Image

ഫ്രാന്‍സിസ് പാപ്പ ലോകത്തിനു നല്‍കുന്നതു വേറിട്ട അനുഭവങ്ങള്‍: മാര്‍ ക്ലീമിസ് ബാവ

Published on 30 December, 2013
ഫ്രാന്‍സിസ് പാപ്പ ലോകത്തിനു നല്‍കുന്നതു വേറിട്ട അനുഭവങ്ങള്‍: മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പ ഓരോ ദിവസവും ലോകത്തിനു നല്കുന്നതു വേറിട്ട അനുഭവങ്ങളാണെന്നു മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. 

ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് എംസിബിഎസ് സഭയുടെ കാരുണികന്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെയും തിരുവനന്തപുരം മേജര്‍ അതിരൂപത മാധ്യമവിഭാഗത്തിന്റെയും നേതൃത്വത്തില്‍ മലയാളത്തില്‍ തയാറാക്കിയ ആദ്യ വെബ്‌സൈറ്റായ മാര്‍പാപ്പ ഡോട്ട് കോം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. 

മാര്‍പാപ്പയ്ക്കുള്ളതു സ്വതസിദ്ധമായ ഒരു സ്‌നേഹഭാവമാണ്. സാധാരണക്കാര്‍ രണ്ടാമത് ഒരിക്കല്‍ക്കൂടി നോക്കാന്‍ മടിക്കുന്ന, ശരീരമാകമാനം മുഴയുള്ള വികൃതരൂപമായ വ്യക്തിയെ കെട്ടിപ്പിടിച്ചു ചുംബിച്ചതു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹഭാവത്തിന്റെ ആഴമാണു വെളിപ്പെടുത്തുന്നത്. 

മാര്‍പാപ്പയുടെ പ്രസംഗങ്ങളും അഭിമുഖങ്ങളും ലേഖനങ്ങളും 24 മണിക്കൂറിനുള്ളില്‍ മലയാളത്തിലാക്കി നല്‍കുന്നതിലൂടെ എല്ലാ മലയാളികള്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചു കൂടുതല്‍ മനസിലാക്കാനുള്ള അവസരമാണു വെബ്‌സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. 

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കു മുന്നിലിരുന്നു വെറുതെ സമയം കളയുന്നതിനു പകരം ഉപകാരപ്രദമായ ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. 

ഓരോ മനുഷ്യനും തങ്ങളുടെ ആവശ്യങ്ങളില്‍നിന്ന് അനാവശ്യങ്ങളിലേക്കു മാറുമ്പോള്‍ ദരിദ്രര്‍ എന്നും ദരിദ്രരായി തന്നെ നിലനില്ക്കുന്ന അവസ്ഥയാണെന്നു മാര്‍പാപ്പ പറഞ്ഞതു പ്രത്യേകം ഓര്‍ക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രമന്ത്രി ശശിതരൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മാര്‍പാപ്പയുടെ ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നു മുഖ്യപ്രഭാഷണത്തില്‍ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. 

വത്തിക്കാനിലെ തന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്നതിനു പകരം സാധാരണക്കാരായ ജനങ്ങള്‍ ജീവിക്കുന്നതു പോലെ ജീവിക്കാനാണു മാര്‍പാപ്പ ആഗ്രഹിച്ചത്. ഇന്നു ലോകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തിയായി അദ്ദേഹം മാറി. യാത്രയില്‍ തന്റെ ബാഗ് കൈയില്‍ തൂക്കി പോവുന്ന മാര്‍പാപ്പയെ ലോകം ഏറെ ശ്രദ്ധയോടെയാണു വീക്ഷിക്കുന്നത്. മാര്‍പാപ്പയെക്കുറിച്ചു കൂടുതല്‍ മനസിലാക്കുന്നതിനു മലയാളികള്‍ക്ക് ഈ വെബ്‌സൈറ്റ് ഉപകരിക്കുമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. 

റവ. ഡോ. ജേക്കബ് നാലുപറയിലിന്റെ നേതൃത്വത്തിലാണു വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. ഫാ. മാത്യു തിരുമാലില്‍, ഫാ. തോമസ് കൊച്ചുകരിക്കത്തില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

വെബ്‌സൈറ്റ് വിലാസം: ംംം www.marpapa.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക