Image

തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 14) - ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 01 March, 2014
തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 14) - ജിന്‍സന്‍ ഇരിട്ടി
അദ്ധ്യായം-14
മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഒരു റൗണ്ട് സൂക്ഷമ പരിശോധന കഴിഞ്ഞിട്ടും ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് തൃപ്തി വരാതെ വീണ്ടും അയാള്‍ ടോണിയുടെ അച്ചാറു പാത്രങ്ങളിലൂടെ പരതി.
അയാള്‍ തന്ന ഉടനെ ഒന്നും വിടാന്‍ ഉദ്ദശ്യമില്ലെന്ന് കണ്ട് സഹികെട്ട് അവന്‍ പറഞ്ഞു:
“സാര്‍ ഇറ്റ് ഈസ് നോട്ട് ബോംബ്, ഇറ്റ് ഈസ് ടിപ്പിക്കല്‍ കേരളാ പിക്കിള്‍.”
അതുകേട്ട് അയാള്‍ ചിരിച്ചിട്ട് അച്ചാറു പാത്രങ്ങള്‍ ബാഗിലിട്ടുകൊണ്ട് പറഞ്ഞു:
“സോറി, ഇറ്റ്‌സ് പാര്‍ട്ട് ഓഫ് ഔര്‍ ജോബ്.”
പോകാന്‍ അനുമതി ലഭിച്ച് ഇറങ്ങി പോകുമ്പോഴും അയാളുടെ സംശയ ദൃഷ്ടി ഇനിയും തന്റെ മേല്‍ ഉണ്ടെന്ന് ടോണിക്ക് തോന്നി. അയാള്‍ വിസയെക്കുറിച്ച് കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ താന്‍ കുഴങ്ങുമായിരുന്നു. സ്റ്റുഡന്‍ഡ് വിസ തീരാറായത് പോരാഞ്ഞിട്ട് താന്‍ കോളേജിലും പോകാറില്ല, ഫുള്‍ ടൈം ജോലിയും ചെയ്യുന്നുണ്ട്.
ഇമിഗ്രേഷന്‍ ചെക്കിങ്ങ് ബോര്‍ഡര്‍ കഴിഞ്ഞപ്പോള്‍ അവന്‍ തെല്ലൊ്‌റ്‌റ ആശ്വാസത്തോടെ ദീര്‍ഘശ്വാസം വിട്ടു. അറൈവല്‍ കാത്തു നില്‍ക്കുന്ന ആളുകളിലൂടെ ടോണി കണ്ണോടിച്ചു. റൊസാരിയോ ഇവിടെയുണ്ടാകുമെന്നാണ് പറഞ്ഞത്. എന്നിട്ടിപ്പോള്‍ എവിടെ പോയി?  
അവന്‍ ഉളളില്‍ കാണാഞ്ഞ്, പുറത്തേക്കിറങ്ങി ചുറ്റിലും പരതിയപ്പോള്‍ അതാ മൂലക്ക് ഒരു തൂണില്‍ ചാരി നിന്ന് റൊസാരിയോ ചുരുട്ട് വലിക്കുന്നു. ടോണി പതുക്കെ നടന്ന് അയാളുടെ ചെവിക്കരികില്‍ ചെന്ന് ഭയപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ വിളിച്ചു:
“റൊസാരിയോ”

അതു കേട്ട് അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.

“ആ, നീ വന്നോ ഞാന്‍ നോക്കി നിന്ന് മടുത്തിട്ട് ഒരു ചുരുട്ട് വലിക്കാന്‍ ഇറങ്ങിയതാ.”
റോസാരിയോയെ കെട്ടി പിടിച്ച് വികാരധീനനായി ടോണി പറഞ്ഞു: “ഞാന്‍ കരുതി ഇനി നമ്മളൊരിക്കലും കാണില്ലാന്ന്.”

“നമ്മള്‍ വീണ്ടും കണ്ടുമുട്ടണമെന്നാണ് കാലത്തിന്റെ തീരുമാനമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?”
ടോണിയുടെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് റൊസാരിയോ പറഞ്ഞു:

“നീ വന്നില്ലായിരുന്നെങ്കില്‍ നിന്നെ കാണാന്‍ ഞാന്‍ തീര്‍ച്ചയായും നിന്റെ നാട്ടില്‍ വരുമായിരുന്നു.”

“ശരിക്കും”

“ഉം”
അത് വെറും വാക്കല്ലെന്ന് ടോണിക്ക് തോന്നി. ആ കണ്ണുകളില്‍ സ്ഫുരിക്കുന്നത് ഹൃദയത്തില്‍ നിന്ന് ഒഴുകുന്ന സ്‌നേഹത്തിന്റെ ലാവയാണ്. ലിഫ്റ്റില്‍, ഇറങ്ങാറുളള ഫ്‌ളോര്‍ കാത്ത് നില്‍ക്കുമ്പോള്‍ റൊസാരിയോ ചേദിച്ചു:

“ഇപ്പോള്‍ എങ്ങനെയുണ്ട് കാലിന്?”

“ചെറിയ വേദനയൊഴിച്ചാല്‍ എല്ലാം ഓക്കെയാ”

അവര്‍ വീട്ടിലെത്തിയയുടനെ റൊസാരിയോ കിതച്ച്‌കൊണ്ട് സോഫയിലേക്ക് ചാഞ്ഞിട്ട്, പോക്കറ്റില്‍ നിന്ന് ഇന്‍ഹെയ്‌ലര്‍ എടുത്ത് രണ്ട് പഫ് എടുത്തു.

“ടോണി നീ പഠിപ്പിച്ചതുപോലെ ഞാന്‍ മീന്‍ കറിയും, കപ്പയും വച്ചിട്ടുണ്ട്.”

“സത്യം”

“ഉം”

റോസാരിയോ മടുപ്പ് മാറിയപ്പോള്‍ അടുക്കളയില്‍ ചെന്ന് മീന്‍കറിയും, കപ്പയും എടുത്ത് കൊണ്ട് വന്ന് തീന്‍ മേശയില്‍ നിരത്തി.

“കൊളളാമോന്ന് നീ കഴിച്ചിട്ട് പറ”

ടോണി മീന്‍കറിയിലേക്ക് നോക്കിയപ്പോള്‍, പാത്രത്തിലെ ചോരയില്‍ പാതി മുങ്ങി കിടക്കുന്ന മീനിന്റെ കണ്ണുകള്‍ അവനെ വേട്ടയാടുന്നപോലെ അവന് തോന്നി.. ശ്വാസം മുട്ടിച്ച് കൊന്നപ്പോള്‍ അനുഭവിച്ച മരണവേദന ഇപ്പോഴും ആ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നതുപോലെ.

റൊസാരിയോ ചുരുട്ട് വലിച്ച് കൊണ്ട് മുറിയിലേക്ക് പോയ തക്കത്തിന് അവന്‍ മീനും കപ്പയുമെടുത്ത് ബിന്നില്‍ കളഞ്ഞ് പാത്രം കഴുകി വച്ചു. 
 
“എങ്ങനെയുണ്ട് എന്റെ മീനും കപ്പയും”

ടോണി നുണ പറയാന്‍ ബുദ്ധിമുട്ടിയതുപോലെ, അല്പം താമസിച്ചിട്ട് പറഞ്ഞു. “നന്നായിട്ടുണ്ട്.”

“ശരിക്കും”

“ഉം”

റോസാരിയോ പ്രിയപ്പെട്ടത് എന്തോ നേടിയ സന്തോഷത്തില്‍ ചുരുട്ടാഞ്ഞു വലിച്ച് പുകയൂതിവിട്ട് രസിച്ചുകൊണ്ടിരുന്നു.

“നമ്മള്‍ വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം നമുക്കിന്ന് പവ്വിലാക്കിയാലോ”
“റോസാരിയോയുടെ ഇഷ്ടം”

അവര്‍ തിരക്കൊഴിഞ്ഞ ഫുട്പാത്തിലൂടെ പവ്വിലേക്ക് നടക്കുമ്പോള്‍ ടോണി പറഞ്ഞു:

“എന്റെ വിസ തീരാറായി ഇനി എന്താ ചെയ്കാന്ന് എനിക്കൊരു രൂപവും കിട്ടുന്നില്ല.” വര്‍ക്ക് വിസ കിട്ടണമെങ്കില്‍ ഭയങ്കര ബുദ്ധിമുട്ടാണ്. വീണ്ടും സ്റ്റുഡന്റ് എടുക്കാനാണെങ്കില്‍ ഭയങ്കര ഫീസുമാകും.”

റോസാരിയോ അല്പസമയം ആലോചിച്ച് നിന്നിട്ട് പറഞ്ഞു:

“നീ പേടിക്കണ്ട. നിന്റെ വിസാ കാര്യം എന്റെ ബോസിനോട് പറഞ്ഞ് ശരിയാക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെ. എനിക്കീ പുതിയ വിസാരീതികളെ കുറിച്ചൊന്നും യാതൊരു വിവരവും ഇല്ല.”
റൊസാരിയോ മൊബൈല്‍ എടുത്ത് ആരോടോ ഏതോ ഭാഷയില്‍ സംസാരിച്ചു. സംസാരത്തിന്റെ രീതി കേട്ട് അവന്‍ ഉറപ്പിച്ചു അത് ബോസ് തന്നെ.

“ടോണി പേടിക്കണ്ട ഞാനിപ്പോള്‍ ബോസിനോട് സംസാരിച്ചു. നിന്നെ വര്‍ക്ക് വിസയിലേക്ക് മാറ്റി തരാമെന്ന് ഉറപ്പു പറഞ്ഞു.”

ടോണിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

“സത്യം”

“ഉം, അതെങ്ങനെയെന്നൊന്നും എനിക്കറിയില്ല. നിന്നോട് ബോസിന്റെ കമ്പനി ലോയറെ പോയികാണാന്‍ പറഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍ താന്‍ രക്ഷപ്പെട്ടു. പിന്നെ ബോര്‍ഡര്‍ ഏജന്‍സി പുറകെ ഉണ്ടോന്ന് ഭയപ്പെടാതെ, സമാധാനമായി ജോലി ചെയ്യാം.



തിരിച്ചറിവുകള്‍(നോവല്‍: ഭാഗം 14) - ജിന്‍സന്‍ ഇരിട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക