Image

അമേരിക്കയിലെ മലയാള സാഹിത്യം: വളര്‍ച്ചയും വികാസവും (മണ്ണിക്കരോട്ട്‌)

Published on 07 February, 2014
അമേരിക്കയിലെ മലയാള സാഹിത്യം: വളര്‍ച്ചയും വികാസവും (മണ്ണിക്കരോട്ട്‌)
(ഒന്‍പതാമത്‌ (Nov. 29, 30) ലാന സമ്മേളനത്തില്‍ അവതരിപ്പിച്ച  പ്രബന്ധത്തിന്റെ രത്‌നച്ചുരുക്കം)

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും ഇന്നത്തെ സ്ഥിതിയെക്കുറിച്ച്‌ (ഇന്നത്തെ നിലവാരമെന്ന്‌ ഞാന്‍ പറയുന്നില്ല) ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും ഇന്നലത്തെ സ്ഥിതിയെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതായിട്ടുണ്ട്‌. ആദ്യമായി പറയട്ടേ, ഇത്തരം ചിന്തയുടെ അഭാവമാണ്‌ പുതുതായി അമേരിക്കയിലെ മലയാള സാഹിത്യലോകത്തു കടന്നുവരുന്നവരില്‍ പലരേയും പലപ്പോഴും അവിവേകഭാഷണത്തില്‍ കൊണ്ടെത്തി ക്കുന്നത്‌. കാരണം കഴിഞ്ഞ കുറെ വര്‍ഷമായി, കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്‌ ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ട്‌ അതാണ്‌ അത്തരത്തിലുള്ള അമേരിക്കയിലെ ആദ്യത്തെ രചന, അങ്ങനെ അതുവരെ ആരും എഴുതിയി ട്ടില്ല എന്നൊക്കെയുള്ള പ്രസ്‌താവനകള്‍.

ഇവിടെ ആദ്യമായി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്‌. അമേരിക്കയില്‍ സാഹിത്യമൊ സംസ്‌ക്കാരമൊ വളര്‍ത്താനായി ആരും കുടിയേറിയിട്ടില്ല. ഒരു നല്ല ജീവിതമെന്ന പ്രതീക്ഷയാണ്‌ എല്ലാവരേയും ഇവിടെ എത്തിച്ചത്‌. അമേരിക്കയില്‍ മലയാളികളുടെ പ്രധാന കുടിയേറ്റം തുടങ്ങിയിട്ട്‌ ഏതാണ്ട്‌ നാല്‌ വ്യാഴവട്ടത്തോടടുത്തിരിക്കും. അതായത്‌ 1965-ലെ കുടിയേറ്റനിയമത്തിലുണ്ടായ ഭേദഗതി പ്രയോജനപ്പെടുത്തി നമ്മുടെ നെഴ്‌സുമാര്‍ അമേരിക്ക യില്‍ കുടിയേറ്റമാരംഭിച്ചു. തുടര്‍ന്ന്‌ അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമായി അമേരിക്കയില്‍ മലയാളി സമൂഹം വളരാന്‍ തുടങ്ങി. ഒരു നല്ല ജീവിതത്തിനു വഴി കണ്ടെത്തിയശേഷമാണ്‌ എല്ലാവരും മറ്റോരുന്നിലേക്കും ശ്രദ്ധതിരിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാണ്‌. അത്‌ ആദ്യം സാമൂഹ്യവും സാംസ്‌ക്കാരികവും; പിന്നീടാണ്‌ ഭാഷയും സാഹിത്യവും ആരംഭിക്കുന്നത്‌.

അമേരിക്കയിലെ ആദ്യകാലങ്ങളില്‍ ഭാഷയ്‌ക്ക്‌ തികച്ചും അവഗണനയാണ്‌ ഉണ്ടായിട്ടുള്ളത്‌. ശരിക്ക്‌ അറിയി ല്ലെങ്കിലും മക്കളോട്‌ ഇംഗ്ലീഷില്‍ മാത്രമായിരുന്നു സംസാരം. എന്നുമാത്രമല്ല, അവര്‍ ഇംഗ്ലീഷ്‌ മാത്രമേ പറയാവു, പഠിക്കാവു എന്ന നിര്‍ബന്ധവും. അക്കാലത്ത്‌ പൊതുവേദികളില്‍ മലയാളത്തില്‍ സംസാരിക്കാന്‍ മടിയും നാണക്കേ ടുപോലെയും. അത്‌ അന്തസുള്ളവര്‍ക്ക്‌ ചേര്‍ന്നതല്ലെന്ന തോന്നലും. എന്നാല്‍ ഇംഗ്ലീഷ്‌ ശരിക്ക്‌ വഴങ്ങുന്നതുമില്ല. അതുകൊണ്ട്‌ രണ്ടുംകൂടി കലര്‍ന്ന മംഗ്ലീഷായിരുന്നു ഭാഷ. എന്നാല്‍ ഇപ്പോഴാകട്ടെ, അമേരിക്കയിലെ മലയാളികള്‍, പ്രത്യേകിച്ച്‌ ഭാഷാസ്‌നേഹികളും എഴുത്തുകാരും മലയാളത്തില്‍ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ എഴുതുമ്പോള്‍ ഇംഗ്ലീഷില്‍ ഒരു വാക്കുപോലും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയിലെ ആദ്യകാലത്തെ മംഗ്ലീഷ്‌ ഇന്ന്‌ കേരളത്തിലും, അന്നത്തെ കേരളത്തിലെ മലയാളം ഇന്ന്‌ അമേരിക്കയിലുമാണ്‌.

സ്ഥായിയായ ഈ മാറ്റത്തിനുള്ള പ്രധാന കാരണം, ആദ്യകാല കുടിയേറ്റക്കാരില്‍ ചുരുക്കമായിട്ടെങ്കിലും ഉണ്ടായിരുന്ന ഭാഷാസ്‌നേഹികളുടെ പ്രവര്‍ത്തനങ്ങളാണ്‌. പ്രസിദ്ധീകരണങ്ങളായിരുന്നു തുടക്കം. ഇന്നത്തെ പ്പോലെ സാങ്കേതിക സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത്‌ കേരള വാര്‍ത്തകള്‍ വായിക്കാനുള്ള മാധ്യമങ്ങള്‍ പലരും പ്രയോജനപ്പെടുത്തി. അതുപോലെ അത്തരം മാധ്യമങ്ങളില്‍ എഴുതാനും ആ വിധത്തില്‍ താല്‍പര്യമു ള്ളവര്‍ക്ക്‌ സഹായമായി.

അമേരിക്കയില്‍ ആദ്യമായി മലയാളത്തിന്‌ ഒരു പ്രസിദ്ധീകരണം ഉണ്ടാകുന്നത്‌ 1970-തിലാണ്‌. ന്യൂയോര്‍ ക്കില്‍നിന്ന്‌ ?ചലനം? എന്ന പ്രസിദ്ധീകരണം. ചുരുക്കം പേജുകളില്‍ സാധാരണ ബുക്കുസൈസിലായിരുന്നു തുടക്കം (8.5- 11). പിന്നീടങ്ങോട്ട്‌ പല പ്രസിദ്ധീകരണങ്ങളുണ്ടായി. 1973-ല്‍ ന്യൂയോര്‍ക്കില്‍നിന്നുതന്നെ ആരംഭിച്ച ഒരു പ്രസിദ്ധീകരണമാണ്‌ കേരള സന്ദേശം. ഒരു കയ്യെഴുത്തു മാസികയായിരുന്നെങ്കിലും ഭാഷയുടെ വളര്‍ച്ചയ്‌ക്ക്‌ ഏറെ സഹായിച്ചു. അതിനുശേഷം 1975-ല്‍ ടൊറാന്റൊയില്‍നിന്ന്‌ മലയാളി. 76-ല്‍ ന്യൂയോര്‍ക്കില്‍നിന്ന്‌ തറവാട്‌. 77-ല്‍ ഡാളസില്‍നിന്ന്‌ കൈരളി. അതുകഴിഞ്ഞ്‌ 78-ലും 79-തിലും പ്രഭാതവും അശ്വമേധവും. ഇതൊക്കെ വായന ക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രചോദനം നല്‍കി. മാത്രമല്ല ഈ കാലയളവില്‍ സംഘടനകളുടേതായ മറ്റു ധാരാളം പ്രസിദ്ധീകരണങ്ങള്‍ രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. 80-പതുകളില്‍ വേറെയും പ്രസിദ്ധീകരിണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

ചുരുക്കത്തില്‍ 70-പതുകളുടെ ഉത്തരാര്‍ദ്ധമായപ്പോഴേക്കും അമേരിക്കയിലെ മലയാളികളില്‍ ഭാഷ പ്രചരിക്കാന്‍ തുടങ്ങി. 1990-കളുടെ പൂര്‍വ്വാര്‍ദ്ധത്തില്‍ മലയാളം പത്രവും കേരളാ എക്‌സ്‌പ്രസും തുടങ്ങിയതോടെ പത്രപ്രവര്‍ത്തനം കൂടുതല്‍ സജീവവും സമ്പന്നവുമാകുകയും യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ മൗലികത ഒരതിരുവരെ കൈവരിക്കുകയും ചെയ്‌തു. 2010 ആയപ്പോഴേക്കും അമേരിക്കയില്‍ മുപ്പത്തഞ്ചോളം പ്രസിദ്ധീകരണ ങ്ങള്‍ തുടങ്ങുകയും മുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുകയും മുടങ്ങുകയും ചെയ്‌തെങ്കിലും ഭാഷ ജനങ്ങളില്‍ പടര്‍ന്ന്‌ പന്തലിക്കാന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ വളരെ സഹായി ച്ചു എന്നുള്ളതാണ്‌. ഈ പ്രസിദ്ധീകരണങ്ങളില്‍ പലര്‍ക്കും എഴുതാന്‍ കഴിഞ്ഞതാണ്‌ ഭാഷയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിച്ച മറ്റൊരു പ്രധാന ഘടകം (80-90-കളിലും 2000-ങ്ങളിലും വേറെയും പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. വിവരിക്കാന്‍ സമയ പരിമിതിയും സ്ഥലപരിമിതിയും അനുവദിക്കുന്നില്ല).

സാഹിത്യ ചര്‍ച്ചകളായിരുന്നു ഭാഷ വളരാനുള്ള മറ്റൊരു പ്രധാന ഘടകം. 1980-കളുടെ തുടക്കം മുതല്‍ ഹ്യൂസ്റ്റനില്‍ സാഹിത്യചര്‍ച്ച സജീവമായിരുന്നു. 1992-ലെ ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാള സാഹിത്യത്തിന്‌ ആദ്യമായി പ്രധാന സ്ഥാനം ലഭിച്ചു. അന്ന്‌ ഡോ. എം. വി. പിള്ളയായിരുന്നു സാഹിത്യസമ്മേളനത്തിന്റെ ചെയര്‍മന്‍. അവിടെ അമേരിക്കയിലെ മലയാള സാഹിത്യം ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. പിന്നീടങ്ങോട്ട്‌ എല്ലാ ഫൊക്കാന കണ്‍വന്‍ഷനുകളിലും ദേശീയ തലത്തില്‍ അമേരിക്കയിലെ മലയാള സാഹിത്യം ഒരു ചര്‍ച്ചാവിഷ യമായി തുടരുകയും ചെയ്‌തു. 1996-ല്‍ ഡാളസില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ഇന്നത്തെ ലാനയ്‌ക്ക്‌ രൂപം കൊടുക്കുകയും ചെയ്‌തു. ഈ കാലയളവില്‍ അമേരിക്കയില്‍ മലയാളികള്‍ കൂടുതലുള്ള മിക്ക നഗരങ്ങളിലും സാഹിത്യ സംഘടനകള്‍ രൂപംകൊള്ളുകയും ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്‌തു.

80-പതുകളുടെ പൂര്‍വ്വാര്‍ദ്ധം മുതല്‍ അമേരിക്കയില്‍നിന്ന്‌ ചുരുക്കമായി മലയാളം കൃതികള്‍ പ്രസിദ്ധീ കരിച്ചു തുടങ്ങി. നോവല്‍ വിഭാഗത്തില്‍ 1980-പതുകളില്‍ കേവലം മൂന്നു നോവലുകള്‍ മാത്രമെ അമേരിക്കയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളു. അതില്‍ ജീവിതത്തിന്റെ കണ്ണീര്‍, (അമേരിക്കയിലെ ആദ്യ മലയാളം നോവല്‍, 1982), അഗ്നിയുദ്ധം (1987) എന്നീ രണ്ടു നോവലുകള്‍ ഞാന്‍ എഴുതിയതാണ്‌. ഇതു രണ്ടും നാട്ടില്‍ വച്ചേ എഴുതിയതാ ണെങ്കിലും അമേരിക്കയില്‍ വന്നശേഷമാണ്‌ പ്രസിദ്ധീകരിച്ചത്‌. ഏഴംകുളം സാം കുട്ടിയുടെ ?പാളം തെറ്റിയ തീവണ്ടി?യാണ്‌ മൂന്നാമത്തെ നോവല്‍. അതല്ലാതെ പ്രസിദ്ധീകരണങ്ങളിലെ മുഖപ്രസംഗങ്ങള്‍ സമാഹരിച്ച്‌ പുസ്‌ത കങ്ങളാക്കയിട്ടുണ്ട്‌. 1983-ല്‍ ജോയന്‍ കുമരകം ജോ ബോട്ട്‌ ഇന്റര്‍ നാഷണല്‍ എന്ന പബ്ല്‌ഷിംഗ്‌ കമ്പനി സ്ഥാപിച്ച്‌ അതുവഴി 8 പുസ്‌തകങ്ങള്‍ ഒരുമിച്ച്‌ പ്രസിദ്ധീകരിച്ചു. എണ്‍പതുകളിലെ ഗ്രന്ഥകര്‍ത്താക്കളില്‍ എടുത്തു പറയേണ്ടവരാണ്‌, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, എസ്‌.കെ. പിള്ള, രാജന്‍ മാരേട്ട്‌, രാജു മൈലപ്ര, ടെസി ന്യൂയോര്‍ക്ക്‌ എന്നിവര്‍.

1990-കള്‍ അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെയും പ്രസിദ്ധിയുടെയും ഒരു സുപ്രധാന കാലഘട്ടമായിരുന്നു. ധാരാളം എഴുത്തുകാര്‍ മുമ്പോട്ടു വരികയും കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അതുപോലെ സംഘടനകളും ചര്‍ച്ചകളും സജീവമായി. വാസ്‌തവത്തില്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയിലും വികാസത്തിലും ഒരു വലിയ കുതിപ്പാണ്‌ ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ ഉണ്ടായിട്ടുള്ളത്‌.

ഇതാണ്‌ അമേരിക്കയിലെ ഇത്തരത്തില്‍ ആദ്യത്തേത്‌ എന്നൊക്കെ പറയുന്നതുപോലെ മറ്റൊരു അബദ്ധ പ്രചരണവും കേള്‍ക്കാം. അമേരിക്കയിലെ മലയാളികളെക്കുറിച്ചുള്ള ആദ്യ കൃതി, അല്ലെങ്കില്‍ അത്തരത്തില്‍ ഒരു കൃതി ഇതുവരെ ആരും എഴുതിയിട്ടില്ല എന്നൊക്കെ. അമേരിക്കയിലെ മലയാളികളെ കഥാപാത്രങ്ങളാക്കി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്‌തകമെന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌ ഇ.എം, കോവൂരിന്റെ 1975-ല്‍ പ്രസിദ്ധീകരിച്ച ഗുഹാജീവികള്‍ ആണ്‌. അതിനുശേഷം 1990 കളില്‍ അമേരിക്കയില്‍നിന്ന്‌ അത്തരത്തില്‍ മറ്റ്‌ പല കൃതികളും ഉണ്ടായിട്ടുണ്ട്‌. ഏബ്രഹാം തെക്കേമുറിയുടെ പറുദീസയിലെ യാത്രക്കാര്‍ 1993, അദ്ദേഹത്തിന്റെതന്നെ ഗ്രീന്‍ കാര്‍ഡ്‌ 1998, അമേരിക്ക എന്ന പേരില്‍തന്നെ എന്റെ ഒരു പുസ്‌തകമുണ്ട്‌ 1994-ല്‍ പ്രസിദ്ധീകരിച്ചു. അതിന്റെ മൂന്നു പതിപ്പുകളും ഉണ്ടായിട്ടുണ്ട്‌. മുരളി ജെ. നായരുടെ സ്വപ്‌ന ഭൂമിക 1997. അതിനുശേഷം 2000-ങ്ങളിലും അത്തരത്തില്‍ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതില്‍ അനുഗ്രഹീതയായ സാഹിത്യകാരി നീനാ പനയ്‌ക്കലി ന്റെ സ്വപ്‌നാടനം പ്രസിദ്ധമാണ്‌.

അമേരിക്കയിലെ മലയാള ഭാഷയുടെ വളര്‍ച്ച 2000-ങ്ങളിലും നിര്‍ബ്ബാധം തുടര്‍ന്നു. പുതിയ സാഹിത്യ സംഘടനകള്‍ രൂപംകൊള്ളുകയും പുതിയ എഴുത്തുകാര്‍ മുമ്പോട്ട്‌ വന്നുകൊണ്ടുമിരുന്നു. ഈ ദശകത്തിന്റെ ഉത്തരാര്‍ദ്ധം അമേരിക്കയിലെ മലയാള സാഹിത്യലോകത്തെ ഒരു പുതിയ മാറ്റത്തിലേക്കു നയിക്കുകയായിരുന്നു. അതാണ്‌ ഇലക്ട്രോണിക്ക്‌ മീഡിയകളുടെ കടന്നുവരവും പ്രചാരവും. അതോടെ ആര്‌ എന്തെഴുതിയാലും ചിലപ്പോള്‍ അടുത്ത മണിക്കൂറിനു മുമ്പുതന്നെ പ്രസിദ്ധമാകുന്ന സ്ഥിതിവിശേഷം. അതോടെ വാളെടുത്തവരെന്നു മാത്രമല്ല, വാളെന്നു കേട്ടിട്ടുള്ളവര്‍പോലും വെളിച്ചപ്പാടെന്ന മട്ടില്‍ പേനയുംകൊണ്ട്‌ തുള്ളാന്‍ തുടങ്ങി. സാമാന്യം നന്നായി എഴുതാന്‍ കഴിയുന്നവര്‍പോലും ഗുണനിലവാരത്തില്‍ ശ്രദ്ധിക്കാതെ എന്തെങ്കിലും എഴുതുക, പ്രസിദ്ധീകരിക്കുക എന്ന നിലവാരത്തിലേക്ക്‌ തരം താണു. അവിടെ നൈസര്‍ഗ്ഗീകമായ സര്‍ഗ്ഗാത്മക രചനകള്‍ കുറഞ്ഞതോടൊപ്പം അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്‌തു.

അതുകൂടാതെയാണ്‌ വിമര്‍ശനമെന്ന പേരില്‍ പലരും എഴുതുന്ന അഭിപ്രായങ്ങളും ആസ്വാദനങ്ങളും. ആരെങ്കിലും എന്തെങ്കിലും എഴുതി ഒരു കൃതിയായിക്കഴിഞ്ഞാല്‍ അത്‌ അമൂല്യമെന്നു പുകഴ്‌ത്തുന്നത്‌ എഴുത്തുകാ രന്റെ കഴിവിനെ നശിപ്പിക്കാന്‍ മാത്രമെ കഴിയുകയുള്ളു. പ്രോത്സാഹനമാകാം; എന്നാല്‍ കുറവുകള്‍ പറയാന്‍ കഴിയാതെ അര്‍ഹിക്കാത്ത പുകഴ്‌ത്തല്‍ മാത്രമാകരുത്‌. അത്‌ കൂടുതലും പരസ്‌പരം പുകഴ്‌ത്തലായിരിക്കുമെന്നു ള്ളതാണ്‌ സത്യം. എന്റെ അഭിപ്രായത്തില്‍ കുറച്ച്‌ എഴുതിയാല്‍ മതിയാകും. പക്ഷെ അത്‌ അനുവാചകരെ ആകര്‍ ഷിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന അര്‍ത്ഥവും ആഴവുമുള്ള രചനയായിരിക്കണം. അത്തരം രചനകളായിരിക്കും നിലനില്‍ക്കുന്നതും.

ഇക്കാലത്തുണ്ടായിരിക്കുന്ന മറ്റൊരു പ്രതിഭാസമാണ്‌ പൊടുന്നനെ പൊട്ടിവിരിയുന്ന പത്രപ്രവര്‍ത്തകര്‍. ഇന്ന്‌ ഒരു നല്ല വിഭാഗം ആളുകള്‍ ഫ്രിലാന്‍സ്‌ ജേണലിസ്റ്റുകള്‍ എന്ന ഭാവത്തിലാണ്‌ വാര്‍ത്തകള്‍ എന്ന പേരില്‍ എന്തെങ്കിലും എഴുതിവിടുന്നത്‌. ഉദാഹരണത്തിന്‌, ഒരു പല്ലിയെ തല്ലിക്കൊന്നാല്‍ മതി, വാര്‍ത്തയായി. മാത്രമല്ല, ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ അത്തരത്തില്‍ ഒരു പല്ലി കൊല്ലപ്പെടുന്നത്‌. അല്ലെങ്കില്‍ ഇന്നടത്ത്‌ ഇന്നാരുടെ വീട്ടലെ ഒരു പാവയ്‌ക്കായ്‌ക്ക്‌ പത്തിഞ്ച്‌ നീളം. വെണ്ടയ്‌ക്കായ്‌ക്ക്‌ ഒരടി നീളം. അത്തരത്തില്‍ പത്തുവീതം, വാര്‍ത്തയാണ്‌. പള്ളിവാര്‍ത്തകളാണ്‌ അതിലും അസഹനീയം. കൈക്കാരന്‍ കളമൊഴിഞ്ഞതും കള്ളുതോമാ കളം കയ്യടക്കിയതും വാര്‍ത്തയാണ്‌. അവിടെയും അമേരിക്കയിലെ മലയാള സാഹിത്യത്തന്റെ പാപ്പരത്തമാണ്‌ വെളിപ്പെടുത്തുന്നത്‌. വാര്‍ത്തകള്‍ ആരോഗ്യപരമായ ചിന്തകള്‍ക്കും വീക്ഷണങ്ങള്‍ക്കും പര്യാപ്‌തമാകേണ്ടതാണ്‌. കാരണം പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്‌.

ശരിയായ എഴുത്തുകാര്‍ ഈ പ്രഹസനങ്ങള്‍ക്കെല്ലാം അതീതമായിരിക്കണം. കൂറച്ചെഴുതിയാലും കൂടുതല്‍ എഴുതിയാലും എഴുതുന്നത്‌ സാമാന്യ നിലവാരമെങ്കിലും പുലര്‍ത്തുന്നതാകണം. എത്ര എഴുതിയെന്നുള്ളതല്ല, എന്താണ്‌, എങ്ങനെയാണ്‌ എഴുതി എന്നുള്ളതാണ്‌ പ്രധാനം. ഭാഷയ്‌ക്ക്‌ ലഭിച്ച ശ്രേഷഠപദവിയെ പിന്താങ്ങിയ തുകൊണ്ടായില്ല, മൗലികമായ, ഗുണമേന്മയുള്ള രചനകളും കൃതികളുമുണ്ടാകണം. എങ്കില്‍ മാത്രമെ അമേരിക്ക യിലെ മലയാള സാഹിത്യത്തിനും ഭാഷയ്‌ക്കും ശ്രേഷ്‌ഠത കൈവരികയുള്ളു. ആവിധത്തില്‍ അമേരിക്കയിലെ മലയാള സാഹിത്യലോകത്ത്‌ പുത്തന്‍ പന്ഥാവുകള്‍ കണ്ടെത്താന്‍ നമുക്ക്‌ ശ്രമിക്കാം. നന്ദി നമസ്‌ക്കാരം.

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
അമേരിക്കയിലെ മലയാള സാഹിത്യം: വളര്‍ച്ചയും വികാസവും (മണ്ണിക്കരോട്ട്‌)അമേരിക്കയിലെ മലയാള സാഹിത്യം: വളര്‍ച്ചയും വികാസവും (മണ്ണിക്കരോട്ട്‌)
Join WhatsApp News
vaayanakkaaran 2014-02-08 17:04:35
കഷ്ടം. മേരിക്കൻ മലയാള സാഹിത്യത്തിന്റെ കൂമ്പ് 2000 ആയപ്പോഴേക്കും അടഞ്ഞു പോയി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക