവളുടെ ഉമ്മായുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു: “വാ ഉമ്മ നമുക്കും പോകാം മയ്യത്ത് പറമ്പില്‍”

“ശെ….നീയെന്തായി പറയുന്നേ? മയ്യത്ത് പറമ്പിലും പളളിലും പുരുഷന്മാര്‍ക്ക് മാത്രമേ പോകാന്‍ പാടുളളൂന്ന നിനക്കറിയില്ലേ”

“അതെന്താ ഞമ്മള് പോയാല്? ഞമ്മള മനുഷ്യരല്ലേ”

“നീ ദൈവ നിന്ദ പറയാതെ പോ ശെയിത്താനെ അവിടുന്ന് ”

ഉമ്മ അവളുടെ കുഞ്ഞി കാതില്‍ പിടിച്ച് നുളളിയപ്പോള്‍ അവള്‍ വാവിട്ട് കരഞ്ഞു. അപ്പോള്‍ ടോണി അടുത്ത് ചെന്നിട്ട് പറഞ്ഞു:

“പാത്തു കുട്ടി കരയണ്ട അങ്കിള്‍ പിന്നീടൊരിക്കല്‍ മോളെ മയ്യത്ത് പറമ്പില്‍ കൊണ്ടുപോകാം”
അതുകേട്ട് കരച്ചില്‍ നിര്‍ത്തിയിട്ട് അവള്‍ ചോദിച്ചു : “ശരിക്കും” 

“ഉം”

കബര്‍ മഞ്ചംകൊണ്ട് പുഴക്കരയിലെ വെളളാരം കല്ലുകളൂടെ മുകളിലൂടെ നടന്ന് പോകുന്നതു കണ്ട് ടോണിക്ക് വല്ലാത്ത നഷ്ടം തോന്നി. ഇനി ഈ വെളളാരം കല്ലുകള്‍ക്ക് മുകളിലിരുന്ന് ജിന്നുകളുടെയും യക്ഷികളുടെയും കഥ പരറയാന്‍ മുല്ലാക്ക ഉണ്ടാവില്ല. മഞ്ചംകൊണ്ട് പുഴ മുറിച്ച് കടക്കുമ്പോള്‍ മുകളിലൂടെ പറന്ന് വരുന്ന കടവാവലുകളെ കണ്ട് ടോണിക്ക് തോന്നി ഈ കടവാവലുകള്‍ ചിലപ്പോള്‍ മുല്ലാക്കയെ അവസാനമായി ഒന്ന് കാണാന്‍ വന്നതായിരിക്കുമെന്ന്.

മുല്ലാക്കയുടെ ഒപ്പം പുഴകടന്നു പോകുന്നത് ഈ ഗ്രാമത്തിന്റെ ഒരു ചരിത്രമാണ്. ഈ ഗ്രാമത്തിലെ ഓരോ മണ്‍തരിയും മുല്ലാക്കയ്ക്ക് സുപരിചിതമാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂറില്‍ നിന്ന് കുടിയേറി ഇവിടെ വന്ന് മലമ്പാമ്പിനെയും കാട്ടുമൃഗങ്ങളേയും കീഴ്‌പ്പെടുത്തി കാടു വെട്ടി തെഴിച്ചത് മുല്ലാക്കയുടെ നേതൃത്വത്തിലായിരുന്നു. മഞ്ചം പുഴകടന്ന മയ്യത്ത് പറമ്പിലേക്ക് പോകുന്നതും ടോണി വെളളാരം കല്ലുകള്‍ക്ക് മുകളില്‍ കിടന്നു. ആ കിടപ്പങ്ങനെ നീണ്ടു. മുകളിലൂടെ പറക്കുന്ന കടവാവലുകളുടെ ക്രീ….ക്രീ…. ശബ്ദം കേട്ടാണ് ടോണി മയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. തെളിഞ്ഞ ആകാശം ഇപ്പോള്‍ ആകാശത്തേക്ക് നോക്കിയാല്‍ മുഴുവന്‍ നക്ഷത്രങ്ങളേയും അടുത്ത് കാണാം. നക്ഷത്രങ്ങളുടെ പ്രഭ പുഴയിലെ വെളളത്തില്‍ മിന്നി തിളങ്ങുന്നുണ്ട്. വെളളാരം കല്ലുകളില്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ നല്ല ചൂട്. സൂര്യന്റെ പകല്‍ ചൂട് മുഴവന്‍ ഇപ്പോഴും ഈ കല്ലുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതു പോലെ. ടോണി പുഴയില്‍ നീന്തികുളിച്ച് വീണ്ടും വെളളാരം കല്ലുകള്‍ക്കു മുകളില്‍ നീണ്ട് നിവര്‍ന്ന് നക്ഷത്രങ്ങളെ നോക്കി അങ്ങനെ കിടന്ന് മയങ്ങി.

“ടോണി”

അവന്‍ വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഇതാ മുന്നില്‍ മുല്ലാക്ക

“മോന്‍ ഇളം കാറ്റല്‍ ഉറങ്ങിപോയോ”

“ഇല്ല മുല്ലാക്ക ഇവിടെയിരിക്ക്. എനിക്കൊരു കഥ പറഞ്ഞുതാ. മുല്ലാക്കയുടെ കഥ കേട്ടിട്ട് എത്ര നാളായി” മുല്ലാക്ക ചിരച്ചുകൊണ്ട് വെളളാരം കല്ലുകള്‍ക്ക് മുകളില്‍ ഇരുന്ന് തന്റെ വെളുത്ത നീളന്‍ താടി തടവിക്കൊണ്ടു പറഞ്ഞു: “ഇത് വെറും കഥയല്ല. ഈ പുഴയുടെ ചരിത്രത്തിലെപ്പോ വീണുടഞ്ഞ ജീവിതങ്ങളുടെ ചരിത്രമാണ്. പണ്ടൊരിക്കല്‍ ഇവിടെ കേശവന്‍ എന്നൊരാളും ഭാര്യയും ഒരുപാട് കന്നുകാലികളുമായി ഈ പുഴക്കരയില്‍ താമസിച്ചിരുന്നു. എല്ലാ ദിവസവും അയാളും ഭാര്യയും കന്നുകാലികളെ കൊണ്ട് മേയിക്കാന്‍ പുഴ കടന്ന് അക്കരെയുളള പുല്‍മേട്ടില്‍ പോകുമായിരുന്നു. അങ്ങനെ ഒരു നാള്‍ വൈകിട്ട് കന്നുകാലികളെയും മേയിച്ച് പുഴകടന്നു വരുമ്പോള്‍ പെട്ടന്ന് വലിയ മലവെളളം വന്ന് കേശവനോയും ഭാര്യയേയും കന്നുകാലികളേയും ഒലിച്ചുകൊണ്ട് പോയി. അവരെ രക്ഷിക്കാന്‍ കഴിയാതെ ഞങ്ങള്‍ ഈ കരയില്‍ നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുളളൂ. അത്രയ്ക്കും ശക്തമായ മലവെളളമായിരുന്നു അത്.” മുല്ലാക്ക ഒന്നു നിര്‍ത്തിയിട്ട് വീണ്ടും പറഞ്ഞു:
“പിന്നീട് പല അര്‍ദ്ധ രാത്രികളിലും ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ അവര്‍ പുഴ കടന്ന് വരുന്നത് കാണാറുണ്ട്. അടുത്തേക്കു ചെല്ലുമ്പോള്‍ ആ രൂപങ്ങള്‍ ശബ്ദങ്ങളായി പുഴയില്‍ ലയിച്ചു പോകുന്നത് പോലെ.”

മുല്ലാക്കയുടെ വാക്കുകളില്‍ ശ്വാസം അടക്കി പിടിച്ചിരിക്കുന്ന ടോണിയെ കണ്ട് മുല്ലാക്ക ചോദിച്ചു:  “ടോണിക്ക് പേടിയായോ?

പേടിക്കേണ്ടാ മോന്‍ ആ കൈയ്യൊന്ന് നീട്ടിക്കേ ഞാന്‍ ഈ ഏലസ് കെട്ടി തരാം. പിന്നെ ഒരു ജിന്നിനും നിന്നെ തൊടാന്‍ കഴിയില്ല” ടോണി കണ്ണു തുറന്ന് കൈ നീട്ടിയപ്പോള്‍ മുല്ലാക്കയെ കാണാനില്ല. അമന്‍ എണീറ്റ് വാച്ചില്‍ സമയം നോക്കി. സമയം രാത്രി പതിനൊന്നരയായി. പുഴയില്‍ വന്നാല്‍ പിന്നെ എണീറ്റ് പോകാനെ തോന്നില്ല. പുഴയോട് തനിക്ക് എത്ര പറഞ്ഞാല്‍ തീരാത്ത സ്‌നേഹവും കടപ്പാടുമുണ്ട്. ചെറുപ്പത്തില്‍ എത്രയോ രാത്രികളില്‍ അമ്മയുടെ അടി പേടിച്ച് ഈപുഴക്കടവില്‍ നിന്ന് ഏങ്ങലടിച്ച് കരഞ്ഞ് പുഴയോട് സങ്കടം പറഞ്ഞിരിക്കുന്നു. പുഴ അപ്പോള്‍ തന്നെ നോക്കി സഹതപിച്ച് തന്റെ കണ്ണുനീര്‍ വാരി പുണര്‍ന്ന് കഴുകി പോകും.

“നീ എനിക്കാരാണ് സത്യത്തില്‍? അിറയില്ല. പക്ഷേ ഒരു കാര്യം സത്യം. നമ്മള്‍ മനസ്സുകൊണ്ട് ഒന്നാണ്. മൗനത്തിലൂടെ നീ എന്നേയും ഞാന്‍ നിന്നേയും അിറയുന്നു. ” ചിലപ്പോഴൊക്കെ രാത്രിയില്‍ സങ്കടം കേട്ടുകൊണ്ട് മുല്ലാക്കയും ഉണ്ടാവും ഇവിടെ.

മുല്ലാക്ക എല്ലാം കേട്ടിട്ട് ആശ്വസിപ്പിക്കും എന്നിട്ട് ഒരു കഥ പറഞ്ഞ് തന്ന് തന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കി കൊച്ചിനെ സങ്കടപ്പെടുത്തരുതെന്ന് അമ്മയേ ഓര്‍മ്മപ്പെടുത്തും. ജീവിതത്തില്‍ താന്‍ പ്രവാസം ഇഷ്ടപ്പെട്ടു എന്നത് സത്യമാണ്. വീട്ടിലെ അശാന്തിയില്‍ നിന്ന് ഓടി ഒളിക്കാന്‍ ഒരു ഇടം വേണമായിരുന്നു. അമ്മയും വല്ല്യച്ചനും തമ്മിലുളള വഴക്ക്. അമ്മയും വല്ല്യമ്മയ്യും തമ്മിലുളള വഴക്ക്. ചാച്ചനെ വരച്ചവരയില്‍ നിര്‍ത്തുന്ന അമ്മ. പത്താം ക്ലാസ് കഴിയാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ആന്ധ്രയില്‍ വൈദീകനായി പോയി. അല്ല വീട്ടിലെ നീണ്ട അശാന്തിയില്‍ നിന്ന് ശാന്തിയിലേക്കുളള ഒരു താല്‍കാലിക തുരുത്ത് നേടി ഓടി. ആന്ധ്രയില്‍ നിന്ന് തലശ്ശേരിയിലേക്ക് ഡിഗ്രി പഠിക്കാന്‍. അവിടുന്ന് നഴ്‌സിങ്ങ് പഠനത്തിന് ബാംഗ്ലൂര്‍ക്ക്. പിന്നെ ജോലി തേടി ഡല്‍ഹിയിലെ ദാരിദ്രയത്തിലേക്ക്..അവിടുന്ന് കുറേ ആളുകളുടെ കൈയ്യും കാലും പിടിച്ച് ബാങ്ക് ലോണ്‍ തരപ്പെടുത്തി ലണ്ടനിലേക്ക്.

ഇപ്പോഴും ഡല്‍ഹിയിലെ ജീവിതം മറക്കാന്‍ കഴിയില്ല. അരവയറുംകൊണ്ട് താന്‍ ഒരു ജോലി തേടി ഡല്‍ഹി മുഴുവന്‍  തെണ്ടിയിട്ടുണ്ട്. അവസാനം തളര്‍വാത രോഗിയായ ഒരു സമ്പന്നന്റെ വീട്ടില്‍ ഹോം നഴ്‌സായി ജോലി തരപ്പെട്ടു. പകല് മുഴുവന്‍ അയാളുടെ ആട്ടും തുപ്പും. പക്ഷേ അയാളുടെ തളര്‍ന്ന കാല് തിരുമി കൊടുക്കുമ്പോള്‍ അയാളില്‍ സ്‌നേഹത്തിന്റെ ഒരു മിന്നലാട്ടം താന്‍ കണ്ടിരുന്നു. അയാളോട് തനിക്ക് സഹതാപം മാത്രമേയൊളളു. ഭാര്യ ഉപേക്ഷിച്ചു പോയി. ആകെ ഉളളത് ഒരു മകന്‍. അയാളാണെങ്കില്‍ പണം കൊണ്ട് സ്‌നേഹം അിറയിച്ച് വേശ്യകളെടൊത്ത് അന്തിയുറങ്ങി ഏതോ ലോകത്ത് ജീവിക്കുന്നു.

എല്ലാ ഒട്ടങ്ങള്‍ക്കും നടുവില്‍ ഇടയ്ക്ക് നാട്ടില്‍ വന്ന് പുഴയില്‍ മുങ്ങി കുളിച്ച് വെളളാരം കല്ലുകള്‍ക്ക് മുകളില്‍ അല്പം കിടക്കുമ്പോള്‍ മാത്രമാണ് തന്റെ മനസ്സിന് ഒരു ആശ്വാസം കിട്ടുന്നത്. കുട്ടിക്കാലത്ത് താന്‍ എന്നും അമ്മയുടെ മുന്‍കോപത്തിന്റെ ഇര മാത്രമായിരുന്നു. അമ്മയുടെ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ തനിക്ക് ലഭിച്ചത് അമ്മയുടെ പീഡനങ്ങളായിരുന്നു. ഒരിക്കല്‍ വല്ല്യച്ചനോടുളള ദേഷ്യത്തിന് അമ്മ കലി തുളളി നില്‍ക്കുമ്പോള്‍ താന്‍ എന്തിനോ അമ്മയോട് കരഞ്ഞ് വാശി പിടിച്ചതിന്  അമ്മ കയ്യിലിരുന്ന മൂര്‍ച്ചയേറിയ അരിവാള്‍ തന്റെ നേരെ വലിച്ചെറിഞ്ഞത് ഭാഗ്യത്തിനാണ് കഴുത്തിലെ ഞരമ്പിന് കൊളളാതെ തോളില്‍ തട്ടി മുറിവുണ്ടാക്കി കടന്നുപോയത്. എന്നിട്ട് അമ്മ തന്നെയാണ്  ഹോസ്പിറ്റലില്‍ കൊണ്ടു പോയി മരുന്ന് മേടിച്ച് തന്ന് ശുശ്രൂഷിച്ചത്. 

അമ്മ ചിലപ്പോഴൊക്കെ തനിക്ക് പിടി കിട്ടാത്ത ഒരു സമസ്യയായിരുന്നു. പലപ്പോഴും സ്‌നേഹരഹിതമായി പെരുമാറിയിരുന്ന അമ്മയുടെ ഉളളിലെവിടയോ തീവ്രമായ സ്‌നേഹത്തിന്റെ ഉറവ ഉണ്ടെന്ന് തോന്നി പോകും.

ഒരിക്കല്‍ വീട്ടിലെ നായ ചത്തപ്പോള്‍ അമ്മ ഒരു രാത്രി മുഴുവന്‍ അവന്റെ പേര് വിളിച്ചുകൊണ്ട് വീടിന് ചുറ്റും നിലവിളിച്ചുകൊണ്ട്  നടന്നത് ഇപ്പോഴും ഓര്‍ക്കുന്നു. വാര്‍ദ്ധക്യത്തോട് അടുത്തപ്പോള്‍ അമ്മയിലും വലിയമാറ്റങ്ങള്‍ ഉണ്ടായി. അല്ലെങ്കില്‍ അതുചിലപ്പോള്‍ ഒരു തിരിച്ചറിവായിരിക്കാം. എന്തു തന്നെ ആയാലും അമ്മയുടെ സ്വഭാവത്തില്‍ ഇപ്പോള്‍ പണ്ടൊരിക്കലും കാണാത്ത ഒരു ശാന്തതയുണ്ട്.



തിരിച്ചറിവുകള്‍(നോവല്‍: ഭാഗം നാല്)- ജിന്‍സന്‍ ഇരിട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക