Image

നേരറിവുകളുടെ കവിത (വാസുദേവ്‌ പുളിക്കലിന്റെ `എന്റെ കാവ്യസുന്ദരികള്‍' പുസ്‌തക പരിചയം: സതീഷ്‌ ബാബു പയ്യന്നൂര്‍)

Published on 14 January, 2014
നേരറിവുകളുടെ കവിത (വാസുദേവ്‌ പുളിക്കലിന്റെ `എന്റെ കാവ്യസുന്ദരികള്‍' പുസ്‌തക പരിചയം: സതീഷ്‌ ബാബു പയ്യന്നൂര്‍)
ആകസ്‌മികമായാണ്‌ വാസുദേവ്‌ പുളിക്കലിന്റെ കവിതകള്‍ കേള്‍ക്കാനായത്‌. ന്യൂയോര്‍ക്കിലെ `വിചാരവേദി'യുടെ ഒരു പ്രതിമാസ പരിപാടിയില്‍ വെച്ച്‌. വരികളിലെ സ്‌നേഹാര്‍ദ്രത അപ്പോള്‍ത്തന്നെ മനസ്സില്‍ തറച്ചിരുന്നു. പിന്നീട്‌ പുളിക്കലിന്റെ കവിതാപുസ്‌തകം `എന്റെ കാവ്യസുന്ദരികള്‍' കയ്യിലെത്തി. ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ തീര്‍ത്തും സുന്ദരികളായ കവിതകള്‍ തന്നെ.

ആത്മഹര്‍ഷവും ആത്മരോഷവും മാറിമാറി പങ്കിടുന്നുണ്ട്‌ ഈ കവിതകളിലൂടെ വാസുദേവ്‌ പുളിക്കല്‍. ആകെ 35 കവിതകള്‍. അത്ര വലുതല്ല ഒന്നും. കാച്ചിക്കുറക്കലിന്റെ ഒരു സുഖം പലതിലുമുണ്ട്‌. സ്‌നേഹം, പ്രണയം, കരുണ തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ക്ക്‌ പുളിക്കല്‍ ആദ്യ പരിഗണന നല്‍കിയിരിക്കുന്നു. സന്തോഷകരമായ കാര്യം തന്നെ. സ്‌നേഹം, വാലന്റൈന്‍, എന്റെ വാലന്റൈനാകുക എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങള്‍ തന്നെ കവിതയുടെ അന്തരാളത്തിലേക്കുള്ള കവാടം തുറന്നിടുന്നുണ്ട്‌. `സ്‌നേഹപ്പൂക്കള്‍' എന്ന കവിത തുടങ്ങുന്നതുതന്നെ ഇങ്ങനെ:

പൂവിന്റെ ഭാഷ
നിറവും സുഗന്ധവുമാണ്‌
മധുരമാണ്‌
പ്രേമത്തിന്റെ ഭാഷയും
അതു തന്നെ...

പ്രവാസ ജീവിതം, അതിന്റെ ഇരുട്ടും വെളിച്ചവും, സ്‌നേഹനൊമ്പരങ്ങള്‍, ഗൃഹാതുരതകള്‍ എല്ലാം വാസുദേവ്‌ പുളിക്കല്‍ എന്ന കവിയെ അടയാളപ്പെടുത്തുന്നുണ്ട്‌. `പ്രവാസി' എന്ന കവിതയില്‍ അദ്ദേഹം കുറിച്ചിടുന്നു.

മാതൃഭാഷയുടെ സ്വരം താഴുമ്പോള്‍
ചിന്തകള്‍ എങ്ങനെ പൊങ്ങിക്കിടക്കും?
എന്റെ ഘനം മാതൃഭാഷയായിരുന്നല്ലോ.

കേരളം വിട്ടകലെ ജീവിക്കുന്നവരുടെ, നാടിനെക്കുറിച്ചുള്ള നീറുന്ന നൊമ്പരങ്ങള്‍ പല കവിതകളുടേയും ഹൃദയതാളമായിരുന്നു.

`കേരളം വളരുന്നു' എന്ന കവിതയിലെ ആദ്യ വരികള്‍ ഇതാ:

കേരളം വളരുന്നു
നെല്‍വയല്‍ നികത്തിയും
വനങ്ങള്‍ നശിപ്പിച്ചും
പുഴകള്‍ ഉണക്കിയും
മാതൃഭാഷയെ വിട്ടും
മാതാഭിമാനം വിറ്റും
കേരളം വളരുന്നു!

പാലായുടെ പ്രശസ്‌ത കവിതയെ പുതിയ സന്ദര്‍ഭത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഈ രീതി ശ്രദ്ധേയമായി തോന്നി.

നെറികേടുകള്‍ക്കുനേരേ പ്രതികരിക്കുന്ന ഒരു മനസ്‌ സൂക്ഷിക്കുന്നുണ്ട്‌ ഈ കവി. സ്‌നേഹാര്‍ദ്രമായ ഒരു മനസില്‍ നിന്നു മാത്രമേ കനല്‍ക്കട്ടകള്‍ എരിഞ്ഞുതുടങ്ങൂ എന്ന്‌ ചൈനീസ്‌ കവി ലിയാങ്ങ്‌ ചൂ നിരീക്ഷിച്ചിട്ടുള്ളത്‌ സത്യമാണ്‌.

നേരിന്റെ നെറികേട്‌ കണ്ട്‌
നുണ ആത്മഹത്യ ചെയ്‌തു.
മരണകാരണം `നേരാണ്‌'
എന്നൊരു കുറിപ്പുമുണ്ടായിരുന്നു
(വഞ്ചന)

പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ പ്രസിദ്ധീകരിച്ച `എന്റെ കാവ്യസുന്ദരികള്‍'ക്ക്‌ പ്രശസ്‌ത സാമൂഹിക ശാസ്‌ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എ.കെ.ബി പിള്ള ശ്രദ്ധേയമായ ഒരു അവതാരികയും എഴുതിയിട്ടുണ്ട്‌. എന്തുകൊണ്ടും കനപ്പെട്ട ഒരു കവിതാഗ്രന്ഥം. വായനയുടെ സമയം നഷ്‌ടമായില്ല.

(എന്റെ കാവ്യസുന്ദരികള്‍- വാസുദേവ്‌ പുളിക്കല്‍

പ്രസാ: പ്രഭാത്‌ ബുക്ക്‌ ഹൗസ്‌
പേജ്‌: 76, വില: 55 രൂപ)

നേരറിവുകളുടെ കവിത (വാസുദേവ്‌ പുളിക്കലിന്റെ `എന്റെ കാവ്യസുന്ദരികള്‍' പുസ്‌തക പരിചയം: സതീഷ്‌ ബാബു പയ്യന്നൂര്‍)നേരറിവുകളുടെ കവിത (വാസുദേവ്‌ പുളിക്കലിന്റെ `എന്റെ കാവ്യസുന്ദരികള്‍' പുസ്‌തക പരിചയം: സതീഷ്‌ ബാബു പയ്യന്നൂര്‍)നേരറിവുകളുടെ കവിത (വാസുദേവ്‌ പുളിക്കലിന്റെ `എന്റെ കാവ്യസുന്ദരികള്‍' പുസ്‌തക പരിചയം: സതീഷ്‌ ബാബു പയ്യന്നൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക